സർക്കാരിൻ്റെ ശാഠ്യം

  • Published on January 14, 1906
  • Svadesabhimani
  • By Staff Reporter
  • 303 Views

There is a need for separating the devasvam board, which deals with matters concerning one religion, from  revenue and magisterial departments.

സാക്ഷാൽ ഹിന്ദുമതമാണെന്നുള്ള വ്യാജത്തിൽ, തിരുവിതാംകൂർ സംസ്ഥാനത്ത് ആചരിച്ചുവരുന്ന ബ്രാഹ്മണമതം നിമിത്തമായി, ഈ നാട്ടിലെ പ്രജകൾക്കുണ്ടാകുന്ന ദോഷങ്ങൾ ദിവസം കഴിയും തോറും അധികം ഭയങ്കരങ്ങളായത്തീരുന്നു. തിരുവിതാംകൂർ രാജ്യം ശ്രീപദ്മനാഭ സ്വാമിക്കു  തൃപ്പടിദാനം ചെയ്യപ്പെട്ടത് ആണെന്നും അതിനാൽ ഈ നാടിൻ്റെ മേൽക്കോയ്മ ശ്രീപത്മനാഭസ്വാമി ആണെന്നും ഇതു ഹേതുവായി ബ്രാഹ്മണ പ്രീതി സമ്പാദിക്കാൻ ആണ് രാജാധിപൻ  ശ്രദ്ധിക്കേണ്ടത് എന്നും ഉള്ള ഈശ്വര പ്രഭുത്വ വാദക്കാർ ഈ നാട്ടിലെ ന്യായാവകാശികളായ പ്രജകളിൽ പല വർഗ്ഗക്കാരെയും നീതിയുടെ പിൻപുറത്തേക്കു തള്ളിനീക്കിക്കളഞ്ഞിരിക്കയാണല്ലോ.  ഹിന്ദുക്കളിൽ ബ്രാഹ്മണൻ ഒഴികെ മറ്റു പ്രജകളായ ക്രിസ്ത്യാനികൾ, മുഹമ്മദീയർ മുതലായ അന്യമതക്കാരുടെയും അക്ഷീണമായ പരിശ്രമം കൊണ്ട് നാട്ടിലേക്ക് ഉണ്ടാകുന്ന മുതലെടുപ്പ് മിക്കവാറും ഭാഗം അവരുടെ മത സംവിധാനത്തിനും മനസ്സാക്ഷിക്കും വിരോധമാം വിധത്തിൽ ബ്രാഹ്മണപ്രീതിക്കായി പലതും ചെയ്യുന്നതിനെപ്പറ്റി അവർക്കുള്ള സങ്കടം പറഞ്ഞിട്ടും ........ ഒരു ജാതിക്കാരുടെയും ഒരു മതത്തിന്റെയും കാര്യത്തെ കൈകാര്യം ചെയ്യാൻ  ഇതര ജാതി മതസ്ഥരുടെ പ്രയത്ന ഫലത്തെ ഇങ്ങനെ ചെലവ് ചെയ്യുന്നത് രാജ്യനീതിക്കു ചേർന്നതല്ലെന്ന് ആർ തന്നെ സംവദിക്കില്ല ? മതം എന്നുള്ളത് ഈശ്വരവിശ്വാസത്തിൽ പ്രതിഷ്ഠിതമായ ഒരു പ്രത്യേക സംഗതിയും അത് ഓരോരുത്തരുടെയും മനസ്സിൽ ഈശ്വരനെയും പ്രപഞ്ചസ്ഥിതിയെയും  പറ്റി തോന്നിയിട്ടുള്ള ബോധത്തെ ആശ്രയിച്ചിരിക്കുന്നത് ആയിരിക്കെ,  അക്കാര്യത്തിനായി ഒരു ഗവൺമെണ്ട് പ്രത്യേക വകുപ്പുകളെ ഏർപ്പെടുത്തുകയോ ഒരു മതക്കാർക്ക് വേണ്ടി മറ്റുമതക്കാരെ സ്വന്തമതധർമ്മങ്ങൾക്കു വിപരീതമായി  പ്രവർത്തിക്കയോ ചെയ്യുവാൻ പാടില്ലാത്തതാകുന്നു. ഇങ്ങനെയിരുന്നിട്ടും, തിരുവിതാംകൂറിലെ ഹിന്ദുക്കളല്ലാത്ത ബ്രാഹ്മണമതത്തിനു വേണ്ടതു ചെയ്യുവാൻ ഗവർമെണ്ടിനെ തടസ്സപ്പെടുത്താതെ കഴിഞ്ഞുപോന്നിട്ടും, അവരുടെ കഥയെപ്പറ്റി ഗവർമെണ്ട് ചെവിപൊത്തുന്നതായി കണ്ടുവരുന്നത് വ്യസനകരം എന്നേ പറവാനുള്ളു. ഒരു ഗവർമെണ്ടിൻ്റെ പ്രത്യേക ചുമതലയിൽ വച്ചു നടത്തേണ്ടതല്ലാത്ത മതസ്ഥാപനത്തെ, രാജ്യഭരണ കാര്യത്തിൽ ഉൾപ്പെടുത്തിപ്പോരുക നിമിത്തവും, വിശേഷിച്ചും ബ്രാഹ്മണമതത്തെ പ്രബലപ്പെടുത്തക്കവിധത്തിൽ, രാജ്യഭരണകർമ്മത്തിന് പരദേശബ്രാഹ്മണരെ ഈയിട അധികമായി ഉറപ്പിക്കുക കൊണ്ടും മേലാൽ ഹിന്ദുക്കളല്ലാത്തവർക്കു ഈ നാട്ടിലെ ഭരണകർത്താക്കന്മാരുടെ കൂട്ടത്തിൽ ഉന്നതസ്ഥിതിയെ പ്രാപിക്കുവാനും, അവരവരുടെ വർഗ്ഗത്തിൻ്റെ  ക്ഷേമത്തെ അഭിവൃദ്ധിപ്പെടുത്തുവാനും വഴിമുട്ടിയിരിക്കുന്നുവെന്നാണ് ഇപ്പോൾ കണ്ടിരിക്കുന്നത്.

ഹിന്ദുദേവസ്വം വകുപ്പിനെയും റവന്യൂ വകുപ്പിനെയും മജിസ്‌തീരിയൽ വകുപ്പിനെയും വെവ്വേറെ വയ്ക്കാതെ ഒന്നായി കെട്ടിപ്പിടിപ്പിച്ചു നിറുത്തിയിരിക്കകൊണ്ട് തിരുവിതാംകൂറിലെ റവന്യൂ വകുപ്പിൽ ക്രിസ്ത്യാനികൾക്കും മുഹമ്മദീയർക്കും ഈഴവർക്കും പ്രവേശനം തടയപ്പെട്ടിട്ടു കുറെകാലമായിരിക്കുന്നു. ഇക്കഴിഞ്ഞ "ശ്രീമൂലം പ്രജാസഭ" യുടെ നാലാം ദിവസത്തെ യോഗത്തിൽ വച്ച്, തിരുവിതാംകൂർ കൊച്ചിൻ ക്രിസ്ത്യൻ അസോസിയേഷൻ പ്രതിനിധിയായി മിസ്റ്റർ  ടി. സി. ചെറിയാൻ ഇതിനെ സംബന്ധിച്ച് വളരെ യുക്തിയുക്തങ്ങളും സാധുക്കളായ കാരണങ്ങളോട് കൂടിയവയും ആയ വാദങ്ങളെ പുറപ്പെടുവിച്ചു.  സർക്കാർ കേട്ടു എങ്കിലും, ഇപ്പോൾ പ്രസിദ്ധപ്പെടുത്തീട്ടുള്ള സംഭവങ്ങൾ റിപ്പോർട്ടിൽ നിന്നും മിസ്റ്റർ ചെറിയാൻ്റെ  പ്രസംഗത്തിൽ പരദേശബ്രാഹ്മണരായ ഉദ്യോഗസ്ഥന്മാരുടെ ആധിക്യത്തെ സംബന്ധിച്ച കണക്കുകളും മറ്റും വിട്ടുകളഞ്ഞു എങ്കിലും, റവന്യൂ വകുപ്പിലെ ഉദ്യോഗങ്ങളെ സംബന്ധിച്ച് ആ സർക്കാർ പുറപ്പെടുവിച്ച സങ്കടങ്ങൾ നിലനിൽക്കുന്നതേയുള്ളു. തിരുവിതാംകൂറിൽ തന്നെ പണ്ടത്തെക്കാലത്ത് അതാവിത്, പരദേശബ്രാഹ്മണരുടെ ആധിക്യവും പ്രാബല്യവും ഇപ്പോഴത്തെപ്പോലെ ഇല്ലാതിരുന്ന കാലത്ത്, ക്രിസ്ത്യാനികൾ തഹശീൽദാരന്മാരായിരുന്നിട്ടുണ്ടെന്നതിനു പുറമെ, തിരുവിതാംകൂറിനേക്കാൾ, ബ്രാഹ്മണമതത്തിൽ അധികം മുഴുകിക്കിടക്കുന്ന കൊച്ചി രാജ്യത്ത് ഇക്കാലത്തും ഹിന്ദുദേവസ്വകാര്യങ്ങൾ അന്വേഷിപ്പാൻ ക്രിസ്ത്യൻ തഹശീൽദാരന്മാരെ നിയമിച്ചു പോരുന്നുന്നുണ്ടെന്നുള്ളതും, ക്രിസ്ത്യൻ സഭക്കാർ സ്വന്തഭാഗത്തെ സ്ഥാപിപ്പാൻ മതിയായ ലക്ഷ്യങ്ങളായി പ്രസ്താവിച്ചിരിക്കുന്നു. അവനവന് അവകാശമുള്ള ഭൂഭരണകർമ്മത്തിൽ, ഒരു പങ്കകിട്ടാതിരിക്കുന്നതിനെകുറിച് പ്രജാവിഭാഗങ്ങൾ വാദിച്ചാൽ ന്യായം അറിഞ്ഞു പ്രവർത്തിക്കാതെ ഇരിക്കുന്ന ഭരണാധ്യക്ഷന്മാരെപ്പറ്റി ജനങ്ങൾക്ക് അതൃപ്തിതോന്നുന്നത് സാധാരണവുമാകുന്നു. ഇങ്ങനെ ഒരു അസന്തുഷ്ടി, ദിവാൻ വി. പി. മാധവരായവരവർകളുടെ പേരിലും ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ നിലകൊണ്ടു ഊഹിക്കേണ്ടതും. ദേവസ്വം വകുപ്പിനെ, റവന്യൂ വകുപ്പിൽനിന്നും വിടുവിക്കുകയും, റവന്യൂ മജിസ്‌തീരിയൽ വകുപ്പുകളെ വേർപിരിക്കയും ചെയ്‌താലല്ലാതെ ക്രിസ്ത്യാനികളുടെ ന്യായമായ അവകാശവാദം നീങ്ങിപ്പോകുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. ഈ വിഷയത്തിൽ ക്രിസ്ത്യാനികൾക്ക് വിരോധമായി കുറെ അധികം പ്രസംഗിച്ച   പരദേശബ്രാഹ്മണപ്രണിധിയായ "മലബാർ മെയിൽ" പത്രത്തിൻ്റെ  അതിഗർഹികങ്ങളായ സ്വാർത്ഥലാഭവാദങ്ങളെ നിസ്സാരവിലാസങ്ങളെന്ന് തള്ളുകയെ ചെയ്യേണ്ടതുള്ളൂ. പരിഷ്‌കൃത വിദ്യാഭ്യാസത്താൽ, വിഗ്രഹാരാധനയെ പരിഷ്‌കൃതജനങ്ങളുടെ മതത്തിൽ നിന്ന് ബഹിഷ്കരിച്ചു വരവേ, ഇങ്ങനെ ഒരു വകുപ്പിനെ ഗവർമെണ്ട് കൈയേറ്റില്ലെങ്കിൽ തന്നെയും വ്യസനിപ്പാനില്ലെന്നാകുന്നു ഞങ്ങളുടെ അഭിപ്രായം. ഇപ്പോൾ ക്ഷേത്രങ്ങളിൽ ഉത്സവം നടത്താനും സദ്യ കഴിക്കാനും മറ്റുമായിട്ടാണ് തഹശീൽ മജിസ്‌ട്രേറ്റന്മാർ ഉദ്യോഗം കഴിച്ചുകൂട്ടുന്നത്. റവന്യൂ കാര്യങ്ങളും മജിസ്‌തീരിയൽ കാര്യങ്ങളും ശരിയായി നടത്തിയില്ലെങ്കിൽ കൂടെയും ക്ഷേത്രത്തിൽ ഉത്സവമോ പൂജയോ സദ്യയോ മുറയ്ക്ക് നടത്തിയാൽ മാത്രം അവരെ ശേഷിമന്മാരാ .......... ഇത്തരം ഏർപ്പാടു നിമിത്തം, ഭൂഭരണം പ്രജാക്ഷേമപൂർവ്വകമായി പരിണമിക്കുമാറില്ല. ദേവസ്വം വകുപ്പിനെ പിരിക്കുന്നതു ഏതുകൊണ്ടും ആവശ്യകവും, ഗുണകരവുമാകുന്നു. അങ്ങനെ ചെയ്‌ത്‌  ക്രിസ്ത്യാനികൾക്കും മുഹമ്മദീയർക്കും ഈഴവർക്കും റവന്യൂ വകുപ്പിൽ ധാരാളം പ്രവേശം  അനുവദിക്കേണ്ടതു രാജധർമ്മമാണെന്നും ബ്രാഹ്മണരുടെ പ്രീതിക്കുവേണ്ടി ഇനിയും മറ്റുള്ളവരെ ക്ലേശിപ്പിക്കുന്നത് ഘോരമായ പാപവും അപനയവുമാണെന്നും ഞങ്ങൾ രാജ്യഭാരവാഹികളെ ഗ്രഹിപ്പിച്ചുകൊള്ളുന്നു.

You May Also Like