റസിഡന്‍റിന്‍റെ പ്രസംഗം

  • Published on October 23, 1907
  • Svadesabhimani
  • By Staff Reporter
  • 308 Views

Travancore resident R.C.C. Carr emphasized the importance of women education, while speaking at the prize distribution ceremony of Trivandrum Rajah English Medium School for girls.  The function was held at V.J.T Hall On 21st October, 1907.  

മിനിഞ്ഞാന്നു   വൈകുന്നേരം   വിക്ടോറിയ  ജൂബിലി   ടൗൺ  ഹാളിൽവച്ച്,  തിരുവനന്തപുരം രാജകീയ-ഇംഗ്ലീഷ് പെൺപള്ളിക്കൂടത്തിലെ സമ്മാനദാനവസരത്തിൽ,  തിരുവിതാംകൂറിലെ  സ്ത്രീവിദ്യാഭ്യാസം  സംബന്ധിച്ച്,  ബ്രിട്ടീഷ് റെസിഡന്‍റെ മിസ്റ്റർ ആർ.സി.സി.കർസായിപ്പ്, പ്രസംഗിച്ച ചില  അഭിപ്രായങ്ങൾ ഈ നാട്ടുകാരുടെ ശ്രദ്ധയെ ആകർഷിക്കുന്നതിന്  അർഹതയുള്ളവയാകുന്നു.   മേല്പടി    ഇംഗ്ലീഷ്    കോളേജിന്‍റെയും  ഹൈസ്‌കൂളിന്‍റെയും  അഭിവൃദ്ധി നാൾക്കുനാൾ    വളർന്നുവരുന്ന  എന്നും;  കെട്ടിടത്തിൽ സ്ഥലം പോരാഞ്ഞു, പുതിയ കുട്ടികൾ  തിരികെ പോകേണ്ടിവരുന്നു എന്നും ലേഡി പ്രിൻസിപ്പൾമാർ മുൻ കൊല്ലങ്ങളിൽ ഗവൺമെന്‍റിനെ അറിയിച്ചതിന്മണ്ണം, കെട്ടിടം  വലുതാക്കുവാൻ സർക്കാരിൽ നിന്ന്  ചില വ്യവസ്ഥകൾ ചെയ്തിരിക്കുന്നു എന്നു  കണ്ട്   റെസിഡന്‍റെ്    അനുമോദിച്ചതോടുകൂടി, ഇപ്പോൾ പരിഹാരപ്പെടാൻ പോകുന്നു പരാതി, അചിരേണ ഉണ്ടായിരിക്കണമെന്ന്  താൻ  ആശിക്കുന്നു  എന്ന്  സൂചിപ്പിച്ചത്, മേല്പടി  പാഠശലയ്ക്ക്  ഒരു അഭിനന്ദനം ആകുന്നു.   ഈ  പാഠശാലയിൽ  നിന്ന്  ആണ്ടുതോറും  സർവകലാശാല പരീക്ഷ വിഷയം നേടുന്ന  വിദ്യാർത്ഥികളുടെ  എണ്ണം കൂടിവരുന്നതിനാൽ  സന്തോഷിച്ച ലേഡി  പ്രിൻസിപ്പാൾ,  ഗവൺമെന്‍റിന്‍റെ ശ്രദ്ധയിൽ  പതിച്ചതായ  ഒരു പരാതി,  ഇക്കൊല്ലം  പുതിയതായി ഏർപ്പെടുത്തപ്പെട്ട  ഫീ   വ്യവസഥ കൊണ്ട്,  നേരിട്ട  ഒരു  ന്യൂനതയാകുന്ന. ഹൈസ്‌കൂളിൽ  ഫീസ്  ഏർപ്പെടുത്തിയത്  നിമിത്തം, ചില  വിദ്യാർഥിനികൾക്ക് ഫീസ് കൊടുപ്പാൻ  നിവൃത്തിയില്ലാതെ, സ്‌കൂൾവിട്ട് പോകേണ്ടിവന്നിട്ടുണ്ടെന്നാണ് ലേഡി പ്രിൻസിപ്പൽ ചൂണ്ടിക്കാണിച്ചത്.  ബാല്യപ്രായത്തിൽ മാത്രം ഇരിക്കുന്ന  ഈനാട്ടിലെ  ഇംഗ്ലീഷ്  സ്ത്രീവിദ്യാഭ്യാസത്തിനു, ഫീസേർപ്പാടു  ഒരു  വലിയ  പ്രതിബന്ധമായി   വരുമെന്നും ; ഈ  നാട്ടുകാർ  അതുനിമിത്തം സ്ത്രീവിദ്യാഭാസത്തിൽ  വൈമനസ്യം കാണിച്ചു പോയേക്കുമെന്നും  ഞങ്ങൾ, ഇതിന്‍റെ  ഏർപ്പാടുകാലത്തു  പ്രസ്താവിച്ചിട്ടുണ്ടായിരുന്നവല്ലോ. ലേഡി പ്രിൻസിപ്പാളിന്‍റെ  റിപ്പോർട്ട്   മേല്പറഞ്ഞ  ശങ്കയെ  ബലപ്പെടുത്തിയിരിക്കുന്നു .  ഈ  ന്യൂനതയെ   തുടക്കുന്നതിനായ്,  റെസിഡന്‍റെ്   അവർകൾ  തിരുവിതാംകൂർ  ഗവൺമെൻന്‍റിനോട് ഉപദേശിച്ച  ഒരഭിപ്രായം ആദരണീയമാകുന്നു  .  ഫീസ് കൊടുപ്പാൻ  നിർവാഹമില്ലാതെ  സ്‌കൂൾ വിടുന്നതിന്  അനുശോചിക്കപ്പെടേണ്ടയാണ്‌,   ഇതിനെ  തടുപ്പാൻ,  ഗവൺമെന്‍റെിൽ  നിന്നും  ഏതാനും സ്‌കോളർഷിപ്പുകൾ  ഏർപ്പെടുത്തുന്നത്  യുക്തമായിരിക്കും റെസിഡന്‍റെ് അവർകൾ, മഹാരാജാവ് തിരുമനസ്സിലെ  സന്നിധിയിൽ അറിയിച്ചത് . എന്നാൽ,  ഈ വിഷയത്തിൽ  നാട്ടുകാർക്കായും ചില ഉപദേശങ്ങൾ നൽകുന്നകാര്യം റെസിഡന്‍റെ വിസ്‌മരിച്ചിരുന്നില്ല. മാസത്തിൽ  അര രൂപയെങ്കിലും  തൻന്‍റെ കുട്ടിക്ക്‌  ഫീസ്‌  കൊടുക്കുന്നതിനായി ചെലവാക്കാൻ കഴിയാത്തവർ ദുർലഭമാണെന്നാണ്‌  റെസിഡന്‍റെ പറയുന്നത് . അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ,  ഈ നാട്ടുകാർ , മതത്തിനെ കൂട്ടുപിടിച്ചു കൊണ്ട് ഒട്ടേറെ പണം ഓരോ വ്യർത്ഥ ആചാരങ്ങൾക്കും അടിയന്തരങ്ങൾക്കും ആയിട്ട് , പാഴ്  ചെലവ് ചെയ്യുന്നുണ്ടെന്നും, നാട്ടുകാർ ഈ വക വ്യർത്ഥ വ്യയങ്ങളിൽ നിന്നും വിരമിക്കയും,    ആ വക പണത്തെ തങ്ങളുടെ കുട്ടികൾക്ക് വിദ്യ വർദ്ധിപ്പിക്കുവാനായി വിനിയോഗിക്കയും ചെയ്യണമെന്നും  ആയിരുന്നു. ഇത്  എത്രയോ യഥാർത്ഥമെന്ന്  സമ്മതിച്ചേ  കഴിയൂ . ഇത്  വാസ്തവമെങ്കിലും, നാട്ടുകാരിൽ  പലരും, കുട്ടികളെ പഠിപ്പിക്കാനയക്കുന്ന സംഗതിയിൽ  ഫീ കാര്യത്തിലുമധികം കുഴങ്ങുന്നതു,  പുതിയ പുസ്തകങ്ങൾ  മേടിപ്പാൻ  ഒന്നായി പത്തമ്പതു  റുപ്പിക  ചെലവാക്കുന്നതിലാകുന്നു .  വിദ്യാഭ്യാസ  പ്രവർത്തകന്മാർ, വില  കൂടുതൽ  ഉള്ള  പുസ്തകങ്ങളെ  അപ്പോഴപ്പോൾ  നിശ്ചയിക്കുന്നതുകൊണ്ട് ,  വിദ്യാഭ്യാസം വ്യയ....സാധ്യമായി  ഭവിച്ചിട്ടുണ്ട്.   ഈ  സംഗതിയിൽ  അധികൃതന്മാരുടെ  ശ്രദ്ധപതിയുമെന്നു  ഞങ്ങൾ വിശ്വസിക്കുന്നു.  റെസിഡന്‍റെ  അവറുകളുടെ അഭിപ്രയത്തിൽ, പെൺകുട്ടികൾക്ക് ആരോഗ്യ രക്ഷാതത്വങ്ങളെ നല്ലവണ്ണം മനസ്സിലാക്കണമെന്നും, അതിലേയ്ക്ക്  പ്രത്യേകം നിഷ്‌കർഷ  ചെയ്യണമെന്നും,  പറഞ്ഞിരിക്കുന്നു.  ഇതിനെ ഉറപ്പാക്കാനെന്നവണ്ണം,  റെസിഡന്‍റെ മദാമ്മ , ആരോഗ്യരക്ഷാവിഷയത്തിൽ, പഠിപ്പേറിയ ഒരു കുട്ടിക്ക് ഒരു വിശേഷ സമ്മാനം അയച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു. സ്‌കൂളിൽ  ഈയിട നടപ്പാക്കിയ   വീണവായനയെപ്പറ്റിയും റെസിഡന്‍റ  അനുമോദിച്ചിരിക്കുന്നു. സംഗീതത്തിന്‍റെ മാഹാത്മ്യത്തെ സദസ്യരെ ധരിപ്പിച്ചതോടു കൂടി, സദസ്സിൽ വച്ച് ,  ഫിഡിൽ, പിയാനോ എന്നീ പാശ്ചാത്യവാദ്യങ്ങളെയും,വീണ  എന്ന കിഴക്കൻ വാദ്യത്തെയും ശ്രുതിമധുരമാം വിധം കൂട്ടിയിണക്കി പ്രയോഗിച്ചതിനെപ്പറ്റി അഭിനന്ദിച്ചപ്പോൾ, ഇതേ വിധം   തന്നെ പാശ്ചാത്യന്മാരും പൗരസ്യന്മാരും തമ്മിൽ ഇണങ്ങുമെന്ന് താൻ വിശ്വസിക്കുന്നു എന്നും; മേല്പടി പാഠശാലയിൽ പഠിച്ച്‌  ജീവിതത്തിന്‍റെ പ്രവൃത്തിഭാഗത്തിൽ, മാതാക്കളായി ഭവിക്കാൻ പോകുന്ന യുവതികൾ, തങ്ങളുടെ ഗൃഹങ്ങളിൽ ഇപ്രകാരമുള്ള സ്വരചേർച്ചയുണർത്തി നടത്തുന്നതായാൽ, അതു ശ്രേയസ്കരമായിരിക്കുമെന്നും റെസിഡന്‍റെ അവർകൾ പ്രസ്താവിച്ചത് സദസ്യർക്ക്  ഹൃദയംഗമായിരിന്നു  എന്ന്  സന്തോഷിച്ചേ  കഴിയൂ .   

                                                      

 

                                                                                                                                             

You May Also Like