വിദ്യാർത്ഥി സങ്കടം

  • Published on March 07, 1908
  • Svadesabhimani
  • By Staff Reporter
  • 111 Views

ഇന്നത്തെ സ്കൂൾ കുട്ടികളാണ് നാളത്തെ ഗവൺമെന്‍റുദ്യോഗസ്ഥന്മാരായും, പൗരന്മാരായും വരുന്നത്, എന്ന് പ്രമാണികൾ പറയുന്നത് ശരിയാണെന്ന് സമ്മതിക്കാമെങ്കിൽ, തിരുവിതാംകൂറിലെ ഭാവി കാലത്തെ ഉദ്യോഗസ്ഥന്മാരും പൗരന്മാരും, പ്രജാപീഡനം  എന്ന സംഗതിയെ വിശേഷണ അറിയേണ്ടതായി വരുകയില്ല. വിദ്യാഭ്യാസ വകുപ്പ് പരിഷ്‌ക്കാരം ചെയ്തതിൻെറ ശേഷമായി, വിദ്യാർത്ഥികൾക്ക്  നേരിടുവിച്ചിരിക്കുന്ന  പ്രതിബന്ധങ്ങൾ ഇപ്പോൾ കേവലം ജനമർദ്ദനം ആയിത്തീർന്നിരിക്കുന്നു. തിരുവിതാംകൂറിലെ പാഠശാലകളിൽ അപ്പോഴപ്പോൾ പാഠ്യപുസ്തകങ്ങൾ മാറ്റി ഏർപ്പെടുത്തുന്നതുകൊണ്ട് ഉണ്ടായി വരുന്ന സങ്കടങ്ങളെ ഞങ്ങൾ പലതവണ പറഞ്ഞിട്ടുണ്ട്. പുതിയ ഇംഗ്ലീഷ് പുസ്തകങ്ങൾ ആണ്ടു തോറും നിശ്ചയിക്കുന്നതിനാൽ, ഏറെ പണം അതിലേക്കായിട്ടു തന്നെ വിദ്യാർത്ഥികളുടെ പക്കൽനിന്ന് ചെലവാക്കുന്നു. എന്നാൽ, ഈ പുസ്തകങ്ങൾക്ക് മിക്കവാറും നിയതമായ വില വച്ചിട്ടുള്ളതിനാൽ, അനാവശ്യമായ അധിക ചെലവ് ചെയ്യേണ്ടതായി തീർന്നു എന്ന് വരാറില്ല. പണം സമ്പാദിക്കണമെന്ന് മാത്രം മോഹം കൊണ്ട് വല്ലതും എഴുതി, വല്ല പ്രകാരം അച്ചടിപ്പിച്ച്, വല്ല വഴിയായി പാഠ്യപുസ്തകമായി സ്വീകരിപ്പിച്ച്, വിദ്യാർത്ഥികളെ കൊള്ളയിടുന്ന ചില ഗ്രന്ഥകർത്താക്കന്മാരെയും പ്രസിദ്ധീകർത്താക്കന്മാരെയും പുസ്തക വ്യാപാരികളെയും സഹായിക്കുവാൻ ഗവൺമെന്‍റ്  തയ്യാറായിരിക്കുക നിമിത്തം, വിദ്യാർത്ഥികൾ പെടാറുള്ള ക്ലേശമാണ് തീരെ അസഹ്യമായുള്ളത്. കഷ്ടിച്ച് ഒരണ അച്ചടിക്കൂലി മുതലായ ചെലവടങ്ങുന്ന പുസ്തകങ്ങൾക്ക്, ഗ്രന്ഥകർത്താക്കന്മാർ നാലും അഞ്ചും അണ വില വയ്ക്കുകയും  പ്രസിദ്ധീകർത്താക്കന്മാരുടെ പക്കൽ നിന്ന് കുറഞ്ഞ വിലയ്ക് മൊത്തമായി വാങ്ങി എട്ടും പത്തും ചിലപ്പോൾ പന്ത്രണ്ടും അണയ്ക്ക് പുസ്തക വ്യാപാരികൾ വിൽക്കുകയും ചെയ്യുക എന്നു വന്നാൽ, ബഹുജനങ്ങൾ പാപ്പരാകുന്നതിനുള്ള വഴികളിൽ ഒന്ന്, കാൺമാൻ  ഏതും പ്രയാസമില്ല. ഒരു സംഗതി വിചാരിച്ചാൽ, കൈക്കൂലി മുതലായ അഴിമതികളാൽ വ്യാകുലപ്പെട്ടു കിടക്കുന്ന ഈ സംസ്ഥാനത്തിലെ കൈക്കൂലിപ്പാപികളേക്കാൾ ക്രൂരതരന്മാരായ പണാപഹാരികൾ മേൽപ്പറഞ്ഞ ഗ്രന്ഥകർത്താക്കന്മാരും സംഘവുമാണെന്ന് പറയേണ്ടി വരും. അന്നന്നു വേല ചെയ്ത് ഉപജീവനം കഴിക്കുന്ന ഒരു കൂലിവേലക്കാരന് തൻ്റെ മകനെ എഴുത്തു പഠിപ്പിക്കണമെങ്കിൽ, ഒരു ദിവസത്തെ കൂലി കൊണ്ട് ഒരു പുസ്തകം വാങ്ങിയിട്ട് പട്ടിണി കിടന്നു കൊള്ളാമെന്നുള്ളപ്പോൾ, എട്ടും പത്തും  ദിവസം പട്ടിണി കിടക്കേണ്ടി വരുന്നതായാൽ, അങ്ങനത്തെ ഒരു സംസ്ഥാനത്തിലെ വിദ്യാഭ്യാസ വ്യവസ്ഥ, ജനക്ഷേമത്തിനു എത്ര സഹായമായിരിക്കും? വിദ്യാർത്ഥികളുടെ ഈ വക കഷ്ടതകൾ, അവർ ന്യായമായി സഹിക്കേണ്ടതായിരുന്നതിനാൽ, അവർ അനുഭവിക്കുന്നത്, അവരെ ലോകത്തിലെ ക്ലേശങ്ങളിൽ ശക്തന്മാരാക്കുമെന്ന് സമാധാനപ്പെടാം. എന്നാൽ, ഈ കഷ്ടപ്പാടുകൾ ന്യായമല്ലെന്ന് അവർക്ക് അറിയാവുന്നതു കൊണ്ട്, അവർ, " പഠിച്ച മൂപ്പന്മാരുടെ " യും, ഇവരുടെ ധനേച്ഛയെ - ദുരാശയെ - പോഷിപ്പിക്കുന്ന വ്യാപാരികളുടെയും നിർദ്ദയതയെയും, വഞ്ചനകളെയും, അപഹരണങ്ങളെയും ഗ്രഹിക്കയും; ഭാവി കാലത്ത് ജനങ്ങളെ പീഡിപ്പിക്കേണ്ടതിനുള്ള വഴികൾ അവരുടെ മനസ്സിൽ ദൃഢമായി പതിയുകയും ചെയ്യുന്നു. ഇങ്ങനെ, ജനമർദ്ദനത്തിൽ വളർത്തപ്പെടുന്ന ബാലമാർ അന്യർത്ഥാ ഭവിക്കുന്നത് എങ്ങനെയാണ്? ബാലന്മാരുടെ വിദ്യാഭ്യാസം ഒരു ഗവൺമെന്‍റിന്‍റെ കടമയായിരിക്കുന്നത്, അവരെ ഉത്തമ ഗുണങ്ങളോടു കൂടിയ പൗരന്മാരായി വളർത്തുവാൻ ആവശ്യമുണ്ടായിരിക്കയാലാണല്ലോ. അവരുടെ പണസഞ്ചിയെ അന്യായമായും അക്രമമായും അപഹരിക്കുന്ന കൊള്ളക്കാരുടെ കുത്സിത നയങ്ങളെ ഗവൺമെന്‍റ്  തടുക്കാതിരിക്കയും, ഏറെക്കുറെ സഹായിക്കുകയും ചെയ്യുന്നതായാൽ, അവർക്കു നൽകുന്ന പ്രഥമ പാഠം തന്നെ എത്രയോ ദോഷാവഹമായി വരുന്നു, പാഠശാലകളിലേക്ക് പുസ്തകങ്ങൾ പാഠ്യങ്ങളായി നിശ്ചയിക്കുമ്പോൾ തന്നെ അവയ്ക്ക് ഇന്നയിന്ന വിലയായിരിക്കണമെന്നും, ആ വിലയ്ക്ക് തന്നെ കുട്ടികൾക്കു കിട്ടുവാൻ തക്ക വ്യവസ്ഥകൾ ഗ്രന്ഥകർത്താക്കന്മാരോ പ്രസിദ്ധീകർത്താക്കന്മാരോ ചെയ്തിരിക്കണമെന്നും, ആവശ്യം പോലെ എല്ലാവർക്കും പുസ്തകം കിട്ടുവാൻ തക്കവണ്ണം വേണ്ട പ്രതികൾ അച്ചടിപ്പിച്ചിരിക്കണമെന്നും, ഗവൺമെന്‍റില്‍ നിന്ന് ഏർപ്പാടു ചെയ്യാത്തതു കൊണ്ടാണ്, ഈമാതിരി കൊള്ള നടന്നു കൊണ്ടിരിക്കുന്നത്. അച്ചടിച്ചു വില നിശ്ചയിച്ചു പ്രസിദ്ധമാക്കത്തക്ക പുസ്തകം യാതൊന്നും പാഠ്യപുസ്തകമായി സ്വീകരിക്കയില്ലെന്നു നിർബന്ധം വച്ചിരുന്നാൽ, ഇപ്പോൾ കാണാറുള്ളതിന്മണ്ണം, പുസ്തകത്തിൻെറ പേരു മാത്രം അറിഞ്ഞ് പുസ്തകം പാഠ്യമായി നിശ്ചയിച്ച ശേഷം, അച്ചടിപ്പിക്കയും, ആവശ്യത്തിൻെറ ആധിക്യം കണ്ട് ക്രമത്തിലധികം വില വയ്ക്കയും, കുട്ടികൾക്ക് പണനഷ്ടം വരുത്തുകയും ചെയ്യുവാൻ സംഗതിയാവുകയില്ലായിരുന്നു. ഇതിനിടയിൽ, ഗവൺമെന്‍റ്  തന്നെ ഇപ്രകാരം ഉള്ള നഷ്ട്ടം വിദ്യാർത്ഥികൾക്ക് നേരിടുവിച്ചു വരുന്നതാണ് വളരെ കഠിനമായ ആക്ഷേപത്തിന് പാത്രമായിരിക്കുന്നത്. സർക്കാരിൽ നിന്ന് പ്രസിദ്ധീകരിച്ച ബാലപാഠം മുതൽ നാലാം പാഠം വരെയുള്ള പുസ്തകങ്ങൾക്ക് അതാതിൻെറ പ്രസിദ്ധീകരണത്തിന് അടുത്ത കാലങ്ങളിൽ, എത്രയോ ദൗർലഭ്യവും, വില എത്രയോ കൂടുതലും ആയിട്ട്, കുട്ടികൾ കഷ്ട്ടപ്പെട്ടിരിക്കുന്നു; ഇപ്പോഴും കഷ്ടനഷ്ടങ്ങൾ അനുഭവിച്ചും വരുന്നുണ്ട്. ഈയിട മലയാളം നാലാം പാഠപുസ്തകത്തിൻെറ വിഷയത്തിലുണ്ടായിരിക്കുന്ന ക്ലേശങ്ങൾ കേവലം അചിന്തനീയം തന്നെ. സർക്കാർ പുസ്തകശാലയിൽ ഈ പുസ്തകം വാങ്ങാൻ ചെല്ലുന്ന പലർക്കും, പുസ്തകം കിട്ടുന്നില്ലെന്നും, ആ ദിവസങ്ങളിൽ തന്നെ വില ക്ഷുദ്രപുസ്തകക്കച്ചവടക്കാർ കെട്ടുകെട്ടായി വാങ്ങി ഇരട്ടി വിലക്ക് വിൽക്കുന്നു എന്നും പരാതിയുണ്ടായി തുടങ്ങിയിട്ട് വളരെ നാളായി. ഇന്നും ഈ സങ്കടം വർധിച്ചിരിക്കുന്നതേ ഉള്ളു. ഞങ്ങളെ അറിയിച്ചിരിക്കുന്ന അനേകം ആക്ഷേപങ്ങളെ ചിന്തിക്കുന്നതായാൽ, "വേവുന്ന പുരയിൽ വർദ്ധിച്ചാദായം" എന്ന മട്ടിൽ, നിറുത്തലിലാക്കാൻ പോകുന്ന സർക്കാർ പുസ്തകശാല കൊണ്ട്, ആരോ അന്യായമായ ആദായം പറ്റുന്നുണ്ടെന്നും, ഇതിലേക്ക് മേൽപ്പറഞ്ഞ പുസ്തകക്കച്ചവടക്കാർ ദല്ലാലുകളാണെന്നും ശങ്കിക്കേണ്ടതായിരിക്കുന്നു: സർക്കാർ പുസ്തകശാലയെ നിറുത്തലിലാക്കുവാൻ നിശ്ചയിച്ചതിൻെറ ശേഷം ഈവക പുസ്തകങ്ങളെ വിറ്റു തീർക്കുവാനായി മാത്രം, അതിനെ വച്ചു കൊള്ളുന്നതിന് ഗവൺമെന്‍റനുവദിച്ചത് ഒരു വലിയ അപനയമായിപ്പോയി, അക്കാലത്തു തന്നെ സർക്കാർ പുസ്തകങ്ങളെ, ഈ നഗരത്തിലുള്ള മാന്യ പുസ്തക വ്യാപാരികളിൽ ആർക്കെങ്കിലും ഏല്പിച്ചു കൊടുത്തിരുന്നുവെങ്കിൽ, കുട്ടികൾക്ക് ഈ കഷ്ടപ്പാട് ഉണ്ടാവുകയില്ലായിരുന്നു. വിദ്യാർത്ഥി കുക്കുടങ്ങളുടെ തൂവലുകളെ നിർദ്ദയമായി പിടുങ്ങിയെടുത്ത് നാടു മുഴുവൻ കർക്കശരോധനം ഉണ്ടാക്കുന്ന ഈ വ്യവസ്ഥകളെ ഗവൺമെന്‍റ്  ഇനിയെങ്കിലും ഭേദപ്പെടുത്തുകയില്ലെന്നുണ്ടോ?                

You May Also Like