മറ്റുവാർത്തകൾ
- Published on May 23, 1908
- By Staff Reporter
- 604 Views
ആക്സ് ഫോര്‍ഡ്, കെംബ്രിജ്ജ് ഈ സര്‍വകലാശാലകളിലെ വകയായി അലഹബാദിലെ വിദ്യാര്‍ത്ഥിസത്രത്തിലേക്ക് സഹായധനം നല്‍കിയസമയം ലാര്‍ഡ് കഴ്സന്‍ എഴുതിയ ലേഖനം വചനീയമായിരിക്കുന്നു. ഇന്ത്യായിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഭാശക്തിയേയും ആലോചനാവൈഭവത്തെയും വളര്‍ത്തുന്നതിന് ഈ സ്ഥാപനങ്ങള്‍ പ്രധാനങ്ങളാണെന്നും, നന്മയ്ക്കോ തിന്മയ്ക്കോ തയ്യാറായിവന്നേക്കാവുന്ന അഭിപ്രായങ്ങള്‍ തിങ്ങിലാഞ്ചിവരുന്ന ഇക്കാലത്ത് ഈവിദ്യാര്‍ത്ഥികളെ നേരെ വഴികാണിക്കേണ്ടതാണെന്നും, ഇന്ത്യക്കാരെ മുന്നാക്കമാക്കി അവരുടെ പ്രകൃതിയേയും ബുദ്ധി ശക്തി വര്‍ദ്ധനയും വരുത്തുന്നതാണു നമ്മുടെ മുഖ്യമായ ധര്‍മ്മമെന്നും അഭിപ്രായപ്പെടുന്നു.
കല്‍നാപട്ടണത്തില്‍ നിന്ന് അധികം ദൂരത്തല്ലാതെ, ടീലേക്ക് എന്ന ഗ്രാമം കാണാം. ഈ ഗ്രാമത്തില്‍ ഒരു പ്രസിദ്ധക്ഷേത്രം ഉണ്ട്. ഇതില്‍ ബാര്‍വാറി അല്ലെങ്കില്‍ പൂജനടത്തുന്നതില്‍വച്ച് നാമശൂദ്രരും ബ്രാഹ്മണരുമായി ലഹളയുണ്ടായി. മജിസ്ട്രേട്ടും പോലീസുകാരും തടുത്തു. മജിസ്ട്രേട്ടിന്‍റെ തലയില്‍ ഒരു അടികൊള്ളുകയാല്‍ ഉടന്‍ സംഘത്തെവെടിവയ്ക്കുന്നതിന് ആരംഭിച്ചു. കൂടുതല്‍ പോലീസിന് ഉത്തരവുകള്‍ അയച്ചിട്ടുണ്ട്.
പുനാപട്ടണത്തില്‍ വച്ച് കൃസ്ത്യാനിമതം പ്രസംഗിച്ചുകൊണ്ടിരുന്ന ബ്രാഹ്മണനായിരുന്ന് കൃസ്ത്യാനിമതത്തില്‍ ചേര്‍ന്ന ശങ്കര്‍ബലവന്‍റ് കല്‍കാര്‍ണ്ണി എന്നയാളെ ജനങ്ങള്‍ കൂട്ടംകൂടി ഉപദ്രവിക്കയും, ആ ജന സംഹതി അതുകൂടാതെ സര്‍ക്കാര്‍ വക വിളക്കുകളും മററുംപൊട്ടിക്കയും ചെയ്തതായി അറിയുന്നു.
പൂസാ എന്ന സ്ഥലത്ത് കൃഷിശാസ്ത്ര കാളേജ് ഗവര്‍ന്മേണ്ട് ഏര്‍പ്പെടുത്തേണ്ടതിലേക്കുള്ള നടവടികള്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു, സ്ഥലത്തെ ഗവര്‍ന്മേണ്ടാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതെന്നും, അല്ലാതെഎല്ലാവിദ്യാര്‍ത്ഥികളെയും ചേര്‍ക്കുന്നതല്ലെന്നും കാണുന്നു.
ഡാക്ടര്‍ സി, പെർക്കിന്‍സ് അവധിയില്‍ ഇരിക്കുന്ന കാലത്തോ ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെയോ ഡാക്ടര്‍ ഈ പുന്നനെ തിരുവനന്തപുരം റസിഡന്‍സി ആശുപത്രിയിലെ ചാര്‍ജ് വഹിക്കുന്നതിനു നിയമിച്ചിരിക്കുന്നു.
ബാംബെയിലെ ആര്യോദയം എന്ന പത്രത്തെ രാജദ്രോഹകുററം ചുമത്തി പിടിച്ചിരിക്കുന്നു. ചീഫ് മജിസ്ട്രേട്ട് ജാമ്യം എടുത്തില്ലാ.
ചീനയിലെ പ്രധാനമന്ത്രി ലണ്ടനില്‍ എത്തുകയും, ചക്രവര്‍ത്തി മന്ത്രിയെ മേ 17നു- സ്വീകരിക്കയും ചെയ്തിരിക്കുന്നു.