അഗ്രശാലാ പരിഷ്‌കാരം - 2

  • Published on July 21, 1909
  • By Staff Reporter
  • 814 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

അഗ്രശാലയെ പരിഷ്കരിക്കേണ്ട മാർഗ്ഗങ്ങൾ ഏതെന്നുള്ള ചിന്തയിൽ മുഖ്യമായി കാണപ്പെടുന്നത് ഈ സ്ഥാപനം കൊണ്ടുള്ള ദോഷങ്ങളുടെ ഉന്മൂലനമാകുന്നു. അരി കോപ്പുകൾ കൊടുക്കുന്നവർ തുടങ്ങി ഉണ്ണുന്നവർ വരെ, ഈ ധർമ്മസ്ഥാപനത്തിൻ്റെ നടത്തിപ്പിൽ സംബന്ധിച്ചുള്ള ആളുകൾ വഴിയായി അഴിമതികളും ദുരാചാരങ്ങളും പ്രബലപ്പെട്ടു വന്നിരിക്കുന്നു എന്നുള്ളത് സിദ്ധമായ സംഗതിയാണ്. വെയ്ക്കുന്നതിനു വേണ്ട സാധനങ്ങൾ കൊടുക്കുവാൻ ചുമതലപ്പെടുത്തപ്പെട്ട ജീവനക്കാർ അൽപശമ്പളക്കാരും, രാപ്പകൽ അവിടെ കാത്തുകിടന്ന് പണി നോക്കേണ്ടവരും ആണ്. അവർ ഒറ്റയായിട്ടല്ലാ ഈ ലോകത്തിൽ ജനിച്ചിട്ടുള്ളത്, ജീവിക്കുന്നതും അങ്ങനെ തന്നെയാണ്. ഈ അവസ്ഥയ്ക്കു ഒരുവൻ്റെ സുഖമായ ജീവിതയാപനത്തിനു കൂടെയും തികയാത്ത ശമ്പളം കൊണ്ടു അവർ കളത്രപുത്രബന്ധുക്കളോടു കൂടി ജീവിതം നടത്തിപ്പോരുന്നതു അശക്യമാണ്. അവർ ജനനാൽ ദുരാത്മാക്കളല്ലെങ്കിലും, അവരുടെ ജീവിതാവശ്യങ്ങൾ അവരെ അഴിമതിക്കാരാക്കുന്നു. ഇതു അവരുടെ മാത്രം കുറ്റമല്ലാ; അവരുടെ ദൗരാത്മ്യത്തിനു പ്രവർത്തിരൂപമായോ അപ്രവർത്തിരൂപമായോ സഹായം ചെയ്തിട്ടുള്ളതു ഗവർന്മെണ്ടു തന്നെയാണ്. അവരുടെ ചുരുങ്ങിയ ശമ്പളം, പണ്ട്, നാട്ടിൽ ഭക്ഷണ സാധനങ്ങൾ സുലഭമായും വില കുറവായും കിട്ടിക്കൊണ്ടിരുന്ന കാലത്തേക്ക് യോജിക്കുന്ന വിധം ഏർപ്പെടുത്തീട്ടുള്ളതാണ്. അതിനാൽ, ഇപ്പൊഴത്തെ നിരക്കിനു ഭക്ഷണസാമഗ്രികൾ സമ്പാദിക്കുവാൻ തികയാത്ത ശമ്പളത്തിനു പുറമേ, തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന പ്രവർത്തിയിൽനിന്നു വേറെ ആദായമുണ്ടാക്കുവാൻ തുനിയുന്നതു ആശ്ചരയ്യമല്ല. അവർ, ചെലവാക്കാൻ കൊടുക്കേണ്ട സാധനങ്ങളിൽ ഒരു പങ്ക് തങ്ങളുടെ സ്വന്തം ആവശ്യം നിർവഹിക്കാനായി എടുത്തുങ്കൊണ്ടു കള്ളക്കണക്കുകൾ എഴുതുന്നതിനെപ്പറ്റി ശാസിക്കുവാൻ, ധർമ്മം വാങ്ങുന്നവർക്കു അവകാശവും ആവശ്യവുമില്ലാ. ധർമ്മം കൊടുക്കുവാൻ ഏർപ്പാടു ചെയ്തിരിക്കുന്ന ഗവർന്മെണ്ടിനോടു, ധർമ്മത്തെ അനുഭവിക്കുന്നവർക്കു അതിനനുരൂപമായ കടമയുണ്ടായിരുന്നുവെങ്കിൽ, തങ്ങളുടെ ദാതാവിൻ്റെ മുതലിനെ പാഴ്ച്ചെലവു ചെയ്യുന്ന സംഗതിയെപ്പറ്റി അല്പമെങ്കിലും ശ്രദ്ധവച്ചു എന്നുവരാം. എന്നാൽ, ഈ നാട്ടിലെ ധർമ്മസ്ഥാപനങ്ങൾക്കു അപ്രകാരമൊരു പ്രതികർത്തവ്യത്തെ ആശിക്കുവാൻ പാടില്ലാത്ത വിധത്തിൽ, ഇവയുടെ ഉദ്ദേശ്യം തെറ്റിപ്പോയിരിക്കുന്നു. വെപ്പിനുള്ള സാമാനങ്ങൾ കൊടുക്കുന്നവർ യഥേഷ്ടം അപഹരണം കഴിച്ചിട്ടാണ് വെപ്പുകാരന്മാരുടെ പക്കൽ അവ ചെന്നുചേരുന്നത്. മേല്പറഞ്ഞ അപഹരണത്തിനു ഇവർ സഹായികളായി നിൽക്കുക എന്നത് അസംഗതമല്ലല്ലോ. ഇവരും ഇച്ഛപോലെ അപഹരിക്കാതിരിക്കാൻ നിർവാഹമില്ലാ. ഇവരുടെ ശമ്പളമോ തുച്ഛതരം; ഇവരുടെ കർത്തവ്യബോധമോ, ലുപ്തപ്രായം; ഇവരുടെ നടത്ത മുൻപറഞ്ഞവരിൽ മെച്ചവുമല്ല. ഇങ്ങനെയിരിക്കെ, ഇവർ ദുഷ്പ്രലോഭനങ്ങൾക്കു വശപ്പെടുന്നത് അവശ്യം ഭാവിയായ ഫലം തന്നെയാണ്. വെപ്പുകാർ തന്നെയും ആരാണ്? അവർക്കു ബ്രാഹ്മണവൃത്തികളിൽ എത്ര നിഷ്ഠ കണ്ടു വരുന്നുണ്ട്? അവരുടെയിടയിൽ ദുർന്നടത്തക്കാരില്ലയോ? അവരിൽ, സുരാപാനം, മോഷണം, വ്യഭിചാരം മുതലായ പാപം ചെയ്തവരും, ചെയ്യുന്നവരും ഇല്ലയോ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ, പച്ചപ്പകൽ പോലെ, സ്പഷ്ടമാണ്. ഇവരെ അനുകരിക്കുക തന്നെയാണ് വിളമ്പന്മാരുടെയും സമ്പദ്രായം. അഗ്രശാലസ്സദ്യയ്ക്കു മതിൽക്കകത്തു ഇലവച്ചു ചോറും കറികളും വിളമ്പൽ അവിടെ പ്രവേശിക്കാവുന്നവർക്കാർക്കും കാണാവുന്നതു തന്നെയാണ്. വിളമ്പുന്നതു തന്നെയും എത്ര വൃത്തികേടോടുകൂടിയാണ്: അവരുടെ ദേഹത്തെ വിയർപ്പും ചളിയും നാസാമലവും കൂടാതെ ഇലകളിൽ ചോറും കറികളും പകരുന്നുവെങ്കിൽ അതു ദുർല്ലഭ സംഗതിയാണ്. അഗ്രശാലയിൽ ഉണ്ണാൻ പോകുന്ന ബ്രാഹ്മണരിൽ, ആത്മാഭിമാനമുള്ളവർ, ഈ അവസ്ഥയ്ക്ക്, ഇല്ലാ എന്നു ഞങ്ങൾ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ദാരിദ്ര്യം സഹിക്കാൻ വയ്യാതെ അഗ്രശാലയെ ശരണീകരിക്കുന്നവരുണ്ട്. ഇവരെ കഴിച്ചാൽ, ബാക്കി ഒട്ടുമുക്കാലുംപേർ ഒരു തരം വ്യാജവ്യാപാരത്തിനായിട്ടാണ് അഗ്രശാലയിൽ ചെല്ലുന്നത്. ഇലകളിൽ വിളമ്പുന്ന ചോറും കറികളും എടുത്തു ഒന്നും രണ്ടും ചക്രത്തിനു വിൽക്കുകയാണ് ഇവരുടെ സമ്പ്രദായം. ഇതിലേക്കു, അവയെ മതിലിനു പുറമേ കടത്തിവിടുവാൻ, കാവൽ ശേവുകാർക്ക് അല്പം വല്ലതും സൗജന്യം കൊടുത്താൽ മതിയാകും. ഈ വിധത്തിൽ പണം സമ്പാദിക്കാനും, അഗ്രശാലയിൽ ഉണ്ട് ദുർവൃത്തകളായി പാർപ്പാനും സ്ത്രീജനങ്ങൾ കൂടെ തയാറാണ്! അഗ്രശാലയുടെ പരിസരങ്ങളെ അധിവസിക്കുന്നതിനു ഇത്തരക്കാർക്ക് സൗകര്യം ലഭിച്ചിട്ടുള്ളതിനാൽ, ശ്രീപത്മനാഭൻ്റെ സന്നിധി മുഴുവൻ അധർമ്മങ്ങളുടെ നിവാസമായിത്തീർന്നിരിക്കുന്നു. മതിൽക്കകത്തിനു വെളിയിൽ ഓരോരോ നടകൾക്കു സമീപം, നടത്തി വരുന്ന എച്ചിച്ചോറുവ്യാപാരവും, പകർച്ചച്ചോറുവ്യാപാരവും മറ്റും, ആരോഗ്യരക്ഷാവിധികളെ നിർബന്ധമായി വിദ്ധ്വംസനം ചെയ്യുന്നതിന് ഗവർന്മെണ്ട് അനുവദിച്ചിരിക്കുന്ന നിന്ദ്യവൃത്തികളാണെന്ന് മാത്രമല്ലാ, അവ ജനങ്ങളുടെ മനസ്സിൽ സദാചാരബോധത്തെ കെടുത്തി, രാജധാനിയിൽ പാപം വർദ്ധിപ്പിക്കുന്നു എന്നു പറഞ്ഞേ കഴിയൂ. അഗ്രശാലയുടെ മറ്റൊരു ദൂഷ്യം പകർച്ച കൊടുപ്പാണ്. ശരവണ, ശങ്കരൻതമ്പി, തുടങ്ങി കീഴ് പ്പോട്ടു അനേകശതം പേർക്ക് അഗ്രശാലയിൽ നിന്നു ചോറും കറികളും പകർന്നുകൊടുത്തയയ്ക്കുക ഒരു പതിവാണ്. ഇതു അവർക്ക് ഊണു കഴിപ്പാനായിട്ടാണോ? അവർക്ക് ശമ്പളം പോരാഞ്ഞിട്ടാണോ? പട്ടി പോലും തൊടാൻ അറയ്ക്കുന്ന ഈ ചോറും കറികളും അവർ ഭുജിക്കുകയില്ലാ. അവർക്കു ശമ്പളം വലിയ തുകയായി കിട്ടുന്നുമുണ്ട്. എന്നാൽ, ഒരു സംഗതി ഓർക്കേണ്ടതായിട്ടുണ്ട്. ഒരു പറയ്ക്കു പത്തു പറയായി വാങ്ങിക്കൊള്ളാൻ ഇവർക്കും, കൊടുക്കാൻ മറ്റുള്ളവർക്കും മടി തോന്നുന്നതിന് ആവശ്യമില്ലാ. "ചെന്നതു ചെലവ്" ആകുന്നെടത്ത്, ഇവർക്കാർക്കും ഖേദിപ്പാനില്ലാ. ഈ ചോറും കറികളും, മതിൽക്കുപുറമേ കൊണ്ടുചെന്ന് വിറ്റു പണം കൊടുക്കുവാൻ ഇവർ പ്രത്യേകം ആളുകളെ വ്യവസ്ഥപ്പെടുത്തീട്ടുണ്ട്. പബ്ലിക് റോഡുകളിലും പബ്ലിക് കെട്ടിടങ്ങളിലും വച്ച് ഈ വ്യാപാരം നടത്തുന്നതിനെ ഗവർന്മേണ്ടിന്റെ യാതൊരു പട്ടണ പരിഷ്കരണനിയമത്തിനും പ്രതിബന്ധിക്കുവാൻ ശക്തിയില്ലാ; പക്ഷേ, അതിലേക്കുള്ള അധികൃതന്മാർക്ക് കൃത്യനിഷ്ഠയോ ധർമ്മധൈര്യമോ ഇല്ലാ. മേല്പറഞ്ഞ ദൂഷ്യങ്ങളെ "അടിച്ചുവാരി എറി"ഞ്ഞാലല്ലാതെ, അഗ്രശാലാപരിഷ്കരണത്തിന് മാർഗ്ഗം കിട്ടുകയില്ലാ. സിൽബന്തികൾക്കു ശമ്പളം കൂട്ടുക, വഴിയാത്രക്കാരും സാക്ഷാൽ ദരിദ്രന്മാരും അനാഥന്മാരായവർക്കും മാത്രം ധർമ്മാന്നം കൊടുക്കുക; സർക്കാർ ജീവനക്കാരെയും, കച്ചവടക്കാരെയും, വയസ്സറിഞ്ഞു കഴിഞ്ഞ സ്ത്രീകളെയും ഊട്ടിലുണ്ണുന്നതിന് അനുവദിക്കാതിരിക്കുക, ഇപ്രകാരം ചില പരിഷ്കാരങ്ങളാണ് അവശ്യം നടത്തേണ്ടിയിരിക്കുന്നത്. ഇപ്പൊഴത്തെ ഊട്ടുപുരകളെയൊക്കെ ഇടിച്ചു നിരത്തി പകരം എല്ലാ ജാതിക്കാരിലും എല്ലാ വർഗ്ഗക്കാരിലും അഗതികളായുള്ളവരെ രക്ഷിക്കുന്നതിലെക്ക് അനാഥരക്ഷാ മന്ദിരങ്ങൾ സ്ഥാപിക്കുന്നതിനാണ് ഞങ്ങളുടെ പ്രബലമായ അഭിപ്രായമെന്നിരുന്നാലും, പൂർവാചാരപരിപാലന തല്പരതയാൽ വിശേഷിക്കപ്പെട്ടിരിക്കുന്ന മഹാരാജാവു തിരുമനസ്സിലെ ഗവർന്മേണ്ടിനു് അതിങ്കലുള്ള വൈമനസ്യത്തെ പര്യാലോചിക്കുമ്പോൾ, ഈ പരിഷ്കാരങ്ങളെങ്കിലും ചെയ്യണമെന്നേ ഇപ്പോൾ ഞങ്ങൾ ഉപദേശിക്കുന്നുള്ളൂ.


തെക്കൻ തിരുവിതാംകൂറിലെ ഒരു പ്രധാനപ്പെട്ട ജന്മി ഇപ്രകാരം എഴുതുന്നു: "കൃഷിയെ പരിഷ്കരിച്ചു വർദ്ധിപ്പിക്കുന്നതിനായി ഇപ്പൊൾ സ്ഥാപിച്ചിട്ടുള്ള ഡിപ്പാർട്ടുമെൻ്റിനെ അതിൻ്റെ ഉത്തമരീതിയിൽ വരുത്തുന്നതിന് മേലദ്ധ്യക്ഷനായ ഡാക്ടർ എൻ. കുഞ്ഞൻപിള്ള ശ്രമിച്ചു വരുന്നതായറിയുന്നത് പൊതുവെ സന്തോഷകരമായിതീർന്നിട്ടുണ്ട്. എന്നാൽ ആദ്യമായി ചിലത് ചെയ്യേണ്ടതിന് കാലം അതിക്രമിച്ചു പോകുന്നു എന്നാണ് എൻ്റെ അഭിപ്രായം. ലഘു പത്രികകൾ പ്രസിദ്ധപ്പെടുത്തുന്നത് സർക്കാർ ഗസെറ്റിലും വർത്തമാനപ്പത്രങ്ങളിലും ആണല്ലൊ. അതുകൊണ്ട്, ഏറെ ജനങ്ങൾക്കു അറിവുണ്ടാകാൻ എളുപ്പമുണ്ടൊ എന്നു സംശയമാണ്. ഈ രാജ്യത്തെ കൃഷിക്കാർക്കു യാതൊരു പഠിത്തവും വേണ്ടെന്നാണ് പ്രായേണ അവർ ധരിച്ചിരിക്കുന്നത്. അതിനാൽ, അവർക്ക് ഗസെറ്റും വർത്തമാനപ്പത്രങ്ങളും വായിച്ചു മനസ്സിലാക്കുന്നതിന് സ്വല്പകാലങ്ങൾക്കിടയിൽ ക്ഷിപ്രസാദ്ധ്യമെന്നു വിചാരിക്കുന്നില്ലാ. അതിൻ്റെ ദൃഷ്ടാന്തമായി, കൃഷികൊണ്ട് മാത്രം കാലക്ഷേപം ചെയ്യുന്നവരായി ഓരോ താലൂക്കിലും ഉള്ളവരിൽ എത്രപേർ, വർത്തമാനപ്പത്രങ്ങൾ വരുത്തുന്നുണ്ടെന്ന് പത്രാധിപന്മാരോടും, ഗസറ്റിൻ്റെ വിവരത്തിന് അച്ചുക്കൂടം സൂപ്രണ്ടിനോടും തിരക്കിയാൽ അറിയുന്നതിനു എളുപ്പമുണ്ടായിരിക്കും. ഏകദേശം കൃഷിക്കാരോടു ചോദിച്ചാൽ അവർ പറയുന്നതു "എന്തിനാണ് പഠിത്തം? വല്ല മരച്ചീനിയോ മറ്റോ വെട്ടി നട്ടു കൃഷികാര്യാദികൾ നടത്തിയാൽ നല്ലവണ്ണം ഇരിക്കാമല്ലൊ" എന്നായിരിക്കും. പത്രങ്ങളും മറ്റും വരുത്തുന്നതു തന്നെ പുത്തൻ പരിഷ്കാരമാണെന്നു ആക്ഷേപിക്കുന്നവരുണ്ടെങ്കിൽ അധികവും കൃഷി കൊണ്ടുമാത്രം കാലയാപനം ചെയ്തു പോരുന്ന മൂപ്പിന്നന്മാരും അവരുടെ പിൻവാഴ്ച്ചക്കാരും ആയിരിക്കുമെന്നു പറയാം. എന്നാൽ, ഇക്കൂട്ടരുടെ ഇടയിൽ നല്ല സമ്പ്രദായത്തിൽ കഴിയുന്നവരും ഇല്ലെന്നു പറയുന്നില്ലാ. സാധാരണ തന്നെ നമ്മുടെ രാജ്യക്കാരുടെ മന്ദബുദ്ധി നിമിത്തമാണല്ലൊ അന്യദേശീയർ നമ്മുടെ പണങ്ങളെ തട്ടിച്ചു കൊണ്ടുപോകുന്നത്. കൃഷി മേലദ്ധ്യക്ഷൻ്റെ ദൃഷ്ടി ഈ വിഷയത്തിൽ പതിഞ്ഞു കാണുന്നത് എത്രയും സമാധാനഹേതുകമായിരിക്കുന്നു. ഓരോ താലൂക്കിലും ഓരോ മാതൃകാ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുക; അവിടെ ഈ നാട്ടിൽ ചെയ്യാമെന്നുള്ള എല്ലാത്തരം കൃഷികളെയും നടത്തിക്കുക; ആണ്ടിൽ, കുറഞ്ഞത്, ഒരു തവണ എങ്കിലും, താലൂക്കു നിവാസികളെ മേൽപടി കൃഷിത്തോട്ടങ്ങളിൽ വരുത്തി അവർക്ക് വേണ്ട സാരോപദേശങ്ങൾ ചെയ്ത് പ്രസംഗം നടത്തുകയും, കൃഷി ചെയ്യേണ്ട മാതിരികളേയും കൃഷി ചെയ്തിരിക്കുന്ന മാതിരികളേയും കാണിക്കയും ചെയ്ക, ഓരോ പ്രദർശനങ്ങൾ നടത്തുക; കൃഷി പാഠശാലകൾ സ്ഥാപിക്കുക; കൃഷിക്കു ഉപയുക്തങ്ങളായ വിത്തുകൾ, ഉരങ്ങൾ, പുതിയ മാതിരി ആയുധങ്ങൾ മുതലായവ സഹായ വിലയ്ക്കു ഓരോ കൃഷിത്തോട്ടങ്ങളിൽ നിന്ന് കൃഷിക്കാർക്കു കൊടുക്കുക; ഓരോ പ്രവൃത്തികളിലും ആണ്ടിൽ ഓരോ സഭകളെങ്കിലും കൂട്ടി അദ്ധ്യക്ഷസ്ഥാനം കൃഷി മേലദ്ധ്യക്ഷൻ തന്നെ വഹിച്ച് ശരിയായ പ്രസംഗങ്ങൾ നടത്തുക. ഇങ്ങനെ ചെയ്താലല്ലാതെ, ഏറിയ കാലം കൊണ്ടു നടപ്പിൽ വന്നിരിക്കുന്ന അന്ധപരമ്പരകൾ മാറാനും പരിഷ്കൃത രീതി നടപ്പിൽ വരുവാനും എളുപ്പമുണ്ടെന്നു തോന്നുന്നില്ലാ. ഈ ദിക്കിൽ പതിവായിനടത്തിവരുന്ന കൃഷിയല്ലാതെ, പ്രകൃതം മാറ്റി പരീക്ഷിക്കുന്നതിനു ആരും ധൈര്യപ്പെടുന്നില്ലാ. കോതമ്പു കൃഷി ഈ രാജ്യത്തു തന്നെ ഉണ്ടോ എന്നു സംശയമാണ്. അതിലേക്കുള്ള വളവും പാകങ്ങളും അറിഞ്ഞാൽ ഞാൻ തന്നെ നടത്തി നോക്കാമെന്നു വിചാരിക്കുന്നു. ഞവര, വരി, മുതലായതും കൊല്ലത്തിനിപ്പുറം കുറവായിത്തന്നെ കാണുന്നുള്ളൂ. ഈ ദിക്കിലെ കൃഷിക്കാർക്കു ഇങ്ങനെ ഒരു വക കൃഷി ഉണ്ടെന്നുതന്നെ നല്ല ബോധം ഇല്ലെന്നാണ് എനിക്കു തോന്നുന്നത്. ഞവര ഒരു പറ നെല്ലിന് 10 പണം വിലയ്ക്കു ഒരവസരത്തിൽ ഞാൻ വാങ്ങി. ചിറയിൻകീഴിൽ ചിലെടുത്തു ഈ കൃഷിയുണ്ട്. ഈ കൃഷി നല്ല ആദായമുള്ളതിൽ ഒന്നാണ്. ഇത് ഭക്ഷണത്തിനും വളരെ നല്ലതാണെന്നാണല്ലൊ കരുതി പോരുന്നതും. ഇങ്ങനെ ആദായകരങ്ങളായ കൃഷി പലതും ഈ നാട് ഒട്ടുക്കു പരത്തുന്നതിനു കൃഷി മേലദ്ധ്യക്ഷൻ കഴിയുന്നതും വേഗത്തിൽ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കാം. തെക്കൻ ഡിവിഷനിൽ അദ്ദേഹത്തിൻ്റെ ശ്രദ്ധയെ പ്രത്യേകം ക്ഷണിക്കുന്നതിനു അത്യാവശ്യമായിരിക്കുന്നത് വിളവംകോട്ടു താലൂക്കിലാണെന്നുള്ളത് സംശയമില്ലാത്ത സംഗതിയാണ്. ഈ താലൂക്കു നിവാസികൾക്കാണ് കൃഷി ശരണമായി തീർന്നിരിക്കുന്നതും, അതിലേക്കു യാതൊരു സഹായങ്ങളും ഗവർന്മേണ്ടിൽ നിന്നും ചെയ്തുകൊടുക്കാത്തതും എന്നത് പരസ്യമായ ഒരു രഹസ്യമാണ്. കോതയാറ്റിലെ വെള്ളം, ഈ ഒരു താലൂക്കിനെ മാത്രമേ വെറുക്കുന്നുള്ളൂ. കരങ്ങൾ ചുമത്തുന്നതിലും പിരിക്കുന്നതിലും ഗവർന്മേണ്ട് വെറുക്കുന്നില്ലെന്നു മാത്രവുമല്ലാ, നാഞ്ചിനാട്ടിനോടു ചേർത്തു വിചാരിക്കുന്നുമുണ്ടെന്നാണ് അനുഭവങ്ങൾകൊണ്ട് അറിയപ്പെടുന്നത്. നിലങ്ങളിൽ ജലസൌകര്യം ഇല്ലാത്ത മാനാമാരികൾ ഈ താലൂക്കിലുള്ളതുപോലെ വേറെ ഉണ്ടോ എന്നും സംശയമാണ്. കോതയാറ്റിലെ വെള്ളത്തിൻ്റെ കാര്യം അങ്ങനെ ഇരിക്കട്ടെ. എന്നാൽ കുളങ്ങളെ വെട്ടിക്കുന്ന വിഷയത്തിൽ ഗവർന്മെണ്ടിനുള്ള മൗനവും ഒട്ടും കുറഞ്ഞു കാണാത്തതാണ് സങ്കടമായിട്ടുള്ളത്. അഥവാ കുളം വെട്ടിക്കുന്നതും കണ്ട് റാക്റ്റ് കൊടുക്കുന്നതിലുള്ള ദോഷവും, അതിൽപിന്നെ, ആവക പണങ്ങളെ കുടികളോടു ഈടാക്കി വരുന്നതും വിചാരിച്ചാൽ, കുളം വെട്ടിയ്ക്കുന്നതിനുള്ള അപേക്ഷ അയയ്ക്കുന്നതിനും ശങ്ക തോന്നുന്നു. ഇതിനെപ്പറ്റി പല സന്ദർഭങ്ങളിലും പരാതികൾ പറഞ്ഞിട്ടും ഗവർന്മെണ്ടിന്റെ ദയവായ ദൃഷ്ടി ഈ താലൂക്കിൽ പതിഞ്ഞു കാണാത്തത് വളരെ സംകടമായിട്ടുള്ളതാണ്. ഇതിലേക്കു ഒരു നിവൃത്തി വരുത്തിത്തരുന്നതിനും മറ്റും, കൃഷി ഡയറക്ടരോടു അപേക്ഷിക്കുന്നതിനല്ലാതെ ഗത്യന്തരമില്ലാ. ഒരു ശരിയായ പരിശോധന ഈ താലൂക്കിൽ നടത്തുന്നതായാൽ അദ്ദേഹത്തിനു തന്നെ ബോധ്യപ്പെടുന്നതിനിടവരുന്നതാണ്. ഇതിന്മണ്ണം ഒരു പരിശോധന നടത്തുന്നതിനും, അതിനെപ്പറ്റി റിപ്പോർട്ടു ചെയ്യുന്നതിനും ഗവർന്മെൻ്റിൽ നിന്നും ആജ്ഞാപിക്കുമെന്നു വിശ്വസിക്കുന്നു. കൃഷിക്കു വേണ്ടുന്ന ഉരങ്ങൾ കൊണ്ടുപോകുന്നതിനും മറ്റും അത്യാവശ്യം വേണ്ടിവരുന്ന ചില്ലറ റോഡുകളുടെ ആവശ്യവും ഇല്ലെന്നില്ലാ. അതു പരിശോധിക്കുന്നതായാൽ അതിൽ അടങ്ങുമെന്നു വിചാരിക്കുന്നതിനാൽ പ്രത്യേകം വിസ്തരിക്കുന്നില്ലാ.”   

Reforming the Temple dining hall -2

  • Published on July 21, 1909
  • 814 Views

Addressing the irregularities within this institution is pivotal to the contemplation of reforming the temple dining hall. It is evident that corruption and malpractices are widespread among the individuals engaged in the management of this charitable establishment, starting from those storekeepers who issue rice and groceries to the cooks and those who dine there alike. The employees responsible for supplying essential items to the kitchen are paid a low wage and are required to be on duty, day and night, to fulfil their responsibilities. But they do not exist in isolation; they have families to support. With an inadequate salary that barely covers their own needs, maintaining a comfortable family life becomes an impossibility.

While they may not be inherently inclined towards corruption, the pressing demands of their livelihoods compel them towards it. This predicament is not solely their own doing; rather, it is a consequence of government policies that have, directly or indirectly, exacerbated their hardships. The minimum wages established were calculated and fixed when food was more affordable and abundant within the country. It comes as no surprise that, given a salary that falls short of covering current food prices, they resort to seeking additional income by means of the tasks assigned to them. Those who rely on charitable aid have neither the need nor the authority to reproach them for recording inaccurate accounts or reserving a portion of the provisions for their personal necessities.

If those receiving alms were bound by a corresponding responsibility to the government providing it, they might have shown some concern for the responsible use of these resources. Unfortunately, the objectives of these institutions have veered so far off course that such reciprocation seems an unrealistic hope. Those in charge of distributing food supplies for cooking help themselves to it as much as they please before it even reaches the kitchen staff. It is pertinent to note that they are accomplices in the pilferage described above. Given their paltry salaries, feeble sense of duty, and conduct no different from those previously mentioned, it is inevitable that they resort to pilfering at will. In these circumstances, succumbing to wrongful temptations is but a certain outcome.

Who are the cooks themselves? How much devotion do they have towards the activities of the Brahmin community? Are there no deviants among them? Are there not those who have committed and are committing sins such as drunkenness, theft, adultery, etc.? The answers to these questions are crystal clear and imitating these Brahmins is the practice of the waiters. At the temple feast, it is evident to all those who enter the four walls of the hall that rice and curries are being served inside. How unclean is the serving itself! It would be a rare occurrence if rice and curries were to be served on leaves without being mixed with sweat, mud, and mucus. As mentioned before, self-respecting Brahmins who visit the temple dining hall would never partake in dining under such conditions.

There are those who cannot endure poverty and seek refuge in the temple dining hall. Apart from them, the remaining three-quarters of people enter the hall premises for some form of deceptive trade. Their method is to take rice and curries served on leaves and sell them outside for one or two pennies. To facilitate this, they only need to give a small sum to the guards to smuggle it out of the hall. Women resort to this method to earn money and are willing to reside in the temple dining hall, offering sexual favours. Due to the accommodation provided to such individuals within the precincts of the temple dining hall, the entire abode of Lord Sri Padmanabhan has turned into a breeding ground for illicit activities.

Not only are such peddling activities carried out inside the courtyard and near every archway, but these despicable activities are also condoned by the government, in direct violation of health and safety regulations. It can only be stated that these activities erode the sense of morality in the minds of the people and add to the burden of sin in the palace.

Another issue with the temple dining hall is the practice of providing food for takeaways. It is customary to send rice and curries from the temple dining hall to individuals like Saravana, Sankaranthampi, and the like. Is this meant to feed them? Are they underpaid? They refuse to consume this rice and curries, which even a dog would be reluctant to touch. Moreover, they receive substantial salaries. However, one thing must be remembered - That they need not hesitate in buying ten times what they pay for and others need not feel bad about giving so much to these officials. These officials need not have regrets because any rice and curries received from the hall can be sold outside. They have arranged for special individuals to take these rice and curries beyond the precincts and sell them for money. No Town Reform Act of the Government shall have the power to prevent this trade from being conducted on public roads and public buildings. However, the authorities do not seem to possess the sense of duty or the courage to take corrective action. There is no means of reforming the halls except by eradicating the afore-mentioned vices.

Provide wages to the servants, assist travellers, and extend support only to the truly destitute, including orphans; do not permit the government employees, traders, and women who have attained puberty, nor should they be provided food. These are some of the necessary operations that need to be carried out. At present, all surplus food stores should be emptied and its provisions should be made accessible to all castes and classes, protecting those who are entitled to it. Our strong opinion is that orphanages should be established to protect those who have become vulnerable, regardless of their caste or social status. If the king, who is known for his adherence to traditional customs, is to contemplate the matter, he would surely come to the conclusion that establishing orphanages is a right solution, which is also our most powerful suggestion. It is our present advice that these operations should be conducted, respecting traditional values and with the approval of the government.

==

A prominent landowner of South Travancore writes*:

“It has been a pleasure to note that Dr N. Kunjanpillai, the Head of the Department of Agriculture, established for the enhancement of agriculture, is diligently working towards its optimal functioning. But I think time is running out to do something viable to begin with.

Pamphlets are published in government gazettes and newspapers only. Hence, it is doubtful whether they reach a wide audience, making it difficult for many to access this information. They have assumed that the farmers in this country do not require education. Consequently, they believe it is unlikely for them to read and comprehend gazettes and newspapers in a short amount of time. For example, it would be straightforward to determine, in each taluk, the number of individuals solely engaged in agriculture who subscribe to newspapers. This information could easily be obtained by querying newspaper editors and the gazette superintendent.

If you ask the farmers, they might say, “What is the need for formal study? Just cultivate some cassava or tend to agricultural tasks, and you will be fine.” It can be argued that those who criticise the introduction of newspapers and similar innovations are primarily the older generation and their descendants, who have predominantly been engaged in farming. However, this does not mean that none of them follow better practices.

It is often due to the folly of our fellow countrymen that foreigners take advantage of us financially. It is very encouraging to see that the Head of Agriculture has turned his attention to this issue.

Establish model plantations in every taluk, engage in a diverse range of cultivations suitable for the region, bring the residents of the taluk to these plantations for a lecture once a year, showcase both ongoing and completed crops, conduct practical demonstrations, establish agricultural schools, provide farmers with agricultural seeds, fertilisers, and modern implements at subsidised rates, and organise at least one annual gathering in each locality, featuring insightful speeches with the head of agriculture department presiding - without these interventions, it appears challenging to break free from the longstanding blind traditions and implement a modern approach. No one dares to attempt altering the nature of farming and instead, they persist with conventional cultivation methods. It is uncertain if there is even wheat cultivation in this land. If I acquire the fertilisers and proportions for it, I believe I will try it myself.

Njavara, Vari*, etc. are also rarely seen beyond Kollam taluk. I feel that the farmers in this region might not be aware of the existence of this type of agriculture. Once I purchased Njavara paddy at a rate of 10 rupees per bushel. This crop is cultivated in the Chirayankeezhu area and it yields well. Additionally, it is well known for its excellent quality as a food item.

It is plausible to believe that the Head of Agriculture will promptly address the potential for cultivating numerous profitable crops throughout this region. It is clear that special attention needs to be directed towards the Vilavamkottu taluk, especially within the Southern Division. It is an open secret that agriculture has become a refuge for the residents of this taluk, and that no assistance has been given to them by the government.

The Kothayar river bypasses only this particular taluk. From past experience, it is evident that the government not only shows no reluctance in imposing taxes and collecting dues, but we understand that it also considers this a matter pertaining to Nanchinad. It is also doubtful if there are any other arid fields (Manamari) in this taluk where there is no water facility in the land. While the issue of water in Kothayar may remain unresolved, it is disheartening to observe that the government's inaction regarding the cleaning and preservation of ponds has not changed. Considering the potential drawbacks associated with pond cleaning, including awarding contracts and levying taxes on farmers, I am hesitant to proceed with the request for cleaning my ponds.

It is abundantly clear that the benevolent gaze of the government has not been directed towards this taluk, despite numerous complaints on this matter. There seems to be no recourse but to seek intervention from the Director of Agriculture for necessary action. A thorough inspection in this taluk would undoubtedly provide a clear picture of the situation. It is anticipated that the government will initiate an inquiry into the matter and request a detailed report about it. The necessity for small roads, crucial for transporting agricultural fertilisers, is evident. Upon closer examination, we believe the matter will reveal other problems as well.”

Notes by the translator:

*Njavara or Navara and Vari are rare varieties of rice with medicinal properties and are highly recommended in Ayurvedic prescriptions.

*The following part of the article has been contributed by a landowner from South Travancore.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like