അടിയന്തര പരിഷ്‌കാരം (Marriage)

  • Published on September 20, 1909
  • By Staff Reporter
  • 588 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

താലികെട്ടുകല്യാണത്തെ നാലും ഏഴും ദിവസക്കാലം വളരെ പണച്ചെലവു ചെയ്ത് ആഘോഷിച്ചു വന്നിരുന്ന പതിവിനെ, നായർ സമുദായപരിഷ്കാരികളുടെ പ്രയത്നത്താൽ ചുരുക്കിത്തുടങ്ങിയതു പലർക്കും തൃപ്തികരമായിത്തീർന്നിട്ടുണ്ട്. കെട്ടുകല്യാണം ഇപ്പൊഴത്തെ സമ്പ്രദായത്തിൽ നിരർത്ഥകവും വ്യയസാധ്യവുമാണെന്നുള്ളതിനാൽ, അതിനെ ഒരു ദിവസത്തെക്കായി ചുരുക്കിയതുകൊണ്ടു അനേകം പാവപ്പെട്ട നായർ തറവാടുകൾക്കു സന്തോഷത്തിനു സംഗതിയുള്ളതു തന്നെയാണ്. ചിരകാലമായി നടന്നു വരുന്ന ഒരാചാരത്തിന്‍റെ സമ്മർദ്ദത്തിൽ നിന്നു ഒഴിവാനുള്ള ശക്തി, കേവലം ആചാരപരിപാലനപരന്മാരായവർക്കു പ്രയാസമാകയാലാണ്, അവർക്കു, കടം മേടിച്ചും കല്യാണം ഘോഷിക്കുന്നതിൽ, തങ്ങളെയും തങ്ങളുടെ തറവാടിനെയും നശിപ്പിക്കയാണെന്നുള്ള യഥാർത്ഥ ബോധം ഉണ്ടാകുന്നതിനും അതിനെപ്പറ്റി സന്തപിക്കുന്നതിനും ഇടയാകാത്തത്. ഈ വിഷയത്തിൽ അവർ ദുരഭിമാനത്തിനു വശംവദന്മാരായി പോകുന്നു. താലികെട്ടു കല്യാണം നിരർത്ഥകമായിരിക്കുമ്പോൾ, അതിനെ വർജിക്കയോ , ഗൗരവയുക്തവും ഗ്രാഹ്യവും ആയ പുടവകൊട വിവാഹത്തെ മാത്രം അനുഷ്ഠിക്കുകയോ, അഥവാ, ഇവ രണ്ടിനെയും കൂട്ടിച്ചേർത്ത് വരനെക്കൊണ്ടു തന്നെ, വധുവിനെ, പ്രായപൂർത്തി വന്ന ശേഷം താലി കെട്ടിക്കയോ ചെയ്യുന്നതിൽ, ഇക്കാലത്തു പൂർവ്വാചാര പ്രമാണമായിക്കരുതി ശങ്കിപ്പാനില്ലാത്തതാകുന്നു. എന്നിട്ടും, ഈ പരിഷ്കാരത്തിനു പഠിപ്പുള്ളവർ കൂടെയും ചിലപ്പോൾ വൈമുഖ്യം ഭാവിക്കയും അന്യന്മാരോട് പരിഷ്കാരത്തെ ഉപദേശിച്ചാലും തങ്ങളുടെ കാര്യത്തിൽ പൂർവാചാരത്തെ അനുവർത്തിക്കയും ചെയ്തുവരുന്നതു നിമിത്തം, ജനതയുടെ അജ്ഞതാധീനമായ ഭാഗം, മേല്പടി ഉപദേശങ്ങളെ ആദരിക്കുന്നതിൽ സംശയാലുക്കളായി ത്തീരുന്നു. ഇതു സമുദായാചാര പരിഷ്കാരത്തിനു പ്രതിബന്ധമായ ഒരു നടവടിയാണ്. താലികെട്ടു കല്യാണത്തെ തീരെ ഉപേക്ഷിച്ചിട്ട്, വധു ഋതുമതിയായാലും, വിവാഹം നടത്തുക എന്ന ഒരാചാരത്തിന് തുനിയുവാൻ ഒരാൾക്കെങ്കിലും ഉറപ്പ് ഉണ്ടായാലല്ലാതെ, നായന്മാരുടെ സമുദായപരിഷ്കാര പ്രസംഗങ്ങൾക്ക് സാഫല്യമുണ്ടാകയില്ലാ. ആചാരപരിഷ്കാരം നിശ്ശബ്ദമായി നടന്നുപോകയില്ല തന്നെ. അതിലേക്ക് ഉത്സാഹിക്കുമ്പോൾ, ക്ഷോഭങ്ങളുണ്ടാവാം; പലരുടെയും വിരോധവുമുണ്ടാകാം; പക്ഷെ, ജാതിഭ്രംശത്തിനുതന്നെയും ഇടവന്നേയ്ക്കാം. ഇതൊന്നും കൂടാതെ, ലോകത്തിൽ യാതൊരു പരിഷ്കാരവും ഉണ്ടാകുവാൻ സംഗതിയില്ലല്ലൊ. ഇപ്പോഴുള്ള ഇരിപ്പിന് ഇളക്കം വരാതെ മാറ്റം ഉണ്ടാകുന്നതെങ്ങനെയാണ്? അതിനാൽ, പഠിപ്പുള്ള നായർപ്രമാണികൾതന്നെ, കെട്ടുകല്യാണത്തെ  തീരെ ഉപേക്ഷിച്ചു, വിവാഹം മാത്രം ആചരിപ്പിക്കയാണ് അവശ്യം ചെയ്യേണ്ടത്. ഈ സംഗതിയിൽ ഒരു കാര്യം പറയുവാനുണ്ട്. താലികെട്ട് കല്യാണം നാൾ ചുരുക്കി നടത്തുന്നതിന് നിശ്ചയിച്ച നായന്മാരുടെ ഇടയിൽ, പുടവകൊട അടിയന്തരം ക്രമേണ വലിയ ചിലവിൽ നടത്തിത്തുടങ്ങിയിരിക്കുന്നതായി കാണുന്നത് ശോചനീയമായിട്ടുള്ളതാകുന്നു. അടിയന്തരത്തിന് ഇത്രയേറെ ആളുകളെ ക്ഷണിച്ചു വരുത്താമോ അത്രമാത്രം അടിയന്തരം കേമമായി നടക്കുമെന്നും മറ്റും ഒരു ദുരഭിമാനം ചിലർക്കുണ്ട്. ഇത് നിമിത്തം അടിയന്തരവീട്ടിൽ കൊള്ളാവുന്നതിലധികം ആളുകൾ ഞെങ്ങിഞെരുങ്ങി കൂടുന്നതിനും, അടിയന്തര സദ്യ തന്നെ ഒട്ടേറെ നേരം നീണ്ടു നിൽക്കുന്നതിനും സംഗതി വരുന്നു. സദ്യക്ക് ഉണ്ണുന്നതിനായി പന്തലിലേക്ക് പോകുന്നത് തന്നെ എത്ര തള്ളും തല്ലും നടന്നിട്ടാണ്; ക്ഷണിക്കപ്പെട്ടവരിൽ വലിയ ഉദ്യോഗസ്ഥന്മാരോ പ്രഭുക്കന്മാരോ മറ്റോ ഉണ്ടെങ്കിൽ, അവർ കഴിഞ്ഞിട്ടല്ലാതെ, മറ്റുള്ളവർക്ക് ഊണിനു സാധിക്കയില്ല. അതിഥികൾ എല്ലാം അടിയന്തരക്കാരന്‍റെ ഉപചാരത്തെ തുല്യമായി അർഹിക്കുന്ന സ്ഥിതിക്ക്, ഉപചാരഭേദം കാണിക്കുന്ന നടവടി തന്നെ അയുക്തമായിട്ടുള്ളതാണ്. ഇങ്ങനെ വരുന്നത് ക്രമത്തിലധികം ആളുകളെ ക്ഷണിക്കുന്നത് കൊണ്ടാണ്; ഇതിലേക്ക് ഒട്ടേറെ പണവും വ്യർത്ഥവ്യയം  ചെയ്യുന്നു. ഈ ചിലവുകളും ക്ഷണനവും ചുരുക്കേണ്ട കാലം വളരെ വൈകി എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. ഇണങ്ങരെയും പിടാകക്കാരെയും മാത്രം ക്ഷണിച്ച് അടിയന്തരം നടത്തുകയോ; അഥവാ, സദ്യ നിറുത്തലാക്കീട്ട് പാൻസുപാരി മുതലായവ കൊടുത്തയയ്ക്കുകയോ ചെയ്യുന്നതായാൽ, പണച്ചിലവ് കുറയുന്നതിനും, അതിഥികൾക്ക് മുഷിവു തോന്നാതിരിക്കുന്നതിനും, വളരെപ്പേരുടെ ശ്രമം ലാഭപ്പെടുന്നതിനും കഴിയുന്നതാണ്. നിശ്ചയമായും, ക്ഷണിക്കപ്പെടുന്നവർ ഊണില്ലെന്നുള്ള ന്യുനതയാൽ അടിയന്തരത്തിന് ചേരാതെയിരിക്കുന്നതല്ലലോ. അവർ ഊണിനെ കരുതിയിട്ടല്ല അടിയന്തരത്തിന് ചെല്ലുന്നത് എന്ന് സമ്മതിക്കാതെ നിവൃത്തിയുമില്ല. പിന്നെ എന്തിനാണ് ഇത്രയും ചിലവും സാഹസവും നടത്തുന്നത്?


You May Also Like