മരുമക്കത്തായ പരിഷ്‌കാരം

  • Published on February 26, 1908
  • By Staff Reporter
  • 1277 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

മരുമക്കത്തായം കമ്മിറ്റി ചോദിക്കാൻ നിശ്ചയിച്ചിരിക്കുന്ന പ്രധാന ചോദ്യങ്ങളിൽ ഏതാനും, ഞങ്ങൾ ഇന്നലത്തെ ഗസറ്റിൽ നിന്ന് മറ്റൊരു പംക്തിയിൽ ഉദ്ധരിച്ചിട്ടുണ്ട്. ആകെ ഇരുപത് പ്രധാന ചോദ്യങ്ങൾ, ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിൽ, ഒരു ചോദ്യത്തിന് തന്നെ ഒന്നിലധികം പിരിവുകളും, ഉൾപ്പിരിവുകളും ഉണ്ട്.  സാക്ഷികളോട് ചോദിച്ചറിയേണ്ട സംഗതികൾ, ഈ ചോദ്യങ്ങളിൽ സൂചിപ്പിച്ചവ മാത്രമല്ലെങ്കിലും, ഏതേതു പ്രകാരം ചോദ്യങ്ങൾ വരാമെന്നുള്ളതിന്, ഇവ ഒരു സൂചകമായിരിക്കുന്നു. ഈ ഇരുപത് ചോദ്യങ്ങളിൽ പകുതിയും, സംബന്ധം എന്ന വിവാഹത്തെ സംബന്ധിച്ചുള്ള വ്യവസ്ഥകളെ വിഷയീകരിച്ചുള്ളവയാണെന്ന് കാണുന്നു. വളരെ ദുർഘടമായ ഈ വിഷയത്തിൽ, മരുമക്കത്തായം കമ്മിറ്റിക്കാർ ചെന്നു ചാടുവാൻ പോകുന്ന പടുകുഴികളുടെ മുഖങ്ങൾ, ഈ ചോദ്യങ്ങളിൽ   ചിലെടത്ത്  അവ്യക്തമായി കാണുന്നുണ്ട്.  1-ആം ചോദ്യത്തിലെ സി-പിരിവു പോലെ, പൗനരുക്ത്യാ  ദോഷസ്പൃഷ്ഠമായ ചില ഭാഗങ്ങൾ ഇവയിലടങ്ങിയിട്ടുണ്ടെങ്കിലും, അവയെ ഞങ്ങൾ ഗൗരവപ്പെട്ട സംഗതികളായി  ഗണിക്കുന്നില്ലാ. കമ്മിറ്റിയുടെ പ്രവൃത്തിയിൽ, ആഭിജാത്യത്തിരക്കിനെ സംബന്ധിക്കുന്നതായ ഭാഗം വല്ലതും വരുന്നതായാൽ, അത് ഏറെക്കുറെ വല്ലായ്മകൾക്ക് ഹേതുവാകുന്നതാണെന്ന് ഞങ്ങൾ മുമ്പ് സൂചിപ്പിച്ചിരുന്നു. 3-ആം ചോദ്യത്തിന്‍റെ  (എ), (ബീ) പിരിവുകൾ രണ്ടും, ഈ വിഷയത്തിൽ, ആക്ഷേപത്തിന് പാത്രമായിരിക്കുന്നു.  "ഒരു നായർ സ്ത്രീയും നായർ സമുദായത്തിന്‍റെ ഏതെങ്കിലും വിഭാഗത്തിലുൾപ്പെട്ട ഒരു പുരുഷനും തമ്മിലുള്ള സംബന്ധം ശരിയായ സംബന്ധമാണെന്ന് സാധാരണയായി വിചാരിക്കപ്പെടുന്നുണ്ടൊ?" എന്നാണ് ചോദിച്ചിരിക്കുന്നത്. ഈ ചോദ്യം, നായർ സമുദായത്തിനുള്ളിൽ ഇപ്പോൾ മൃതപ്രായമായി കിടക്കുന്ന ആഭിജാത്യ സ്പർദ്ധാഗ്നിയെ ഉജ്ജ്വലിപ്പിക്കുകയായിരിക്കും അനന്തര ഫലങ്ങളിൽ ഒരു വലുതായ ദോഷമെന്നു അല്പം ചിന്തിച്ചാൽ ബോധ്യമാവുന്നതാണ്. നായർ സമുദായത്തിൽ ഏതേതു വിഭാഗങ്ങളെ ഉൾപ്പെടുത്തീട്ടുണ്ടെന്നത് തന്നെ, ഇനിയും തർക്ക വിഷയമായിരിക്കുന്നു. ഡാക്ടര്‍   സുബ്രഹ്മണ്യയ്യരുടെ അധ്യക്ഷതയിൽ തയ്യാറാക്കീട്ടുള്ള,  കഴിഞ്ഞ കാനേഷുമാരി റിപ്പോർട്ടിൽ തന്നെ, നൂറ്റിമുപ്പതിനു മേൽ അവാന്തര വിഭാഗങ്ങളുടെ കണക്ക് കിട്ടിയതായി പ്രസ്താവിക്കുകയും, അവയെയൊക്കെ 44 വിഭാഗങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു കാണുന്നു.  എന്നിട്ടും, പ്രധാന വിഭാഗങ്ങളായി കിരിയം, ഇല്ലം, സ്വരൂപം, പാദമംഗലം, തമിഴ് പാദമംഗലം എന്ന് അഞ്ചെണ്ണത്തെ സ്ഥാപിച്ചിരിക്കുന്നു. അവ്യവസ്ഥിതമായ ഈ വിഭാഗവിഷയത്തിൽ, വിവാഹകാര്യ ചോദ്യം വളരെ ആഭിജാത്യത്തിരക്കിനെ ഉത്ഭവിപ്പിക്കുമെന്നതിൽ സംശയമില്ലാ. ഇല്ലക്കാരൻ സ്വരൂപക്കാരനെയും,  സ്വരൂപക്കാരൻ ഇല്ലക്കാരനെയും, ഇവര്‍ പാദമംഗലക്കാരനേയും,  ഇയാൾ അവരെയും ഇതിന്മണ്ണം അവരൊക്കെ മറ്റുള്ളവരെയും പുച്ഛമായി പ്രസ്താവിക്കുന്നതിനും, അത് ഹേതുവായി, വിവാഹകാര്യത്തിൽ, നായന്മാരുടെയിടയിൽ ഇപ്പോൾ ഉണ്ടായി വരുന്ന ഏകീകരണ ഭാവത്തിന്  ഉടവ് തട്ടുന്നതിനും സംഗതിയാകുന്നതാണ്. ആഭിജാത്യത്തിരക്ക്  വളരെ കാലമായി ഈ ഭിന്നപദക്കാരുടെ ഉള്ളിൽ വളർന്ന് ഉപക്ഷീണമായി കിടക്കുന്നതായിരിക്കയാൽ, അതിന്‍റെ സുപ്തഭാവത്തിൽ  നിന്ന് അതിനെ തട്ടിയുണർത്തുന്നതിന് സംഗതിയാക്കാവുന്ന യാതൊരു സാഹസവും ചെയ്യുന്നത് യുക്തമായിരിക്കയില്ലാ.  3-ആം ചോദ്യത്തിന്‍റെ (ബി) പിരിവ്, "ഒരു നായർ സ്ത്രീയും നായന്മാരേക്കാൾ ഉയർന്ന ജാതിയിലുൾപ്പെട്ട ഒരു പുരുഷനും തമ്മിലുള്ള സംബന്ധം ശരിയായ സംബന്ധമെന്ന് സാധാരണമായി വിചാരിക്കപ്പെടുന്നുണ്ടോ?" എന്നാണ്. ഉയർന്ന ജാതിക്കാരുമായുള്ള വിവാഹത്തിന് ആരും ആക്ഷേപം പറയുകയില്ല തന്നെ. എന്നാൽ, "നായന്മാരെക്കാൾ ഉയർന്ന ജാതി" എന്ന പദത്തിന്‍റെ അർത്ഥവ്യാപ്തിയെ നിർണ്ണയപ്പെടുത്തിയിരുന്നു എങ്കിൽ, ഈ ഘട്ടത്തിലെ ദുർഘടം അല്പം നീങ്ങുമായിരുന്നു. മേല്പറഞ്ഞ കാനേഷുമാരി റിപ്പോർട്ടിൻ പ്രകാരം, ബ്രാഹ്മണരെയും, ക്ഷത്രിയരെയും, മാത്രമേ, നായന്മാരേക്കാൾ ഉയർന്ന ജാതിക്കാരെന്ന് നിസ്സന്ദേഹമായി പ്രസ്താവിച്ചിട്ടുള്ളു.  അമ്പലവാസികൾ, ഉയർന്ന ജാതിക്കാരാണെന്നോ, അല്ലാ എന്നോ, ഉള്ള കാര്യത്തിൽ സംശയം തീർന്നിട്ടില്ലാ. ഇത്, കാനേഷുമാരി റിപ്പോർട്ടിലെ പ്രസ്താവമാണെങ്കിലും, ജാതിശ്രേഷ്ഠതയുടെ തോത് എന്തെന്ന് നിർണ്ണയിക്കാത്ത പ്രസ്താവമാണെന്ന് ത്യജിക്കയാണ് ചെയ്യേണ്ടത്. ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര ചതുർവർണ്ണങ്ങളിൽ ഉൾപ്പെട്ട ഒരു വർഗ്ഗമാണ് നായന്മാർ, എന്ന് സ്ഥാപിക്കാൻ മതിയായ ലക്ഷ്യങ്ങളില്ലാതിരിക്കെ,  ആ ജാതിഭേദക്രമത്തെ നായന്മാരിൽ കൂടി വ്യാപിപ്പിക്കുവാൻ എന്ത് യുക്തിയാണുള്ളത്?  നായന്മാർ, ബ്രാഹ്മണരെയോ ക്ഷത്രിയരെയോ അപേക്ഷിച്ച് താണ ജാതിക്കാരാണെങ്കിൽ, അവരിൽ ചിലർക്കെങ്കിലും, ബ്രാഹ്മണരുമായുള്ള പന്തിഭോജനത്തിന് അവകാശം സിദ്ധിക്കുമായിരുന്നുവോ? ശ്രേഷ്ഠജാതിക്കാരെന്ന് പറയപ്പെടുന്ന മറ്റേത് ജാതിക്കാരെയും പോലെ, നായന്മാരും ഒരു ശ്രേഷ്ഠജാതിക്കാർ തന്നെയാണ്. ഇവർ ചതുർവർണ്ണത്തിൽ ഉൾപ്പെട്ട ശൂദ്രരല്ലാ എന്നും, ഇവർ ആദിയിൽ ഹിന്തു മതത്തിന്‍റെ വികൃതരൂപമായ ബ്രാഹ്മണമതത്തെ അനുസരിക്കുന്നവരായിരുന്നില്ലെന്നും, ഇവർ പിൽക്കാലത്ത് ഹിന്ദു മതത്തിൽ  പരിവർത്തനം ചെയ്യപ്പെട്ടവരാണെന്നും ആകുന്നു  ഞങ്ങൾ വിചാരിക്കുന്നത്.  ഈ സ്ഥിതിക്ക്, "നായന്മാരെക്കാൾ ഉയർന്ന ജാതി" എന്ന  പദപ്രയോഗത്തെക്കാൾ ഭേദം, ഇന്നയിന്ന ജാതിക്കാർ എന്ന് വിശദപ്പെടുത്തുകയായിരുന്നു എന്നാണ് ഞങ്ങൾക്ക് പറവാനുള്ളത്.    

Reforms in Marumakkathayam

  • Published on February 26, 1908
  • 1277 Views

We have quoted from yesterday's gazette and stated in another column, some of the important questions that the Marumakkathayam Committee is set to ask. A total of twenty main questions are published in the gazette, each question having multiple sections and sub-sections. The questions to be asked to the witnesses are not necessarily those mentioned in these questions, but they are an indication of the type of questions. Half of these twenty questions seem to deal with the condition of marriage called sambandham *.

On this very difficult issue, the pitfalls that the Marumakkathayam Committee members are going to face can be vaguely seen in some of these questions.

Although they contain some offensive passages like the C-subsection under question 1, we do not take them seriously. We have mentioned earlier that the work of the Committee, if any part of it is concerned with the term nobility, will almost always be the cause of ill will. Both clauses (a) and (b) of question 3 are open to objection on this point. It is asked therein "Whether a relationship between a Nair woman and a man belonging to any section of the Nair community is generally considered a proper sambandham?" Once we ponder over this question, one can see that it would ignite the now moribund spirit of nobility and rivalry within the Nair community, which would cause great harm in its after-effects. Exactly which groups are included in the Nair community is still a matter of dispute.

In the last census report, which was prepared under the chairmanship of Dr. Subramania Iyer, it was stated that more than one hundred and thirty sub-categories of Nairs were identified and they were included in 44 main categories. Still, only five of them, namely Kiriyam, Illam, Swaroopam, Padamangalam, and Tamil Padamangalam are established as major sects. In this non-systematised sectarian subject, the question of marriage will no doubt give rise to much controversy. It will give rise to actions of contempt from one sect against the ones in other sects and vice versa. That may hamper, in the matter of marriage, the unification that is now taking place among the Nairs. As the antipathy has long been growing and becoming dormant within these different sects, it would not be advisable to undertake any attempt to rouse it from its slumber. Clause (b) of question 3 asks "Whether a relationship between a Nair woman and a man belonging to a higher caste than the Nairs is generally considered a proper sambandham?" No one would object to marriage with upper castes, but if the meaning of the term "a caste higher than the Nairs" had been determined, the difficulty at this stage would have been somewhat removed. According to the above-mentioned census report, only Brahmins and Kshatriyas are unequivocally stated to be higher castes than the Nairs.

The doubt of whether the Ambalavasi sect is a higher caste or not is still disputed. Even though it is a statement in the census report, which does not determine the level of caste superiority, it is better to ignore that statement.

What is the rationale for extending the caste system to the Nairs when there are no sufficient grounds to establish that the Nairs are a caste belonging to the Brahmin, Kshathriya, Vaishya, or Shudra castes? If the Nairs were a lower caste than the Brahmins or the Kshatriyas, would some of them, at least, have been entitled to mixed-caste feasts with the Brahmins? Like any other caste that is said to be a superior caste, the Nairs are also an elite caste. We think that they are not Shudras belonging to the Chaturvarna and that they were not originally the followers of Brahmanism, which is a distorted form of Hinduism, and were later converted to Hinduism. In this situation, instead of mentioning “a superior caste than the Nairs” as stated in the report, we think that it is better and proper to name explicitly that such and such castes belong to the upper castes.

----------

Notes from the translator:

*Sambandham literally means an alliance or a relationship. Sambandham was not necessarily a permanent arrangement.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like