വിദ്യുജ്ജിഹ്വന്മാര്‍

  • Published on August 31, 1910
  • Svadesabhimani
  • By Staff Reporter
  • 21 Views

രാമനാട്ടം കണ്ടിട്ടുള്ള ആളുകൾ അരങ്ങത്തു ആടാറുള്ള വേഷങ്ങളിൽ ഏറെവിശേഷപ്പെട്ട ഒരു സ്വരൂപത്തെ നല്ലവണ്ണം ഓർക്കുവാൻ ഇടയുണ്ട്. സാക്ഷാൽ ഉള്ള ചിറിയെ കോണിച്ചു വരച്ചും മുഖത്ത് ആമാതിരിയിൽ മറ്റു പലേ ഗോഷ്ടികൾ കാണിച്ചും ശുദ്ധമേ വിരൂപമായി നിന്ന് കാഴ്ചക്കാരെ അസാമാന്യം ചിരിപ്പിക്കുന്ന ആ വേഷത്തെ അവർ ഭീരു എന്ന് വിളിക്കുന്നു. എന്നാൽ, ഈ വിശേഷ വേഷത്തിന്നു വിദ്യുജ്ജിഹ്വൻ എന്നാണ് വിദ്വാന്മാർ പേര് വിളിക്കുന്നത്. വിദ്യുജ്ജിഹ്വൻ എന്നുവച്ചാൽ, വിദ്യുത്ത് പോലെയുള്ള ജിഹ്വയുള്ളവൻ, എന്നാണ് അർത്ഥം. വിദ്യുത്ത്, മിന്നൽ എന്നും; ജിഹ്വ നാവ് എന്നും അർത്ഥമാക്കുന്നു. മിന്നൽ പോലെ നാവുള്ളവൻ എന്നാണ് മലയാളത്തിൽ ഇതിനെ പരിഭാഷപ്പെടുത്തേണ്ടത്. മിന്നൽ എപ്രകാരം വളഞ്ഞുപൊളഞ്ഞു പോകുന്നുവോ അപ്രകാരം വളഞ്ഞു പൊളഞ്ഞു പോകുന്ന നാവോടുകൂടിയവൻ എന്ന്, വേണമെങ്കിൽ, വ്യാഖ്യാനിക്കാം. ഇതിനെ, പച്ചമലയാളത്തിൽ, തക്കവർക്കു തക്കതു പറയുന്നവൻ എന്നും അർത്ഥമാക്കിപ്പറയാം. തക്കവർക്കു തക്കതു പറയുക എന്ന പ്രവൃത്തി മനസ്സിൻെറ ഭീരുത്വത്തെ വെളിപ്പെടുത്തുന്നതാകയാലായിരിക്കാം വിദ്യുജ്ജിഹ്വനെ ഭീരു എന്ന് വിളിക്കുന്നത്. ഭീരുത്വം ആത്മ സ്ഥിരതക്കു യോജ്യമല്ലാത്ത സ്വഭാവമായതുകൊണ്ടാണ് ഭീരുക്കളെ മറ്റുള്ളവർ ഹസിക്കുന്നത്: രാമനാട്ടത്തിലെ ഭീരുവോ, സ്ഥിരചിത്തനല്ലാതെയും, ഗംഭീരന്മാരായ രാജാക്കന്മാരെ അനുകരിക്കുന്നു എന്ന ഭാവത്തിൽ ഓരോരോ കർമ്മങ്ങൾ അസ്ഥാനത്തിലും അകാലത്തിലും ചെയ്തും, താൻ കാഴ്ചക്കാരെ രസിപ്പിക്കുന്നു എന്ന് തെറ്റിദ്ധരിച്ചുകൊണ്ട് അവരെ ഹസിപ്പിക്കുകയാണ് ചെയ്യുന്നത്. രാമനാട്ടത്തിലെ വിദ്യുജ്ജിഹ്വൻ്റെ പ്രതിപുരുഷന്മാരായി, വർത്തമാനപത്രങ്ങളുടെ രംഗത്തിലും ചില സഹജീവികളുണ്ട്. അവർ ഒന്നിനെ ഉദ്ദേശിച്ചു ചെയ്യുന്നത് മറ്റൊന്നായി തീർന്ന് പരിഹാസപാത്രങ്ങളായിത്തീരാറുമുണ്ട്. ഞങ്ങളുടെ സഹജീവിയായ  'വെസ്റ്റേൺസ്റ്റാർ' ഇപ്രകാരമൊരു വിദ്യുജ്ജിഹ്വ വേഷം കെട്ടിയിട്ടാണ് ഇന്നലെ അരങ്ങത്തിറങ്ങിയിരിക്കുന്നത്, എന്നുകാണുന്നതിൽ ഞങ്ങൾക്ക് അനല്പമായ ഹാനം ഇളകുന്നുണ്ട്. ഈ പത്രവിദ്യുജ്ജിഹ്വൻ്റെ  ഇന്നലത്തെ മുഖപ്രസംഗം ഭീരുവിൻ്റെ വേഷത്തിൽ പ്രദർശിപ്പിക്കപ്പെടുമാറുള്ള മുഖഗോഷ്ഠികളുടെ ഒരു പകർപ്പ് മാത്രമാണ്. ഈ സഹജീവി തൻ്റെ സഹജീവികൾക്ക് ഒരു മുന്നറിയിപ്പാണ് പ്രസംഗിച്ചിരിക്കുന്നത്. പക്ഷേ, അതിൽ പ്രകടിപ്പിച്ചിരിക്കുന്ന ഭീരുത്വം സഹജീവിയുടെ നിലയെന്തെന്ന് നല്ലവണ്ണം കാണിക്കുന്നുണ്ട്. തിരുവിതാംകൂറിൽ സർക്കാരുദ്യോഗസ്ഥന്മാർ നന്നാകാതെ കാര്യമൊന്നും നന്നാവുകയില്ല എന്ന് പറഞ്ഞാൽ പോരാ; പത്രങ്ങളുടെ ഗുണദോഷനിരൂപണ സമ്പ്രദായം നന്നാകണം എന്നാണ് സഹജീവി അഭിപ്രായപ്പെടുന്നത്. ദോശാവഹമായ വിധത്തിലുള്ള സ്തുതിവചനങ്ങളായോ, ശകാരമായോ ഒരു നാട്ടുഭാഷാപത്രം ഗുണദോഷനിരൂപണം ചെയ്യുക നിമിത്തം ഈ നാട്ടിലെ വായുമണ്ഡലം വിഷത്താൽ ആതർപ്പണം ചെയ്യപ്പെട്ടിരിക്കുന്നു എന്നും, ഇതുനിമിത്തം നാട്ടിൽ സമാധാനവും, ക്ഷേമവും നശിക്കാനിടയാവുമെന്നും, അതിനാൽ, ഈ രോഗത്തെ നിവാരണം ചെയ്യാൻ ശ്രദ്ധിക്കണമെന്നുമാണ് സഹജീവി പ്രസംഗിക്കുന്നത്. ഏതുപത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പറയുവാൻ സഹജീവിക്കു മനോധൈര്യമില്ലാത്തതിനെക്കുറിച്ചു ഒരു മാന്യലേഖകൻ എഴുതിയിട്ടുള്ള ഇംഗ്ലീഷ് ലേഖനം മറ്റൊരു പംക്തിയിൽ ഞങ്ങൾ ചേർത്തിട്ടുണ്ട്. ഈ നാട്ടിലെ മലയാള പത്രങ്ങളെപ്പറ്റി ഈ സഹജീവിക്ക് അറിയാവുന്നതിലൽപവും കുറയാത്ത പരിചയം ഞങ്ങൾക്കുണ്ട്. ഏതൊരു പത്രമാണ് ദോശാവഹമായ വിധത്തിലുള്ള സ്തുതിവചനങ്ങളെയോ, ശകാരത്തെയോ പുറപ്പെടുവിക്കുന്നതെന്ന് ഞങ്ങൾ അറിയുന്നില്ല. മലയാള പത്രങ്ങളിൽ ചിലത് വെറും സ്തുതി മാത്രംകൊണ്ട് ദിവാൻജി മുതലായ സർക്കാരുദ്യോഗസ്ഥന്മാരുടെ സേവയ്ക്കു നിൽക്കുന്നവയായിട്ടുണ്ട്. മറ്റു ചിലത് തീരെ നിർദ്ദയമായി ആക്ഷേപിക്കുന്നവയാണ്; വേറെ ചിലത് ശകാരം മാത്രം ആയുധമാക്കിയിരിക്കുന്നവരാണ്; ഇനിയും ചിലത് ഗുണവും ദോഷവും മിതമായ സ്വരത്തിൽ പറയുന്നവയുമാണ്. എന്നാൽ ഇവയിലൊന്നും, സ്തുതിവചനമോ ശകാരവചനമോ വൈകല്പിതമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഞങ്ങൾ കണ്ടിട്ടില്ല. ഇവ രണ്ടും ഒരേ ഒരു പത്രത്തിൽ കണ്ടുവരുന്നതായി 'സ്റ്റോർ' പറയുന്നത്, തൻ്റെ  മനോഗതത്തെ ശരിയായി തുറന്നു പറയുവാൻ ശക്തിയില്ലാത്തതിൻെറ പ്രകടനമോ, വിദ്യുജ്ജിഹ്വതയ്‌ക്കോ ദ്വിജിഹ്വതയ്‌ക്കോ ലക്ഷ്യമോ ആയിരിക്കണമെന്നാണ് ഞങ്ങൾക്കു തോന്നുന്നത്. ഞങ്ങളുടെ ലേഖകൻ അഭിപ്രായപ്പെടുമ്പോലെ, തുറന്നുപറയുന്ന ശീലത്താലുള്ളതിനേക്കാൾ അധികം ദോഷമാണ് ദ്വിജിഹ്വതയാലുണ്ടാകുന്നത്  ദ്വിജിഹ്വത ഒരു വലിയ മനോരോഗത്തിൻ്റെ  ലക്ഷണമാണ്; ജനപ്രധിനിതികളായ വർത്തമാന പത്രങ്ങൾക്കു യുക്തമായ ധർമവുമല്ല തുറന്നു പറയുന്നവർ നേരെ യുദ്ധക്കളത്തിലിറങ്ങി വെളിവിൽ പൊരുതുന്ന മഹാനായ ശത്രുവെപ്പോലെയുള്ളവരും; ദ്വിജിഹ്വന്മാർ ഒളിയമ്പെയ്യുന്ന നീചനായ ശത്രുവെപ്പോലെയുള്ളവരും ആകുന്നു. ഞങ്ങളുടെ സഹജീവി, ഈ നാട്ടിലെ വായുമണ്ഡലത്തിൽ ചില വിഷബീജങ്ങൾ കലർന്നിരിക്കുന്നതായി പറയുന്നത് പരമാർത്ഥം തന്നെയാണ്; പക്ഷേ, അത് പത്രങ്ങൾ നിമിത്തമാണെങ്കിൽ, ഞങ്ങളുടെ സഹജീവിയെപ്പോലെയുള്ള വിദ്യുജ്ജിഹ്വന്മാരുടെ ഇപ്പോഴത്തെമാതിരി പ്രസംഗങ്ങളാൽ ഉണ്ടാകുന്നതും, സർക്കാരുദ്യോഗസ്ഥന്മാർ നിമിത്തമാണെങ്കിൽ, ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയെപ്പോലെയുള്ളവരുടെ അസാന്മാർഗ്ഗനടത്തായാൽ ഉണ്ടാകുന്നതും ആകുന്നു. ഞങ്ങളുടെ സഹജീവി, ഇങ്ങനെയുള്ള വിദ്യുജ്ജിഹ്വവേഷംകെട്ടിക്കളിക്കുവാൻ പുറപ്പെടുന്നതിനുപകരം, മേല്പറഞ്ഞതരം സർക്കാരുദ്യോഗസ്ഥന്മാരുടെ നടത്തയെ ശുദ്ധീകരിക്കാൻ അവരെ ഉപദേശിക്കുന്നതായിരിക്കും ഉത്തമമെന്നു ഞങ്ങൾ വിചാരിക്കുന്നു. അവരെക്കുറിച്ച് വല്ല സഹജീവിയും ചീത്തപറയുന്നുണ്ടെങ്കിൽ, ആ ചീത്തപറച്ചലിൻ്റെ കാരണമായ നടത്തയെ നന്നാക്കുമ്പോൾ, ചീത്തപറച്ചലിന് വിഷയമില്ലാതാകുന്നതാണല്ലോ.       

You May Also Like