വിദേശവാർത്ത
- Published on March 28, 1908
- By Staff Reporter
- 560 Views
തിരുനല്‍ വേലി കലക്ടരെ സഹായിക്കേണ്ടതിന്നുവേണ്ടി അവിടെ ഒരു സബ് കലക്‍ടരെ അധികമായിനിശ്ചയിച്ചിരിക്കുന്നു.
ഫ്രഞ്ചുകാര്‍ ഒരു വിധം തോക്കുകള്‍ ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നു. ആ തോക്കു കൊണ്ടു ഒരു മിനിട്ടില്‍ 650 വെടിവെക്കാമത്രെ.
തിരുനല്‍വേലിയിലെ ലഹളയ്ക്കുശേഷം *******************ല്‍നിന്ന എല്ലാ തോക്കുകളും മടക്കിഎടുത്തിരിക്കുന്നു.
നീപ്പാളത്തിലെ പ്രധാനമന്ത്രി നാല്പതോളം പരിവാരങ്ങളോടുകൂടി വരുന്ന ഏപ്രില്‍ 19 ാംനു- ഇംഗ്ലണ്ടിലേക്ക് പോകാന്‍ ബോമ്പായില്‍നിന്നു കപ്പല്‍ കയറുന്നതാകുന്നു.
തിരുനല്‍വേലി ലഹളക്കാരുടെ മേലുള്ള കേസ്സുകള്‍ നടത്തേണ്ടതിന്ന് മദിരാശിഗവര്‍മ്മേണ്ട് വക്കീല്‍ മിസ്റ്റര്‍ പൌവ്വല്‍ മേലധികാരത്തിങ്കലെ കല്പനപ്രകാരം മേല്പടി സ്ഥലത്തേക്കു പോയിരിക്കുന്നു.
ഇന്ത്യയില്‍ ബാധിച്ച ക്ഷാമം നിമിത്തം ഇന്ത്യാഗവര്‍മ്മെണ്ടിന് ഇതുവരേയായി 2 കോടിഉറുപ്പിക ചെലവായിരിക്കുന്നു. രണ്ടുകോടിഉറുപ്പിക കൂടി ചെലവുചെയ്യേണ്ടതിന്നു ഒരുങ്ങിയുമിരിക്കുന്നു.
"ബി. എ. ,, പരീക്ഷയിലും "ബീ എല്‍.,, പരീക്ഷയിലും ജയിച്ച ഒരാളെ വടക്കെ ആര്‍ക്കാട്ടില്‍ ഫോറസ്റ്റ് ആഫീസില്‍ 15. ക. ശമ്പളത്തിന്മേല്‍ ആക്‌ടിങ്ങ് 5ാം ക്ലര്‍ക്കായി നിശ്ചയിച്ചിരിക്കുന്നു.
തുത്തുക്കുടിയില്‍ പ്രാക്‍ടീസ്സ് ചെയ്യുന്ന ചില വക്കീല്‍മാര്‍ക്കു തൂത്തുക്കുടി ജോയിണ്ട് മജിസ്ട്രേട്ട് അവരെ നല്ലനടപ്പിന്നു ജാമ്യം എടുക്കാതിരിപ്പാന്‍ സമാധാനം കാണിക്കേണ്ടതിന്ന് നോട്ടീസ്സുകൊടുത്തിരിക്കുന്നു.
ഇക്കഴിഞ്ഞകാലത്തെ നെല്‍കൃഷി ബര്‍മ്മയില്‍ വളരെ നന്നായിരിക്കുന്നു. കഴിഞ്ഞ അഞ്ചുകൊല്ലത്തെ ശരാശരി കണക്കുനോക്കിയതില്‍ കഴിഞ്ഞ ആണ്ടിലെപ്പോലെ ഈ കൃഷി അത്രനന്നായിട്ട് ആ അഞ്ചില്‍ ഒരു കൊല്ലത്തിലും ഉണ്ടായിരുന്നില്ലത്രെ.
ഇക്കഴിഞ്ഞ മദിരാശികണ്‍വോക്കേഷന്ന്. 6 " എം. എല്‍.,, വിജയികളും 119 "ബി. എല്‍.,, വിജയികളും, 64. "എല്‍.ടി.,, വിജയികളും. 1 "എല്‍. എം. എസ്സ്.,, വിജയിയും, 6 "ബി. ഇ.,, വിജയികളും, 12 "എം എ .., വിജയികളും, 494 "ബി. എ,, വിജയികളും ഹാജരുണ്ടായിരുന്നു.