അനുചിതമായ ആക്ഷേപം
- Published on April 01, 1908
- By Staff Reporter
- 611 Views
മരുമക്കത്തായം കമ്മീഷന്‍റെ സാക്ഷി വിചാരണ സമ്പ്രദായത്തെ കഠിനമായി ആക്ഷേപിച്ചുകൊണ്ട്, കഴിഞ്ഞ ശനിയാഴ്ചയിലെ "മലയാളി" പത്രം, ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചു കാണുന്നു. ഈ ആക്ഷേപം, കമ്മീഷന്‍റെ മേൽ ചൊരിയേണ്ട ആവശ്യമില്ലായിരുന്നു എന്നും, കേവലം അനുചിതമായിപ്പോയി എന്നും പറയാൻ ഞങ്ങൾക്ക് സൂക്ഷ്മമായ അറിവുണ്ട്. തക്കലെയും കുഴിത്തുറെയും നെയ്യാറ്റിങ്കരെയും തിരുവനന്തപുരത്തും നടത്തിയ സാക്ഷി വിചാരണകളെപ്പറ്റി ഞങ്ങളുടെ പ്രധിനിധിയിൽ നിന്ന് ലഭിച്ചിട്ടുള്ള വിശ്വാസയോഗ്യമായ അറിവ് കൊണ്ട്, കമ്മീഷന്‍റെ പ്രവൃത്തി ഇപ്പോഴത്തെ അവസ്ഥയ്ക്ക് വളരെ ശ്ലാഘ്യമായ രീതിയിൽ തന്നെ നടത്തീട്ടുണ്ടെന്നും, "മലയാളി" ആരോപിക്കുന്ന ദോഷങ്ങൾ കേവലം ഭാവനാസൃഷ്ടങ്ങളാണെന്നും ഞങ്ങൾ പൊതുജനങ്ങളെ ദൃഢമായി ബോധ്യപ്പെടുത്തുന്നു. "മലയാളി"ക്ക് കമ്മീഷന്‍റെ ജോലിരീതിയെപ്പറ്റിയുള്ള അറിവ് ലഭിച്ചത്, തക്കലെയും കുഴിത്തുറെയും മാത്രം സാക്ഷിമൊഴി പകർത്തെടുക്കാൻ കൂടിയിരുന്ന 'പ്രത്യേക ലേഖക'ന്‍റെ റിപ്പോർട്ടിൽ നിന്നാണെങ്കിൽ, ഈ തെറ്റായ ധാരണ ഉണ്ടായതിൽ ഞങ്ങൾ ആശ്ചര്യപ്പെടുന്നില്ല. കമ്മിറ്റിയിലെ അംഗങ്ങളുടെ അഭിപ്രായങ്ങൾ എന്തൊക്കെ ആയിരുന്നാലും, ആ അഭിപ്രായങ്ങളോട് 'മലയാളി' യോജിക്കയോ വിയോജിക്കയോ ചെയ്താലും, അവർ ചെയ്യുന്ന പ്രവൃത്തിയെ ശരിയായിട്ടു തന്നെ ബഹുജനങ്ങളെ ധരിപ്പിക്കേണ്ടത്,അവശ്യകർത്തവ്യമായ സംഗതിയാകുന്നു. കമ്മിറ്റിയുടെ മേൽ, ‘മലയാളി,‘ ആരോപിക്കുന്ന കുറ്റങ്ങൾ ഒന്നുരണ്ടല്ല. കമ്മിറ്റി ചോദിക്കാൻ നിശ്ചയിച്ചിരിക്കുന്നതായി സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യങ്ങൾ, അതാതു വിഷയങ്ങളെ സംബന്ധിച്ച കുറിപ്പുകളായിരുന്നെന്നായിരുന്നു 'മലയാളി' കരുതിയിരുന്നതെന്നും; അവയെ വിസ്തരിച്ചും പലേ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചും ഓരോ സാക്ഷിക്കും പറയാനുള്ള സകല സംഗതികളെയും വരുത്തേണ്ടിയിരുന്നതിന്മണ്ണം, കമ്മിറ്റി ചെയ്തിട്ടില്ലെന്നുമാണ് ഒരാക്ഷേപം പറയുന്നത്. 'മലയാളി' ഏതു പ്രകാരം വേണമെന്ന് ആവശ്യപ്പെടുന്നുവോ, അപ്രകാരം തന്നെയാണ് കമ്മിറ്റി ഓരോന്നിനെപ്പറ്റിയും ചോദിച്ചിരിക്കുന്നത് എന്ന് ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. പലേ സാക്ഷികളെക്കൊണ്ടും, മുൻസാക്ഷികളോട് യോജിച്ചു പറയിച്ചിരിക്കുന്നു എന്നാണ് മറ്റൊരാക്ഷേപം. ചില സംഗതികളിൽ ഇങ്ങനെ ചെയ്യാതെ, മൊഴികളെല്ലാം ആവർത്തിക്കുന്നത് ദുസ്സാധ്യ മാണെന്ന് 'മലയാളി' തന്നെ സമ്മതിക്കുന്നുണ്ട്. സാക്ഷികൾക്ക് ഏതിലെല്ലാം ഭിന്നാഭിപ്രായങ്ങളുണ്ടോ അവയെ കമ്മീഷൻ ആവശ്യപ്പെടുകയും, സാക്ഷികൾ പറയുകയും ചെയ്തിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം. തെക്കൻ ഡിവിഷനിലെ സാക്ഷികൾ മിക്ക പേരുടെയും മൊഴികൾ 'മുൻ സാക്ഷിയോട് യോജിക്കുന്നു' എന്ന് മാത്രമാണെന്നുണ്ടെങ്കിൽ, അതിനു കമ്മിറ്റിയെ കുറ്റപ്പെടുത്താനില്ല. സാക്ഷികളെ തെരഞ്ഞെടുത്തവരെ വേണം പറയാൻ. വാസ്തവത്തിൽ, കമ്മിറ്റി മുമ്പാകെ മൊഴി പറയുന്നതിന്, സമുദായാചാരജ്ഞാനം, നിയമജ്ഞാനം, ലോകപരിചയം മുതലായവ വേണ്ടുംവണ്ണം സമ്പാദിച്ചിട്ടില്ലാത്തവരായ പലരെയും സാക്ഷികളായി വിസ്തരിച്ചിട്ടുണ്ടെന്നും, ഈ വേലയിൽ കമ്മിറ്റിക്കുണ്ടായിട്ടുള്ള ക്ലേശം അല്പമല്ലെന്നും ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. ഇത്തരക്കാരെ വിസ്തരിക്കാൻ കമ്മിറ്റി അസാമാന്യമായ ക്ഷമയോടു കൂടിയിരുന്നു എന്ന് കമ്മിറ്റിയുടെ സാക്ഷി വിചാരണ കണ്ടിട്ടുള്ളവർ ആരും സമ്മതിക്കും. മറ്റൊരാക്ഷേപം, സാക്ഷികളോട് വേണ്ടപോലെ എതിർചോദ്യം ചോദിക്കുന്നില്ലെന്നാണ്. ഇത് വെറും അസംബന്ധമായ ആക്ഷേപമാകുന്നു. ഞങ്ങളുടെ പ്രത്യേക പ്രതിനിധി മുഖേന മാത്രമല്ല, നെയ്യാറ്റിങ്കര മുതലായ സ്ഥലങ്ങളിൽ നിന്ന് ഇവിടെ വന്ന് സംസാരിച്ച പലേ ആളുകൾ മുഖേനയും സ്വന്തം അനുഭവം കൊണ്ടും ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള അറിവ്, "മലയാളി"യുടെ ശങ്ക നിരാസ്പദമെന്ന് ഞങ്ങളെ വിശ്വസിപ്പിക്കുന്നു. കമ്മിറ്റിയിലെ അംഗങ്ങൾ, പഴമപരിചയക്കാരായ പലരെയും നല്ലവണ്ണം ക്രോസ്സ് ചെയ്‌ത് മൊഴി മേടിച്ചിട്ടുണ്ട്. എന്നാൽ, ഈ മൊഴികളെ, കോടതികളെ പോലെ, "ചീഫ്" ആയും "ക്രോസ്സ്" ആയും, "റീ" ആയും എഴുതാതെ, ഒന്നിച്ചു ചേർത്ത് എഴുതുകയാണ് ചെയ്തിട്ടുള്ളത്. ഇങ്ങനെ എഴുതിയതും "മലയാളി" യുടെ അഭിപ്രായത്തിൽ, തൃപ്തികരമല്ലെന്ന് കാണുന്നു. ഈ ആക്ഷേപത്തിന് കാരണം, ഇപ്പോഴത്തെ മൊഴി വായിച്ചതു കൊണ്ട് മാത്രം, ഇന്ന ചോദ്യത്തിന്‍റെ ഉത്തരമെന്ന് മനസ്സിലാക്കാൻ പ്രയാസമായിരിക്കുന്നു എന്നും, എല്ലാ വായനക്കാരും ചോദ്യങ്ങൾ ഹൃദിസ്ഥിതങ്ങളാക്കി വച്ചിരിക്കയില്ലെന്നും ആണ്. കമ്മിറ്റി ജോലി തുടങ്ങുന്നതിനെത്രയോ നാൾ മുമ്പ്, ഈ ചോദ്യങ്ങളെ പ്രസിദ്ധീകരിച്ചിരുന്നു. അവയെ പല പത്രങ്ങളിലും പകർത്തിയിട്ടുണ്ട്. മരുമക്കത്തായ പരിഷ്‌ക്കാരത്തെപ്പറ്റി അല്പമല്ലെങ്കിലും താല്പര്യമുള്ളവർ, ഈ ചോദ്യങ്ങളെ പഠിച്ചിരിക്കണമെന്ന് വിശ്വസിക്കാവുന്നതാണ്. പിന്നെ, സാക്ഷി വിചാരണ സമയങ്ങളിൽ, ചോദ്യപത്രങ്ങൾ വേണ്ടുവോളം പ്രചരിപ്പിക്കയും ചെയ്യാറുള്ളതിനാൽ, അങ്ങനേയും ചോദ്യങ്ങൾ പരിചിതമായിട്ടുണ്ട്. പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്ന മൊഴികൾ വായിച്ചാൽ മാത്രം ഇന്ന ചോദ്യത്തിന്‍റെ ഉത്തരമെന്ന് വായനക്കാർക്ക് ഉടൻ മനസ്സിലാവുക ഇല്ലെങ്കിൽ, അതിന് കുറ്റക്കാർ കമ്മിറ്റിയല്ല: കമ്മിറ്റി എഴുതിയെടുക്കുന്ന മൊഴികൾ കമ്മിറ്റിയുടെ സ്വന്തമായ പരിചിന്തനത്തിന് പ്രയോജനപ്പെടത്തക്കവണ്ണമിരിക്കണമെന്നേ അവർക്കു നിർബന്ധമുള്ളൂ. ആ വിധം പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്ന് കമ്മിറ്റിക്ക് അപേക്ഷയില്ല. നടവടി റിപ്പോർട്ടുകൾ കാര്യസാരം വിടാതെ എഴുതിക്കൊള്ളേണ്ടതിന്, അതതു പത്ര പ്രതിനിധികൾ, അതതു പത്രങ്ങളുടെ വായനക്കാരുടെ അഭിരുചിക്കനുസരിച്ച്, ശ്രദ്ധ വച്ചിരുന്നാൽ മതി. മൊഴി എഴുതി എടുക്കുന്നതിനുള്ള ആക്ഷേപം കമ്മിറ്റിക്കല്ല ചേരേണ്ടത് എന്നു ബോധ്യമാവുന്നതാകുന്നു. കമ്മിറ്റിയുടെ സാക്ഷിവിചാരണകാലം നിശ്ചയിച്ചിരിക്കുന്ന രീതി, അതിൽ ജോലി ചെയ്യുന്നവർക്കും, വിശേഷിച്ചു പത്ര പ്രതിനിധികൾക്കും തീരെ സൗകര്യം പോരാത്ത വിധത്തിലാണെന്നും; ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിനു ഒക്കെയും ഇടയ്ക്ക് വിശ്രമ കാലം അനുവദിച്ചിട്ടില്ലെന്നും ഉള്ള ന്യൂനതകളെപ്പറ്റിയാണ് വാസ്തവത്തിൽ ഒരു സങ്കടം പറയാനുള്ളത്. ഇങ്ങനെ ചെയ്തിരിക്കുന്നത്, നിയത കാലത്തിനുള്ളിൽ കമ്മീഷന്‍റെ ജോലി തീർക്കണമെന്നുള്ള നിർബന്ധത്താലാണെന്ന് തോന്നുന്നു. കമ്മിറ്റി മെമ്പർമാരും മറ്റു ജോലിക്കാരും ഇങ്ങനെ പല ക്ലേശങ്ങളെയും സഹിച്ച് ഹൃദയപൂർവമായി വേല ചെയ്യുന്നതിനെ അഭിനന്ദിക്കേണ്ടതിനു പകരം, അവർക്ക് അനാവശ്യമായി ഉത്സാഹഭംഗം വരുത്തുന്ന അയഥാർത്ഥങ്ങളായ ആക്ഷേപങ്ങൾ നൽകുവാൻ 'മലയാളി' ഒരുങ്ങിയതിനെപ്പറ്റി ഞങ്ങൾ വളരെ വ്യസനിക്കുന്നു.