കേരളവാർത്തകൾ - മലബാർ വാർത്തകൾ
- Published on August 08, 1906
- By Staff Reporter
- 471 Views
(സ്വന്ത ലേഖകന്‍)
കോഴിക്കോട്ട് പ്രാക്‍ടീസ്സ് ചെയ്തുവരുന്ന ഒരു ഹൈക്കോര്‍ട്ടുവക്കീല്‍ മിസ്തര്‍ എം ഗോവിന്ദമേനോനെ, അദ്ദേഹത്തിന്‍റെ വീട്ടിന്‍റെ സമീപമുള്ള ഒരു വീട്ടില്‍വെച്ച്, രണ്ടു മൂന്ന് നായന്മാര്‍ കൂടി കഠിനമായി വെട്ടി മുറിവേല്പിച്ചതായറിയുന്നു. ഒരു ഭൃത്യനെ അയച്ചു മേപ്പടിവീട്ടിലെ ഒരു സ്ത്രീ വിളിക്കുന്നതായി പറഞ്ഞു അദ്ദേഹത്തെ വരുത്തീട്ടാണ് ആ ഘാതകന്മാര്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതെന്നറിയുന്നു. കുറ്റക്കാരായ മൂന്നുപേരെയും പോലീസ്സ് പിടിച്ചു റിമെണ്ടുചെയ്യുകയും പീനല്‍കോഡ് 327-ം 307-ം വകുപ്പുകള്‍ പ്രകാരം ഡിവിഷനല്‍ മജിസ്ട്രേട്ടു മുന്‍പാകെ ചാര്‍ജ്ജ് വെക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട്ടു മുന്‍സിപ്പാല്‍ട്ടി വകയായി, ഒരു നെയ്ത്തുവിദ്യാലയം സ്ഥാപിക്കെണമെന്ന് ഒരു യോഗ്യകൌണ്‍സിലറായ കൃഷ്ണമേനോന്‍ അവര്‍കള്‍ പുറപ്പെടുവിച്ച അഭിപ്രായത്തെപ്പറ്റി ആലോചിച്ചു തീര്‍ച്ചപ്പെടുത്തുവാന്‍, ഒരു കമ്മിറ്റിയ്ക്കു ഏല്പിച്ചുവെന്നറിയുന്നു. മേപ്പടി മുന്‍സിപ്പാല്‍ട്ടിയുടെ യോഗ്യതയ്ക്കു ഇങ്ങിനെയൊരു സ്ഥാപനം പ്രശംസാവഹമായിരിക്കുന്നതാണ്.
പോലീസ്സ് പുതിയ പരിഷ്കാര പ്രകാരം എനിയും മലബാറിലേക്കും സൌത്ത് കന്നടയിലേക്കുംകൂടി 10 സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ ആവശ്യമുണ്ടെന്നും, ആ തിരഞ്ഞെടുപ്പിലേയ്ക്കായി പൊലീസ്സ്, ഡിപ്യൂട്ടി ഇന്‍സ്പെക്ടരായ മിസ്തര്‍ ഫോസറ്റ് ആഗസ്ത് 24 നു തലശ്ശേരി എത്തുന്നതാണെന്നും അറിയുന്നു.
കണ്ണൂരു നിന്നു ഹോസ്ദുർഗ്ഗ വരെ ഈ ആഗസ്ത് മാസം മുതൽ ഒരു തീവണ്ടി നടപ്പാക്കുവാൻ തീർച്ചപ്പെടുത്തിയിരിക്കുന്നു. അവിടെനിന്ന് ******************** *********************************************************തലശ്ശേരി ഒരു ഡിസ്ട്രിക്ട് പോലീസ്സ് സൂപ്രഡെണ്ട് ഉണ്ടായിരിക്കുന്നതാണെന്നു കാണുന്നു.
തലശ്ശേരിയിലെ പ്ലേഗ് കേവലം വിട്ടതായി കാണുന്നില്ല. ഇടക്കിടെ രണ്ടും മൂന്നും കെയിസ്സ് ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ദാരിദ്ര്യ ദേവതയുടെ ബാധ കഠിനംതന്നെ. മഴ ആവശ്യംപോലെ പെയ്യുന്നുണ്ട്. കണ്ണൂരും മിക്ക സ്ഥലങ്ങളിലും വസൂരി പിടിപെട്ടിട്ടുണ്ട്.