ഹൈക്കോടതിയിലെ തീരുമാനങ്ങൾ
- Published on July 31, 1907
- By Staff Reporter
- 850 Views
പോലീസ് ഇൻസ്പെക്ടർ മിസ്റ്റർ അറുമുഖൻ പിള്ളയെ തല്ലിയതിലുണ്ടായ കേസിൽ സ്ഥലം ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ടിനാല്‍ പതിനെട്ടു മാസം വീതം കഠിന തടവ് വിധിക്കപ്പെട്ട, ഫ്രാൻസിസ് പെരയാരയുടെയും, ഊച്ചാളി വേലുവിന്റെയും ശിക്ഷകൾ കൂട്ടാതിരിക്കുന്നതിലേക്കു കാരണം കാണിക്കണമെന്ന്, കലണ്ടർ പരിശോധനയിൽ, ഹൈക്കോടതി അവർക്കു നോട്ടീസയച്ച് ഈ മാസം 4 നു വിചാരണ നടത്തിയതിൽ, മിസ്റ്റർ പെരയരായെ നിർദ്ദോഷിയെന്നു കണ്ട് വിട്ടയച്ചും, വേലുവിന്റെ ശിക്ഷയെ ശരി വെച്ചും, പിറ്റേന്നാൾ വിധി പ്രസ്താവിക്കുക ഉണ്ടായി. വിടപ്പെട്ട പ്രതിയുടെ ഭാഗം വ്യവഹരിച്ചത് വക്കീൽ മിസ്റ്റർ ജാൺ ബി.ഏ.ബിഎൽ ആയിരുന്നു. "ഒരു സർക്കാർ ഉദ്യോഗസ്ഥനെ അയാളുടെ കൃത്യ നിർവ്വഹണത്തിൽ തടസ്സപ്പെടുത്തി" തല്ലുക ഉണ്ടായി എന്ന് കീഴ് ക്കോടതികൾ അഭിപ്രായപ്പെട്ടിരുന്നതിനെ റദ്ദ് ചെയ്താണു പോൽ, ഹൈക്കോടതിയുടെ തീരുമാനം. കലശലുണ്ടാകാനുള്ള ഹേതു, ഒരു കാമിനിമൂലമാണെന്നുള്ള വസ്തുത, ഇവിടങ്ങളിൽ എല്ലാർക്കുമറിയാമെന്നുള്ളതാണ്.