കേരളവാർത്തകൾ - തിരുവിതാംകൂർ

  • Published on June 19, 1907
  • By Staff Reporter
  • 475 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ഡാക്ടര്‍ ലക്ഷ്മണന്‍ മദ്രാസിലേക്കു പോയിരിക്കുന്നു.

 രാജകീയ ഇംഗ്ലീഷ് കാളേജ് മിനിഞ്ഞാന്നു തുറന്നിരിക്കുന്നു.

 അപ്പാത്തിക്കിരി ഡിലേമസ്സിനെ കരുനാഗപ്പള്ളിയിലേക്കു മാറ്റിയിരിക്കുന്നു.

 ചീഫ് ഇഞ്ചിനീയര്‍ മിസ്റ്റര്‍ മിഞ്ചിന്‍ വടക്കന്‍ താലൂക്കുകളില്‍നിന്ന് തലസ്ഥാനത്തുമടങ്ങിഎത്തി.

 പോലീസുസൂപ്രണ്ട് മിസ്റ്റര്‍ ബെന്‍സ് ലി ഇന്നലെ തലസ്ഥാനത്തു എത്തിയിരിക്കുന്നു.

തിരുവിതാംകൂര്‍ സേവിങ്സ് ബാങ്ക് വ്യവസ്ഥ ചിങ്ങം 19-മുതല്‍ നടപ്പാകുന്നതാണ്.

 സബ് അസി. സര്‍ജ്ജന്‍ മിസ്റ്റര്‍ മാത്യവിനെ ജനറല്‍ ആശുപത്രിയിലേക്ക് തല്‍കാലം മാറ്റിയിരിക്കുന്നു.

കല്ലന്‍സ്കാളര്‍ഷിപ്പ്, ഗ്രിഗ്ഗ് സ്കാളര്‍ഷിപ്പ് ഇവയില്‍ ചില കുറവുചെയ്യുന്നതിന് ആലോചനയുണ്ടുപോല്‍.

മെസ്സേയീസ്സ് സി. ഡാനിയല്‍, എസ്. ഗോമസ് എന്നീഹാസ്പിറ്റല്‍ അസിസ്റ്റന്‍റുമാരെ പുതിയതായിനിയമിച്ചിരിക്കുന്നു.

 ദേവസ്വംവകുപ്പു പരിഷ്കരിക്കുന്നതു സംബന്ധിച്ച് മിസ്റ്റര്‍ രാമചന്ദ്രരായര്‍ ചില പുതിയ നിബന്ധനകള്‍ എഴുതിവരുന്നു.

' ലക്ഷ്മീഭായി'മാസികയുടെ നാല്പതു പ്രതികള്‍ തിരുവിതാംകൂര്‍ ഗവര്‍ന്മേണ്ടില്‍നിന്ന് വാങ്ങുവാന്‍ അനുവദിച്ചിരിക്കുന്നു.

 ഹജൂര്‍സിക്രട്ടറിയറ്റ് ആഫീസിലെ ക്ലാര്‍ക്കുകളില്‍ ചിലര്‍ക്ക് കയറ്റവും, ചില പുതിയ ആളുകള്‍ക്ക് ക്ലാര്‍ക്കുവേലയും ഇതിനിടെ കൊടുത്തിരിക്കുന്നുവത്രേ.

 ജെനറല്‍ ആശുപത്രിചാര്‍ജ് വഹിക്കുന്ന അസിസ്റ്റന്‍റ്  മിസ്റ്റര്‍ മാധവന്‍പിള്ളയ്ക്ക് ഹജൂര്‍ മെഡിക്കല്‍ ആഫീസര്‍ വേലകൂടെ കൊടുത്തിരിക്കുന്നു.

 കഴിഞ്ഞ വക്കീല്‍പരീക്ഷയില്‍, ഒന്നാം ഗ്രേഡിന് 5 പേരും, രണ്ടാംഗ്രേഡിന് 17 പേരും, ഹൈക്കോടതി സ്പെഷ്യലിന് 6 പേരും ജയിച്ചിരിക്കുന്നു.

കണ്ടുകൃഷിതഹശീല്‍ദാരായി നിയമിക്കപ്പെട്ടിരിക്കുന്ന മിസ്റ്റര്‍ മാതേവന്‍പിള്ളയ്ക്കു 50 രൂപമുതല്‍ 60 ക വരെ ശമ്പളസ്കെയില്‍ അനുവദിച്ചിരിക്കുന്നു.

 ഫിനാന്‍ഷ്യല്‍ സിക്രട്ടറി മിസ്റ്റര്‍ പി.വി കൃഷ്ണസ്വാമിച്ചെട്ടിക്ക് ശമ്പളക്കൂടുതല്‍ കിട്ടണമെന്ന് അപേക്ഷിച്ചതായും, ഗവര്‍ന്മെണ്ട് ഉപേക്ഷിച്ചതായും കേള്‍ക്കുന്നു.

 വടശ്ശേരിഅമ്മവീട്ടില്‍ ചിലര്‍ക്ക് ********ഊണുകഴിച്ചിട്ട് സുഖക്കേടുപിടിക്കയാല്‍, മേലാല്‍ ഗവര്‍ന്മേണ്ടു ചെലവിന്മേല്‍ ഞവരഅരി കൊടുപ്പാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.

 ഹജൂര്‍കച്ചേരിയിലുള്ള ജീവനക്കാര്‍, മേലാല്‍ പകല്‍ 11 മണി 5 മിനിട്ട് സമയത്തുതന്നെ കച്ചേരിയില്‍ ഹാജരായിരിക്കണമെന്ന് ദിവാന്‍ജി സര്‍ക്ക്യുലര്‍ പുറപ്പെടുവിച്ചിരിക്കുന്നു.

ആലപ്പുഴ ഒരു യൂറോപ്യന്‍മജിസ്ട്രേറ്റിനെ നിയമിച്ചുകൊടുക്കണമെന്ന് അവിടത്തെ യൂറോപ്യന്മാര്‍ചേര്‍ന്ന് ഗവര്‍ന്മേണ്ടിനോടു അപേക്ഷിച്ചതില്‍, അപേക്ഷയെ തള്ളിയിരിക്കുന്നു.

 രോഗചികിത്സയിലിരിക്കുന്ന എഡ്യൂക്കേഷനല്‍ സിക്രട്ടറി മിസ്റ്റര്‍ അയ്യപ്പന്‍പിള്ളയെ 'ഡയറക്ടര്‍ആഫ് പബ്ലിക്ക് ഇന്‍സ്ട്രക്ഷന്‍' ആക്കുവാന്‍ ആലോചനയുള്ളതായി ഒരു ലേഖകന്‍ കേള്‍ക്കുന്നു.

 തിരുവിതാംകൂര്‍ വിദ്യാഭ്യാസവകുപ്പില്‍ ചില പുതിയ പരിഷ്കാരങ്ങള്‍ ചെയ്യാന്‍ ഇടയുണ്ടുപോല്‍. നാട്ടുഭാഷാമഹാപാഠശാല (കാളേജ്) ഏര്‍പ്പെടുത്തുന്നതിന് ചിലര്‍ക്ക് ആഗ്രഹമുണ്ടെന്നാണ് കേള്‍വി.

 ചങ്ങനാശേരി ഇംഗ്ലീഷ് സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ മിസ്റ്റര്‍ ജ്ഞാനശിലാമണി ബി. ഏ. ബി. എല്‍. ആ പണി രാജിവയ്ക്കയും, ഗവര്‍ന്മേണ്ട് രാജി സ്വീകരിക്കയും ചെയ്തിരിക്കുന്നു, പകരം ആള്‍ നിയമിച്ചിട്ടില്ലാ.

 ഫൌസദാരീകമീഷണര്‍ അനന്തരാമയ്യരുടെ പൌത്രിയുടെ കല്യാണഅടിയന്തിരത്തിന് ആറ്റിങ്ങല്‍ തമ്പുരാട്ടിമാര്‍ എഴുന്നള്ളിയിരുന്നുഎന്നുള്ള പ്രസ്താവം സത്യമല്ലാ. ഈ തിരുമേനികള്‍ എഴുന്നള്ളിയിരുന്നില്ലാ എന്നറിയുന്നു.

 ദിവാന്‍മിസ്റ്റര്‍ ഗോപാലാചാര്യരെ ജോലി വിടുര്‍ത്തി അയപ്പാനും, പകരം മിസ്റ്റര്‍ രാജഗോപാലാചാരിയെ ദിവാന്‍ജിയായി നിശ്ചയിപ്പാനും മിക്കവാറും തീര്‍ച്ചപ്പെട്ടിരിക്കുന്നതായി തലസ്ഥാനത്തു പ്രബലമായ വര്‍ത്തമാനമുണ്ട്.

 ഇംഗ്ലീഷ് സ്ക്കൂളുകളിലെ ഓരോക്ലാസ്സിലുമുള്ള പരീക്ഷകളില്‍ ജയാപജയങ്ങള്‍ക്കും മറ്റും വിശദമായ കണക്കും, ഓരോന്നിനും കാരണവിവരണവും അയച്ചു കൊടുക്കണമെന്ന് വിദ്യാഭ്യാസ സിക്രട്ടറി സര്‍ക്ക്യുലര്‍  അയച്ചിരിക്കുന്നതായി അറിയുന്നു.

 പാഠശ്ശാലക്ഷേത്രത്തില്‍ ചില പണികള്‍ നടത്തിയതുസംബന്ധിച്ച് ചില പിശകുകള്‍ കാണുകയാല്‍ മരം****** ******* വിടുര്‍ത്തുവാനും, അനന്തരം ********* ദിവാന്‍പേഷ്കാര്‍ ഗവര്‍ന്മേണ്ടിനോടു ശിപാര്‍ശി ചെയ്തിരിക്കുന്നു.

 ആഫ്ഘാന്‍ ജാതിക്കാരായ ഏതാനും കള്ളന്മാര്‍ ഈ രാജ്യങ്ങളില്‍ സഞ്ചരിച്ചു വരുന്നതായും, അവര്‍ ക്ഷേത്രങ്ങള്‍ മുതലായ ധനശേഖരമുള്ള സ്ഥലങ്ങളെ ആക്രമിക്കുന്നതാണെന്നും, അതുകൊണ്ടു ടി സ്ഥലങ്ങളില്‍ വളരെ പ്രബലമായ ബന്തോവസ്തുക്കള്‍ ചെയ്തുകൊള്ളണമെന്നും ചിറയിങ്കീഴ്  താലൂക്കുകച്ചേരിയില്‍ എഴുതിവന്നിരിക്കുന്നതായി അറിയുന്നു.        (ഒരു ലേഖകന്‍)

 വട്ടയ്ക്കാട്ട് നായന്മാരുടെ സാമൂഹ്യ പരിഷ്കരണത്തിന്നായി സ്ഥാപിക്കപ്പെട്ട വട്ടയ്ക്കാട്ടുനായര്‍സമാജത്തിന്‍റെ മൂന്നാമത്തെ സമ്മേളനം ഈ മിഥുനമാസം 9നു കൊല്ലം മലയാളിസഭാമന്ദിരത്തില്‍വച്ച് രാജശ്രീ.കേ.പരമുപിള്ള എം. എ. അവര്‍കളുടെ അദ്ധ്യക്ഷതയിന്‍ കീഴില്‍ നടത്തുന്നതിന് നിശ്ചയിച്ചിരിക്കുന്നു. ആ അവസരത്തില്‍ കേ. പരമേശ്വരന്‍പിള്ള ബി. ഏ, ബി. എല്‍ അവര്‍കള്‍ സമുദായപരിഷ്കാരം സംബന്ധിച്ച ഒരു പ്രസംഗം നടത്തുന്നതാണ്.

 നെടുമങ്ങാട്ട് തഹശീല്‍മജിസ്ട്രേട്ട് ആര്‍. കെ.കൃഷ്ണപിള്ള അവര്‍കളെ കുന്നത്തൂരേക്കു സ്ഥലം മാറ്റിയിരിക്കുന്നതായി ഇതിനുമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇദ്ദേഹത്തിന്‍റെ കഴിഞ്ഞ ഭരണത്തെപ്പറ്റി സന്തോഷിച്ചും, വരുന്ന വിയോഗത്തെക്കുറിച്ച് സന്തപിച്ചും, ഭാവിശ്രേയസ്സിനായി പ്രാര്‍ത്ഥിച്ചും, നെടുമങ്ങാട്ടുതാലൂക്കുകാരായ ജനങ്ങളുടെ ഒരു വിശേഷാല്‍യോഗം കഴിഞ്ഞ ഞായറാഴ്ച അവിടുത്തെ സത്രം ഹാളില്‍കൂടുകയും, മിസ്റ്റര്‍ പിള്ളയ്ക്ക് ഒരു തേയില വിരുന്ന് കൊടുക്കുകയും ചെയ്തിരിക്കുന്നു. (ഒരു ലേഖകന്‍)

 കന്യാകുമാരിയിലേക്ക് "എഴുന്നള്ളത്ത്" രീതിയില്‍ പോയിരുന്ന "തമ്പുരാന്‍-തമ്പി" തലസ്ഥാനത്ത് മടങ്ങി എത്തിയിരിക്കുന്നു. ദേവീഭജനംകൊണ്ട് ഇതേവരെയുള്ള പാപംമുഴുവന്‍ കളഞ്ഞിരിക്കുമെന്നും, പുതിയ പാപങ്ങള്‍ ചെയ്യാന്‍ പൂര്‍വാധികം ശക്തി സിദ്ധിച്ചിരിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

 തിരുവിതാംകൂറിലെ രാജസേവക പ്രഭാവത്തെപ്പറ്റി കഴിഞ്ഞതിനു മുമ്പിലത്തെ ലക്കം "സ്വദേശാഭിമാനി"യില്‍ പറഞ്ഞിരുന്ന പ്രകാരത്തില്‍, ഇക്കഴിഞ്ഞ "മലബാര്‍ ഹിറാള്‍ഡ്" ഒരു മുഖപ്രസംഗം പ്രസിദ്ധം ചെയ്തിരിക്കുന്നു. ഇതില്‍ "ചരവണ"യുടെ പൌത്രിയുടെ കല്യാണത്തിനുണ്ടായ ഘോഷങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്.

 തിരുവനന്തപുരത്തു “വെസ്റ്റേണ്‍സ്റ്റാര്‍“ ആഫീസിനെതിരെയുള്ള സെന്‍റ് ജോസെഫ് സ്ക്കൂള്‍ കെട്ടിടത്തില്‍, "ലക്ഷ്മീഭായി സംഗീത വിദ്യാശാല"  എന്ന ഒരു പുതിയ പാഠശാല, പ്രസിദ്ധ സംഗീതകുശലനായ മിസ്റ്റര്‍ കുഞ്ഞന്‍പിള്ളയുടെ ഉത്സാഹത്താല്‍ തുടങ്ങിയിരിക്കുന്നു. ഇതിന്‍റെ പ്രാരംഭകര്‍മ്മം കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മിസ്റ്റര്‍ ഏ ജേ വീയറുടെ അദ്ധ്യക്ഷതയില്‍ വളരെ മോടിയായി നടത്തുകയുണ്ടായി. സംഗീതത്തെപ്പറ്റി മിസ്റ്റര്‍ ടി.ലക്ഷ്മണന്‍പിള്ളയുടെ ഒരു പ്രസംഗവും, വിദ്യാര്‍ത്ഥികളുടെ ഗീതപ്രയോഗങ്ങളും ഉണ്ടായിരുന്നു.

 ഇതിനു അടുത്തുണ്ടായ കള്ളനാണയകേസ്സില്‍ ഒളിച്ചോടിപ്പോയ നാണുപിള്ള ഇപ്പോള്‍ *******താമസിക്കുന്നതായും, ആവശ്യമുള്ള പണം സൌകര്യമ്പോലെ അയച്ചുതരുന്നതാണെന്നും മറ്റും അയാളുടെ ഭാര്യയ്ക്കു ഒരുഎഴുത്തു അയച്ചിട്ടുണ്ടായിരുന്നു. ഈ വിവരം എങ്ങനെയോ പൊലീസ്സുകാര്‍ അറിഞ്ഞു എഴുത്തുവരുത്തി നോക്കിയപ്പോള്‍, അതിനകത്തു അയാള്‍ക്കു അയക്കേണ്ടതായ മേല്‍വിലാസത്തില്‍ ഒരു "കവര്‍" ഉണ്ടായിരുന്നു. ഈ കവറിന്‍റെമേല്‍വിലാസംനോക്കി ഇവിടെനിന്നുംഒരു സ്റ്റേഷന്‍ആഫീസരും രണ്ടു കാണ്‍സ്റ്റബിള്‍മാരും പോയിരിക്കുന്നു. ഒ. ലേ.

 മൂവാറ്റുപുഴ സ്ക്കൂള്‍അസിസ്റ്റന്‍റ്  ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ കേ. നാരായണക്കുരുക്കളും, ഗവര്‍ന്മേണ്ടുംതമ്മില്‍ ചില ഗൌരവപ്പെട്ട എഴുത്തുകുത്തുകള്‍ നടക്കുന്നുവെന്നും, മിസ്റ്റര്‍ കുരുക്കളുടെ പലേ ഒഴിവ് അപേക്ഷകള്‍ക്കും ഗവര്‍ന്മേണ്ട് നല്‍കീട്ടുള്ള മറുവടികള്‍കൊണ്ട് അദ്ദേഹത്തിന് ദോഷമായി ആരോ എന്തോ പ്രവര്‍ത്തിക്കുന്നുണ്ടന്നു സംശയമുള്ളതായി ഗവര്‍ന്മേണ്ടിന് സാധനമെഴുതിയതില്‍ ചിലവാചകങ്ങളെ പിന്‍വലിക്കുകയോ, വ്യാഖ്യാനിക്കാന്‍ എഡ്യുക്കേഷനല്‍ ആഫീസ്സില്‍ എത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന്മണ്ണമാണ് മിസ്റ്റര്‍ കുരുക്കള്‍ ഇപ്പോള്‍ തലസ്ഥാനത്തു എത്തിയിരിക്കുന്നതെന്നും അറിയുന്നു.

 "ഒരു സന്തോഷമായകേള്‍വി" എന്ന തലവാചകത്തില്‍ പത്മനാഭപുരത്തു നിന്ന് ഒരു മാന്യന്‍ ഇങ്ങനെഎഴുതുന്നു:- നമ്മുടെ ദിവാന്‍ജി അവര്‍കളുടെ ബ്രിട്ടീഷിലെ ഉദ്യോഗ കാലാവധി അവസാനിച്ചതായും, ഉടനെ ഉദ്യാഗം ഒഴിഞ്ഞു പൊയ്ക്കൊള്ളാന്‍ തീരുമാനിച്ചിരിക്കുന്നതായും, അതനുസരിച്ചു ഏതാനും ദിവസത്തിനകം ഉദ്യോഗം ഒഴിഞ്ഞുപോകുന്നതായും  *******സ്ഥിരം ദിവാനായി രാജഗോപാലാചാരി അവര്‍കള്‍ വരാന്‍ ഇരിക്കുന്നതായും ഒരുകേള്‍വി ഇവിടെയുള്ള ജനങ്ങളെ സന്തോഷംകൊണ്ടു ഇളക്കി മറിച്ചു തുടങ്ങിയിരിക്കുന്നു, ഇതില്‍ വല്ല* വാസ്തവവുമുണ്ടോ?

 (* ഇങ്ങനെയൊരു കേള്‍വി തലസ്ഥാനത്തും ഉണ്ട്.       പത്രാധിപര്‍)

 തിരുവനന്തപുരം മണക്കാട്ട് "വിജ്ഞാനപ്രദായിനീ യുവജനസമാജ"ത്തിന്‍റെ ദ്വിതീയ വാര്‍ഷികയോഗം ഈ മിഥുനമാസം 9നു- പകല്‍ 4-മണിക്കു നേറ്റീവ് ഹൈസ്ക്കൂളില്‍വച്ച് രാജകീയ കാളേജ് മലയാളപണ്ഡിതര്‍ മ. രാ. മാ. പീ. കേ, നാരായണപിള്ള. ബി. ഏ. അവര്‍കളുടെ അദ്ധ്യക്ഷതയിന്‍കീഴില്‍ നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നു. ആ സമയം സി. എന്‍. എ. രാമയ്യാശാസ്ത്രീ അവര്‍കള്‍ ബി. എ " സമുദായപരിഷ്കാര താരതമ്യം" എന്ന വിഷയത്തെ കുറിച്ചും, ടി. കെ. വേലുപിള്ള അവര്‍കള്‍. ബി. ഏ. "സമുദായോല്‍ക്കര്‍ഷത്തിനുള്ള ചില പ്രതിബന്ധങ്ങള്‍" എന്ന വിഷയത്തെക്കുറിച്ചും, സീ. പി പരമേശ്വരന്‍ പിള്ള അവര്‍കള്‍ "രണ്ടു നംപൂതിരിപ്പാടന്മാരുടെ കൃതികള്‍" എന്ന വിഷയത്തെക്കുറിച്ചും പ്രസംഗിക്കുന്നതാണ്.

 ദിവാന്‍ മിസ്റ്റര്‍ ഗോപാലാചാര്യരുടെ തെക്കന്‍ സര്‍ക്കീട്ടിന്‍റെ വിശേഷങ്ങളെപ്പറ്റി ഒരു മാന്യലേഖകന്‍ എഴുതീട്ടുള്ള ലേഖനം മറ്റൊരു പംക്തിയില്‍ ചേര്‍ത്തിട്ടുണ്ട്. ദിവാന്‍ജിയുടെ പത്മനാഭപുരത്തെ താമസത്തിന് കല്‍ക്കുളം പാര്‍വത്യകാര്‍ക്ക് 79- രൂപയും, പൊന്മന പാര്‍വത്യകാര്‍ക്ക് 5-രൂപയും വീതം ചെലവായിട്ടുണ്ടെന്നും, അതിലേക്ക് പതിമൂന്നേകാല്‍ പണം (രണ്ടുബ്രിട്ടീഷ് രൂപയില്‍ കുറവ്) സര്‍ക്കാരില്‍നിന്ന് അനുവദിച്ചിട്ടുണ്ടെന്നും, നാഞ്ചിനാട്ട് ഊട്ടില്ലാത്ത ഒരു സ്ഥലത്തുപോയി നാലു ദിവസം താമസിച്ചതിന് അവിടത്തെ പാര്‍വത്യകാര്‍ക്ക് 75- രൂപ നഷ്ടമായിട്ടുണ്ടെന്നും അറിയുന്നു. സര്‍ക്കീട്ടു സംബന്ധിച്ചുള്ള പുതിയ സര്‍ക്കുലരിന്‍റെ പ്രകാശമാണ് ഇങ്ങനെ കാണുന്നത്. ഗവര്‍ന്മേണ്ടിന് ദിവാന്‍ വളരെ ലാഭംവരുത്തിയത്  "പീറ്ററിനെ മോഷ്ടിച്ചു പാളിനുകൊടുക്കുന്ന" വിധത്തിലാണെന്ന് ശങ്കിക്കേണ്ടി വരുന്നു.

 പത്മനാഭപുരത്തുനിന്ന് ഒരു മാന്യഗൃഹസ്ഥന്‍ എഴുതുന്നത്:- മിഥുനം 3- ഇന്നലെ കാലത്തു ശങ്കരന്‍തമ്പിയും പരിവാരവും (പത്മനാഭപുരത്ത്) എത്തി. നിങ്ങള്‍ നല്‍കിയ "തമ്പുരാന്‍" സ്ഥാനം ഒട്ടും അസ്ഥാനത്തിലല്ലാ. ഇന്നലെ പേഷ്കാരുടെ വീട്ടില്‍വച്ചു പൊടിപൊടിച്ച വിരുന്ന് ശങ്കരന്‍തമ്പിക്ക്, ഉദയഭാനുവിന് ധര്‍മ്മപുത്രര്‍ കൊടുത്ത പോലെയുള്ള വിരുന്നും മറ്റുംഅല്ലാ. അട പാല്‍പ്രഥമനില്‍ പാറ്റയും മറ്റും വീഴുകയില്ലാ. പേഷ്കാരുടെ (തിരുവനന്തപുരം) ******* മഠത്തിനു സമീപം കുറെ സര്‍ക്കാര്‍സ്ഥലം കിടപ്പുള്ളതിലാണ് കുതിരപ്പുര വച്ചിരിക്കുന്നത്.  അതിനെപൊളിപ്പിച്ചു മാറ്റിക്കുന്നതിനു ഇപ്പോള്‍ എഴുത്തുകുത്തു നടക്കുന്നുണ്ട്. വിവരത്തിനു പേഷ്കാര്‍ക്കു നോട്ടീസു കൊടുത്തപ്പോള്‍ രേഖാമൂലം മറുവടി കൊടുക്കാതെ, 1-ാം തഹശില്‍ മിസ്റ്റര്‍ പപ്പുപിള്ളയെ വരുത്തീട്ട്, മഹാരാജാവു തിരുമനസ്സിലെ ചികിത്സിച്ചതിന് പ്രതിഫലമായി തന്നിട്ടുള്ളതാണെന്നും, തന്ന ആള്‍തന്നെ നേരിട്ടുപറഞ്ഞാലല്ലാതെ പൊളിപ്പിക്കുന്നതല്ലെന്നും പറഞ്ഞുപോല്‍. ഈ വിരുന്നു സൽക്കാരം , ആ സംഗതിയെ നേരെയാക്കുമെന്ന് തോന്നുന്നു. പേഷ്കാരുടെ സേവന്മാരായി രണ്ടുപേര്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. നാരായണപിള്ള, കൃഷ്ണപിള്ള എന്ന രണ്ടുപേര്‍. ഇവര്‍ പല നുണകളും പറഞ്ഞ് പൊതുജനങ്ങള്‍ക്ക് ദോഷം നേരിടുവിക്കുന്നു.

You May Also Like