ഒരു ലക്ഷം രൂപ (വടശ്ശേരി അമ്മവീട്ടിലെ കെട്ടുകല്യാണത്തിന് ചെലവാക്കിയത്)

  • Published on April 18, 1910
  • Svadesabhimani
  • By Staff Reporter
  • 90 Views


തിരുവിതാംകൂർ ഗവര്‍ന്മേണ്ടു, വടശ്ശേരി അമ്മവീട്ടിലെ കെട്ടുകല്ല്യാണം വകയ്ക്ക് ഉദ്ദേശം ഒരു ലക്ഷം രൂപയോ അതിലധികമോ ചെലവാക്കിയിരിക്കുന്നു. ഈ ലക്ഷം രൂപ ചെലവു ചെയ്തിട്ടുള്ളതു കൂടാതെ, കല്ല്യാണം നടത്തുവാനായി പല വലിയ ഉദ്യോഗസ്ഥന്മാരുടെയും അഞ്ചോ ആറോ മാസത്തിൽ കുറയാതെയുള്ള നിത്യ ശ്രദ്ധയേയും പൊതുജനോപകാരത്തിനല്ലാതെ, വ്യയം ചെയ്യുവാൻ ഗവര്‍ന്മേണ്ട് അനുവദിക്കയും ചെയ്തിരിക്കുന്നു. ഇത്രയും ധനം, കഴിഞ്ഞ പള്ളിക്കെട്ടിനു തന്നെയും ചെലവു വന്നിട്ടില്ലെന്നുള്ളത് സർക്കാർ കണക്കുകൾ തെളിയിക്കുന്നതാണ്. പള്ളിക്കെട്ടിനുണ്ടായിരുന്നതിനെക്കാൾ ആഡംബരങ്ങളും, ആഘോഷങ്ങളും അലങ്കാരങ്ങളും വടശ്ശേരി അമ്മവീട്ടിൽ ഇക്കഴിഞ്ഞ കെട്ടുകല്ല്യാണത്തിനുണ്ടായിരുന്നു എന്ന് ആരും സമ്മതിക്കും. ഈ വലിയ തുകയിൽ, കല്ല്യാണം സംബന്ധിച്ചും, അതിനൊടുകൂടിയും പിന്നീടും, അതിൻ്റെ ചുമതലക്കാർക്കു നൽകിയ സാൽവകളും, വീര ശൃംഖലകളും, വളകളും, നാടകാഭിനയക്കാരിൽ ചിലർക്കു കല്പിച്ചു നൽകിയ വീര ശൃംഖലകളും മറ്റു സമ്മാനങ്ങളും ഉൾപ്പെടുമായിരിക്കും. ഈ അവധിയില്ലാത്ത പണം ചെലവു ചെയ്തിട്ടുള്ളത് എന്തിലേയ്ക്കാണെന്നു നാം പര്യാലോചിക്കേണ്ടതാണ്. തിരുവിതാംകൂർ മഹാരാജവംശ മരുമക്കവഴി അവകാശക്രമത്തിൽ ഉൾപ്പെട്ടതാണ്. മഹാരാജാവിൻ്റെ ഭാഗിനേയികളും അവരുടെ പുത്രന്മാരും ആണ് രാജ്യത്തിൻ്റെ അവകാശികൾ എന്നു ഞങ്ങൾ വിളിച്ചു പറയാതെ വായനക്കാർ അറിയുന്നുണ്ടെന്നു വിശ്വസിക്കുന്നു. മഹാരാജാവിൻ്റെ സ്വന്തപണത്തിൽ നിന്നോ, തിരുമനസ്സിലെ ചെലവിലേക്കായി അനുവദിച്ചിട്ടുള്ള തുകയിൽ നിന്നോ സ്വന്തസേവന്മാരുടെയും നേത്യാരമ്മയുടെയും, പുത്രന്മാരുടെയും പുത്രിമാരുടെയും പ്രതാപത്തിനും സന്തോഷത്തിനുമായി എത്ര ദ്രവ്യവും ചെലവു ചെയ്യുമെങ്കിൽ, അതിനെ നിഷേധിച്ചു ആർക്കും ഒന്നും പറയുവാനില്ലാ. മഹാരാജാവിൻ്റെ മകളുടെ ഒരു അർത്ഥശൂന്യവും, സമുദായ പരിഷ്ക്കരണത്തിനു പ്രതികൂലവുമായ ഒരു വെറും താലികെട്ടാകുന്ന നിരർത്ഥക ചടങ്ങിനു വേണ്ടി തിരുവിതാംകൂർ ഗവര്‍ന്മേണ്ട് സ്വത്തിൻ്റെ ഒരു വലുതായ ഭാഗം ചെലവു ചെയ്യാൻ അനുവദിച്ചതിൽ രാജ്യക്ഷേമത്തെ കാംക്ഷിക്കുന്നവർ ഖേദിക്കാതെ ഇരിക്കയില്ല. അയൽരാജ്യമായ കൊച്ചിയിൽ ഇങ്ങനെയുള്ള ആഘോഷങ്ങൾക്കു എന്താണ് ചെലവു ചെയ്യുന്നതെന്ന് അറിയുവാൻ ശ്രമിക്കുക: അവിടെ ഇങ്ങനെയുള്ള അർത്ഥരഹിതമായ കല്ല്യാണത്തിന് യാതൊരു പ്രസിദ്ധിയും ഇതേവരെ ഉണ്ടായിട്ടില്ല. അവിടത്തെ മഹാരാജാവിൻ്റെ ഭാര്യയെ നേത്യാരമ്മ എന്നും, തിരുവിതാംകൂറിൽ ആ സ്ത്രീയെ "അമ്മച്ചി" എന്നും ആണ് പറഞ്ഞുവരുന്നത്. ഈ സ്ത്രീകൾക്ക് രാജ്യഭരണകാര്യ മണ്ഡപങ്ങളിൽ യാതൊരു ഗണനീയമായ സ്ഥാനവും ഇല്ല. ഇവർക്ക് രാജകുഡുംബത്തിൽ ഉള്ള രാജകുമാരന്മാർക്കും, രാജകുമാരികൾക്കും അനുവദിച്ചിട്ടുള്ള ആഡംബരങ്ങളോ, അവസ്ഥകളോ ഇല്ലാ. 

ഇതിൻ്റെ കാരണം അറിയുവാനായി നാം വേറെ എങ്ങും പോകണമെന്നില്ലാ. ഒന്നാമത്, മഹാരാജാവിൻ്റെ നേത്യാരമ്മയും മക്കളും രാജ്യത്തിൻ്റെ അവകാശികളല്ലാ. രണ്ടാമത്, അവർ മഹാരാജാവിൻ്റെ സ്വജാതിയിൽ തന്നെയും ഉൾപ്പെട്ടവരല്ലാ. രാജകുടുംബത്തിൽ അവകാശികൾ ഇല്ലെന്നു വന്നാൽ തന്നെയും  നേത്യാരമ്മയും മക്കളും രാജ്യാവകാശികൾ അല്ലാ. ഈ സ്ഥിതിക്കു് രാജകുഡുംബാംഗങ്ങൾക്കു അനുവദിച്ചു വരുന്നതിൽ അധികം ബഹുമാനങ്ങളും, ആഡംബരങ്ങളും അനുവദിച്ചു കാണുന്നതും, അവയെ പൊതുജനസമക്ഷത്തിൽ അവർ ചാർത്തുന്നതും, പ്രജകളുടെ രാജഭക്തിയ്ക്കു വൈകല്യത്തെ മനഃപൂർവ്വമായോ, അല്ലാതെയോ, രാജ്യഭരണ ദുരന്ധരന്മാർ തന്നെ ഉണ്ടാക്കുകയാകുന്നു എന്നു പറയുന്നതിന് ഞങ്ങളുടെ ധർമ്മബോധം ഞങ്ങളെ പ്രേരിപ്പിക്കുന്നു.               

You May Also Like