കേരളവാർത്ത - അമ്പലപ്പുഴ
- Published on December 26, 1906
- By Staff Reporter
- 742 Views
ധനു 6
മജിസ്ട്രേട്ട്
മിസ്റ്റർ ഗോവിന്ദപ്പിള്ളയുടെ ഭരണം പൊതുവെ തൃപ്തികരമായിത്തന്നെ കാണുന്നു.
പോലീസ്സ്
പുതിയ ഇൻസ്പെക്ടർ നാരായണപിള്ള അവർകളുടെ ആഗമനത്തൊടുകൂടി ഇവിടത്തെ പോലീസ് നടവടിക്ക് ഒരു പ്രത്യേക ജീവൻ വീണിരിക്കുന്നു. ടൗൺ ബീറ്റുകാരും മറ്റും ഊർജ്ജിതമായി അവരുടെ ജോലികളെ നിർവഹിക്കുന്നതു കൊണ്ട് അക്രമങ്ങൾക്ക് വളരെ ഒതുക്കം വന്നിട്ടുണ്ട്. തകഴി മുതലായ സ്ഥലങ്ങളിൽക്കൂടി ഇദ്ദേഹത്തിൻ്റെ ദൃഷ്ടി പതിയേണ്ടതായിട്ടുണ്ട്.
എഴുന്നെള്ളത്ത്
ആറ്റിങ്ങൽ തിരുമേനികൾ വൈക്കത്ത് നിന്നു കഴിഞ്ഞ മാസം 25 നു ആലപ്പുഴയ്ക്ക് എഴുന്നെള്ളുകയും 28 നു അത്താഴം അമൃതെത്ത് കഴിഞ്ഞു് മാവേലിക്കരയ്ക്കു എഴുന്നള്ളുകയും ചെയ്തിരിക്കുന്നു. എഴുന്നെള്ളത്തു സംബന്ധമായി ആലപ്പുഴയും അമ്പലപ്പുഴയും വേണ്ട പ്രകാരം വട്ടം കൂട്ടുകയാൽ തിരുമേനികളുടെ പ്രത്യേക സന്തോഷത്തിന് പാത്രിഭവിച്ച ഞങ്ങളുടെ തഹസീൽദാർ ഗോവിന്ദപ്പിള്ള അവർകൾക്ക് കല്പിച്ചു ഒരു കസവ് തുപ്പട്ട സമ്മാനിച്ചിരിക്കുന്നു.
രജിസ്തർ കച്ചേരി
ഇവിടെ ഒരു രജിസ്തർ കച്ചേരി സ്ഥാപിക്കാൻ പോകുന്നു എന്നു കേട്ടിട്ട് നാൾ കുറെ ആയി. രജിസ്ട്രേഷൻ ഡയറക്ടർ മിസ്തർ കപ്പാഴം രാമൻപിള്ള ഇത് എളുപ്പം നിവർത്തിച്ചു തരുമെന്ന് വിശ്വസിക്കുന്നു.
കാളറാ
കുട്ടനാട്ടിൽ മിക്ക സ്ഥലങ്ങളിലും ഇവിടെ കരുമാടി, കാക്കാഴം മുതലായ സ്ഥലങ്ങളിലും പൊടിപൊടിക്കുന്നു. സ്ഥലം ആശുപത്രി കൊണ്ട് ഈ നാട്ടുകാർക്ക് പൊതുവെ തന്നെ യാതൊരു പ്രയോജനവും ഇല്ലെന്നിരിക്കെ ഈ അവസരത്തിലെങ്കിലും ഒരു പ്രത്യേക അപ്പാത്തിക്കിരിയെ ഗവൺമെൻ്റിൽ നിന്നും നിയമിക്കാത്ത പക്ഷം സാധുക്കളായ ജനങ്ങൾ വളരെ കഷ്ടപ്പെടുന്നതാണ്.