പ്രജാസഭാച്ചട്ടങ്ങൾ

  • Published on August 10, 1910
  • Svadesabhimani
  • By Staff Reporter
  • 151 Views

ഇക്കഴിഞ്ഞ ആഴ്ചവട്ടത്തിലെ സർക്കാർഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതും, 1910- ജൂലൈ 31 ന് ഗവൺമെന്റിനാൽ   സമ്മതിക്കപ്പെട്ടതുമായ നവീകരിക്കപ്പെട്ട പ്രജാസഭാച്ചട്ടങ്ങൾ, തിരുവിതാംകൂർ രാജ്യഭരണത്തിൻ്റെ ഒരു സ്മരണീയമായ ദശയെ കുറിക്കുന്നു. കഴിഞ്ഞ കൊല്ലത്തെ പ്രജാസഭ തെരഞ്ഞെടുപ്പിൻെറയും, വലിയ കൊട്ടാരം സേവന്മാർ, ചില സർക്കാർ ഉദ്യോഗസ്ഥന്മാർ എന്നിവരുടെ അഴിമതികളെപ്പറ്റി സഭയിൽ പ്രസ്താവിക്കുന്നതിനായി ഗവൺമെൻറ്  മുമ്പാകെ ഒരു വിഷയവിജ്ഞാപനം സമർപ്പിക്കപ്പെട്ടപ്പോൾ ഉണ്ടായ കുഴക്കത്തിൻെറയും ചരിത്രം ഈ പുതിയ ചട്ടങ്ങളുടെ പൂർവ്വരംഗത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ, ഇവ ബഹുജനങ്ങളുടെ കൗതുകത്തെ ഇപ്പോഴത്തെപ്പോലെ ഇളക്കുമായിരുന്നുവോ എന്നുള്ളത് സന്ദിഗ്ദ്ധം തന്നെയാകുന്നു. ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയാൽ ധ്വംസിക്കപ്പെടുമെന്നു ആശിക്കപ്പെട്ടിരുന്ന രാജസേവക വിക്രിയകൾക്ക് മിസ്റ്റർ ആചാരി വിശേഷപ്പെട്ട രാജ്യതന്ത്ര വിവർത്തനപ്രകാരം ആനുകൂല്യം കാണിക്കുക നിമിത്തം നിരാശന്മാരായി ഭവിച്ചിരിക്കുന്ന രാജ്യവാസി ജനങ്ങളുടെയിടയിൽ കഠിനമായ അസന്തുഷ്ടി ഉദിച്ചു പൊങ്ങുന്നുവെന്നറിഞ്ഞ് അതിൻ്റെ തീക്ഷ്ണതയിൽ നിന്ന് മറയുവാൻ വേണ്ടി, ഗവൺമെൻട് നിയമത്തിനും മുൻനടപടികൾക്കും വിരോധമായി, ചില തെരഞ്ഞെടുപ്പുകളെ വിഷയവിജ്ഞാപനം കിട്ടിയശേഷം മിസ്റ്റർ ആചാരി, കൈക്കൂലി അഴിമതിക്കാരെ രക്ഷിപ്പാനായി സ്വേച്ഛപോലെ റദ്ദ് ചെയ്തപ്പോൾ, അനുഭവിക്കാനിടയായ മനക്ലേശങ്ങൾ ഈ പുതിയചട്ടങ്ങൾക്ക് പ്രേരകങ്ങളായിരുന്നില്ലെങ്കിൽ, ഇവ ഇപ്പോഴത്തെപ്പോലെ പൊതുജനദ്രോഹകരമായിരിക്കുമായിരുന്നില്ലെന്നുള്ളതും നിശ്ചയം തന്നെയാണ്. പ്രജാസഭയുടെ ഉൽപ്പത്തി ഈ രാജ്യത്തിലെ പ്രജകളുടെ ഐകമത്യത്തോടുകൂടിയ പ്രാർത്ഥനയുടെ ഫലമല്ലെന്നും, അത് മഹാരാജാവ് തിരുമനസ്സിലെ ഇച്ഛയിൽ ജനിച്ചതിന്മണ്ണം അവിടുത്തെ ഇച്ഛയാൽ ഹനിക്കപ്പെടുവാൻ കഴിയുന്നതാണെന്നും ഉള്ള വസ്തുതയെ ഓർക്കുന്നതായാൽ, ഈ ചട്ടങ്ങളുടെ പരിഷ്‌ക്കാരത്തെയോ ബഹിഷ്ക്കാരത്തെയോ പറ്റി ജനങ്ങൾ കുണ്ഠിതപ്പെടുവാൻ അവകാശമില്ലാത്തതാണ് എങ്കിലും, പ്രജകളുടെ ഗുണത്തെ ഉദ്ദേശിച്ച് സ്ഥാപിക്കപ്പെട്ട ഒരു സഭയുടെ ചട്ടത്തെ അവർക്കു അഭിമാനഹാനികരമായുള്ള വിധത്തിലും, അവരിൽ ധർമ്മചാരികളാൽ അഭിലഷിക്കപ്പെടുവാൻ യോഗ്യമല്ലാത്ത പ്രകാരത്തിലും മാറ്റിയിരിക്കുന്നതിനെക്കുറിച്ച് അവർ ഗവൺമെന്‍റിന്‍റെ ധർമ്മഭീരുതയിൽ സഹതപിക്കേണ്ടതായിട്ടുണ്ട്. ഇപ്പോൾ പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന ചട്ടങ്ങളിൽ, ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇടിച്ചു താഴ്ത്തുകയും സർക്കാരുദ്യോഗസ്ഥന്മാരുടെ ധാർഷ്ട്യങ്ങൾക്കും കാമവിചാരതയ്ക്കും അധികാരിഭാവം കൊടുക്കുകയും ചെയ്‌തിരിക്കുന്നത്‌ തെരഞ്ഞെടുപ്പിനെയും, തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധിയുടെ പ്രതിപാദ്യവിഷയങ്ങളെയും ഗവൺമെന്‍റിന്‍റെ യുക്തംപോലെ നിരസിക്കാമെന്നുള്ള വ്യവസ്ഥയിലാകുന്നു. 8- ാം വകുപ്പിലെയും 19- ാം വകുപ്പിലെയും പരികല്പനങ്ങളിൽ പറയുന്നത്, പബ്ലിക് ഹിതത്തെ കരുതി ഏതൊരുവനെയും സമ്മതിദാനം ചെയ്യാനോ, പ്രതിനിധിയായി തെരഞ്ഞെടുക്കുവാനോ അനുവദിക്കാതിരിക്കുന്നതിനും; പബ്ലിക് ഹിതത്തിനു വിരോധമെന്നു തോന്നുന്ന വിഷയങ്ങളെ സഭയിൽ പ്രതിപാദിക്കുവാൻ സമ്മതിക്കാതിരിക്കുന്നതിനും ഗവൺമെന്‍റിന് അവകാശമുണ്ടെന്നാണ്. പബ്ലിക് ഹിതം എന്നാൽ എന്തായിരിക്കും? പോലീസ് പ്രോസിക്യൂഷൻ കേസുകളെ പിൻവലിക്കുന്നതിനായി ഗവണ്മെന്‍റിന്‍റെ കല്പനപ്രകാരം സെഷൻസ് ജഡ്‌ജിയോടു ഹെഡ്‌ സർക്കാർ വക്കീൽ അനുവാദം ചോദിച്ചപ്പോൾ, പബ്ലിക് പോളിസിയെപ്പറ്റി പറഞ്ഞതിന്മണ്ണം, അതെന്തെന്ന് വെളിപ്പെടുത്തുന്നത് ഗവൺമെന്‍റിന് എപ്പോഴും യുക്തമായി തോന്നുകയില്ലായിരിക്കാം. നടപ്പുകൊണ്ട് പറയുകയാണെങ്കിൽ അത് ഗവൺമെന്‍റുദ്യോഗസ്ഥന്മാരുടെ മനോഗതത്തെ അനുസരിച്ചിരിക്കുന്നതായിരിക്കും. പബ്ലിക് ഹിതത്തെ കരുതി വിരോധിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങളിൽ ചിലവ (1) തിരുവിതാംകൂറും മേൽക്കോയ്മയുമായോ, മറ്റു സംസ്ഥാനങ്ങളുമായോ ഉള്ള ബന്ധങ്ങളെപ്പറ്റി വിഷയങ്ങൾ, (2) മഹാരാജാവ് തിരുമനസ്സിലെയോ രാജകുടുംബാംഗങ്ങളെയോ, രാജകുടുംബകാര്യനിർവ്വഹണത്തെയോ സംബന്ധിച്ച വിഷയങ്ങൾ, (3) നായർപട്ടാളത്തെയും ബോഡിഗാർഡിനെയും സംബന്ധിച്ചവിഷയങ്ങൾ, (4) കേവലം മതത്തെപ്പറ്റിയ വിഷയങ്ങൾ, (5) ജാതിവഴക്കിനെയോ വർഗ്ഗസ്പർദ്ധയെയോ ഉണ്ടാക്കുവാൻ ഉദ്ദേശിക്കപ്പെട്ടതോ ഉണ്ടാക്കാനിടയുള്ളതോ ആയ വിഷയങ്ങൾ, ഇവയാകുന്നു. ഇവ വിരോധിക്കപ്പെട്ട വിഷയങ്ങൾ ചിലവ     മാത്രമാണ്. ; എല്ലാം അല്ലാ, എന്ന് വായനക്കാർ പ്രത്യേകം ഓർമ്മ വെക്കേണ്ടതാണ്. ചിലവ എന്ന പദം പ്രയോഗിച്ചിട്ടുള്ളത് നിരർത്ഥമായിട്ടല്ല; ഈ പട്ടികയിൽ പറഞ്ഞിട്ടുള്ളതല്ലാത്തതും, ഉദ്യോഗസ്ഥന്മാർക്ക് നീരസകാരണമായി വരാവുന്നതുമായ വിഷയങ്ങൾ മെമ്മോറാണ്ടത്തിൽ ചേർത്തിരുന്നാൽ, അവയെ കൂടെ വിരോധിക്കപ്പെട്ട വിഷയങ്ങളുടെ വരിയോലയിൽ ഉൾപ്പെടുത്തുന്നതിനുതക്ക അയവ് ഈ പദത്തിനുണ്ട്. എങ്കിലും ശങ്കരൻതമ്പി, ചരവണ എന്നിങ്ങനെയുള്ള രാജസേവകദസ്യുക്കൾ രാജകുടുംബത്തിൽ ഉൾപ്പെട്ടവരല്ലാത്തതിനാലും ഇവരുടെ കൈക്കൂലി അഴിമതിയെ ഒതുക്കേണ്ടത് നാടിൻെറ ക്ഷേമാർത്ഥം അവശ്യകർത്തവ്യമാകയാലും, ഈ വക അഴിമതി വിഷയങ്ങളെപ്പറ്റി സഭയിൽ പ്രതിപാദിക്കുന്നതിന് ഇനിയൊരു വിരോധകൽപ്പനയുണ്ടാകുന്നതുവരെ വിരോധമില്ലെന്ന് സ്പഷ്ടമാണ്. ഈ അഴിമതികൾ പരിശുദ്ധമായിരിക്കേണ്ട കൊട്ടാരത്തെ അപവിത്രമാക്കുകയും, പൊതുജനങ്ങളുടെയിടയിൽ കഷ്ടതകളുണ്ടാക്കുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക്, മഹാരാജാവുതിരുമനസ്സിലെ ഇരുപത്തഞ്ചുകൊല്ലത്തെ ഭരണം തികയുന്ന ജൂബിലിയെ തുടർന്ന് ഈ രാജസേവന്മാരുടെ അഴിമതി ഭരണത്തിൻ്റെ ജൂബിലി ആഘോഷിക്കുവാൻ സംഗതി വരുത്തുന്നത് നിശ്ചയമായും പബ്ലിക് ഹിതത്തിനു അനുകൂലമായിരിക്കയില്ല. ഈ അഴിമതികളെ ഒതുക്കുന്നതിന് ഗവൺമെൻറ് ഇനിയും ശ്രദ്ധവെക്കാതിരിക്കുന്നപക്ഷം, ഇവയെപ്പറ്റി വാദപ്രതിവാദം ചെയ്യാൻ പാടില്ലെന്ന് എത്രതന്നെ നിരോധകല്പനകൾ ഉണ്ടായാലും, പൊതുജനങ്ങളുടെ ഉള്ളിൽ ഇപ്പോൾ ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കുന്ന രോഷാഗ്നി നിനച്ചിരിയാത്തരൂപത്തിൽ ഉജ്ജ്വലിക്കയില്ലയോ എന്ന് ഞങ്ങൾ ശങ്കിക്കുന്നു.                                                      


You May Also Like