യുക്തമായ ഉത്തരവ്

  • Published on June 17, 1908
  • By Staff Reporter
  • 472 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂർ കണ്ടെഴുത്തു വകുപ്പിൽ നിന്ന് വേല പിരിച്ചയയ്ക്കപ്പെടുന്ന കീഴ്ജീവനക്കാരെ, മറ്റു തുറകളിൽ ഒഴിവുള്ള ജീവനങ്ങൾക്ക് നിയമിക്കുന്നതിനെപ്പറ്റി, ഈ ജൂൺ 12 നു ഉണ്ടായിട്ടുള്ള ഗവര്‍ന്മേണ്ട്  പ്രൊസീഡിംഗ്സ് യുക്തമായിരിക്കുന്നു. മിസ്റ്റർ വി. പി. മാധവരായരുടെ കാലത്ത് കണ്ടെഴുത്തു പരിഷ്‌ക്കാരം ചെയ്തപ്പോൾ, കണ്ടെഴുത്തുവേല വേഗം പൂർത്തി വരുത്തുന്നതിന് വേണ്ടി കീഴ്ജീവനക്കാരെക്കൊണ്ട് രാപകൽ ജോലി ചെയ്യിക്കുന്നതിന് തക്കവിധം ഏർപ്പാടുകൾ ചെയ്തതനുസരിച്ച്, അവർ ആരോഗ്യത്തെ ക്ഷയിപ്പിച്ചും വേല ചെയ്‌കയായിരുന്നു. ഇപ്രകാരം, ജോലി ചെയ്തതിന് മുഖ്യമായ പ്രേരണ, അവർക്ക് കണ്ടെഴുത്തുവേല കഴിഞ്ഞാൽ, മറ്റു വകുപ്പുകളിൽ തക്കതായ ജോലി കൊടുക്കുന്നതാണെന്ന് മിസ്റ്റർ മാധവരായരുടെ ഗവര്‍ന്മേണ്ട് നിശ്ചയിച്ച തീരുമാനമായിരുന്നു. ഇതിന്മണ്ണം, വേല ചെയ്യിക്കപ്പെട്ട പല കീഴ്ജീവനക്കാർ, ഇരുപതും അധികവും കൊല്ലക്കാലം സർക്കാരിനെ സേവിച്ച ശേഷം, മറ്റു തുറകളിൽ ഒഴിവുകൾക്ക് തങ്ങളെ നിശ്ചയിക്കണമെന്ന്, കൊല്ലം ഡിവിഷൻ പേഷ്‌ക്കർ മിസ്റ്റർ വി. ഐ. കേശവപിള്ള മുതലായ മേലുദ്യോഗസ്ഥന്മാരോട് അപേക്ഷിക്കയും മിസ്റ്റർ മാധവരായരുടെ പിൻവാഴ്ച്ചക്കാരനായ മിസ്റ്റർ ഗോപാലാചാര്യരോട് മറ്റൊഴിവുകളിലേക്ക് തങ്ങളെ നിശ്ചയിക്കുകയും ചെയ്യണമെന്ന് അറിയിച്ചതിൽ, അവർക്ക് ഗവര്‍ന്മേണ്ട് നൽകിയിരുന്ന ആശ ഭഞ്ജിക്കപ്പെടും വിധത്തിൽ മറുവടി കിട്ടിയതായി ഞങ്ങൾ  കഴിഞ്ഞ കൊല്ലത്തിൽ പ്രസ്താവിച്ചിരുന്നല്ലൊ. ഡിവിഷൻ പേഷ്‌ക്കാർമാരുടെ കീഴിൽ ഒഴിവു വന്ന വേലകൾ പലതിനും, ഈ ജീവനക്കാരെ നിയമിക്കാമായിരുന്നപ്പോഴും, മിസ്റ്റർ ഗോപാലാചാര്യരുടെ ഭരണകാലത്ത് വളരെ ശക്തിയോടെ വ്യാപരിച്ചു കൊണ്ടിരുന്ന രാജസേവക പ്രഭാവത്താൽ, പുതുതായ അന്യന്മാരെയാണ് ചില മേലുദ്യോഗസ്ഥന്മാർ നിയമിച്ചു പോന്നത്. ഈ പൂർവ്വാപര വിരുദ്ധമായ ഭരണതന്ത്രത്തെ കണ്ട്, ഗവര്‍ന്മേണ്ടിന്റെ   നയത്തെപ്പറ്റി ശങ്ക ജനിച്ച മറ്റ് കീഴ്ജീവനക്കാരും, ഗവര്‍ന്മേണ്ടിനോട് അടിക്കടി പരാതി പറഞ്ഞുകൊണ്ടുതന്നെയിരുന്നു. മിസ്റ്റർ രാജഗോപാലാചാരിയുടെ ഗവര്‍ന്മേണ്ട്, ഈ ജീവനക്കാരെ ആശ്വാസപ്പെടുത്തത്തക്കവണ്ണം, മിസ്റ്റർ മാധവരായരുടെ ഗവര്‍ന്മേണ്ട്  നടത്തിയ പ്രതിജ്ഞയെ ഇളവ് ചെയ്തുറപ്പിച്ചു എന്ന സംഗതി അഭിനന്ദനീയം തന്നെയാകുന്നു. മുൻ സൂചിപ്പിച്ച ഗവര്‍ന്മേണ്ട് പ്രൊസീഡിങ്സ്, ഒരു നിഷ്‌കർഷമായ നിബന്ധനയെ രേഖപ്പെടുത്തിയിരിക്കുന്നു. ലാന്‍ഡ് റെവന്യു, എക്സൈസ്, അഞ്ചല്‍,   രെജിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളിൽ താൽക്കാലത്തേക്കോ സ്ഥിരമായോ ഉണ്ടാകാവുന്ന ഒഴിവുകൾക്ക്, ഇനിയൊരുത്തരവുണ്ടാകുന്നതു വരെ, ഇപ്പോൾ കണ്ടെഴുത്തിൽ നിന്ന് പിരിച്ചയക്കപ്പെടുന്ന സിൽബന്തികളെ  നിയമിക്കുകയല്ലാതെ, അന്യന്മാരെ നിയമിച്ചു കൂടുന്നതല്ലെന്നും, ഇങ്ങനെ അന്യന്മാരെ നിയമിക്കണമെങ്കിൽ ഗവര്‍ന്മേണ്ടിന്‍റെ  അനുമതി വാങ്ങിയിരിക്കണമെന്നും ആകുന്നു ഗവര്‍ന്മേണ്ട് ആജ്ഞാപിച്ചിരിക്കുന്നത്.  ഏറിയ കാലം ഗവര്‍ന്മേണ്ടിനെ സേവിച്ചു വന്നിട്ടുള്ള കണ്ടെഴുത്തു ജീവനക്കാർക്ക് ഈ ഉത്തരവ് ആശ്വാസപ്രദവും, ഗവര്‍ന്മേണ്ടിന്റെ  കീർത്തിദാർഢ്യത്തിന് ഇത് യുക്തവും തന്നെ ആകുന്നു. 

You May Also Like