പ്രജാസഭാ നിയമ വിരൂപണം

  • Published on September 19, 1910
  • By Staff Reporter
  • 383 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ശ്രീമൂലം പ്രജാസഭയുടെ നടത്തിപ്പിനെ സംബന്ധിച്ച ചട്ടങ്ങളെ ദിവാൻ മിസ്റ്റർ രാജഗോപാലാചാരി സ്വേച്ഛ പോലെ തിരിക്കുകയും പിരിക്കുകയും മാറ്റുകയും മറിക്കുകയും ചെയ്യുന്നതിന്നു മുമ്പ് മിസ്റ്റർ ആചാരിയെ ആ അപനയത്തിൽ നിന്നു നിവർത്തിപ്പിക്കുവാൻ ജനങ്ങൾക്കു ആവശ്യവും അവകാശവും ഉണ്ടായിരുന്നപ്പോൾ, ജനങ്ങൾ മിസ്റ്റർ ആചാരിയുടെ സ്വേച്ഛാചാരിത്വത്തെ അലസന്മാരായിരുന്ന് അനുവദിച്ച മൗഢ്യത്തെക്കുറിച്ച് ഞങ്ങൾ പ്രസ്താവിച്ചുവല്ലൊ. മുമ്പത്തെ ചട്ടപ്രകാരവും ഗവർന്മെണ്ടിന്‍റെ കീഴ്‌നടപ്പനുസരിച്ചും നടത്തപ്പെട്ട തെരഞ്ഞെടുപ്പിനെ മിസ്തർ ആചാരി നിരാകരിച്ചപ്പോൾ, ആ അപനയം പൊതുജനങ്ങളുടെ ഒരു അവകാശത്തെ ധ്വംസിക്കുകയാണെന്നു നെയ്യാറ്റിങ്കരെ താലൂക്കിലെ വിജ്ഞന്മാരായ ജനങ്ങൾ ഗ്രഹിക്കയും, അവർ ഉടനടി മിസ്തർ ആചാരിയുടെ പ്രവൃത്തി രാജ്യതന്ത്രത്തിന്‍റെ ശുഭചരിതത്തിനു പ്രതികൂലമാണെന്നു പ്രതിഷേധിക്കുകയും ചെയ്തത് മിസ്തർ ആചാരിയെ എറെക്കുറെ ഭയവിഹ്വലനാക്കി എന്ന സംഗതിക്കു അദ്ദേഹത്തിൻ്റെ സഭാധ്യക്ഷ പ്രസംഗവും, പിന്നീട് ചെയ്ത സഭാ നിയമ നിരൂപണവും ലക്ഷ്യങ്ങളാണ്. ഇതിനും പുറമെ, നെയ്യാറ്റിങ്കരെ പ്രതിഷേധ യോഗാനന്തരം ഒരു മാസക്കാലം കഴിഞ്ഞ ശേഷം മിസ്തർ ആചാരിയുടെ അസ്വസ്ഥതയെ ശമിപ്പിക്കുന്നതിനായി അദ്ദേഹത്തിന്‍റെ ആശ്രിതന്മാരായ ഒന്നു രണ്ടുദ്യോഗസ്ഥന്മാരും ചില കീഴ്ജീവനക്കാരും നിരന്തരമായി ഉത്സാഹിച്ച്‌, നെയ്യാറ്റിങ്കരെ തങ്ങളുടെ ബന്ധുക്കളായ ചിലരെ വിളിച്ചു കൂട്ടി ആദ്യത്തെ പ്രതിഷേധയോഗത്തെ നിഷേധിക്കാനായി ചില ഗോഷ്ടികൾ കാട്ടിയതും, മിസ്തർ ആചാരിയും മേല്പറഞ്ഞ ഉദ്യോഗസ്ഥന്മാരും യാതൊരു രാജസേവന്‍റെ രക്ഷയെ കരുതിയോ ആ രാജസേവന്‍റെ അനുജനായ താലൂക്കു തഹശീൽദാർ കീഴ്ശേവുകക്കാരെ രണ്ടാമത്തെ യോഗത്തിനു ഹാജരാകാതിരുന്നവരുടെ വീടുകളിൽ ഓടിച്ച് നിശ്ചയപത്രത്തിന്നു ഒപ്പു മേടിച്ചതും ഈ യോഗനിശ്ചയങ്ങൾക്കു അനുകൂലമായ മറുപടി കൊടുപ്പാൻ ഗവർന്മെണ്ടിനു സാധിക്കാതെയാക നിമിത്തം ചിലർക്ക് കുണ്ഠിതം നേരിട്ടതും, മിസ്തർ ആചാരിയുടെ ഭയചഞ്ചലതയുടെ വികാരങ്ങളിൽ ഉൾപ്പെട്ടതായിരുന്നല്ലൊ. മിസ്റ്റർ ആചാരി നെയ്യാറ്റിങ്കരെ പ്രതിഷേധയോഗക്കാരുടെ നിശ്ചയങ്ങളെക്കണ്ടു ഭയവിഹ്വലനാവാൻ എന്താവ്യശമായിരുന്നു? ബഹുജനങ്ങൾ നിയമത്തെ കീഴ്വണങ്ങിക്കൊണ്ട് തങ്ങളുടെ അവകാശ സ്ഥാപനത്തിനു വേണ്ടി കൂടുന്ന യോഗങ്ങൾ ഒരു രാജ്യഭരണകർത്താവിനു കൂറ്റന്‍റെ മുമ്പിൽ കാണുന്ന ചുമന്ന തുണിയായിത്തീരുന്നു എന്നുള്ള വസ്തുതയെ ജനങ്ങൾ ഓർമ്മ വെയ്‌ക്കേണ്ടതാണ്. ഇത്തരം മഹായോഗങ്ങൾ, മിസ്റ്റർ ആചാരിയുടെ ഭരണകർമ്മ പരിശീലന ഭൂമിയായ ബ്രിട്ടീഷ് ഇന്ത്യയിൽ സാധാരണമായി നടക്കുന്നുണ്ട്. അവ ഭരണകർത്താക്കന്മാരുടെ മനസ്സിനെ വളരെ വ്യാകുലപ്പെടുത്തുമാറുണ്ട്. ഈശ്വര വിശ്വാസത്തെ അധിഷ്ഠാനപ്പെടുത്തീട്ടുള്ള സദാചാരങ്ങളിൽ നിഷ്ഠന്മാരായും, അതിനാൽ തന്നെ ആത്മസ്ഥിരത എന്ന സ്വഭാവ ഗുണത്താൽ വിശിഷ്ടൻമാരായും, പൊതുജനക്ഷേമത്തിൽ ശ്രദ്ധാലുക്കളും ആയും ഉള്ള ഭരണകർത്താക്കന്മാർക്കേ ഇങ്ങനെയുള്ള വിഷമ ദശകളിൽ മനക്കുലുക്കം കൂടാതെ ജനതയുടെ ഇച്ഛയെ അനുവർത്തിക്കുന്നതിന്നു ശക്തി ഉണ്ടായിരിക്കൂ. മിസ്തർ ആചാരിയെപ്പോലെ ഉത്താനബുദ്ധികളായവർ ചെറുകാറ്റിലുലയുന്ന പുൽക്കൊടികൾക്കൊപ്പം ആടിപ്പോകുന്നു. അപ്പൊഴാണ് അവർ ആശ്രയത്തിനായി ജനസ്വാതന്ത്ര്യത്തെ കുറയ്ക്കുന്ന വ്യവസ്ഥകൾക്കു ഒരുങ്ങുന്നത്. എന്നാൽ, ഇത്തരം ഭരണകർത്താക്കന്മാരുടെ ധൂർത്തതയെ ജനങ്ങൾക്ക് അക്ഷീണമായ പ്രതിഷേധവാദം കൊണ്ടുള്ള പ്രചണ്ഡവാദത്താൽ അടിച്ചുമറിക്കുവാൻ സാധിക്കുന്നതാകയാലാണ് ഇതര ദേശങ്ങളിൽ, ജനസ്വാതന്ത്ര്യച്ഛേദകമായ വ്യവസ്ഥകളെ എതിർത്ത് നിയമത്തെ വണങ്ങിക്കൊണ്ടുള്ള യോഗങ്ങൾ തുടരെ തുടരെ നടത്തിക്കൊണ്ടു വരുന്നത്. ഈ മാതിരി യോഗങ്ങൾക്കു സാഫല്യവുമുണ്ടാകുന്നുണ്ട്. എന്തെന്നാൽ, ഇവ ഭരണകർത്താക്കന്മാരുടെ ഉള്ളിൽ കർത്തവ്യകർമ്മബോധത്തെ ഉദിപ്പിക്കുന്നതാണ്. ഈശ്വര ഭയം അധ്യാത്മജ്ഞാനത്തിന്‍റെ ആരംഭമായിരിക്കുന്നതുപോലെ, പ്രജാസമൂഹത്തെക്കുറിച്ചുള്ള ഭയം ഭരണകർത്താക്കന്മാരുടെ ഉള്ളിൽ, രാജ്യതന്ത്രജ്ഞാനത്തിന്‍റെ ആരംഭമായിരിക്കുന്നതാണ്. ഈ തത്വത്തെയാണ് ശ്രീമൂലം പ്രജാസഭാനിയമങ്ങളെപ്പറ്റി ആക്ഷേപം പറവാൻ വിചാരിക്കുന്ന ജനങ്ങളെ ഞങ്ങൾ ഉപദേശിക്കുന്നത്. മിസ്തർ ആചാരിയുടെ മനസ്സിനെയും കൈയെയും തടയുവാനുള്ള അവസരത്തെ ജനങ്ങൾ കൈവെടിഞ്ഞതു നിമിത്തം ഇപ്പോഴത്തെ വിഷമദശയിൽ പെടേണ്ടിവന്നുവെങ്കിലും, തങ്ങളുടെ ഉദ്ദേശത്തെ സാധിക്കുന്ന കാലംവരെ, ഈ നിയമങ്ങളെപ്പറ്റി പ്രതിഷേധ യോഗങ്ങൾ കൂടിക്കൊണ്ടിരിക്കയും, പ്രജാസഭായോഗത്തിന്നു അംഗമായിരിപ്പാൻ സമ്മതിദാനം ചെയ്യുന്നതിനോ, തെരഞ്ഞെടുക്കപ്പെടുന്നതിനോ യാതൊരുവനും ഒരുങ്ങുന്നതല്ലെന്നു നിർബന്ധമായി പ്രതിജ്ഞ ചെയ്ത് അതിന്മണ്ണം ആചരിക്കുകയും ചെയ്യുന്നതിലല്ലാതെ, പ്രജാസമൂഹഭയം മിസ്തർ ആചാരിയെപ്പോലെയുള്ള ധൂർത്ത തന്ത്രന്മാരുടെ ഉള്ളിൽ ഉണ്ടാകയില്ലാ.


                     


You May Also Like