സാമൂഹ പരിഷ്‌കാരം
- Published on March 14, 1908
- By Staff Reporter
- 702 Views
ഇന്ത്യയിലെ ഹിന്ദുക്കളുടെ ഇടയിൽ സാമൂഹ പരിഷ്കാരത്തിനു ആദ്യമായി ഉദ്യമിച്ചിരുന്ന രാജാരാമമോഹൻറായിയുടെ സ്വദേശം, ഇപ്പോൾ, രാജ്യകാര്യക്ഷോഭത്തിന്‍റെ ക്ഷീണദശയെ കുറെക്കൂടെ ക്ഷീണിപ്പിച്ചു കൊണ്ട്, സമുദായപരിഷ്കാരക്ഷോഭത്തിൽ പതിച്ചിരിക്കുന്നതായി കാണുന്നു. ജസ്റ്റീസ് ഡാക്ടര്‍ അശുട്ടോഷ് മുഖർജി, വിധവയായ തന്‍റെ ഇളയ പുത്രിയുടെ പുനർവിവാഹം ഈയിടെ ആഘോഷിച്ചതാണ് ഈ ക്ഷോഭത്തിന് ഹേതുവെന്ന് അറിയുന്നുണ്ട്. സ്വമാതാവലംബനത്തിൽ നിർബന്ധികളായ ബംഗാളിലെ ഹിന്തു ബ്രാഹ്മണരുടെ സമൂഹത്തിൽ ഉൾപ്പെട്ട ഒരാളാണ് ഡാക്ടര്‍ മുഖർജി എന്നുള്ള വസ്തുത പ്രസിദ്ധമാണല്ലൊ. ഇദ്ദേഹത്തിന്‍റെ 12 വയസ്സായ പുത്രിയെ ആദ്യം വിവാഹം ചെയ്തിരുന്ന ആൾ മരിച്ചു പോകയ്യും, ആ ബാലികയെ മറ്റൊരാൾക്ക് പുനർവിവാഹം ചെയ്തു കൊടുപ്പാൻ ഡാക്ടര്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. ഈ കർമ്മം വളരെ ആഡംബരത്തിലല്ലാ നടത്തുവാൻ നിശ്ചയിച്ചിരുന്നതെങ്കിലും, പല ഇഷ്ടജനങ്ങളുടെയും സമുദായപരിഷ്കാരികളുടെയും സന്നിധിയിൽ വച്ച് ആഘോഷിക്കേണമെന്ന് കരുതിയിരുന്നു. വിവാഹത്തിനു മുമ്പായി, ഈ കർമ്മത്തെ മുടക്കം ചെയ്യുവാൻ ആ ബാലികയുടെ ആദ്യഭർത്താവിന്‍റെ ചാർച്ചക്കാർ, കോടതിയിൽ ഹർജി കൊടുക്കയും, കോടതി അപേക്ഷയെ ത്യജിക്കുകയും ചെയ്തു. പുനർ വിവാഹം മുറപ്രകാരം നടന്നു. ഇതിന്മേൽ, കുപിതരായ, സ്വമതാവലംബി ബ്രാഹ്‌മണർ, നാട്ടുഭാഷാ പത്രങ്ങൾ മുഖേനയും മറ്റു പ്രകാരത്തിലും, ഡാക്ടര്‍ മുഖർജിയെ അധിക്ഷേപിക്കുകയും, ഭീഷണി പ്രയോഗിക്കുകയും ചെയ്ത് അനല്പമായ ബഹളം ഉണ്ടാക്കിവരുന്നുവെന്ന് കാണുന്നു. ഡാക്ടര്‍ മുഖർജിയുടെ അനേകം ക്ലേശങ്ങൾക്കിടയിലുള്ള ധൈര്യപൂർവ്വമായ പരിഷ്‌കാര പ്രവർത്തിയെപ്പറ്റി ശ്ലാഘിപ്പാന്‍ ഈയിടതന്നെ കൽക്കത്താവിൽ മിസ്റ്റര്‍ സുരേന്ദ്രനാഥ ബാണർജിയുടെ അധ്യക്ഷതയിങ്കീഴിൽ ഒരു മഹാജനസമ്മേളനം നടത്തുകയും ബെംഗാളിലെ ഹിന്തു സമുദായപരിഷ്‌കാരത്തിന്‍റെ ഈ പുതിയ ദശയെ അനുമോദിക്കയും ചെയ്തിരിക്കുന്നു.
ബെംഗാൾ വ്യവചേ്ഛദത്തെക്കുറിച്ച് ക്ഷോഭം ഉണ്ടാക്കി, സ്വദേശി വ്രതവും വിദേശി ത്യാഗവും പ്രയോഗിച്ച് പലേ ലഹളകൾക്ക് കാരണമാക്കി വരുന്ന ബെംഗാളികളുടെ സ്വരാജ്യവാദത്തെ ഖണ്ഡിച്ച്, രാജ്യകാര്യത്തിൽ, പ്രതികക്ഷ്യയിൽ നിൽക്കുന്ന ജനങ്ങൾ പുറപ്പെടുവിക്കുന്ന ആക്ഷേപങ്ങളിൽ ഒന്ന്, ഹിന്തുക്കൾ തമ്മിൽ തന്നെയുള്ള ആഭിജാത്യത്തിരക്കിനെ ത്യജിക്കുന്നതിന് മനസ്സോ ശക്തിയോ ഇല്ലാത്തവരായിരിക്കെ, സ്വയം ഭരണാവകാശം അവർക്ക് നൽകുന്നതിന് എന്ത് ഔചിത്യമുണ്ടെന്നുള്ളതാകുന്നു. ഹിന്തു സമുദായത്തെ അധഃപതിപ്പിച്ചിരിക്കുന്ന ഹേതുക്കളിൽ മുഖ്യമായത് ജാത്യാചാരനിഷ്കർഷയാണെന്ന് വളരെക്കാലമായി കണ്ടിരിക്കെ, ആ പ്രതിബന്ധത്തെ അകറ്റി, സമുദായത്തിന്‍റെ സ്വച്ഛന്ദമായ അഭിവൃദ്ധിയ്ക്ക് മാർഗ്ഗം ഉണ്ടാക്കികൊടുക്കുവാൻ സമുദായസ്നേഹികൾ കടപ്പെട്ടവരാണെന്ന് ജസ്റ്റിസ് റാനഡെ, ഈശ്വരചന്ദ്രവിദ്യാസാഗർ മുതലായ മാന്യന്മാർ അവരുടെ പ്രവൃത്തികൾ മുഖേന അറിയിച്ചിട്ടുണ്ട്. ഹിന്തുക്കൾ തമ്മിൽ യോജിക്കുന്നതിനു പോലും തടസ്ഥമായിരിക്കുന്ന ആചാരങ്ങളെ പരിഷ്‌കരിച്ച് ഹിന്ദുക്കൾ തന്നെ ഒരുമിപ്പുള്ളവരായി കാണപ്പെടുന്നതു വരെ, അവർ മതം കൊണ്ടും, ആചാരം കൊണ്ടും, ഭാഷ കൊണ്ടും വേഷം കൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്ന ഇതര ജനങ്ങളുമൊന്നിച്ച് യോജിപ്പായി രാജ്യം ഭരിച്ചു പോകുവാൻ യോഗ്യന്മാരായിരിക്കയില്ലാ, എന്നുള്ള ആക്ഷേപം നീക്കുന്നതിന് മതിപ്രഭാവമുള്ള സമുദായ പരിഷ്ക്കാരികളുടെ ഉത്സാഹം എത്രയോ ആവശ്യമാണ്. രാജ്യഭാരപരിഷ്‌കാരത്തിനായി യത്‌നിക്കും മുമ്പ്, സാമുദായ പരിഷ്‌കാരത്തിന് ഉത്സാഹിക്കണമെന്നും ഇവ രണ്ടും ഒന്നോടൊന്ന് ചേർന്ന് നിന്നാലേ സുസാധമായിരിക്കയുള്ളൂ എന്നും സിദ്ധാന്തിച്ചിരിക്കുന്ന സമുദായ പരിഷ്കാരികളുടെ അഭിപ്രായങ്ങൾ, ജസ്റ്റീസ് റാനഡെയുടെ കാലത്തിനിപ്പുറമായി, കുറെ മന്ദഗതിയിൽ പ്രവർത്തിക്കുകയായിരുന്നു. എന്നുമാത്രമല്ലാ, ഈയിട ഏതാനും കൊല്ലമായി, രാജ്യകാര്യക്ഷോഭം, സമുദായ പരിഷ്‌കാര ശ്രദ്ധയെ കീഴാക്കിക്കളഞ്ഞിരിക്കയുമാണ്. സമുദായ പരിഷ്‌കാരത്തിനുള്ള ഉദ്യമം ആദ്യമായി ഉണ്ടായ ബംഗാളത്തു തന്നെയാണ് അതിലേക്ക് പ്രബലന്മാരായ വിരോധികൾ ഉണ്ടായിരിക്കുന്നതെന്നും വ്യസനിക്കാതെ കഴികയില്ലാ. ബാല്യവിവാഹം നിമിത്തം സമുദായത്തിന് നേരിട്ടിരിക്കുന്ന ദോഷങ്ങളെ അകറ്റുന്നുന്നതിനുള്ള യത്ന മാർഗ്ഗങ്ങളിൽ ഒന്ന് പുനർവിവാഹ വ്യവസ്ഥയാകുന്നു. വിധവകളെ പുനർവിവാഹിപ്പിച്ചു്കൂടാ എന്നു വയ്ക്കുന്നതുകൊണ്ടു, സ്ത്രീവർഗ്ഗത്തിനുണ്ടാകുന്ന കഷ്ടത ദുസ്സഹമെന്നും, പ്രകൃതി നിയമങ്ങളെ നിരോധിച്ച് പ്രവർത്തിക്കുന്നതിന് അവർക്കുള്ള അശക്തത നിമിത്തം ഉണ്ടായിക്കാണുന്ന ദോഷങ്ങൾ അനല്പങ്ങളെന്നും സംവദിക്കാതെയിരിപ്പാൻ പാടില്ലാ. ഇങ്ങനെയുള്ള ക്ലേശങ്ങളിൽ നിന്ന് സ്ത്രീകളെയും അതുവഴി സമുദായത്തെയും മോചിപ്പിക്കുന്നതിന്, ഡാക്ടര്‍ മുഖർജിയെ പോലെയുള്ള ഹിന്തുപ്രമാണികൾ യത്നിച്ചാൽ സമുദായപരിഷ്‌കാരം എത്രയോ എളുപ്പം സാധ്യമായിരിക്കുന്നതാണ്. ഡാക്ടര്‍ മുഖർജിയ്ക്ക് ഈ പുനർവിവാഹകർമ്മം നടത്തിക്കുന്നതിൽ നേരിട്ട പ്രതിബന്ധങ്ങളെ അദ്ദേഹം ധൈര്യത്തോടു കൂടി എതിർത്തു നിന്നത്, മറ്റുള്ള സമുദായപരിഷ്കാരികൾക്ക് ഒരു ഉചിതമായ പാഠമായിരിക്കുമെന്നു തന്നെ നമുക്ക് വിശ്വസിക്കാം.