തിരുവിതാംകൂറിലെ പ്രദർശനങ്ങൾ

  • Published on May 23, 1908
  • By Staff Reporter
  • 367 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

നമ്മുടെ നാട്ടിൽ നടന്നുവരുന്ന പ്രദർശനങ്ങൾ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ലാ. ഇവ ആരംഭിച്ചിട്ട് ഒരു ശതവർഷത്തിനു മേലായിരിക്കുന്നു. ആദ്യമായി പ്രദർശനം നടന്നത് ബാലരാമവർമ്മ മഹാരാജാവിൻ്റെ കാലത്താണെന്ന് കേൾക്കുമ്പോൾ, അക്കാലത്തും ഇങ്ങനെയുള്ള നടപടികൾ ഉണ്ടായിരുന്നുവോ എന്നു ആശ്ചര്യം ജനിപ്പിച്ചേക്കാം. ഈ വക പ്രദർശനങ്ങൾ നാട്ടിലെ ജനങ്ങളെ പരിശ്രമ മർഗ്ഗങ്ങളിലേക്ക് വഴി കാണിക്കുന്നതും, ഉത്സാഹിപ്പിക്കുന്നതും ആയ മാർഗ്ഗദർശികളാണെന്ന് ആരും സമ്മതിക്കുന്നതാണ്. ഈ പ്രദർശനങ്ങൾ നന്നാകുന്നത് ദിവാൻ പേഷ്കാരന്മാരുടെ ജനരഞ്ജനയുടെയും ഉത്സാഹത്തിൻ്റേയും ഉൽകർഷാപകർഷങ്ങളെ  അനുസരിച്ചാണ്. ഇതിന്, കഴിഞ്ഞുപോയ ദിവാൻ മിസ്റ്റർ രാമരായർ നടത്തിയ പ്രദർശനങ്ങളും, അതിൽ പിന്നീട്, കോട്ടയത്ത് നടന്ന പ്രദർശനങ്ങളും ഉദാഹരണമാകുന്നു. ദിവാൻ പേഷ്കാരന്മാർക്ക് ആ വകയ്ക്കുള്ള രൂപാ ചെലവെഴുതിക്കേണ്ട കാലം സമീപിക്കുമ്പോൾ, തഹശീൽദാരന്മാരെ ചുമതലപ്പെടുത്തുന്നു. അവർ പാർവത്യകാരന്മാരേയും ഇവർ ഇവരുടെ കീഴുദ്യോഗസ്ഥന്മാരെയും ഭരം ഏല്പിച്ചു പേഷ്കാരന്മാർക്കുള്ള ഉത്സാഹം ചെറിയഞ്ചുട്ടം അല്ലെങ്കിൽ പ്രവൃത്തിപ്പിള്ളവരെ ചെല്ലുമ്പോൾ, തണുത്തുപോകുന്നു.    അവർ അറിയിച്ചവരെ അറിയിച്ചു, ഇല്ലാത്തവരെ ഇല്ലാ, എന്ന മട്ടിൽ മുരശടിപ്പിച്ചു എന്നു വരുത്തും. ജനങ്ങൾ മിക്കപ്പോഴും ഇങ്ങനെ ഒരു കാര്യം നടന്നുവോ എന്നു അറിയുന്നത് തന്നെ അപൂർവ്വമാണ്. പ്രദർശനം ഒരു വിധം നടത്തി എന്നു വരുത്തുന്നതിനായി ഉത്സവ ദിവസങ്ങളോ ചന്ത ദിവസമോ ഒന്നു നിശ്ചയിക്കും. സാധാരണ ചന്തയിലോ ഉത്സവത്തിനോ വരുന്ന ജനങ്ങൾ പ്രദർശനം കാണുവാൻ കൂടുന്നു. ഉദ്യോഗസ്ഥന്മാരും അവരുടെ പരിവാരങ്ങളും ഇഷ്ടന്മാരും പിന്നീട് ഒരു വക പാതിരിസായ്പന്മാർ മുതലായവരും വന്നുചേരുന്നു. അന്നു നടത്താനുള്ള ക്രിയകൾ താന്ത്രികൻ പറയുന്നപോലെ നടത്തി, ഗവൺമെൻ്റ് അനുവദിച്ച തുകയെ വീതിക്കുന്നു. ഇതിനിടയിൽ ചിലരുടെ പ്രത്യേക സ്നേഹം നിമിത്തമോ ശ്രീമൂലം പ്രജാസഭാ സമാജികന്മാർ മുഖാന്തിരമോ മറ്റോ കാഴ്ച്ചക്കു ചില സാധനങ്ങളും വന്നു ചേരുന്നതും ഉണ്ട്. ഈ വിധം പ്രദർശനം നടത്തുന്നത്കൊണ്ട് അതിൻ്റെ ഉദ്ദേശ്യം സാധിക്കുന്നില്ല. സാധാരണ കർഷകന്മാർക്കു പ്രോത്സാഹനം ഇതിനാൽ ഉണ്ടാകുന്നില്ല. ഇതിലേയ്ക്ക് മുഖ്യമായി വേണ്ടത് ജനങ്ങളുടെ ഏകോപ്പിച്ചുള്ള ഉത്സാഹമാണ്. ഇക്കാലത്തു ജനങ്ങളെ ക്ഷീണതന്ത്രന്മാരാക്കി ഗവൺമെൻ്റ് സുസ്ഥിതിയെ  പ്രാപിച്ചുകൊണ്ടിരിക്കുന്നതിനാൽ, അവരെ ഏകോപിപ്പിക്കുന്നതിന് കരകളിൽ ജാതിമത വ്യത്യാസം കൂടാതെ യോഗങ്ങൾ തഹശീൽദാരന്മാർ മുഖാന്തരം വിളിച്ചുകൂട്ടേണ്ടിയിരിക്കുന്നു. തഹശീൽദാർ മുരശടിക്കുന്ന ക്രമം വിട്ടു, അതാതു കരകളിൽ സഞ്ചരിച്ചു യോഗങ്ങൾ ചേർന്ന് പ്രദർശനങ്ങളുടെ ഗുണത്തെ അവരെ ഗ്രഹിപ്പിക്കണം. താലൂക്ക് സഭയിലേക്ക് മെമ്പർമാരെ തെരഞ്ഞെടുത്തു അവർ വഴി പ്രദർശനത്തിനുള്ള സാമാനങ്ങൾ സംഭരിക്കണം. പ്രദർശനം നടത്തുന്നതിന് പ്രഭുക്കന്മാരേയും സാധാരണ കൃഷിക്കാരെയും ചുമതലപ്പെടുത്തണം. ഇങ്ങനെ അല്ലാതെ, ഇപ്പോൾ നടന്നുവരുന്ന പ്രദർശനങ്ങൾക്കു ദ്രവ്യവ്യയം ചെയ്യുന്നതിനേക്കാളും, ആ ദ്രവ്യത്തെ ഉത്തമങ്ങളായ മറ്റു വിഷയങ്ങളിൽ വ്യയം ചെയ്യുന്നതായാൽ ഏറ്റവും ഉചിതമായിരിക്കും. ഈ വിഷയത്തെപ്പറ്റി ദിവാൻ പേഷ്കാർ മിസ്റ്റർ സുബ്രഹ്മണ്യയ്യർ  ചെയ്ത പ്രസംഗം എത്രയോ സാരവത്തായിരിക്കുന്നു.    

You May Also Like