ലിബെറൽ
- Published on June 19, 1907
- By Staff Reporter
- 466 Views
ഈ പേരില്‍, മദിരാശിയില്‍നിന്നു പ്രസിദ്ധപ്പെടുത്തിവരുന്ന ഇംഗ്ലീഷ് പ്രതിവാരപത്രത്തിന്‍റെ ഇക്കഴിഞ്ഞ ജൂണ്‍ 16-നു-ലെ ലക്കം ഞങ്ങള്‍ കൃതജ്ഞതാപൂര്‍വം കൈപ്പറ്റിയിരിക്കുന്നു. ഈ ലക്കത്തില്‍ തിരുവിതാംകൂറിനെ സംബന്ധിച്ച് പലേ ലേഖനങ്ങളും ചേര്‍ത്തുകാണുന്നുണ്ട്. "ഉല്‍പതിഷ്ണു,, എന്നര്‍ത്ഥമുള്ള ഈ പത്രത്തിന്‍റെ ഏതുഭാഗത്തും ഉല്‍പതിഷ്ണുത്വത്തെ സൂചിപ്പിക്കുന്ന അഭിപ്രായങ്ങള്‍ നിറഞ്ഞുകാണുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. വടശ്ശേരികോവില്‍ക്കേസ്സിലെ, ഹൈക്കോടതി ജഡ്ജിമെണ്ടിന്‍റെ പകര്‍പ്പ് ഈ ലക്കത്തില്‍ ചേര്‍ത്തിരിക്കുന്നു. അടുത്തുതന്നെ "സത്യം,, എന്നു പേരുകാരനായ ഒരു ലേഖകന്‍ തിരുവിതാംകൂറിലെ രാജസേവകന്മാരെപ്പറ്റി "സ്വദേശാഭിമാനി,, ഇതേവരെയായി പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളേയും, "പാറപ്പുറം,, "ഉദയഭാനു,, എന്നീ നോവലുകളെയും ശ്ലാഘിച്ചും ഒരു പംക്തിയില്‍ കുറയാതെ ഒരു ലേഖനം എഴുതിക്കാണുന്നു. മറ്റൊരു ഭാഗത്ത് രാജസേവകന്മാരെയും, കൈക്കൂലിയെയും, ഇവയെ ആരാധിക്കുന്ന ഉദ്യോഗസ്ഥന്മാരെയും മറ്റുംപറ്റി രണ്ടു ചോദ്യപത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനും പുറമേ, തിരുവിതാംകൂറിൽ ഈയിടെ നടന്ന നിയമനങ്ങളെന്ന വിഷയത്തെപ്പറ്റിയും അതിദീർഘമായ ഒരു ലേഖനം ഉണ്ട്. ഇവയെല്ലാം തിരുവിതാംകൂറിന്‍റെ ഇപ്പൊഴത്തെ സ്ഥിതിയെ ശരിയായി കാണിക്കുന്ന ലേഖനങ്ങളാണ്. വായനക്കാര്‍ക്ക് ഏറെ രസകരമായിരിക്കുന്ന ഈ പത്രം തിരുവിതാംകൂറുകാരുടെ ശ്രദ്ധയെയും പ്രോത്സാഹനത്തെയും ആകര്‍ഷിക്കുമെന്നുതന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതിനു പത്രവില ഒരാണ്ടേക്ക് 3-രൂപ മാത്രമാകുന്നു.