പബ്ലിക് സർവ്വീസിൻെറ ദൂഷകതാബീജം
- Published on May 13, 1908
- By Staff Reporter
- 481 Views
ഈ നാട്ടിലെ ഗവൺമെന്‍റ് കീഴ്ജീവനക്കാരുടെ ഉദ്യോഗ നടത്തയെ വഷളാക്കുന്ന ഹേതുക്കളിൽ മുഖ്യമായ ഒന്ന്, മേലുദ്യോഗസ്ഥന്മാരിൽ പലരുടെയും ഇടയിൽ പുഷ്ടിയെ പ്രാപിച്ചു വരുന്ന അസത്യം, അനീതി മുതലായ ദുരാചാരങ്ങളാണെന്ന് വായനക്കാരുടെ ഗണനയിൽ പെട്ടിരിക്കയില്ല. പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ചവരായും, അല്ലാത്തവരായും, പല ഉദ്യോഗസ്ഥന്മാർ, ഈ ഗവൺമെന്‍റിന്‍റെ ചുമതലപ്പെട്ട വകുപ്പുകളിൽ മേലാവുകളായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. ഇവർ, ജീവിതത്തിലെ നിത്യാചാരങ്ങളിൽ, ശ്രേഷ്ഠമായ മാതൃകയെ കുറിയായ് കരുതാതെ, പണലാഭത്തിൽ മാത്രം ഇച്ഛ വച്ച് ജോലികൾ നടത്തുന്നതു കൊണ്ട്, പലപ്പോഴും സത്യത്തെയും ന്യായത്തെയും വെടിഞ്ഞു നടക്കാറുണ്ട്. തിരുവിതാംകൂർ സംസ്ഥാനത്ത് കൈക്കൂലി തുടങ്ങിയ അഴിമതികൾ നിർബാധമായി സഞ്ചരിക്കുമെന്നായതോടെ, മേൽ പറഞ്ഞതരം ഉദ്യോഗസ്ഥന്മാരുടെ സദാചാരനിഷ്ഠയും അയഞ്ഞു തുടങ്ങിയിട്ടുണ്ട്. വേല ചെയ്യാതെ പണം ലഭിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയുണ്ടോ, ഏതെല്ലാം നിർമ്മിക്കാമോ, തുടങ്ങിയവയെ പിന്തുടരുന്നതിന് ഈ നാട്ടിലെ ഉദ്യോഗസ്ഥന്മാർക്ക് ശങ്കയില്ല എന്ന് തെളിയിക്കുവാൻ അനേകം ദൃഷ്ടാന്തങ്ങൾ ഉണ്ട്. രോഗചികിത്സക്കായിട്ടും മറ്റു കാര്യങ്ങൾക്കായിട്ടും വളരെ നാൾ, ജോലി ചെയ്യേണ്ട കാലത്ത് ഒഴിവ് വാങ്ങി പോകുന്ന പല ഉയർന്ന തരം ഉദ്യോഗസ്ഥന്മാർ വേല ചെയ്യേണ്ടാത്ത വെക്കേഷൻ കാലങ്ങളിൽ, മുഴുവൻ ശമ്പളം ലഭിക്കുന്നതിന് വേണ്ടി, വളരെ ക്ലേശപ്പെട്ട്, വെക്കേഷൻ തുടങ്ങുന്നതിന് ഒന്ന് രണ്ടു ദിവസം മുമ്പ്, തിരിയെ ജോലിയിൽ പ്രവേശിക്കുന്നത് അപൂർവമായ സംഗതിയല്ല. ഇപ്രകാരം ഒഴിവു വാങ്ങുകയും, തിരിയെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗസ്ഥൻമാർക്ക് അവകാശവാദം ചെയ്യാൻ, അത്തരക്കാർ, ചേർന്ന് തന്നെ ചില അവധി നിയമങ്ങളും ചട്ടങ്ങളും നിർമ്മിച്ചിട്ടുണ്ടെങ്കിലും, അവരുടെ പ്രത്യാഗമനത്തിന്‍റെ ഉദ്ദേശം ശമ്പളലാഭം എന്നല്ലാതെ, പൊതുജനകാര്യാന്വേഷം എന്ന് സ്ഥാപിക്കുവാൻ കഴിയുകയില്ല. ഗവൺമെന്‍റിലെ ഖജനാവിലുള്ള പണം പ്രജകളിലൊരുവന്‍റെയും സ്വന്തം മുതൽ അല്ലായ്ജകയാൽ, അതിനെ അപഹരിക്കുന്നത് നീതി സിദ്ധാന്തങ്ങൾക്ക് വിരുദ്ധമല്ലെന്നാണ് ഇവർ വിചാരിക്കുന്നത്. താൻ, ന്യായമായ വേല ചെയ്യാതെ ഇരിക്കുമ്പോൾ, ആ വേലയ്ക്ക് വച്ചിരിക്കുന്ന പ്രതിഫലത്തെ എടുത്തു കൊള്ളുന്നത് അനീതിയാണെന്ന് ഇവർ അറിയാതെയോ, അറിഞ്ഞാലും ഗണ്യമാക്കാതെയോ ഇരുന്നാൽ, ഇവരുടെ കപടതന്ത്രങ്ങൾ, കീഴ്ജീവനക്കാർക്ക് ദൂശ്യമായ പാഠം നല്കുമെന്നുള്ളതിൽ സന്ദേഹമില്ല. ഈ വിധത്തിലുള്ള മറ്റൊരു അപഹരണനയം മേല്പറഞ്ഞ ഉദ്യോഗസ്ഥൻമാർ, സർക്കീട്ട് ബത്ത മേടിക്കുന്നതിൽ കാണിക്കുന്നുണ്ട്. സർക്കീട്ടിന് നാൾ കണക്കാക്കുന്നത് രാത്രി 12 മണി മുതൽക്കാണെന്നു തോന്നുന്നു. അധികം അകലം സഞ്ചരിച്ചിട്ടില്ലെങ്കിൽ ദിവസച്ചിലവ് കിട്ടത്തക്ക വിധത്തിൽ സർക്കീട്ട് സമയത്തെ റിപ്പോർട്ട് ചെയ്യുന്നവർ പലരുണ്ട്. ഒരു ദിവസത്തിൽ സഞ്ചരിക്കേണ്ട ദൂരം തികഞ്ഞിട്ടില്ലെങ്കിൽ, അപ്രധാനങ്ങളായ ദേശങ്ങളുടെ പേരും പറഞ്ഞ് കൂടുതൽ നാഴികയ്ക്ക് വ്യാജ കണക്കെഴുതി ബത്തയ്ക്കായി ബില്ലയയ്ക്കുന്നവരും പലർ ഉണ്ട്. ഇങ്ങനെ പല കൃത്രിമ സമ്പ്രദായങ്ങളിലും, അസത്യ കഥനം ചെയ്ത്, സർക്കാർ പണത്തെ അപഹരിക്കുന്ന മേലുദ്യോഗസ്ഥന്മാരുടെ കപട നയങ്ങൾക്ക് മാസംതോറും, ആക്ഷേപിച്ച് തിരികെ അയയ്ക്കപ്പെടുന്ന ബില്ലുകളെ ഗവൺമെന്‍റ് പരിശോധിച്ചാൽ, വേണ്ടുവോളം ഉദാഹരണം കിട്ടുന്നതാണ്. തിരുവിതാംകൂറിൽ, മാസശമ്പളത്തിലിരട്ടിയോളം യാത്രപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ ഉണ്ടെന്നു ഞങ്ങൾക്കറിയാം. അമ്പത് ഉറുപ്പിക ശമ്പളമുള്ള ഒരു ഉദ്യോഗസ്ഥന് മാസത്തിൽ നൂറു രൂപ വീതം സഞ്ചാര ബത്ത കൊടുക്കുന്നതായാൽ, ഗവൺമെന്‍റ് പണം എത്ര വേഗം നശിക്കുമെന്ന് ഊഹിക്കാവുന്നതാണല്ലോ. ചില ഉദ്യോഗസ്ഥൻമാർ മുഖ്യമായും അതാതു മാസത്തെ വീട്ടു ചിലവിനുള്ള പണമുണ്ടാക്കാൻ വേണ്ടി മാത്രം സർക്കീട്ടു പോവുകയും, ശമ്പളം വാങ്ങി കടം വീട്ടുകയോ ചിട്ടി കെട്ടുകയോ മറ്റോ ചെയ്യുകയും ചെയ്യുന്നുണ്ട്. ഇവരുടെ വക്രനയങ്ങളെ രാജ്യഭരണ കർത്താക്കന്മാർ നോക്കാറില്ലായ്കയാലും, ബത്തയ്ക്ക് ബില്ലുകൾ പരിശോധിച്ച് വിടേണ്ട ജീവനക്കാർ ചിലപ്പോൾ ദാക്ഷിണ്യം കാണിക്കയാലും, ഗവൺമെന്‍റ് പണാപഹരണത്തിൽ ഇവർ "പശ്യതോഹര"ന്മാരായിരിക്കുന്നു. ഇവരുടെ ദുർന്നയങ്ങളെ കീഴ്ജീവനക്കാർ അനുവർത്തിക്കേണ്ടിയിരിക്കുന്നതു കൊണ്ട് അസത്യം, അനീതി എന്നിവ അതാതു ഡിപ്പാർട്ടുമെന്‍റിൽ എങ്ങും വ്യാപിക്കുന്നു. പബ്ലിക് സർവ്വീസിന്‍റെ ദുഷ്കീർത്തി വർദ്ധനയുടെ ഹേതു ഇങ്ങനെയിരിക്കുന്ന സ്ഥിതിക്ക്, ഗവൺമെന്‍റിന് കളങ്കമുണ്ടാകുന്നത് അത്ഭുതമല്ല.