കാൺവൊക്കേഷൻ പ്രസംഗം

  • Published on March 25, 1908
  • By Staff Reporter
  • 419 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

മദ്രാസ് സർവ്വകലാശാലയുടെ ബിരുദദാനയോഗം നടന്ന ഇക്കഴിഞ്ഞ വ്യാഴായ്ച വൈകുന്നേരത്ത്, വിരുതുകൾ ലഭിപ്പാനായി കൂടിയിരുന്ന പരീക്ഷാവിജയികളോട് ജസ്റ്റിസ് മിസ്റ്റർ സി. ശങ്കരൻ നായർ പ്രസംഗിച്ച ഉപദേശങ്ങൾ ഇക്കാലത്തിനും സന്ദർഭത്തിനും അത്യന്തം ഉചിതമായിരുന്നു.  ഇന്ത്യ മുഴുവനും ഒരു നവീന മതത്തിന്‍റെ വിവിധ രൂപമായ പ്രകടനം കൊണ്ട് ഇളകി മറിഞ്ഞു വരുന്ന ഇക്കാലത്തു, ശാന്തമനസ്സായും, ഗുണദോഷങ്ങളെ നല്ലവണ്ണം തുലനം ചെയ്തും, ഭവിഷ്യൽ ഗതികളെ ഗാഢമായി ചിന്തിച്ചും ശങ്കരൻ നായർ അവർകൾ ചെയ്ത പ്രസംഗം സവിശേഷം പ്രശംസനീയം തന്നെയാകുന്നു. ആണ്ടു തോറും കൂടുന്ന അനേക സഹസ്രം യുവജനങ്ങളോട് ഉപദേശിക്കാവുന്ന കാര്യങ്ങളെല്ലാം, എത്രയോ കുറി കഴിഞ്ഞ പ്രസംഗകർത്താക്കന്മാർ ചർച്ചിതചർവ്വണം ചെയ്തു പോയിട്ടും, ശങ്കരൻ നായരവർകൾ ആ സംഗതികൾക്ക് തന്‍റെ അനുഭവങ്ങൾ കൊണ്ടും ആലോചനകൾ കൊണ്ടും ഒരു പുതുമ വരുത്തീട്ടുണ്ടെന്ന് സമ്മതിച്ചേ കഴിയൂ. കഴിഞ്ഞു പോയ റെവറന്‍റ് ഡോ. ജി. യു. പോപ്പിനെപ്പോലെ സ്വാഭാഷാസാഹിത്യത്തിൽ പരിശ്രമിച്ചോ, ഡോ. മില്ലർ, സർ എസ്. സുബ്രഹ്മണ്യയ്യർ എന്നിവരെപ്പോലെ വിദ്യാഭ്യാസം, നിയമം എന്നീ വിഷയങ്ങളിൽ പ്രയത്‌നിച്ചോ, ജീവിതത്തെ ഉൽകൃഷ്ടമായി നയിക്കാൻ, മിസ്റ്റർ ശങ്കരൻ നായർ, ഗ്രാജ്വേറ്റുകളോട് ഉപദേശിച്ചപ്പോൾ, ഇക്കാലത്തെ ഇന്ത്യയുടെ ആവശ്യങ്ങളേയും അവസ്ഥയെയും, യുവജനങ്ങളുടെ ഉള്ളിൽ ശരിയായി പതിപ്പിക്കുന്നതിന് അദ്ദേഹം വിട്ടു പോയില്ല. ഗണിതശാസ്ത്രം പഠിച്ച്  ബി. എ. പരീക്ഷ ജയിച്ച് വിരുതു മേടിപ്പാൻ ചെന്നിരുന്ന  രണ്ടു നാട്ടു കൃസ്ത്യാനി സ്ത്രീകളെ അനുമോദിച്ച സമയം, മിസ്റ്റർ നായർ, അപ്രകാരം ഒരു ബഹുമതി വിശേഷത്തിന് ഒരു ഹിന്ദു സ്ത്രീയോ മുഹമ്മദീയ സ്ത്രീയോ ഇല്ലല്ലോ എന്ന് വ്യസനിച്ചിരിക്കുന്നു. മുഹമ്മദീയരിൽ നിന്ന് ഇതേവരെയായും ഒരു സ്ത്രീ ഗ്രാജ്വേറ്റിനെ ലഭിക്കാൻ മദ്രാസ് സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലാ എന്ന് അനുശോചിച്ച മിസ്റ്റർ നായരുടെ അന്തരംഗത്തെ, മുഹമ്മദീയ സമുദായം എത്രയോ വാത്സല്യപൂർവ്വം ആദരിക്കേണ്ടതാണെന്നതിനു സന്ദേഹമില്ല. സ്ത്രീ വിദ്യാഭ്യാസം ആവശ്യമാണെന്ന് പുരുഷന്മാർ സമ്മതിക്കുന്നുണ്ടെങ്കിലും, ഈ സംഗതിയെ നടപ്പിൽ വരുത്താതെ, ഓരോരോ ഒഴികഴിവുകൾ പറയുന്നതിനെ മിസ്റ്റർ നായർ യുക്തിയുക്തമായി ആക്ഷേപിച്ചിരിക്കുന്നു. സമുദായപരിഷ്‌കാരം ഫലിക്കണമെങ്കിൽ, സ്ത്രീകളുടെ സഹപ്രവർത്തി കൂടാതെ സാധ്യമല്ല. കുടുംബത്തിലെ സ്ത്രീകൾ അജ്ഞതയിൽ  മുഴുകിയിരുന്നാൽ, പുരുഷൻ കൊണ്ടു വരുന്ന പരിഷ്‌കാരപ്രയത്നമെല്ലാം, അവന്‍റെ മനോഗതിയോട് ഒരുമിക്കാൻ ശക്തിയില്ലാത്ത സ്ത്രീജനങ്ങളിൽ പ്രതിബന്ധിക്കപ്പെടുന്നു എന്നും, ആകയാൽ, ഇതരരാജ്യങ്ങളിൽ ലോകപരിഷ്‌ക്കാര ചക്രത്തിന്‍റെ വ്യാപാരത്തിന് സ്ത്രീകൾ സഹായിനികളായിരിക്കുന്നത് പോലെ, ഇന്ത്യയിലെ സ്ത്രീകളും അവരുടെ അജ്ഞതയാലുള്ള വിപരീത ഭാവം  കളഞ്ഞ് സഹായിക്കുന്നതിന് അവർക്കു വേണ്ട വിദ്യാഭ്യാസം നൽകുവാൻ ഉത്സാഹിക്കണമെന്നും ആയിരുന്നു മിസ്റ്റർ നായർ, ഈ വിഷയത്തിൽ പ്രസംഗിച്ചതിന്‍റെ സാരം. ഇന്ത്യയിലെ മറ്റു ജനസമുദായങ്ങളോട് ഒപ്പം നില്പാൻ ഉത്സാഹിച്ച് പഠിക്കണമെന്ന് മിസ്റ്റർ നായർ മുഹമ്മദീയ ജനങ്ങളോട് ഉപദേശിച്ചപ്പോൾ ഈ വിദ്യാഭ്യാസം ഇംഗ്ലീഷ് ഭാഷ മുഖേന വേണ്ടതാണെന്നും അവരെ ധരിപ്പിക്കുകയുണ്ടായി. നിയമശാസ്ത്രം പഠിച്ച് ജയിച്ചവർ വക്കീലന്മാരായി ഇരിക്കുന്നതായാൽ, അനുഷ്ഠിക്കേണ്ട ചില വിശേഷ ധർമ്മങ്ങളെയും മിസ്റ്റർ നായർ ഉപദേശിച്ചു. കള്ളസാക്ഷ്യം ഉണ്ടാക്കാതിരിക്കുക: സ്വാർത്ഥ ലാഭത്തിനായിട്ട് കോടതി വഴക്കുകളെ വർധിപ്പിക്കുന്ന ശീലം വയ്ക്കാതിരിക്കുക, മുതലായ കാര്യങ്ങളെ മിസ്റ്റർ നായർ ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു. അധ്വാനത്തിന് തക്ക കൂലി കിട്ടാതെ ഒരുവിധം കഷ്ടിച്ചു ജീവിക്കുന്നവരാണെങ്കിലും, ഏറ്റവും ബഹുമാന്യമായ തൊഴിലിനെ കൈക്കൊണ്ട്  രാജ്യത്തിലേക്ക് പൊതുവിൽ ക്ഷേമകരമായ ജോലി ചെയ്യന്നവരായ വാധ്യാന്മാരോട് അവരുടെ കീഴിൽ വിദ്യാഭ്യാസത്തിനായി വരുന്ന കുട്ടികളുടെ ജീവിതമാതൃകയെ എത്രയും ശ്രദ്ധ വച്ച്  രൂപണം ചെയ്യുന്നതിന് മിസ്റ്റർ നായർ ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗങ്ങളിൽ പ്രവേശിക്കാൻ തുനിഞ്ഞിട്ടുള്ളവരോട് പറഞ്ഞ ഉപദേശം, അവർ ഏതു വിധത്തിൽ ഗവർന്മേണ്ട്  ജോലി ചെയ്ത്  കോയ്മയുടെ പ്രീതിയെയോ അപ്രീതിയെയോ സമ്പാദിക്കുന്നുവോ, അപ്രകാരമേ അവരുടെ സമുദായത്തിന്മേലും കോയ്മയ്ക്ക്‌ വിശ്വാസാവിശ്വാസങ്ങൾ ഉണ്ടാകുമെന്നും, യാതൊരു സംഗതിയിലും, കർത്തവ്യകർമ്മ നിഷ്ഠയിൽ നിന്ന് മാറിപ്പോകരുതെന്നും അർത്ഥമാക്കീട്ടായിരുന്നു.  

ഈ സാധാരണ സംഗതികളെപ്പറ്റിയ അഭിപ്രായങ്ങളല്ല നമുക്ക് വിശേഷ പ്രസ്താവത്തിന് പാത്രമായിട്ടുള്ളത്. മിസ്റ്റർ നായർ തൻ്റെ സമക്ഷത്ത് കണ്ടിരുന്ന യുവജനങ്ങളോട് കാര്യവിഷയമായി ഇവയെ പറഞ്ഞുവെങ്കിലും, അവർക്ക് നൽകിയ പ്രത്യേകമായ ഉപദേശം, ഇന്ത്യയുടെ ഇപ്പോഴത്തെ വ്യവസായോജ്ജീവനത്തെയും, ഇപ്പഴത്തെ "ക്ഷോഭ"ത്തെയും കുറിച്ചായിരുന്നു. ഇന്ത്യയുടെ വ്യവസായാഭിവൃദ്ധിക്കായി പ്രയത്നിക്കുന്നതിനും, ബ്രിട്ടീഷ് ഗവൺമെന്‍റിന്‍റെ പക്കൽ നിന്ന് സ്വയം ഭരണാവകാശം ലഭിക്കണമെങ്കിൽ ഹിന്ദുക്കളുടെ ഇടയിൽ പ്രത്യേകിച്ചും, ഹിന്ദുക്കൾ, കൃസ്ത്യന്മാർ, മുഹമ്മദീയർ മുതലായ വർഗ്ഗക്കാർ തമ്മിൽ പൊതുവെയും ഉണ്ടാകേണ്ട യോജിപ്പിനായി ഉത്സാഹിക്കുന്നതിനും ആയിരുന്നു. ശങ്കരൻ നായരവർകൾ, തൻ്റെ ശ്രോതാക്കളോട് വിശേഷതഃ പ്രസംഗിച്ചത്, എത്രയും ഗൗരവാർത്ഥവും, ആലോചനാർഹവും, ആദരണീയവുമായ ഈ പ്രസംഗ ഘട്ടത്തെക്കുറിച്ച് ഞങ്ങൾ അടുത്ത ലക്കം പത്രത്തിൽ  പറയാനേ  സൗകര്യമുള്ളൂ  എന്ന്  നീട്ടിവയ്‌ക്കേണ്ടി വന്നിരിക്കുന്നു.  

You May Also Like