മറ്റുവാർത്തകൾ

  • Published on July 25, 1906
  • By Staff Reporter
  • 391 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 പരവൂര്‍ മജിസ്ട്രേറ്റായിരുന്ന മിസ്റ്റര്‍ നീലകണ്ഠപ്പിള്ളയുടെ അകാല മരണത്തെപ്പറ്റി ഞങ്ങള്‍ നിര്‍വ്യാജമായി സഹതപിക്കുന്നു. ചെറുപ്പക്കാരായ നായര്‍ ഉദ്യോഗസ്ഥന്മാരില്‍ ഇദ്ദേഹത്തെപ്പോലെ, വിനയം, മര്യാദ, പഠിത്തം, ന്യായം മുതലായ ഗുണങ്ങള്‍ ഉള്ളതായും, ദോഷലേശം ഇല്ലാത്തതായും ഒരാള്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടോ എന്നു സംശയഗ്രസ്തമാകുന്നു. ശിപാര്‍ശിയോ സേവയോ മറ്റു വല്ല വക്ര മാര്‍ഗ്ഗമോ കൈക്കൊള്ളാതെ, പലകാലം ക്ലേശങ്ങള്‍ അനുഭവിച്ചുകൊണ്ട്, സഹജമായ യോഗ്യതയാല്‍ മാത്രം മജിസ്ട്രേറ്റ് പദവിയെ പ്രാപിച്ച ഇദ്ദേഹത്തിന്‍റെ വിയോഗം തിരുവിതാംകൂറിലെ, പ്രത്യേകിച്ചും ദക്ഷിണ തിരുവിതാംകൂറിലെ നായര്‍ സമുദായത്തിന് ഒരു വലിയ നഷ്ടം തന്നെയാകുന്നു. വിദ്യകൊണ്ട് വിനയം ഉള്ളവരായിട്ട് ഇദ്ദേഹത്തെപ്പോലെ ചുരുക്കം പേരേയേ ഇവിടെ കണ്ടിട്ടുള്ളു.

 ഇന്ത്യാവൈസ്രായി ആയിരുന്ന കഴ്സണ്‍ പ്രഭുവിന്‍റെ പത്നി ഇക്കഴിഞ്ഞ ബുധനാഴ്ച മരിച്ചുപോയിരിക്കുന്നു. ഈ വിദുഷിക്ക് 1904-ാമാണ്ട് പിടിപെട്ട രോഗം ഭേദപ്പെടാതിരുന്നിരുന്നു എങ്കിലും, ഇത്ര പെട്ടെന്ന് മരിച്ചുപോകുമെന്ന് ആരും ശങ്കിച്ചിരുന്നില്ലാ. പതിനൊന്നുകൊല്ലം മുമ്പാണ് കഴ്സന്‍ പ്രഭു ഈ വിദുഷിയെ വിവാഹം ചെയ്തത്. അമേരിക്കയിലെ ഒരു പ്രസിദ്ധനായ ലക്ഷപ്രഭുവിന്‍റെ മകളായ ഈ പ്രഭ്വി പല സല്‍ഗുണങ്ങള്‍ക്കും ഇരിപ്പടമായിരുന്നു. പ്രഭ്വിക്ക് മൂന്നു കുട്ടികളുണ്ടായിട്ടുണ്ട്. അവര്‍ പിതാവുമൊന്നായി ശീമയില്‍ പാര്‍ക്കുന്നു. കഴ്സന്‍ പ്രഭുവിന്‍റെ ഭാര്യാവിയോഗ ദു:ഖം ദുസ്സഹമെന്നു പറയാതെ കഴികയില്ലാ.

 ബാരിസാള്‍ പ്രൊവിന്‍ഷ്യല്‍ കാണ്‍ഫെറന്‍സിനെ പിരിച്ചയച്ചതിനെ സംബന്ധിച്ച് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മിസ്തര്‍ ഇമേഴ് സനെയും, പോലീസ് മേലാവ് മിസ്തര്‍ കെമ്പിനെയും പ്രതിസ്ഥാനത്തു ചേര്‍ത്ത് പതിനായിരത്തി അഞ്ഞൂറു രൂപ നഷ്ടം കിട്ടുവാന്‍ മിസ്തര്‍ സുരേന്ദ്രനാഥ ബാനര്‍ജിയും മറ്റ് ഏഴുപേരും കൂടി ഒരു കേസ്സ് ഫയിലാക്കിയിരിക്കുന്നു. ഇതേ വിധം കേസ്സുകള്‍ ഇനിയും പലത് ഉണ്ടാകുമെന്നാണ് അറിയുന്നത്.

 കിഴക്കേ ബെങ്കാളത്തെ നിയമ നിര്‍മ്മാണ സഭയില്‍ സാമാജികസ്ഥാനം സ്വീകരിക്കരുതെന്ന് ദിനാജപുരത്തിലെ മഹാരാജാ അവര്‍കളെ പ്രേരിപ്പിച്ചതായി ദിനാജപുരം ഗവര്‍ന്മേണ്ട് വക്കീലിന്‍റെ പേരില്‍ ഒരു കുറ്റം ആരോപിച്ച് വക്കീലിനെ വേല വിടുര്‍ത്തിയിരിക്കുന്നു.

 പര്‍ഷ്യയില്‍ ടെഹറാന്‍ നഗരത്തില്‍ ഈയിട മതാധ്യായികളും സൈന്യവും തമ്മില്‍ ഉണ്ടായ ലഹളകള്‍ അവസാനിച്ചിരിക്കുന്നു എന്നും, അടച്ചിട്ടിരുന്ന കമ്പോളങ്ങള്‍ വീണ്ടും തുറന്നിരിക്കുന്നുവെന്നും, തുരുപ്പുകാരെ പിന്‍വലിച്ചിരിക്കുന്നു എന്നും അറിയുന്നു.

 ഏതാനും ആഴ്ച മുമ്പ് ഒരു യൂറോപ്യന്‍ ഒരു മോട്ടോര്‍വണ്ടി ഓടിച്ചു കൊണ്ടിരുന്നപ്പോള്‍, വണ്ടി, ഒരു ബെംഗാളി ഹൈക്കോടതി വക്കീലിന്‍റെ മേല്‍ കയറി അദ്ദേഹം മരിച്ചുപോയി. ഇതിനെപ്പറ്റി യൂറോപ്യന്‍റെ പേരില്‍ ഒരു ക്രിമിനല്‍ കേസ്സ് നടക്കുന്നു.

 ഒരു സ്വദേശി വ്യാപാരാലോചന സഭ ഏര്‍പ്പെടുത്തണമെന്നുള്ള "ബെംഗാളി"യുടെ അഭിപ്രായത്തെ കൈക്കൊണ്ട്, ബെംഗാളികള്‍ ചേര്‍ന്ന്  അതിലേക്കു ചട്ടങ്ങള്‍ തയ്യാറാക്കുവാന്‍ ഒരു സംഘത്തെ നിശ്ചയിച്ചിരിക്കുന്നു.

  മിസ്റ്റര്‍ ഫുള്ളരുടെ ചാപലങ്ങള്‍ വളര്‍ന്നു വരുന്നതേ ഉള്ളു. തീവണ്ടിസ്റ്റേഷനില്‍ ചെന്ന് സായ്പിനെ കാണാതിരുന്നു എന്ന കുറ്റത്തിന് മറ്റൊരു ഗവര്‍ന്മേണ്ട് വക്കീലിനെ ജൊലിയില്‍ നിന്ന് മാറ്റിയിരിക്കുന്നതായി അറിയുന്നു.

 റഷ്യയിലെ പോലീസ് സൈന്യത്തില്‍ ഉള്‍പ്പെട്ടവര്‍, വേലചെയ്യാന്‍ കഴികയില്ലെന്നുപറഞ്ഞ് പിണങ്ങിപ്പിരിഞ്ഞുവരുന്നു. അവര്‍ക്ക് രാജ്യകാര്യമിടപെട്ട സംകടമൊന്നുമല്ലാ ഉള്ളത്. ധന സംബന്ധമായ വഴക്കാണ് അവര്‍ തുടങ്ങിയിരിക്കുന്നത്.

 സ്വദേശിശപഥക്ഷോഭം ഇപ്പോള്‍ പൂര്‍വാധികം പ്രബലമായിവരുന്നു എന്ന് "ഇംഗ്ലീഷ് മാന്‍" എന്ന പത്രം  പറയുന്നു.

 റഷ്യയിലെ കച്ചവടസ്ഥാനമായ നിജിനി നവഗറാഡില്‍ ഈയിട ഒരു വലിയ അഗ്നിബാധ ഉണ്ടാവുകയും, അനേകം വീടുകളും ഭാണ്ഡശാലകളും വെന്തു പോകയും ചെയ്തു.

 കല്‍ക്കത്താ ഹൈക്കോടതി ജഡ്ജിയായ മിസ്റ്റര്‍ മക്ക് ലീന്‍ ഒഴിവു കഴിഞ്ഞ് ആഗസ്റ്റ് 5-നു-പണി കൈയേല്‍ക്കുന്നതാണ്.

ജസ്റ്റീസ് ഡാക്ടര്‍ ആശുട്ടോഷ് മുഖര്‍ജിയെ കല്‍ക്കത്താ ഹൈക്കോടതി ജഡ്ജിപ്പണിയില്‍ സ്ഥിരപ്പെടുത്തിയിരിക്കുന്നു.

 കഴിഞ്ഞതിനു മുമ്പത്തെ ശനിയാഴ്ചയ്ക്ക് ശ്രീനഗരില്‍ ഒരു വലിയ കൊടുങ്കാറ്റടിച്ചു പല നാശങ്ങളും ഉണ്ടായിരിക്കുന്നു.

  ഗ്വാട്ടിമാലയിലെയും സാന്‍ സൽവഡറിലെയും റിപബ്ലിക്കുകള്‍ തമ്മില്‍ വലിയ വഴക്കു കൂടിവരുന്നു.

 ഗ്വാളിയറിലെ മഹാരാജാവവര്‍കള്‍ സിമ്ലായില്‍ ചെന്നിരിക്കുന്നു.

 

You May Also Like