മിസ്റ്റർ ടിലക്കിൻ്റെ മേലുള്ള ശിക്ഷ ചുരുക്കി
- Published on September 23, 1908
- By Staff Reporter
- 892 Views
മിസ്റ്റർ ടിലക്കിനെ ആറുകൊല്ലം നാടുകടത്തുന്നതിനു ബംബാഹൈക്കോടതിയിൽനിന്ന് നിശ്ചയിച്ചിരുന്ന വിധിയെ, ഗവണ്മെന്‍റ് ദയവു വിചാരിച്ച്, ആറുകൊല്ലം വെറും തടവാക്കിയിരിക്കുന്നു, എന്ന് ഇപ്പോൾ കിട്ടിയ മിനിഞ്ഞാന്നത്തെ മദ്രാസ് പത്രങ്ങളിൽ പ്രസ്താവിക്കപ്പെട്ടുകാണുന്നു. ഈ വൃത്താന്തം, ബംബാഗവണ്മെന്‍റിന്‍റെ പേരിൽ ജനങ്ങൾക്ക് കൃതജ്ഞതയെയും, പൊതുവെസന്തോഷത്തെയും ജനിപ്പിക്കുമെന്നതിൽ സന്ദേഹമില്ലതന്നെ. മിസ്റ്റർ ടിലക്കിന്‍റെ മേൽ വിധിച്ചിരുന്നതു നാടുകടത്തലും പിഴയും ആയിരുന്നല്ലോ. പിഴയെ റദ്ദ് ചെയ്തിരിക്കുന്നതായി കഴിഞ്ഞകുറി ഞങ്ങൾ പറഞ്ഞിരുന്നു. അദ്ദേഹത്തിൻെറ വാർദ്ധക്യത്തെയും സ്ഥിതിയെയും ചിന്തിച്ചിട്ടാണ് നാടുകടത്തലിനെ വെറുംതടവാക്കിയതെന്നു ഗവണ്മെന്‍റ് പ്രസ്താവിച്ചിരിക്കുന്നു. മിസ്റ്റർ ടിലക്കിനെ സബർമതി ജയിലിൽനിന്ന് ബർമയിലേക്കുകൊണ്ടുപോയിരിക്കയാണ്. അദ്ദേഹത്തെ കുറെക്കാലത്തേക്കു ഇന്ത്യയിൽ നിന്ന് അകലെപാർപ്പിക്കുവാനേ അനുമതിയുള്ളു എന്ന് ഒരു വർത്താനമുണ്ടെങ്കിലും, ഗവണ്മെന്‍റ് ഇപ്രകാരം ശിക്ഷയെ ചുരുക്കിയത് വളരെ ഉചിതവും ഗവണ്മെന്‍റിനെയും പ്രജകളെയും തമ്മിൽ അധികം ഇണക്കുന്നതിനു ഉതകുന്നതുമായ നയമാകുന്നു എന്ന് ഞങ്ങൾ സന്തോഷിക്കുന്നു.