കേരളവാർത്തകൾ - തിരുവനന്തപുരം

  • Published on August 08, 1906
  • By Staff Reporter
  • 354 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തെക്കൻ ഡിവിഷനിലേക്ക് സർക്ക്യൂട്ട് പോയിരുന്ന അഞ്ചൽ സൂപ്രണ്ട് ഇക്കഴിഞ്ഞ ശനിയാഴ്ച മടങ്ങി എത്തിയിരിക്കുന്നു. 

സർവ്വേ സൂപ്രണ്ട് ജി. എൻ. കൃഷ്ണരായർ നെടുമങ്ങാട് മുതലായ സ്ഥലങ്ങളിലേക്ക് സർക്ക്യൂട്ട് പോയിരിക്കുന്നു. 

ദിവാൻജിയായി നിയമിക്കപ്പെട്ടിരിക്കുന്ന മിസ്റ്റർ ഗോപാലാചാരിയർ ഈ വരുന്ന ബുധനാഴ്ച്ച ഇവിടെ എത്തുമെന്ന് കേൾക്കുന്നു. 

ഹജൂർ സെക്രട്ടറിയേറ്റിൽ ഒഴിവുള്ള ജീവനങ്ങൾക്ക് ഒരു ലിസ്റ്റ് അയക്കണമെന്ന് ആക്റ്റിങ് ദിവാൻജിയുടെ കമ്പി വന്നതനുസരിച്ച് ലിസ്റ്റ് അയച്ചിരിക്കുന്നു പോലും. 

അഞ്ചൽ സൂപ്രണ്ട് മിസ്റ്റർ തിരവിയം പിള്ളയ്ക്ക് അടുത്തൂൺ കൊടുക്കാൻ പോകുന്നതായും പകരം കണ്ടെഴുത്ത് അസിസ്റ്റൻ്റ് മിസ്റ്റർ സി. ഗോവിന്ദപ്പിള്ളയെ നിയമിക്കാൻ പോകുന്നതായും കേൾക്കുന്നു. 

സർവ്വേ ആഫീസ് സ്റ്റോർകീപ്പർ മിസ്റ്റർ  സുബ്ബറാവു ഇക്കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം ആപ്പീസിലുള്ള ഒരു ശിപ്പായിയെക്കൊണ്ട് ഒരു വീഞ്ഞപ്പെട്ടി സ്റ്റോറിൽ നിന്നു എടുപ്പിച്ചു പുറത്തിറങ്ങിയതിനെ ഒരു കോൺസ്റ്റബിൾ കണ്ടു സംശയിച്ചു തടയുകയും, തൊണ്ടി സഹിതം പാളയം സ്റ്റേഷനിൽ ആക്കുകയും ചെയ്തു. ഇൻസ്പെക്റ്റർ മിസ്റ്റർ കുമാരപിള്ള പെട്ടിയെ താഴത്ത് വെയ്പ്പിച്ച് പരിശോധിച്ചതിൽ അതിനുള്ളിൽ നാല്പത്തിരണ്ടു ട്വയിൻബാൾ ഉണ്ടായിരുന്നു. ഇവ സർക്ക്യൂട്ട് പോയിരിക്കുന്ന സൂപ്രണ്ടിന് അയയ്ക്കണമെന്നും അസിസ്റ്റന്റ് സൂപ്രണ്ടിൻ്റെ ഉത്തരവനുസരിച്ച് ചെയ്യുകയാണെന്നും മറ്റും സമാധാനം പറഞ്ഞതിനെ ഇൻസ്പെക്റ്റർ വിശ്വസിക്കാതെ ആവിധം ഒരു ഉത്തരവ് കൊടുത്തിട്ടുണ്ടോ എന്നറിയുന്നതിന്നായി അസിസ്റ്റണ്ടിന്റെ അടുക്കൽ ഒരു കാൺസ്റ്റബിളിനെ അയച്ചതിൽ അദ്ദേഹം സ്റ്റേഷനിൽ വന്ന് വാസ്തവം അറിഞ്ഞ്, ആ വിധം ഒരു ഉത്തരവ്  കൊടുത്തിട്ടില്ലെന്ന് പറഞ്ഞു പോകയും രാജുവിനെയും ശിപ്പായിയെയും ഉടനെ ജാമ്യത്തിൽ വിടുകയും ചെയ്തു. അസിസ്റ്റൻ്റ് സൂപ്രണ്ട് ഈ സംഗതി അറിഞ്ഞ ഉടൻ സ്റ്റോർ മുദ്ര വെച്ചു പരിശോധിക്കേണ്ടതായിരുന്നു. അതു ചെയ്തിട്ടില്ല. മൂന്നു മാസത്തിലൊരിക്കൽ ഒരു സ്റ്റോർ പരിശോധന ഇവിടെ വച്ചിട്ടുണ്ട്. പരിശോധന നടത്തണമെന്ന് സ്റ്റോർകീപ്പർ തന്നെ മുൻകൂട്ടി റിപ്പോർട്ട് ചെയ്കയും, ഉടൻ ഒരു ജീവനക്കാരനെ പരിശോധനയ്ക്കായി നിയോഗിക്കയും "സ്റ്റോർ നല്ല സ്ഥിതിയിലിരിക്കുന്നു" എന്നു മാമൂലനുസരിച്ചുള്ള വിധി എഴുതുകയും ചെയ്യുകയാണ് ഇവിടത്തെ പതിവ് എന്നറിയുന്നു. വളരെ വില പിടിച്ച "തിയോഡ ലൈറ്റു" തുടങ്ങിയുള്ള സർവ്വേ സാമഗ്രികളും ആപ്പീസ് ഖജനാവും മറ്റും സ്റ്റോറിനുള്ളിൽ ഇരിക്കുന്ന സ്ഥിതിക്ക് അസിസ്റ്റൻ്റ്, സ്റ്റോർ മുദ്ര വച്ച് പരിശോധിക്കാതിരുന്നത് എന്തു കൊണ്ടാണെന്നു മനസ്സിലാകുന്നില്ല.    

 

You May Also Like