ദേശവാർത്തകൾ
- Published on October 23, 1907
- By Staff Reporter
- 589 Views
കൈപ്പുഴെ ഒരു അഞ്ചല്‍ എഴുത്തുപെട്ടി സ്ഥാപിച്ചിരിക്കുന്നു.
സ്റ്റേറ്റ് മാന്വെല്‍ എഴുതിയവകയ്ക്കു മിസ്റ്റര്‍ വി. നാഗമയ്യാവിന് 2500 രൂപ ഇനാം കൊടുത്തിരിക്കുന്നു
കുളച്ചല്‍ കടലതിക്രമത്താല്‍ **നശിച്ച 63 മുക്കുവര്‍ക്കു 500 രൂപ ഗവന്മേണ്ടില്‍നിന്നു കൊടുപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു.
മഹാരാജാവു തിരുമനസ്സുകൊണ്ടു കാശിയിലെ സെന്‍റ്റല്‍ ഹിന്തുകാളേജിലേക്ക് 500 ക. സംഭാവനചെയ്തിരിക്കുന്നു.
ബഹുമാനപ്പെട്ട കൊല്ലങ്കോട് രാജാവ് സുദേവരാജാ അവര്‍കള്‍ ഇന്നലെ ഇവിടെ എത്തിയിരിക്കുന്നു.
ആറ്റിങ്ങല്‍ റാണിമാരുടെ അധ്യാപികയായ മിസ്സ് വാട്ട്സിനു 30-ക.ശമ്പളക്കൂടുതല്‍ അനുവദിച്ചിരിക്കുന്നു.
ആണ്‍ നാര്‍മല്‍സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പഞ്ചാപകേശവയ്യര്‍ എന്ന ആളെ പ്രകൃതിവിരോധക്കുറ്റത്തിനാല്‍, വേല വിടര്‍ത്തിയിരിക്കുന്നു എന്നറിയുന്നു.
ശീമയില്‍ പോയി ഡാക്ടര്‍പരീക്ഷയ്ക്കു വായിച്ചിരുന്ന കേ. രാമന്‍തി അവര്‍കളും ജി.രാമന്‍ പിള്ള അവര്‍കളും ഇവിടെ മടങ്ങി എത്തിയിരിക്കുന്നു.
കുളച്ചല്‍ കടലാക്രമണത്താല്‍ കരയ്ക്കടിച്ചു കയറുന്ന പഴയ നാണയങ്ങള്‍ കൈവശപ്പെടുത്തീട്ടുള്ളവരുടെ പക്കല്‍നിന്ന് 100- രൂപവിലയ്ക്ക് നാണയങ്ങള്‍ വാങ്ങുവാന്‍ ഗവര്‍ന്മേണ്ട് നിശ്ചയിച്ചിരിക്കുന്നു.
അരൂക്കുറ്റി 3-ാംക്ലാസ് മജിസ്ട്രേറ്റിനു 1-ാംക്ലാസ് അധികാരം കൊടുത്തിരിക്കുന്നു.
രാജശ്രീ രമേശചന്ദ്രദത്തന്‍ അവര്‍കള്‍ മിസ്റ്റര്‍ ദാസ് മിസസ്സ് ദാസ് മിസ്റ്റര്‍ ഗുപ്താ മിസസ്സ് ഗുപ്താ എന്നിവരൊരുമിച്ച്, ഇവിടെ എത്തി, പല സ്ഥാപനങ്ങളേയും, സന്ദര്‍ശിച്ചിരിക്കുന്നു.
തിരുവിതാംകൂറിലെ ആശുപത്രികളേയും ഡിസ്പെന്‍സറികളേയും സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളെ കാണിക്കുന്നതായ ഒരു പടംവരയ്ക്കുന്നതിന് ഗവര്‍ന്മേണ്ട് ഏര്‍പ്പാടുചെയ്തിരിക്കുന്നു.
പുരാണവസ്തു വിജ്ഞാനം സംബന്ധിച്ച് ചില വിവരങ്ങള്‍ പഠിക്കുന്നതിന് ഹജൂരാഫീസ്, ക്ലാര്‍ക്ക്, മിസ്റ്റര്‍ എസ്. രാമനാഥയ്യരെ, മാസത്തില്‍ 75-ക. സഹായധനംകൊടുത്ത് സിമ്ലായിലേക്കു അയക്കുവാന്‍ ഭാവമുണ്ടുപോല്‍.
ചങ്ങനാശേരി കോട്ടയം ഈ താലൂക്കുകളിലെ കലാല്‍ കുത്തകക്കാരന്‍ സി. പത്മനാഭപിള്ള അവര്‍കള്‍, കലാല്‍ കുത്തയകയ്ക്കു ജാമ്യം വച്ചിട്ടുള്ള തുകയില്‍നിന്ന്, 10500രൂപ, വസ്തുക്കള്‍ ജാമ്യംവാങ്ങിയുംകൊണ്ട് ഗവണ്മെന്‍റില്‍നിന്ന് തിരിയെ കൊടുത്തിരിക്കുന്നു.
സര്‍ക്കീട്ടായുംമറ്റും ചെല്ലുന്ന ഉദ്യോഗസ്ഥന്മാര്‍ മുതലായവരെ വേണ്ടുംവിധം സല്‍ക്കരിക്കുന്നതിനെ ഗണിച്ച്, കുമിളിയില്‍ ആംഗൂര്‍ രാവുത്തരവര്‍കള്‍ക്ക് സമ്മാനിപ്പാന്‍ 100- രൂപവില വരുന്നതായ ഒരുവള, മഹാരാജാവ് തിരുമനസ്സുകൊണ്ട് കരകൌശലവിദ്യാശാലയില്‍ പണിയിച്ചിരിക്കുന്നതായി അറിയുന്നു.