സ്വരാജ് മാർഗ്ഗോപദേശം
- Published on May 05, 1909
- By Staff Reporter
- 612 Views
'സ്വരാജ്' എന്ന പദം കേവലം രാജ്യകാര്യതന്ത്ര സംബന്ധമായുള്ളതല്ലാ' - ഈ മുഖവുരയോടുകൂടിയാണ് ''സ്വരാജ്'' പത്രഗ്രന്ഥത്തിൻെറ രണ്ടാം ലക്കത്തിൽ ബാബു ബിപിൻ ചന്ദ്രപാൽ 'സ്വരാജ് മാർഗ്ഗോപദേശ' ത്തെക്കുറിച്ച് ദീർഘമായ ഒരു ലേഖനം എഴുതിയിരിക്കുന്നത്. 'സ്വരാജ്' എന്ന വാക്കിനെ ഇക്കാലത്തെ രാജ്യകാര്യ വാദങ്ങളിൽ ആദ്യമായി പ്രവേശിപ്പിച്ചത് മിസ്റ്റർ ദാദാഭായ് നവരോജിയാണ്; അതിനുമുൻപ്, മഹാരാഷ്ട്രരാജ്യചരിത്രത്തിൽ അതു ഹിന്തുക്കളുടെ ഈശ്വരജ്ഞാന സംബന്ധമായ ഗ്രന്ഥങ്ങളിൽ വളരെ ശ്രേഷ്ഠമായ ഒരു സ്ഥാനത്തെ പ്രാപിച്ചിട്ടുള്ളതാണ്. 'സ്വരാജ്' എന്ന പദം മോക്ഷത്തോട് ചേർന്നിട്ടുള്ളതാകുന്നു. ഹിന്ദുക്കളുടെ മോക്ഷം, കേവലം ഒരു ഇല്ലായ്മ അല്ല; അതിൻ്റെ അർത്ഥത്തെ പാശ്ചാത്യന്മാർ ശരിയായി ഗ്രഹിച്ചിട്ടുമില്ല. ഹിന്ദുക്കളുടെ മോക്ഷവും, ബുദ്ധമതക്കാരുടെ നിർവാണവും കേവലം ജീവാത്മാവിൻെറ വിനാശമാണെന്ന് വിചാരിക്കപ്പെട്ടുവരുന്നത് തെറ്റാണ്. സംസാരബന്ധത്തിൽ നിന്നുള്ള വിടുതലാണെന്ന് ധരിക്കുന്നതുകൊണ്ട് അതിൻ്റെ അർത്ഥം മുഴുവൻ ഗ്രഹിച്ചതായി വരുന്നില്ലാ. ക്രിസ്ത്യാനികളുടെയും മറ്റും മോക്ഷത്തിൽ, പാപബന്ധത്തിൽ നിന്നുള്ള വിടുതൽ അർത്ഥമായിരിക്കുന്നതുപോലെ, ഹിന്ദുക്കളുടെ മോക്ഷത്തിൽ, അജ്ഞാന ബന്ധത്തിൽ വിടുതൽ അർത്ഥമായിരിക്കുന്നുണ്ട്. അജ്ഞാനം, അവിദ്യ, എന്നത് വാസ്തവികമായിട്ടുള്ളതല്ലാ. അതു മായ എന്ന് പറയപ്പെടുന്നു. വാസ്തവമല്ലാത്തതിനെ വാസ്തവമാണെന്ന് തോന്നിപ്പിക്കുന്നതാണ് മായ. ഈ മായാബന്ധത്തിൽ നിന്നുള്ള വിടുതലിനെ മോക്ഷം എന്നു പറയുന്നു. മായയുടെ വിനാശത്തിൽ, വാസ്തവമായുള്ളതിൻെറ ജ്ഞാനം നമുക്കുണ്ടാകുന്നു. അപ്പോൾ ഹിന്ദുക്കളുടെ മോക്ഷം, അവിദ്യാബന്ധത്തിൽ നിന്നുള്ള വിടുതൽ മാത്രമല്ലാ, വാസ്തവമായുള്ളതിൻെറ പ്രകാശം എന്നും രണ്ടുഭാവങ്ങളോടു കൂടിയിരിക്കുന്നു. ഈ രണ്ടാമതു പറഞ്ഞ ഭാവമാണ് കാര്യമായുള്ളത്. മനുഷ്യനിൽ പരമാത്മാവിൻെറ അംശം ഉണ്ടെന്നും, ആ പരമാത്മാവാണ് ലോകത്തിൽ വാസ്തവമായുള്ളതെന്നും, പുറമെ കാണുന്നതൊക്കെ മായയാണെന്നും അറിയുകയാണ് മനുഷ്യജന്മത്തിൻെറ പരമോദ്ദേശ്യം. ഈ ആത്മബോധം എന്നാലെന്താണ്? പരമാത്മാവിൻെറ മൂന്നു മൂലധർമ്മങ്ങൾ ശുദ്ധ, ബുദ്ധ, മുക്തഭാവങ്ങളാണ്: ഈ ധർമ്മങ്ങൾ തന്നിലുണ്ടെന്ന് മനുഷ്യന് എപ്പോൾ യഥാർത്ഥ ജ്ഞാനം ഉണ്ടാകുന്നുവോ അപ്പോൾ അവനു ആത്മബോധം ഉദിച്ചതായി പറയാം. ഇതിൽ, മുക്തഭാവം, ബന്ധത്തിൽ നിന്നുള്ള വിടുതലാണെന്നല്ലാതെ, നിയന്ത്രണത്തിൻെറ അഭാവമാണെന്നുകൂടി അർത്ഥമാകുന്നില്ല. ബന്ധം ബാഹ്യമായുള്ളതാണ്. ബാഹ്യനിയന്ത്രണമില്ലായ്മയാണ് മുക്തഭാവം; എന്നാൽ, മുക്തി അതാവിത് സ്വരാട്ട് എന്നതു കേവലമായ ആത്മനിയന്ത്രണഭാവമാകുന്നു. ഈ മുക്തിയെയാണ് ഇന്ത്യയിലെ സ്വരാജ് മതക്കാർ രാജ്യകാര്യങ്ങളിൽ ആവശ്യപ്പെടുന്നത്. അവരുടെ ഉദ്ദേശ്യം, ബാഹ്യമായ പ്രതിബന്ധങ്ങളിൽ നിന്ന് വിടുതൽ കിട്ടണമെന്ന് മാത്രമല്ല, തങ്ങളുടെ കാര്യങ്ങളെ നിയന്ത്രിക്കേണ്ടതിനുള്ള അവകാശവും തങ്ങൾക്കു തന്നെ ഉണ്ടായിരിക്കേണമെന്നാണ്. യൂറോപ്യന്മാർ പറയുന്ന ''ഫ്രീഡം'' എന്ന പദം ഈ വാക്കിൻെറ അർത്ഥത്തെ ശരിയായ് കുറിക്കുന്നില്ല. ''ഓരോരുത്തനും തൻ്റെ ഇച്ഛപോലെ പ്രവർത്തിക്കാൻ സ്വാതന്ത്രമുണ്ട്. എന്നാൽ, അതേ കാര്യത്തിന് അന്യന്മാർക്കുള്ള സ്വാതന്ത്ര്യത്തെ പ്രതിബന്ധിക്കരുത് എന്നുകൂടെ നിബന്ധനയുണ്ട്" - ഈ വിധത്തിലാണ് ഹെർബർട്ട് സ്‌പെൻസർ, സ്വാതന്ത്ര്യത്തെ നിർവചിച്ചിട്ടുള്ളത്. ഈ നിർവചനം ''ഇൻഡിവിജ്വലിസം'' എന്ന ഏകൈകത്വപ്രമാണത്തിൻെറ പ്രാബല്യത്താൽ അടയാളപ്പെടുത്തപ്പെട്ടതാണെന്നും; ഇതു ഹിന്ദുക്കളുടെ സ്വരാജ് മതത്തോടു യോജിക്കുന്നില്ലെന്നും അറിയേണ്ടതാണ്. കഴിഞ്ഞ 25 കൊല്ലമായിട്ട് സോഷ്യലിസം എന്ന സമുദായ സമീകരണത്വം യൂറോപ്യൻ രാജ്യങ്ങളിൽ മുമ്പിട്ടു കണ്ടിരിക്കുന്നുവെങ്കിലും, ഇതും ഹിന്ദുക്കളുടെ സ്വരാജ് മതത്തിന് കീഴായിരിക്കുന്നതേയുള്ളു. മനുഷ്യനിൽ ഈശ്വരാംശം ഉണ്ടെന്നും, മനുഷ്യജന്മത്തിൻെറ ഉദ്ദേശം പരമപുരുഷാർത്ഥമായ ആത്മസിദ്ധിയാണെന്നുമുള്ള ഹിന്ദുക്കളുടെ മതം ഈശ്വര വിചാരത്തിലും രാജ്യതന്ത്രത്തിലും ഒരുപോലെയാണെന്നും; താൻ ലോകത്തിനു വേണ്ടി ജീവിക്കയും, അതിനനുസരിച്ച് തൻ്റെ ജീവിതം സ്വതന്ത്രമായിരിക്കുകയും ചെയ്യുകയാണ് സ്വരാജ് പദത്തിന് ആവശ്യമെന്നും; ഈ അവസ്ഥയിൽ, ജനങ്ങൾ തമ്മിൽ തമ്മിലുള്ള വഴക്കുകളെയും വ്യത്യാസങ്ങളെയും കളഞ്ഞ്, ലോകോദ്ദേശ്യം തൻ്റെ ഉദ്ദേശമായും, ലോക ഹിതം തൻ്റെ ഹിതമായും, ലോകകാര്യം തൻ്റെ കാര്യമായും കരുതണമെന്നും ലേഖനത്തിൽ പറയുന്നു. രാജ്യതന്ത്രത്തിൽ, സ്വരാജ് എന്നത് സ്വരാജ്യസ്നേഹം മാത്രമല്ല; സ്വദേശാഭിമാനം എന്ന ഇടുങ്ങിയ സ്ഥിതിയല്ലാ അതിൻ്റെ ഉദ്ദേശ്യം. സ്വരാജ്യസ്നേഹവും സ്വദേശ ജനസ്നേഹവും മനുഷ്യവർഗ്ഗ സ്നേഹത്തിൽ ഉൾപ്പെടുത്തിയിരിക്കണമെന്നും; ഇതിൽ, തനിക്കു സ്വാതന്ത്ര്യം സിദ്ധിക്ക എന്നു മാത്രമല്ലാ, പുറമെ സമാധാനം ഉണ്ടായിരിക്ക എന്നുകൂടി അർത്ഥമായിരിക്കുന്നു എന്നും, ഇന്ത്യക്കാരുടെ സ്വരാജ് ഇതാണെന്നും ലേഖനകർത്താവ് പ്രസ്താവിക്കുന്നു.