തിരുവിതാംകൂറിലെ മഹമ്മദീയ വിദ്യാഭ്യാസം

  • Published on February 19, 1908
  • Svadesabhimani
  • By Staff Reporter
  • 199 Views

തിരുവിതാംകൂറിലെ മഹമ്മദീയരുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഇന്നലത്തെ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗവർന്മേണ്ട്  പ്രൊസീഡിംഗ്സ് ഇവിടത്തെ    മഹമ്മദീയ സമുദായത്തിന്മധ്യേ, അനല്പമായ സന്തോഷത്തെ ജനിപ്പിക്കുമെന്നുള്ളതിൽ സന്ദേഹമില്ല. ഈ സംസ്ഥാനത്ത് പാർക്കുന്ന നാനാജാതി മതസ്ഥരായ പ്രജാവിഭാഗങ്ങളിൽ, മഹമ്മദീയർ, ശരാശരി ക്രമത്തിന്, വിദ്യാഭ്യാസത്തിൽ വളരെ പിന്നിൽ കിടക്കുന്നു എന്നുള്ള സംഗതി കാനേഷുമാരിക്കണക്കുകളാൽ വെളിപ്പെടുന്നുണ്ട്. തിരുവിതാംകൂറിലെ മുതലെടുപ്പിൽ ഏറിയൊരു ഭാഗം, കച്ചവടം വഴിയായും കൃഷി വഴിയായും സമ്പാദിച്ചു കൊടുക്കുന്ന മഹമ്മദീയ ജനങ്ങൾക്ക്, വിദ്യാഭ്യാസ കാര്യത്തിലും മറ്റു പലേ സംഗതികളിലും ഗവർന്മേണ്ടിൽ നിന്ന് ലഭിക്കേണ്ട സഹായങ്ങളെക്കുറിച്ച്, ഈ പത്രത്തിൽ തന്നെ അനേകം ലേഖനങ്ങൾ ഞങ്ങൾ ചേർത്തിട്ടുണ്ടായിരുന്നു.  മഹമ്മദീയരുടെ ഇടയിൽ ധാരാളം ധനികന്മാരുണ്ടെങ്കിലും, അവരിൽ പലരും മതമനുസരിച്ചുള്ള വിദ്യാഭ്യാസം ചെയ്ത് പഠിപ്പേറിയവരായിരുന്നാലും, മഹമ്മദീയ മതാനുസാരികളിൽ ഏറെപ്പേർ, അന്നന്നു വേലചെയ്തു കാലക്ഷേപം നിർവഹിക്കുന്നവരാകയാൽ, അവർക്കു സാധാരണ വിദ്യാഭ്യാസത്തിന് പലേ പ്രതിബന്ധങ്ങൾ നേരിട്ടിട്ടുണ്ട്. സ്വമത സംബന്ധമായ വിദ്യാഭ്യാസത്തോടു കൂടിയല്ലാതെ, പാഠശാലകളിൽ പോയി സാമാന്യ വിദ്യാഭ്യാസം ചെയ്യുന്നതിന് ഇവരിൽ പലർക്കും വൈമനസ്യവും, വൈമനസ്യമില്ലാത്ത പക്ഷത്തിൽ അസൗകര്യവും കാണപ്പെട്ടു വരുന്നുണ്ട്. ഇതു നിമിത്തം, പലേ മഹമ്മദീയ ബാലന്മാർ വിദ്യ അഭ്യസിക്കാതെ ജീവിതത്തെ വ്യർത്ഥമാക്കുന്നുമുണ്ട്. ഈ ജനങ്ങളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചാരപ്പെടുത്തുന്നതിനായി ഗവർന്മേണ്ട് ചെയ്യേണ്ട കടമകളിൽ ഒന്ന്, ഇപ്പോൾ തന്നെ വളരെ പ്രയാസപ്പെട്ട് സാമാന്യ വിദ്യാഭ്യാസം ഏറെക്കുറെ സിദ്ധിച്ചിട്ടുള്ളവരെ യോഗ്യതയ്ക്കു തക്കപോലെ സർക്കാർ ജീവനങ്ങളിൽ നിയമിക്കയും, ഇപ്പോൾത്തന്നെ ജീവനങ്ങളുള്ളവർക്ക് യഥായോഗ്യം കയറ്റംകൊടുത്ത് പ്രോത്സാഹിപ്പിക്കയും ചെയ്ത്, തദ്വാരാ, ഇതരജനങ്ങളുടെയുള്ളിൽ വിദ്യാഭ്യാസത്തിൻെറ വിലയേയും ആവശ്യകതയെയും കുറിച്ച്, മാഞ്ഞു പോകാത്തതായ ബോധമുണ്ടാക്കി, അതുവഴി അതിലേക്ക് അഭിരുചി വർധിപ്പിക്കുകയാകുന്നു. മറ്റൊന്ന്, ഈ അഭിരുചിയെ ഇടവിടാതെയും അന്യൂനമായും പോഷിപ്പിക്കുന്നതിന്, വിദ്യാഭ്യാസകാര്യത്തിൽ ഈ ജനങ്ങൾക്ക് ഗവർന്മേണ്ടിൽ നിന്ന് ചിലസൗകര്യങ്ങൾ ചെയ്യുകയായിരുന്നു. ഈ വിഷയങ്ങളെപ്പറ്റി ഗവർന്മേണ്ടിന്റെ  ശ്രദ്ധ പലപ്പോഴും ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്ന് വായനക്കാർ ഓർക്കുന്നുണ്ടായിരിക്കും. മഹമ്മദീയ സങ്കടങ്ങളെപ്പറ്റി, ശ്രീമൂലം പ്രജാസഭയിലെ മഹമ്മദീയ പ്രതിനിധികൾ അടിക്കടി പ്രസ്താവിച്ചിട്ടുണ്ടെന്നും, ഈ വിഷയത്തെ ഗവർന്മേണ്ടിന്റെ പര്യാലോചനത്തിന് കൊണ്ടു വരുന്നതിനായി മഹമ്മദീയരിൽ ചിലർ യത്നിച്ചിട്ടുണ്ടെന്നും, ഗവർന്മേണ്ടിനു ബോധപ്പെടുകയാലാണ്, മേൽപ്പടി സങ്കടങ്ങളുടെ നിവാരണത്തിനു വേണ്ടി ഗവർന്മേണ്ട്  ഇപ്പോൾ ഒരു പ്രൊസീഡിംഗ്‌സ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വിഷയത്തിൽ മഹമ്മദീയ ജനങ്ങൾ പിറകിൽ നിൽക്കുന്ന വിവരത്തെ ഗവർന്മേണ്ട് ഗ്രഹിച്ച്, കഴിഞ്ഞ ബുധനാഴ്ച ചെയ്തിരിക്കുന്ന നിശ്ചയങ്ങൾ ഇങ്ങനെയാണ്: (1) വിദ്യാഭ്യാസ കാര്യത്തിൽ മഹമ്മദീയർ, പിന്നാക്കം നിൽക്കുന്ന ജനസംഘമായി ഗണിക്കപ്പെടുന്നതാണ്. വിദ്യാഭ്യാസ കാര്യത്തിൽ പിന്നിൽ കിടക്കുന്ന ജാതിക്കാർക്കായുള്ള പാഠശാലകൾക്ക് അനുവദിക്കപ്പെടുന്ന സഹായധനം വാധ്യാന്മാരുടെ യോഗ്യതകൾ മുതലായ വിഷയങ്ങളിലെ സൗജന്യാവകാശങ്ങളെ മഹമ്മദീയർക്കും അനുവദിക്കുന്നതാണ്. (2) മഹമ്മദീയർക്കായി ഏർപ്പെടുത്തുന്ന പ്രാഥമിക വിദ്യാലയങ്ങൾക്ക്, ഗവർന്മേണ്ടിൽ നിന്ന് വ്യവസ്ഥാപിച്ചിട്ടുള്ള സഹായധനച്ചട്ടങ്ങൾ അനുസരിച്ച് വേണ്ടവയൊക്കെ തികഞ്ഞിരുന്നാൽ, വാധ്യാന്മാരുടെ ശമ്പളം മുഴുവൻ സഹായധനമായി അനുവദിച്ചു കൊടുക്കുന്നതാണ്. (3) മഹമ്മദീയർക്കായുള്ള പാഠശാലകളിൽ അറബി ഭാഷയെ ഉപഭാഷയായി പഠിപ്പിക്കാവുന്നതും, അറബി പഠിപ്പിക്കുന്നതിനായി നിയമിക്കപ്പെടുന്ന ഒരു മുൻഷിയുടെ ശമ്പളം.............. സർക്കാർ പാഠശാലകളിലും സാധാരണ വിദ്യാർത്ഥികൾക്ക് നിശ്ചയിച്ചിട്ടുള്ള ഫീസിൽ പകുതി നിരക്കിന് പഠിപ്പിക്കുന്നതാണ്. ഗവർന്മേണ്ടിന്റെ ഈ സൗജന്യ നിശ്ചയങ്ങളെ മഹമ്മദീയർ സന്തോഷപൂർവ്വം കൈക്കൊള്ളുമെന്നും, മഹമ്മദീയ ബാലന്മാരുടെ വിദ്യാഭ്യാസത്തിനായി നാട്ടിൽ പലേടത്തും ഓരോരോ മാന്യന്മാർ പാഠശാലകൾ സ്ഥാപിച്ച് ഗവർന്മേണ്ട് ചട്ടമനുസരിച്ച് വിദ്യാഭ്യാസം നടത്തിച്ച് ഗവർന്മേണ്ടിന്റെ തൃപ്തിയെ സഹായധന രൂപമായി സമ്പാദിക്കണമെന്നും ഞങ്ങൾ വിശ്വസിക്കുകയും, ഗവർന്മേണ്ടിന്റെ  ഈ  നിശ്ചയത്തിനായി മഹമ്മദീയ പ്രതിനിധിയായ ഈ പത്രം ഗവർന്മേണ്ടിന് വളരെ നന്ദി പറയുകയും ചെയ്യുന്നു.  

You May Also Like