ഗവര്‍മ്മേണ്ടു കല്പന
- Published on November 04, 1908
- By Staff Reporter
- 708 Views
ആലമ്പാറ ചെംകുളംകാൽ മൂലം നിഷ്പ്രയോജനമായി ഭാവിക്കുന്ന കുളങ്ങളുടെ സ്ഥലങ്ങൾ 2097 ഏക്കർ ഉള്ള ഏഴു സർവേ നമ്പറുകൾ അടങ്ങിയവ ആകുന്നു. ഈ കുളങ്ങളുടെ സ്ഥലങ്ങൾ വെള്ളം ശേഖരിച്ചു നിർത്തുന്നതിനൊ, മേച്ചിൽ സ്ഥലങ്ങളായി ഉപയോഗിക്കുന്നതിനൊ ആയി തിരിച്ചു വച്ചിരിക്കുവാൻ കൊളളുന്നവയല്ലാ എന്നും അവയെ കൃഷിക്കായി പതിച്ചുകൊടുക്കണമെന്നും പേഷ്കാർ റിപ്പോർട്ട് ചെയ്യുന്നു. അത് അനുസരിച്ച് ആ കുളങ്ങളുടെ സ്ഥലങ്ങളെ കരം ചുമത്തപ്പെട്ട തരിശുഭൂമികളുടെ ഇനത്തിൽ ചേർത്തിരിക്കുന്നു. അവയെ ഇതിനാൽ പേരിൽ പതിച്ചു കൊടുക്കത്തക്കവണ്ണം ആക്കിയിരിക്കുന്നു.
ഈ സ്ഥലങ്ങളെ ഓരോ ഏക്കർ വീതമുള്ള ബ്ലാക്കായി തിരിച്ചു ലേലം വിളിച്ചു കൂടുതൽ വിലയ്ക്ക് വിളികേൾക്കുന്നവർക്ക് വിൽക്കുന്നത് കൊള്ളാമെന്നു മിസ്റ്റർ മഹാദേവയ്യരും എൻജിനീയർമാരും മിസ്റ്റർ ശങ്കരമേനോനും അഭിപ്രായപ്പെട്ടിരിക്കുന്നതായി ആക്റ്റിങ് ദിവാൻ പേഷ്കാർ പറയുന്നു. മിസ്റ്റർ ശങ്കരപ്പിള്ളയുടെ അഭിപ്രായവും ഇതുതന്നെയാകുന്നു. കുളമായിക്കിടന്ന ഈ സ്ഥലങ്ങളെ പരസ്യമായി ലേലം ചെയ്തു വിൽക്കുക അല്ലാതെ മറ്റു വിധത്തിൽ വിനിയോഗിക്കാൻ ശ്രമിക്കുന്നതിൽ കാര്യവശാൽ ദുർഘടങ്ങൾ ഉണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു. 1908 ഏപ്രിൽ മാസം 6 -നു യിലെ 2845 P . W . No. ഗവണ്മെന്‍റു ആജ്ഞ കുളങ്ങളായിരുന്ന ഈ സ്ഥലങ്ങളെ ലേലത്തിൽ വിൽക്കുന്നതിന് വിരോധിക്കുന്നില്ല എന്നും ഗവണ്മെന്‍റ് കാണുന്നു. അതുകൊണ്ട് ആലമ്പറ കാൽ വഴിക്കുള്ള കുളമായിരുന്ന സ്ഥലങ്ങളെ പരസ്യമായ ലേലത്തിൽ വിൽക്കാൻ പോകുന്നു എന്ന് ക്രമപ്രകാരം പ്രസിദ്ധപ്പെടുത്തിയതിൻ്റെ ശേഷം അവയെ ലേലത്തിൽ വിൽക്കുന്നതിന് ഗവര്‍ന്മേണ്ട് അനുവദിക്കുന്നു.
പേഷ്കാർ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ ഈ ഭൂമികളുടെ കരത്തിനു താഴെ എഴുതിയിരിക്കുന്ന തരങ്ങളും അനുവദിച്ചിരിക്കുന്നു. അതാവിതു: 2720-2,2720-3,3663 ഈ മൂന്നു സർവ്വേ നമ്പരുകൾക്കും 5-ാ൦ തരം കരവും, 2626-2661, 3614 ഈ മൂന്നു സർവ്വേ നമ്പരുകൾക്കും 6-ാ൦ തരം കരവും; 2766-ാ൦ നമ്പര്‍ സർവ്വേ നമ്പരിനു 7-ാ൦ തരം കരവും ചുമത്തേണ്ടതാകുന്നു.
കുളങ്ങളായിരുന്ന ഈ സ്ഥലങ്ങളെ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതുകൊണ്ട് പേഷ്‌കാരുടെ റിപ്പോർട്ടിൽ 19-ാ൦ വകുപ്പിൽ പ്രസ്ഥാവിച്ചിരിക്കുന്ന വിലയർത്ഥം എന്ന വിഷയം ജനിക്കുന്നില്ല.
ഇൻസ്പെക്റ്റർമാരും വാദ്ധ്യാന്മാരും പൊതുജനങ്ങളിൽനിന്നു യാതൊരു സംഗതിവശാലും, വരിപ്പണം ശേഖരിക്കുവാൻ പാടുള്ളതല്ലെന്ന്, ഗവര്‍ന്മേണ്ട് ഇതിനാൽ മുടക്കം ചെയ്യുന്നു എന്നാണ് ഈ അക്ടോബർ 29-നു പുറപ്പെടുവിച്ചതായി, കഴിഞ്ഞ ഗസറ്റിൽ ചേർത്തിരിക്കുന്ന ഒരു ഗവര്‍ന്മേണ്ട് പ്രൊസിഡിംഗ്സിന്‍റെ അവസാന ഭാഗത്ത് പറഞ്ഞിരിക്കുന്നത്. ഈ കല്പനയ്ക്ക് ഹേതുവായ സംഗതികൾ, ഈയിട ഞങ്ങൾ ഈ പത്ര പംക്തിയിൽ പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസ വകുപ്പിലെ പൈശാചിക ഗോഷ്ടികൾ ആണെന്നു വിചാരിക്കുവാൻ സംഗതിയുണ്ട്. ഈ കല്പനയ്ക്ക് അടിസ്ഥാനമായി യാതൊരുദ്യോഗസ്ഥന്‍റെയും എഴുത്തുകുത്തുകള്‍ വായിച്ചതായി പറയപ്പെട്ടിട്ടില്ലാ. പിന്നെ, നാടൊട്ടുക്കുള്ള പ്രൈമറി സ്കൂൾ കെട്ടിടങ്ങളുടെ ശോച്യമായ സ്ഥിതിയേയും, അവ കെട്ടിമേച്ചിൽ നടത്തുന്നതിനും, നന്നാക്കുന്നതിനും വേണ്ടി വാധ്യാന്മാർ, ഇൻസ്പെക്ടര്‍മാരുടെ ഉത്തരവിൻപ്രകാരവും അല്ലാതെയും ജനങ്ങളോടു പണം യാചിക്കുന്നതിനും അനുഭവിക്കുന്ന ക്ലേശങ്ങളേയും ഗവര്‍ന്മേണ്ട് അറിഞ്ഞിരിക്കുന്നു എന്ന് ഈ കല്പനയിൽ നിന്നു വെളിവാക്കപ്പെടുന്നുണ്ട്. ഗവര്‍ന്മേണ്ട് ഇപ്പോൾ ഓരോ റേഞ്ജിലും രണ്ടായിരം രൂപ, ഈ വക ചെലവിനായി അനുവദിച്ചിരിക്കുന്നു എന്നും; ഈ തുകയെ ചെലവാക്കുന്നതിൽ, സ്കൂൾ ബോർഡ് എന്ന വിദ്യാഭ്യാസ കാര്യാന്വേഷണ സംഘക്കാരോടു ആലോചിച്ചുകൊള്ളണമെന്നും; ബോർഡുകാർ പബ്ലിക്കിനോടു പണം പിരിക്കുന്ന പക്ഷം അതിന്‍റെ സകല വരവു ചെലവുകൾക്കും കണക്കുകൾ ഗവര്‍ന്മേണ്ടില്‍ സമർപ്പിക്കണമെന്നും കൽപ്പിച്ചിരിക്കുന്നതുകൊണ്ട്, വാധ്യാന്മാരുടെ ഈ വക ക്ലേശങ്ങൾക്ക് ഒതുക്കം വരുമെന്ന് ആശിക്കാവുന്നതാണ്.
മിസ്റ്റർ രാജഗോപാലാചാര്യരുടെ ഗവര്‍ന്മേണ്ട് , രാജ്യഭരണ റിപ്പോർട്ടുകളെ സംബന്ധിച്ച് ഒരു പുതിയ പ്രസ്ഥാനം ആരംഭിച്ചിരിക്കുന്നത് ഉചിതം തന്നെയാണ്. ഇതേവരെയായി, റിപ്പോർട്ടുകൾ അച്ചടിച്ചു മദ്രാസ് ഗവര്‍ന്മേണ്ടിന്റെ പരിശോധനാഭിപ്രായം കിട്ടീട്ടോ, അല്ലാതെയോ, വളരെക്കാലം കഴിഞ്ഞ ശേഷമേ, നാട്ടിൽ പത്രങ്ങൾക്കും മറ്റും അയച്ചു കൊടുക്കുമാറുള്ളു. ഇത് നിമിത്തം, ജനങ്ങൾക്ക് ആവക റിപ്പോർട്ടിലെ സംഗതികൾ വളരെ പഴകിപ്പോകയും, കൗതുകം കുറയുകയും ചെയ്യുന്നുണ്ട്. മിസ്റ്റർ രാജഗോപാലാചാര്യർ, ഓരോ ഡിപ്പാർട്ടുമെണ്ടിലെയും ഭരണ റിപ്പോർട്ട് വരുത്തി, അതിന്മേൽ ഗവര്‍ന്മേണ്ടിനുള്ള റിമാർക്കുകളേയും കൽപ്പനകളെയും രേഖപ്പെടുത്തി, ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് തുടങ്ങിയിട്ടുള്ളതുകൊണ്ട്, കഴിഞ്ഞ കൊല്ലത്തിലെ വിവരങ്ങൾ കണക്കുകളോടുകൂടി, "പ്രജാസഭ" യോഗത്തിനു മുമ്പുതന്നെ ജനങ്ങളുടെ ഇടയിൽ പരക്കുന്നതിന് സംഗതിയായിരിക്കുന്നു. പ്രജാസഭയിൽ വാദിക്കുന്ന വിഷയങ്ങൾക്ക് ഈ റിപ്പോർട്ടുകളിൽ നിന്നു എടുക്കാവുന്ന ഭാഗങ്ങൾ സുലഭമായിത്തീർന്നിരിക്കകൊണ്ട്. പ്രതിനിധികൾക്കു ആവക വാദങ്ങളിൽ ഏറെക്കുറെ ഉറച്ച തറയിൽ നിൽക്കാൻ സാധിക്കുന്നതാണല്ലൊ.