തിരഞ്ഞെടുപ്പ് കുഴപ്പങ്ങൾ

  • Published on December 26, 1906
  • Svadesabhimani
  • By Staff Reporter
  • 89 Views

The Svadesabhimani has published several articles on issues with the local elections to choose the representatives for sreemoolam praja sabha. One more has come to our notice. Two of the legitimately elected representatives have been replaced by two new representatives.

അടുത്ത് വരുന്ന ശ്രീമൂലം പ്രജാസഭക്ക് ഓരോ താലൂക്കുകളിൽ നിന്ന് പ്രതിനിധികളെ തെരഞ്ഞെടുത്തതിൽ ചില തകരാറുകൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടെന്ന് മുൻ ലക്കങ്ങളിൽ ഞങ്ങൾ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ തകരാറുകളിൽ മിക്കതും അതാത് താലൂക്കാധികൃതന്മാരുടെ പിടിപ്പുകേടു കൊണ്ടോ, ഡിവിഷൻ മേലധികാരികളുടെ വല്ല വക്രതയും കൊണ്ടോ ആയിരിക്കാമെന്നുള്ള സന്ദേഹം അസ്ഥാനത്തിലല്ല ചിറയിൻകീഴ് താലൂക്കിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി ആദ്യം കൂടിയ സഭയിൽ വെച്ച് മംഗലത്തു പരമേശ്വരൻ പിള്ള അവർകളെയും പള്ളിവിളാകത്തു പരമേശ്വരൻപിള്ള അവർകളെയും ഭൂരിപക്ഷ സമ്മതം അനുസരിച്ച് 45 -ൽ 39 -ഉം 38 -ഉം വീതം വോട്ടുകൾ കിട്ടിയതനുസരിച്ച് പ്രധിനിതികളായി തെരഞ്ഞെടുത്തതും, ആ തെരഞ്ഞെടുപ്പിനെപ്പറ്റി, താലൂക്ക് പ്രാധിനിധ്യത്തെക്കുറിച്ച് അതിലേക്കായി വേണ്ടും വണ്ണം പ്രയത്നിച്ച വക്കീൽ മിസ്റ്റർ ഹരിഹരയ്യർ ബോധിപ്പിച്ച സങ്കടഹർജിയെ വിലവെച്ചും വിശ്വസിച്ചും  കൊണ്ട് ഗവണ്മെന്‍റ് തെരഞ്ഞെടുപ്പിനെ നിരാകരിച്ചതും, പകരം വക്കീൽ മിസ്റ്റർ ഹരിഹരയ്യരെയും  വക്കീൽ മിസ്റ്റർ നാരായണയ്യരെയും താലൂക്ക് പ്രതിനിധികളായി നിശ്ചയിച്ചതും വായനക്കാർ അറിഞ്ഞിണ്ടല്ലോ. ചിറയിൻകീഴ് താലൂക്ക് ജനങ്ങളുടെ പ്രതിനിധികളായി ഗവണ്മെന്‍റിനാല്‍ സ്വീകരിക്കപ്പെട്ട ഇവർ രണ്ടാളും ആ പൊതുജനങ്ങളുടെ പ്രധിനിതികളായി പൊതുജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട വരല്ലെന്നുള്ള വസ്തുതയെ ഓർമിക്കാതെ അവരെ ചിറയിൻകീഴ് താലൂക്ക് ജനങ്ങളുടെ പ്രതിനിധികളായി ഗവണ്മെന്‍റ് ഗണിച്ചതിൽ, കാണിച്ച അനൗചിത്യവും, ഉണ്മയില്ലായ്മയും ചിറയിൻകീഴ് താലൂക്കിലെ മഹാജനങ്ങളുടെ  ചീത്തവൃത്തികളെ ക്ഷോഭിപ്പിച്ചതും, അതിൻ്റെ ഫലമായി ഒരു മഹാസഭകൂടി ഗവണ്മെന്‍റിന്‍റെ നടപടിയെ പ്രതിഷേതിച്ചതും മദിരാശിയിലുള്ള പ്രതിദിന പത്രങ്ങളിൽ പേഷ്‌ക്കാരുടെ ദൃഷ്ടിക്ക് അയോഗ്യതയെന്ന തോന്നുകയും, ചില കുഴപ്പങ്ങൾക്ക് വഴിയുണ്ടാക്കുകയും ചെയ്ത മിസ്റ്റർ കുമാരപിള്ള ഗവണ്മെന്‍റിലേക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ, താലൂക്ക് ജനങ്ങളുടെ ഹിതമനുസരിച്ച്, പേഷ്‌ക്കാരുടെ നടപടി തെറ്റുകളെപ്പറ്റി ഏതാനും ചില സംഗതികൾ എഴുതിച്ചേർത്തിരുന്നു. ഇത് പേഷ്ക്കാർക്ക് രുചിച്ചില്ലെന്നു മാത്രമല്ല, മിസ്റ്റർ കുമാരപിള്ള പ്രതിനിധിസ്ഥാനത്തിന് യോഗ്യതയുള്ള ആളല്ലെന്നും, പകരം വേറെ ആളെ നിശ്ചയിക്കണമെന്നും ഗവണ്മെന്‍റിലേക്ക് ശുപാർശ ചെയ്യാൻ പ്രേരകമാവുകയും ചെയ്തു. പേഷ്‌ക്കാരുടെ ശുപാർശയെ പറ്റി യാതൊരു അന്വേഷണവും ചെയ്യാതെ, ദിവാൻജി, ആ ശുപാർശയെ അനുവദിച്ചു മിസ്റ്റർ കുമാരപിള്ളയെ പ്രതിസ്ഥാനത്തുനിന്നും നീക്കി മിസ്റ്റർ കുമാരപിള്ള ഉടനടി ദിവാൻജിയെ ചെന്ന് കാണുകയും, തൻ്റെ യോഗ്യതയെയും, പേഷ്‌ക്കാരുടെ ശുപാർശയുടെ അസംബന്ധതയെയും പറ്റി ദിവാൻജിയെ ധരിപ്പിക്കയും മുൻ നിശ്ചയിച്ചപ്രകാരം പ്രതിനിധിയായി ഗണിക്കപ്പെടുന്ന ഉത്തരവ് സമ്പാദിക്കയും ചെയ്തു. പേഷ്‌ക്കാരുടെ നയത്തെപ്പറ്റി ഇതിലധികം വ്യാഖ്യാനിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.

You May Also Like