ആവശ്യമേത്? പത്രനിരോധനമോ? അഴിമതി നിരോധനമോ?

  • Published on August 19, 1908
  • By Staff Reporter
  • 614 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

മൈസൂർ സംസ്ഥാനത്ത് ഒരു പുതിയ പ്രെസ്സ് നിയമം നടപ്പിലാക്കിയതിനെപ്പറ്റി ഇന്ത്യൻ നാട്ടുപത്രങ്ങൾ മിക്കവാറും ഒരേ വിധത്തിൽ ആക്ഷേപം തന്നെ പറഞ്ഞു വരുന്നതായി കാണുന്നു. ഗവർന്മെണ്ടിനെയും പ്രജകളെയും തമ്മിൽ, അവാസ്തവ കഥനങ്ങൾ കൊണ്ട് ഛിദ്രിപ്പിക്കുവാൻ തുനിയുന്ന പത്രങ്ങളെ, ദിവാൻജിയുടെ ഇഷ്ടംപോലെ അമർത്തുന്നതിനുള്ള ഒരു നിരോധനയന്ത്രമാണ് ഈ പുതിയ ചട്ടം എന്നു, സ്വതന്ത്ര്യത്തെ ഇച്ഛിക്കുന്നവർ ആക്ഷേപിക്കുന്നുണ്ട്. ഗവർന്മെണ്ടിനു ഇഷ്ടക്കേടായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകന്മാരെ, യാതൊരു സമാധാനവും ചോദിക്കാതെ, നാട്ടിൽ നിന്നു പുറത്തേക്ക് ആക്കുകയും; അച്ചുകൂടം കണ്ടുകെട്ടി ഗവർന്മെണ്ടിലേക്ക് എടുക്കുകയും ചെയ്യാൻ അധികാരമുണ്ടെന്നാണ് ഈ നിയമം കൊണ്ട് അറിയുന്നത്. മൈസൂരിനകത്തിരുന്ന് അച്ചടിക്കുന്ന പത്രങ്ങൾക്ക് മാത്രമല്ലാ; മറുനാട്ടിലിരുന്നു അച്ചടിച്ചു മൈസൂരിനകത്ത് പ്രചാരപ്പെടുത്തുന്ന പത്രങ്ങൾക്കും ഈ നിയമത്തിലെ നിബന്ധനകൾ മുറുകെ ബാധകമായിരിക്കുന്നുണ്ട്. ഈ നിയമത്തെ സംബന്ധിച്ച് നിരൂപണം ചെയ്യുന്ന സന്ദർഭത്തിൽ, ഞങ്ങളുടെ ഒരു സഹജീവി, തിരുവിതാംകൂറിലെ പത്രങ്ങൾക്കു ആവശ്യപ്പെടാതെ തന്നെ ഒരു ഉപദേശ പ്രസംഗം കൂടി ചെയ്തിരിക്കുന്നതായി കാണുന്നു. തിരുവിതാംകൂറിലെ ഭാഷാപത്രങ്ങളുടെ സ്വരം താഴ്ത്തണമെന്നും; മഹാരാജാവു തിരുമനസ്സിലെ ആക്ഷേപിച്ചു ഒന്നു രണ്ടു പത്രങ്ങൾ ചിലതു പ്രസ്താവിച്ചിരുന്നിട്ടുള്ളതായി ആ സഹജീവി കണ്ടിട്ടുണ്ടെന്നും; പത്രങ്ങളുടെ സ്വതന്ത്ര്യത്തെ മുടക്കുന്നതിന് ഒരു നിയമം ഉണ്ടാക്കുവാൻ നാട്ടുഭാഷാ പത്രങ്ങൾ ഇടകൊടുക്കരുതെന്നും മറ്റുമാണ് സഹജീവിയുടെ ഉപദേശത്തിൽ അടങ്ങീട്ടുള്ളത്. ഇങ്ങനെയൊരുപദേശം ഈ സഹജീവിയുടെ മുഖത്ത് നിന്നു പുറപ്പെടേണ്ട ആവശ്യം തോന്നത്തക്കവിധത്തിൽ, ഈ നാട്ടിലെ പത്രങ്ങൾ അതിക്രമ സ്വരത്തിൽ വല്ലതും എഴുതുന്നുണ്ടെന്ന് ഞങ്ങൾ അറിയുന്നില്ലാ. സഹജീവി പ്രത്യേകം ഒരു പത്രത്തെയും ചൂണ്ടിക്കാണിക്കുന്നുമില്ലാ. തിരുവിതാംകൂറിലെ പത്രങ്ങൾ മാത്രമല്ലാ ജനങ്ങൾ ആകപ്പാടെ മഹാരാജാവിൻ്റെ പേരിൽ എത്രയോ ഭക്തിയുള്ളവരാണെന്നു അവരുടെ വാക്കുകളും പ്രവർത്തികളും തെളിയിക്കുന്നുണ്ട്. എന്നാൽ, രാജഭക്തി എന്നത്, രാജസേവകന്മാരുടെ ആക്രമങ്ങളെയും അഴിമതികളെയും ഇവ നിമിത്തമുണ്ടാകുന്ന പൊതുജന സങ്കടത്തെയും അറിഞ്ഞില്ലാ എന്ന ഭാവത്തിൽ സഹിച്ചുകൊണ്ടിരിക്കയാകുന്നു എന്നിരിക്കിൽ, ആ സംഗതിയിൽ കുറ്റക്കാരായി പലരെയും കാൺമാനിടയാകും എന്നു പറയാതെ കഴികയില്ലാ. തിരുവിതാംകൂറിലെ ഇക്കാലത്തെ ശാപങ്ങളിൽ മുമ്പിട്ടു നിൽക്കുന്നത്, രാജസേവക പ്രഭാവവും, സ്വേച്ഛാചാരികളായ ഉദ്യോഗസ്ഥന്മാരുടെ ധാർഷ്ട്യവും കൊണ്ടുള്ള കഷ്ടസ്ഥിതിയാകുന്നു. ഇതിനെ പരിഹരിക്കയും, ജനങ്ങളെ ഈ അക്രമങ്ങളിൽ നിന്നും അഴിമതികളിൽ നിന്നും വിമോചിപ്പിച്ചു പരിശുദ്ധമാക്കുകയും ചെയ്യുന്നതിനാണ് എത്രയോകാലമായി ജനപ്രതിനിധികൾ മുറവിളികൂട്ടുന്നത്. പ്രജകളുടെ അഭ്യുദയത്തിൽ പ്രതിപന്നനായ ഒരു മഹാരാജാവിനെപ്പറ്റി ആർക്കും ഭക്തിയാണുള്ളത്: എന്നാൽ, മഹാരാജാവിൻ്റെ കൊട്ടാരത്തിനുള്ളിൽ അഭയം പ്രാപിച്ചു, ആ തിരുമനസ്സിലെ പേരുപറഞ്ഞു കൊണ്ട് നാട്ടുകാരെ ദ്രോഹിക്കുന്ന രാജസേവകന്മാരുടെ അഴിമതികളെ ആദരിപ്പാൻ ജനങ്ങൾക്കു കടമയോ, ആവശ്യമോ ഇല്ലാ. ഈ അഴിമതിക്കാരുടെ പ്രീതിയെ കൊതിച്ചു, അവരെ പ്രശംസിക്കയും അവരുടെ അക്രമങ്ങളെപ്പറ്റി മൗനം ഭജിക്കയും ചെയ്യുന്നതിന് ഒരുക്കമുള്ളവരാണ് രാജഭക്തന്മാരെങ്കിൽ, ആവക ഗണത്തിൽ ഉൾപ്പെടുന്നത് അഭിമാനകരമെന്ന് ഗണിക്കുവാൻ ജനങ്ങൾ സന്നദ്ധരല്ലാ. ഈ അഴിമതിക്കാരെപ്പറ്റി ആക്ഷേപം പറയുന്നത് ദ്രോഹമാണെങ്കിൽ, അതു ഒരു ബഹുമാനമാണെന്ന് ഗണിക്കുവാനും ആളുകളുണ്ടാവും. തിരുവിതാംകൂറിൽ രാജദ്രോഹത്തിൻ്റെ അവശ്യമില്ലാ; ഈ നാട് ബ്രിട്ടീഷുകോയ്മയുടെ അധികാരത്തിൻകീഴ്, സഖ്യത്തിലിരിക്കുന്നതും, ബ്രിട്ടീഷുകോയ്മയുടെ ഭരണത്തെപ്പറ്റി ദ്വേഷം ജനിപ്പാൻ ജനങ്ങൾക്കു തീരെ അവകാശമില്ലാത്തതുമാണ്. പ്രജകൾ മഹാരാജാവിനെ സ്വകുടുംബ പിതാവെന്നപോലെ ആദരിക്കുന്നു; അവർ, കുടുംബ പിതാവിൻ്റെ പേരു പറഞ്ഞുങ്കൊണ്ട് കുടുംബത്തിന് ദുഷ്കീർത്തിവരുത്തുന്ന അഴിമതിക്കാരുടെ കൊള്ളകളെ സഹിക്കവയ്യാതെ വ്യസനത്തോടുകൂടി സങ്കടം പറയുന്നു. ഈ സങ്കടത്തിനുള്ള ഹേതുക്കളെ നിശ്ശേഷം നശിപ്പിക്കുന്നതുവരെ, ജനങ്ങളുടെ നിലവിളി ഒരു രൂപത്തിലല്ലങ്കിൽ മറ്റൊരു രൂപത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്. എന്നാൽ, ഇങ്ങനത്തെ സങ്കടങ്ങളുടെ പ്രകടനത്തിന് ഓരോരുത്തരുടെ പ്രകൃതിയനുസരിച്ച് പ്രകാരഭേദമുണ്ടായിരിക്കാം. അതിനെ വലിയ കാര്യമായി ഗണിക്കാനില്ല. രാജദ്രോഹത്തെ ശമിപ്പിക്കാനുള്ള മുഖ്യമായ മാർഗ്ഗം, അതിൻ്റെ കാരണത്തെ നശിപ്പിക്കുകയാകുന്നു എന്നു ഒരു മഹാൻ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ, ഈ സങ്കടപ്രകടനങ്ങളെ ശമിപ്പിക്കുന്നതിനുള്ള മാർഗ്ഗം, അവയെ തടയുകയല്ലാ, അവയുടെ കാരണങ്ങളെ ഇല്ലായ്മ ചെയ്കയാകുന്നു. ജനങ്ങൾക്കു പൊതുവേ ഹിതമല്ലാത്ത ഭരണനടവടികളെ വെറുക്കുന്ന ശീലം ഈ നാട്ടുകാർക്ക് ഇന്നോ ഇന്നലെയോ മുളച്ചിട്ടുള്ളതല്ലാ; അവരുടെ പൂർവകാല ചരിത്രം തന്നെ, ഭരണകർത്താക്കന്മാരുടെ സ്വേച്ഛാധികാരങ്ങളുമായുള്ള വഴക്കിൽ അടങ്ങിയിരിക്കുന്നു എന്ന് കേരളത്തിലെ പൂർവചരിത്രങ്ങൾ നമ്മെ അറിയിക്കുന്നു. ആക്രമങ്ങളെയും അഴിമതികളെയും സഹിക്കാതിരിക്കുക എന്ന ശീലം വളരെ തലമുറകളായി അവരുടെ ജീവിതസ്വഭാവമായി തുടർന്നുവന്നിരിക്കുമ്പോൾ, ഇക്കാലത്ത്, വിശേഷിച്ചും പാശ്ചാത്യ വിദ്യാഭ്യാസ പ്രചാരത്താൽ രാജ്യതന്ത്രതത്ത്വങ്ങൾ ഒരു പുതിയ വെളിച്ചത്തിൽ പ്രകാശിച്ചു കാണിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത്, രാജസേവകന്മാരുടെയും സ്വാധികാരപ്രമത്തന്മാരായ ഉദ്യോഗസ്ഥന്മാരുടെയും ദുരാചാരങ്ങളെ നിന്ദിക്കുന്നത് അത്ഭുതജനകമല്ലാ. തിരുവിതാംകൂറിൽ ഇപ്പോൾ ആവശ്യമുള്ളത് പത്രസ്വാതന്ത്ര്യത്തെ നിരോധിക്കുന്നതിനുള്ള നിയമമല്ലാ; അഴിമതിക്കാരെ അമർത്തുകയും, ഗവർന്മെണ്ടിന്റെ ഘടകങ്ങൾ എല്ലാം സത്യം നീതി മുതലായ ഗുണങ്ങൾ ഉള്ളവരായിരിക്കയും ചെയ്യുന്നതിനുളള ഭരണസമ്പ്രദായമാകുന്നു. തിരുവിതാംകൂറിലെ മേൽപറഞ്ഞ രാജസേവകന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ആക്രമങ്ങളെയും അഴിമതികളെയും ഏതു കാലത്ത്, തീരെ ഇല്ലാതെയാക്കുന്നുവോ, അക്കാലത്തു പത്രങ്ങളിൽ ഇപ്പോൾ കാണുന്ന സ്വരകാഠിന്യം താനേ ശമിക്കുമെന്ന് നിശ്ചയം തന്നെ; ഏതൊരു കാലംവരെ പൊതുജനങ്ങളെ ഈ ആകാംഷയെ പൂരിപ്പിക്കാതെയിരിക്കുന്നുവോ, അക്കാലംവരെ, അഴിമതികൾ നിമിത്തമുള്ള ബഹുജനസങ്കടങ്ങളുടെ പ്രകടനം ഏതെങ്കിലും രൂപത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും; ജനങ്ങൾക്കു ഈശ്വരനാൽ ദത്തമായ ഈ സ്വഭാവം - അഴിമതിയിൽ വെറുപ്പ് - യാതൊരു നിരോധന നടവടികൊണ്ടും ഉന്മൂലനം ചെയ്യാൻ കഴികയില്ലെന്നും നിശ്ചയം തന്നെ.  

 

Gag on Newspapers or Ban on Corruption? Which is Desirable?

  • Published on August 19, 1908
  • 614 Views

It has come to our notice that the Indian language press is almost unanimous in condemning the new Press Act, which has come into force in the state of Mysore. All freedom loving people have found fault with this new act, which gives the Diwan unrestrained powers to suppress and ban newspapers that try to drive a wedge between the government and the subjects by publishing unfounded stories. It is learnt that the act not only empowers the government to exile those editors who act against the interests of the government, but also, if found necessary, to confiscate the printing presses of the erring papers. The rules and regulations of the act will be applicable not only to newspapers being printed in Mysore but also to those papers that are circulated in Mysore after having them printed elsewhere.

While writing critically about this act, a fellow newspaper has a piece of advice for the newspapers of Travancore, although such a remark was not called for from them. The paper would like to have the voice of the vernacular language papers of Travancore subdued so as not to give the King a cause for enacting a law to gag the vernacular language press. It has also flagged one or two papers which flayed the actions of the king on certain matters. We have not come across any newspaper in this land whose criticism of the king is so corrosive as to provoke this paper to write admonishingly about journalistic conduct and ethics. Our fellow newspaper has not pointed its accusing finger at any paper in particular either. The words and deeds of not only the Travancore newspapers but also of the people of the state as a whole have proven beyond doubt that they remain more loyal to the king than ever. But remaining loyal to the king does not mean turning a blind eye to the corruption and trespass of the king’s officials and the resultant frustration into which the public has plunged. If there are people who remain meekly submissive to the excesses of the officials, then alert minds cannot but chastise them.

Foremost among the curses that have plagued the state of Travancore of late is the arrogance of some officials who have proximity to the king coupled with the impudence of certain other officials who behave autocratically. The people’s representatives have long demanded the purging of corruption from public life; a person will only be happy to be obedient to a king who is committed to the prosperity of his subjects. But people are neither obliged nor required to pay attention to these officials who have taken refuge in the palace and have indulged in corruption in the name of the king. We do not like to be counted among the king’s loyal subjects, if being loyal to him means keeping quiet about the criminal propensities of his fawning officials in order to win their favours. There will also be people who consider criticising the corrupt officials an honour. The question of committing sedition does not arise in Travancore as the state is under the suzerainty of the British government. The people, therefore, have no right to raise objections to British dominance. The subjects pay obeisance to the king as though he were their family patriarch; they only air their grievances about the excesses of the corrupt that bring ignominy to the family in the name of the patriarch. People will continue to raise their outcry in one form or the other until the causes of their grievances are completely rooted out; and the forms of protest in regard to the grievances of the people may take on different forms depending on the mood and disposition of the protesters, which need not be taken into account seriously. In pursuance of the scholar who has opined that the best way to eradicate sedition is to root out the causes leading to it, we also feel that it is not by blocking the expressions of protests but by eradicating the causes occasioning such protests that they have to be addressed effectively.

It is not today or yesterday that the people of this land cultivated the habit of hating administrative measures that run counter to public interest; the ancient history of Kerala itself is replete with examples of people quarrelling with autocratic kings and rulers. The habit of adopting a strident position against corruption and trespasses has stayed with the people for generations. Therefore, it will not be surprising if they, especially when western education and the principles of modern state and government have taken root in the land, speak despicably about the corruption and excesses of autocratic officials. What is needed in Travancore now is not a law aimed at curbing press freedom but an administrative system capable of running the affairs of the state free from corruption and inefficiency, keeping true to truth and justice. The strident voice of the papers in Travancore will certainly come down as and when the corruption and abuse of power on the part of the king’s servants are subdued considerably. The protesting voices of the people will continue to be heard so long as the people’s concern for eradicating corruption and trespasses remain unanswered. It is also certain that no prohibitive order will serve the purpose of getting rid of the people’s god-given gift of hating corruption as long as the people in power continue to patronise the corrupt officials.


Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like