തെക്കൻദിക്കിലെ വെള്ളത്തീരുവ

  • Published on January 15, 1908
  • Svadesabhimani
  • By Staff Reporter
  • 198 Views

പുതിയതായി, അനവധി ദ്രവ്യം വ്യയം ചെയ്ത് കറ തീരാറായിരിക്കുന്ന കോതയാർ പ്രോജക്റ്റ് വേലകൊണ്ട്, തോവാള, അഗസ്തീശ്വരം, ഇരണിയൽ, കൽക്കുളം എന്നീ നാലു താലൂക്കുകളിലെ മിക്ക നിലങ്ങളേയും ജലദുർഭിക്ഷത്തിൽ നിന്ന് സംരക്ഷിച്ചുകൊള്ളാൻ കഴിയുമെന്നാണല്ലോ കണ്ടിരിക്കുന്നത്. ഇപ്പോഴുള്ള നിലങ്ങൾ കൂടാതെ, പുതുതായി അവിടവിടെ വെട്ടിവരുന്ന കനാലുകൾ ഉപയോഗയോഗ്യങ്ങളാകുമ്പോൾ, കൂടുതൽ നിലങ്ങളും വെട്ടിത്തിരിച്ച് കൃഷി ചെയ്യാൻ സാധിക്കുമെന്നാണ് പറയുന്നത്. അധിക കൃഷിയോടു കൂടിയ നാടുകളിലൊന്നായ നാഞ്ചിനാടു ജലദൗർലഭ്യത്താൽ കരിഞ്ഞ് പൊരിഞ്ഞ് പോന്ന കഷ്ടതയെയും, വിശേഷിച്ചും, ബ്രാഹ്മണപ്പറ്റു മുതലായ പാടങ്ങളിൽ പ്രധാന ഉദ്യോഗസ്ഥന്മാർക്ക് അനേക നിലങ്ങൾ ഉണ്ടായിരിക്കുന്ന അവസ്ഥയെയും ആലോചിച്ച്, കണ്ടുപിടിച്ച വിദ്യയാകുന്നു ഈ പ്രോജക്റ്റ്. തെക്കൻ ദിക്കുകളിൽകൂടി തീവണ്ടി ഓടിച്ചാൽ കൊള്ളാമെന്നുള്ള ജനഹിതത്തെയനുസരിച്ച് നീക്കിവെച്ച ദ്രവ്യത്തെ, അതിലും ഉപകാരമേറിയ പ്രയോഗമാണിതെന്നും പറഞ്ഞത്രെ മിസ്റ്റർ ശങ്കരസുബ്ബയ്യർ ഈ പണിക്കായി വിനിയോഗിച്ചത്. മിസ്റ്റർ താണുപിള്ള മുതലായ ചില പ്രധാനികളായ ഉദ്യോഗസ്ഥന്മാരും, ഇതിനനുകൂലികളായി തന്നെ ഭവിച്ചിരുന്നു. ഏതായാലും, പണി തീരാറുമായി. ഇതുകൊണ്ടുള്ള പ്രയോജനം അനുഭവത്തിൽ വന്നുവെങ്കിലേറെ ആശ്വാസകരം തന്നെ. ഈ അവസരത്തിൽ വെള്ളത്തീരുവ ഏർപ്പെടുത്തുന്ന കാര്യത്തെപ്പറ്റിയാണിപ്പോൾ തിരുതകൃതിയായ ആലോചനകൾ നടന്നു വരുന്നത്. ഇത് സംബന്ധിച്ച്, ശുചീന്ദ്രപുരത്തും തക്കലയിലും വച്ച് രണ്ടു സഭകളും കൂടിക്കഴിഞ്ഞിരിക്കുന്നു. പ്രജാസഭയുടേയോ, അല്ലെങ്കിൽ കാലത്തിന്റെയോ മാഹാത്മ്യം കൊണ്ട് ജനങ്ങളോടു കൂടി ആലോചിച്ചിട്ടു വേണം തീരുവ ഏർപ്പെടുത്തേണ്ടതെന്ന് ​ഗവൺമെന്റിനോ തൽഭാരവാഹികൾക്കോ തോന്നിയത് എന്തായാലും നന്നായി. വെള്ളത്തീരുവ മുതലായതുമേർപ്പെടുത്തി. എടുത്ത കാര്യം പൂർത്തിയാക്കിയെ മടങ്ങു എന്ന് ഇതിലേക്കായി നിയമിക്കപ്പെട്ട മിസ്റ്റർ മഹാദേവയ്യരും ബദ്ധകംകണനായിരിക്കുന്നു. വന്നാലല്ലാതെ, വരുന്നതിനു മുമ്പെ കാണാത്ത ജനങ്ങളുടെ പഴയ സ്വഭാഗതിയും, ഒന്നുമാറിക്കണ്ടതും സന്തോഷാവഹമാണല്ലോ. ആദ്യം കൂടിയ സഭയിൽ മിസ്റ്റർ മഹാദേവയ്യർ പ്രോജക്റ്റിന്റെ ഉത്ഭവം, ആവശ്യകത, ഉപയോഗം, തീർന്നിട്ടുള്ള വേല മുതലായവയെ സംബന്ധിച്ച് വിസ്താരമായും ചമൽക്കാരമായും പ്രസ്താവിക്കുക ഉണ്ടായി. ​ഗവൺമെന്റിൽ നിന്ന് ചെലവു ചെയ്ത പണത്തിന് പലിശയായിട്ടാണ് ഈ തീരുവ ഏർപ്പെടുത്താൻ പോകുന്നതെന്ന് ജനങ്ങൾ വിചാരിക്കേണ്ടതില്ലെന്നും മുമ്പ് കരിവു തീർപ്പുകളാൽപ്പെട്ട സങ്കടത്തിന് നിവാരണം ഉണ്ടായ സ്ഥിതിയെ ഓർത്ത് വല്ലതും അല്പസ്വൽപമായി ​ഗവൺമെന്റിന് കൊടുക്കേണ്ടതല്ലെയോ എന്നും പഴത്തിൽ സൂചി കുത്തിയിറക്കും പോലെ ശാന്തമായും സമാധാനമായും പ്രസ്താവിച്ചു. പ്രസ്താവനയുടെ വിനയ സ്വഭാവവും, അതിനായി കൊണ്ടു വന്ന യുക്തികളും എതിർ ഭാഗത്തു നിന്ന് പുറപ്പെടാവുന്ന യുക്തിവാദങ്ങളുടെ സ്വഭാവത്തെ സംബന്ധിച്ച്, സ്വയമേവ ചെയ്ത വ്യാഖ്യാനങ്ങളും, പ്രത്യാഖ്യാനങ്ങളും അതിശയനീയമായിരുന്നു. എന്നാൽ , നാട്ടുകാരീ പ്രസ്താവനകളെ കേട്ടു മയങ്ങിപ്പോകാതെ, ദീരോദാത്തതയോടുകൂടി എതിർവാദം ചെയ്തതും, കാലഗതിയെ സൂചിപ്പിക്കാതെയിരിക്കുന്നില്ല. കൃഷി വിഷയത്തിൽ വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടത് ഗവൺമെന്റിന്റെ കടമയാണെന്നും, അതിലേക്ക് പ്രതിഫലമായി ദാക്ഷിണ്യം കൂടാതെ നികുതി വസൂൽ ചെയ്തു വരുന്നുണ്ടെന്നും, കരിവു തീർപ്പുകളാലുള്ള നഷ്ടം ജനങ്ങൾക്കുണ്ടാവുന്നതിൽ ഒരംശം ഗവൺമെന്റിനുമുണ്ടാകാതെ പോവില്ലെന്നും, അതിന്റെ നിവൃത്തിക്ക് വേണ്ടവ ചെയ്യേണ്ടത് ഗവൺമെന്റിന്റെ കർത്തവ്യകർമ്മമല്ലയോ എന്നും ചിലർ പ്രസ്താവിച്ചു. നാഞ്ചിനാട്ടിലെ കൃഷിക്കായി കളം മരാമത്ത് വകയിൽ ചെയ്തുവന്ന ചെലവ്, കോതയാർ പ്രോജക്റ്റ് കര്യം പറഞ്ഞ് മുടക്കം ചെയ്തുവരുകയാണെന്നും, അതുപോലെ കാനേമാരി നിലങ്ങൾക്ക്  ഗവൺമെന്റിൽ നിന്നു യാതൊരു സഹായവും അദ്യാപി ചെയ്തു തന്നിട്ടില്ലെന്നും, ആവകയിൽ ഗവൺമെന്റിനു പ്രയത്നം കൂടാതെ സിദ്ധിച്ചിട്ടുള്ള ദ്രവ്യത്തിന് പോക്ക് എന്താണെന്നും, ഈവക ദ്രവ്യങ്ങൾ മാത്രം മതിയാകും ഈ ചെലവ് നികത്താനെന്നും പ്രസ്താവിച്ചു ചിലർ സഭ മുഴക്കി. ഇതിനിടയ്ക്ക്, കോതയാർ പ്രോജക്റ്റ് കൊണ്ടുള്ള ഗുണം നാഞ്ചിനാട്ടുകാർക്കല്ലാ, കൽക്കുളം ഇരണിയൽ ഈ രണ്ടു താലൂക്കുകാർക്കാണെന്നും ഒരാൾ എഴുന്നേറ്റു പ്രസ്താവിക്കുകയുണ്ടായി. പുതിയതായി വെട്ടിത്തെളിക്കുന്ന നിലങ്ങൾക്ക്, ഇപ്പോൾ തീരുവയോ നികുതിയോ ഒന്നും തന്നെ ഏർപ്പെടുത്തരുതെന്നും, ചുരുങ്ങിയപക്ഷം, അഞ്ചു കൊല്ലത്തെ അനുഭവം കണ്ടതിനുമേലെ ആവക ഏർപ്പെടുത്താൻ പാടുള്ളൂ എന്നും, അല്ലായ്കിൽ ജനങ്ങൾ നിരുത്സാഹരായി ഭവിച്ചേയ്ക്കുമെന്നും, വിശേഷിച്ച് നികുതി എത്രയ്ക്ക് കുറക്കുന്നുവോ അത്രയ്ക്കും ഖജനാവിലേക്ക് കൂടുതലായിട്ടാണ് പണം ചെന്നു ചേരാനിടയുള്ളതെന്നുള്ള തത്വം നല്ലവണ്ണം അറിഞ്ഞിരിക്കേണ്ടതാണെന്നും, ചിലർ അഭിപ്രായപ്പെട്ടു. കൃഷിക്കാരുടെ ഇപ്പോഴത്തെ നിലയെക്കുറിച്ച് അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ലെന്നുള്ളത് കൊണ്ട് ആ പ്രസ്താവന ആവശ്യമില്ല. ഈ ശോചനിയാവസ്ഥയിൽ നികുതി കൂടുതലും ഓരോ തീരുവകളും കൊണ്ട്, കൃഷിക്കാരെ കനിച്ചു കളഞ്ഞാൽ അവർ ഭാരം വഹിക്ക വയ്യാതെ, ഇത്തൊഴിൽ വേണ്ടെന്ന് വയ്ക്കയേ ഉള്ളു. അതിനാലുണ്ടാകുന്ന നഷ്ടത്തിലൊരംശം ഗവൺമെന്റിനും ഇല്ലാതെ പോവില്ലല്ലോ. നേരെ മറിച്ചായാൽ ജനങ്ങൾ ഉത്സാഹിതരായി കൃഷിത്തൊഴിലിൽ ഐദമ്പര്യേണ പ്രവേശിപ്പാനും, തന്നിമിത്തം അവർക്കെന്നെപ്പോലെ ഗവൺമെന്റിനും ആദായം ഉണ്ടാവാനും ആണല്ലോ എളുപ്പം. നാഞ്ചിനാട്ടുകാരുടെ മറ്റൊരു വാദം, മറ്റു ദിക്കുകളെ അപേക്ഷിച്ചു തങ്ങളുടെ ദിക്കിലെ നിലങ്ങൾക്കുള്ള നികുതി കൂടുതലാണെന്നും, അതിനു പുറമെ, ഈ ഭാരവും കൂടി ചുമത്തുന്നത് സങ്കടമാണെന്നും ആണ്. മറ്റു താലൂക്കുകാരുടെ പ്രയത്ന ഫലം കൂടി ഈ വേലക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും.          

 

 

You May Also Like