രാജധാനിവാർത്ത
- Published on April 04, 1910
- By Staff Reporter
- 926 Views
തിരുവനന്തപുരം.
പട്ടണത്തിന്‍റെ പലേ ഭാഗങ്ങളിലും മസൂരി ദീനം ബാധിച്ചിട്ടുണ്ട്.
നെല്‍ചാക്കു കയററീട്ടുള്ള ഒരു കപ്പല്‍ വലിയതുറെ അടുത്തിരിക്കുന്നു.
മുണ്ടക്കയം ഡിസ്പന്‍സറിയെ ഒരു ആശുപത്രിയാക്കുവാന്‍ ഗവര്‍ന്മെണ്ട് ആലോചിക്കുന്നതായറിയുന്നു.
അവധിയില്‍ ബംഗ്ളൂരിനു പോയിരുന്ന ഡര്‍ബാര്‍ ഫിസിഷന്‍ മേജര്‍ ബിഡി ഇന്നലെ തിരിച്ചെത്തിയിരിക്കുന്നു.
ഹെല്‍ത്താഫീസറുടെ ശിപാര്‍ശ അനുസരിച്ച്, പാവപ്പെട്ട മസൂരിദീനക്കാര്‍ക്കു കൊടുക്കുവാന്‍ ഗവര്‍ന്മേണ്ട് 100-ക അനുവദിച്ചിരിക്കുന്നു.
അസിസ്റ്റന്‍റ് എക്സൈസ് കമിഷണര്‍ മിസ്തര്‍ പത്മനാഭറാവു മേടമാസം 1നു- മുതല്‍ ഒരു കൊല്ലത്തെക്കു കൂടി ഫര്‍ലോ അവധിക്കു അപേക്ഷിച്ചിരിക്കുന്നതായറിയുന്നു.
അവധിയിലിരുന്ന സര്‍വാധികാര്യക്കാര്‍ മിസ്തര്‍ അയ്യപ്പന്‍പിള്ള ഹാജരായി മിസ്തര്‍ ********* രാമന്‍പിള്ളയില്‍നിന്നു ചാര്‍ജ്ജെടുത്തു ജോലിയില്‍ പ്രവേശിച്ചിരിക്കുന്നു.
നേററീവ് ഹൈസ്കൂള്‍ അസിസ്റ്റന്‍റ് മിസ്തര്‍ സുബ്രഹ്മണ്യയ്യര്‍ എം. ഏ, ബി. എല്‍.നെ കോട്ടയം ജില്ലാക്കോടതിയിലെ ഹെഡ് ക്ലാര്‍ക്കായി 50 - ക ശമ്പളത്തില്‍ നിയമിക്കാനിടയുണ്ട്.
കൃഷിഡയറക് ടര്‍ ഡാക് ടര്‍ കുഞ്ഞന്‍പിള്ള ദിവാന്‍ജിയുടെ ഉത്തരവനുസരിച്ച് പറയങ്കേരിത്തോടുചെന്നു കണ്ട് അഭിപ്രായം പറവാനായി മാവേലിക്കരക്കു പോയിരിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചദിവസം വലിയതുറയുളള മുക്കുവന്മാര്‍ തമ്മില്‍ ഒരു വലിയ ലഹള നടക്കുകയും, ലഹളക്കാരില്‍ ഒരുവനു കഠിനമായ മുറിവുകള്‍ ഏല്‍ക്കുകയും ചെയ്തിരിക്കുന്നതായി അറിയുന്നു.
പിറവം സര്‍ക്കിള്‍ ആഫീസര്‍ മിസ്തര്‍ ഏ. ജെ. വാന്‍റാസ് രണ്ടുമാസത്തെ അവധിക്കു അപേക്ഷിച്ചിരിക്കുന്നതായും, പകരം എക്സൈസ് ഇന്‍സ്പെക്ടര്‍ മിസ്തര്‍ ജാണിനെ നിയമിപ്പാന്‍ ഇടയുള്ളതായും അറിയുന്നു.
കേരളീയനായര്‍സമാജത്തിനു ആദ്ധ്യക്ഷ്യം വഹിപ്പാന്‍ വരുന്ന ജസ്റ്റീസ് മിസ്തര്‍ ശങ്കരന്‍നായര്‍, തിരുവനന്തപുരത്തു താമസിക്കുന്ന ദിവസങ്ങളില്‍ മഹാരാജാവു തിരുമനസ്സിലെ അതിഥിയായിരിക്കുമെന്നും, തക്കലെതന്നെ യോഗം കൂടുവാന്‍ മിക്കവാറും തീര്‍ച്ചപ്പെടുത്തിയിരിക്കുന്നുവെന്നും, ജസ്റ്റീസ് മിസ്തര്‍ ശങ്കരന്‍ നായരെ മോട്ടാര്‍വണ്ടി വഴി തക്കലയ്ക്കു കൊണ്ടുപോകുവാന്‍ നിശ്ചയിച്ചിരിക്കുന്നുവെന്നും അറിയുന്നു - (ഒ. ലേ)