വാർത്ത

  • Published on February 09, 1910
  • By Staff Reporter
  • 538 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 പുതിയ പരിഷ്കാരം അനുസരിച്ചു നിയമനിര്‍മ്മാണസഭയുടെ ഒന്നാം യോഗത്തില്‍ വൈസ്രായി മിന്‍‍റോ പ്രഭു ചെയ്ത പ്രസംഗത്തെ ഗുണദോഷനിരൂപണംചെയ്ത് "കര്‍മ്മയോഗന്‍,, പുറപ്പെടുവിച്ചിരിക്കുന്ന അഭിപ്രായം സ്മരണീയമായിട്ടുള്ളതാകുന്നു. വൈസ്രായിയുടെ പ്രസംഗത്തില്‍ മുഖ്യതരമായ ഘട്ടങ്ങള്‍ രണ്ടുണ്ട്. ഒന്നാമത്, ഇന്ത്യയിലെ മാഡെറേറ്റ് (മിതവാദി) കക്ഷിക്കാരുടെ മനസ്സില്‍ വിഹരിച്ചുകൊണ്ടിരിക്കുന്ന ആശങ്കകളെ അസ്തമിപ്പിക്കുന്നതും; മറേറത്, നാഷനലിസ്റ്റ് (രാഷ്ട്രീയ) കക്ഷിക്കാരുടെ മനസ്സില്‍ ഇനിയും വല്ല ആശയും കിടപ്പുണ്ടെങ്കില്‍ അതിനെ അസ്തമിപ്പിക്കുന്നതാണെന്നു അറിയിക്കുന്നതും ആകുന്നു. ഭരണവ്യവസ്ഥാപരിഷ്കാരത്തില്‍ മാര്‍ലി പ്രഭുവിന്‍റെയും മിന്‍‍റോ പ്രഭുവിന്‍റെയും ഉദ്ദേശങ്ങള്‍ ഇന്ത്യയില്‍ ജനപ്രതിനിധികള്‍ വഴിയായ സ്വയംഭരണത്തിന്‍റെ അധിഷ്ഠാനമിടുവാനാണെന്നായിരുന്നു മിതവാദി കക്ഷികള്‍ വളരെ നാളായി ആശ വച്ചിരുന്നത്. ഈ ആശയെ സ്റ്റേറ്റ് സിക്രട്ടറി മാര്‍ലിപ്രഭു ഒന്നിലധികം തവണ പ്രതികൂലിച്ചു പറഞ്ഞിട്ടുള്ളതാണ്. മിന്‍‍റൊ പ്രഭു ഇപ്പോള്‍ ഈ ആശയുടെ ശീര്‍ഷത്തെ പാദംകൊണ്ടു മര്‍ദ്ദിച്ചു കഴിഞ്ഞിരിക്കുന്നു. പ്രസംഗത്തിലെ മറെറാരു ഘട്ടം, രാജദ്രോഹകരങ്ങളായ വര്‍ത്തമാനപത്രങ്ങളുടെ ദുസ്സ്വാതന്ത്യത്തെപ്പററി ആകുന്നു. ഇതില്‍ നാഷനലിസ്റ്റ് കക്ഷിയുടെ ഉത്സാഹത്തെ അമര്‍ത്തുന്നതിനു ഉദ്ദേശിക്കുന്നതായി വിചാരിക്കാം. പ്രസംഗപീഠത്തെ നിശ്ശബ്ദീകരിച്ചു കഴിഞ്ഞു, ഇനി വര്‍ത്തമാനപത്രങ്ങളുടെ ഹനനം അവശ്യം ഉണ്ടാകുമല്ലോ. പിന്നെ, വിചാരസ്വാതന്ത്യം മാത്രം ഉണ്ടായിരിക്കും.

 ഇക്കഴിഞ്ഞ മെട്റിക്കുലേഷനു പരീക്ഷയ്ക്കു മദ്രാസ് സംസ്ഥാനത്തില്‍ ആകെ 7,508-പേര്‍ ചേര്‍ന്നിരുന്നതില്‍, 877- പേര്‍ ജയിച്ചിട്ടുണ്ട്.

 കറാച്ചിയിലെ "ഫീനിക്‍സ്,, എന്നു പേരായ വര്‍ത്തമാനപത്രത്തിന്‍റെ ഉടമസ്ഥര്‍ മിസ്റ്റര്‍ ജാഫെര്‍ഫൂഡോ എത്രയെണ്ണം അപകീര്‍ത്തി ക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നു ഓര്‍മ്മിക്കുവാന്‍ പ്രയാസമാണത്രെ. ഒരു കേസുകഴിഞ്ഞു പുറമെവരുമ്പൊള്‍ മറെറാരുകേസിന് ഒരുങ്ങുകയാണുപതിവ്. എന്നാല്‍ ഇതിലൊന്നും അദ്ദേഹത്തിന് കുലുക്കമില്ലാ; ഇക്കേസുകള്‍ ഉണ്ടായിവരണമെന്ന് ആഗ്രഹവുമില്ലാ.

 ഒഴിവുവാങ്ങിപ്പാര്‍ക്കുന്ന ഒരു ഉദ്യോഗസ്ഥന് ഒഴിവുകാലങ്ങളില്‍ കുതിരപ്പടി കിട്ടേണമെങ്കില്‍, ആ കാലമത്രയും തന്‍റെ കുതിരയെ സര്‍ക്കാരാവശ്യത്തിനായി തന്‍റെ  ജോലിസ്ഥലത്ത് തന്നെ വിട്ടിരുന്നു എന്നു സാക്ഷ്യപത്രം ബോധിപ്പിക്കേണ്ടതാകുന്നു എന്നും, ഈ നിബന്ധന ചവിട്ടുവണ്ടി, മോട്ടാര്‍വണ്ടി മുതലായവ ഉപയോഗിക്കുന്നവര്‍ക്കും ബാധകമാവാതിരിക്കുമെന്നും ബ്രിട്ടീഷ് ഗവര്‍ന്മെണ്ട് കല്പിച്ചിരിക്കുന്നു.

 കൽക്കത്തയില്‍ അരാജകനടപടികളേപ്പററിയുള്ള ഭയംനിമിത്തം ഗവര്‍ന്മെണ്ടുദ്യോഗസ്ഥന്മാര്‍ ആകുലരായിരിക്കുന്നു എന്നു കാണുന്നു. തങ്ങളുടെ സഹോദരന്മാരെയും കളത്രപുത്രാദികളെയും ഒഴിച്ച് ശേഷമുള്ള കൂററുകാര്‍ മുതലായവരെകൂടെയും തങ്ങളോട് ഒന്നിച്ചുപാര്‍ക്കുവാന്‍ അനുവദിക്കുന്നില്ലാ. ഇവരില്‍ വല്ലവരും അഗ്ന്യസ്ത്ര പ്രയോഗക്കാരുടെ ചങ്ങാതികളായിരിക്കയില്ലയൊ എന്നാണ് ശങ്ക.

You May Also Like