ഗവർന്മേണ്ടിന് ഒരു മുന്നറിയിപ്പ്

  • Published on May 06, 1908
  • By Staff Reporter
  • 498 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂറിലെ വില്ലേജ് അഞ്ചലാഫീസുകളിൽ പത്തുനാല്പതെണ്ണത്തിൽ, അഞ്ചൽ ഉണ്ടിയൽ ഏർപ്പാട് വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതായി ഈയിടെ ഗവർന്മേണ്ട് ഉത്തരവ് പുറപ്പെട്ടിരിക്കുന്നു എന്നറിയുന്നുണ്ട്. ഉണ്ടിയൽ വ്യവസ്ഥയെ പ്രചാരപ്പെടുത്തുന്നത്, അതിന്മേൽ പൊതുജനങ്ങൾക്കുള്ള താല്പര്യത്തിൻെറ വർദ്ധനയെ  ലക്ഷ്യപ്പെടുത്തുന്നതായി ഗണിക്കാമെന്നിരുന്നാലും, ഈ പുതിയ ഉദ്യമത്തിൽ, ഗവർന്മേണ്ടിന്റെ നിശ്ചയം കേവലം നിർദോഷം എന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. തിരുവിതാംകൂറിലെ വില്ലേജ് അഞ്ചലാഫീസുകൾ പ്രായേണ സുരക്ഷിതങ്ങളല്ലാത്ത കെട്ടിടങ്ങളും, അവയുടെ സ്ഥാനങ്ങൾ, പോലീസ് സൈന്യത്തിന്‍റെയോ മജിസ്‌ട്രേറ്റിന്‍റെയോ സാന്നിധ്യം മിക്കവാറും ഇല്ലാത്ത ഉൾനാടുകളും ആണെന്നുള്ളത് പ്രസിദ്ധമാണ്. കൂലിക്കു വാങ്ങിയിരിക്കുന്ന പീടികകളോ, അല്ലെങ്കിൽ അത്തരത്തിലുള്ള ദുർബലങ്ങളായ ചെറിയ കെട്ടിടങ്ങളോ അല്ലാതെ, ബലപ്പെട്ട മേൽക്കൂരകളും ഉള്ള കെട്ടിടങ്ങളല്ലാ വില്ലേജ് അഞ്ചലാഫീസുകളായി ഉപയോഗിച്ച് വരുന്നത്. ഈ ആഫീസുകളിലെ മാസ്റ്റർമാരുടെ ശമ്പളം അഞ്ചുറുപ്പികയും, ജാമ്യത്തുക അമ്പതു റുപ്പികയും ആണുതാനും. ഇവർക്ക് നൂറു രൂപ വരെ വിലയുള്ള ഉണ്ടിയൽ വാങ്ങുവാനും അധികാരം കൊടുത്തിട്ടുള്ളതായും അറിയുന്നുണ്ട്. മേൽക്കാണിച്ച സംഗതികൾ കൊണ്ടു തന്നെ ഈ അധികാരദാനം, പ്രത്യേകിച്ചും ഈ ഉണ്ടിയൽ വ്യവസ്ഥ, ഗവർന്മേണ്ട് ദീർഘോലോചന ചെയ്യാതെ നിശ്ചയിച്ചിരിക്കുന്ന ഒരു അപകട സമ്പ്രദായം ആണെന്ന് ആർക്കും ശങ്ക തോന്നുന്നതാണ്. ഉണ്ടിയൽ പണം അപഹരിച്ചതായും, ആൾമാറാട്ടമായി ഉണ്ടിയൽ പറ്റിയതായും പലേ കേസ്സുകൾ ഈയിടെ ഉണ്ടായി വരാറുണ്ട്. ഈ വില്ലേജ് അഞ്ചലാഫീസുകളിൽ ഒന്നിലെ മാസ്റ്റർ, തൻ്റെ ബുദ്ധിദോഷം കൊണ്ട്, ഒരു ദിവസത്തിൽ ആറു രൂപ വീതം വിലയ്ക്ക് ഏറ്റിരിക്കാവുന്ന എട്ടോ പത്തോ ഉണ്ടിയലുകളുടെ തുകയെ അപഹരിക്കയോ, അഥവാ, ഇത്രയും തുക ആഫീസിൽ ഉള്ളതായി അറിഞ്ഞ് മോഷ്ടാക്കൾ പുരഭേദിച്ച് അകത്തുകടന്ന് മോഷ്ടിക്കയോ ചെയ്യുന്നതായാൽ, ഈ പണം വസൂലാക്കുന്നത് എളുപ്പമായിരിക്കുമോ എന്ന സംഗതി ആലോചിക്കേണ്ടതായിരുന്നു. വില്ലേജ് ആഫീസുകളിലെ മാസ്റ്റർമാർ ശങ്കനീയമായ നടത്തയുള്ളവരാണെന്നോ, ആ ആഫീസുകളിൽ, ഇത്രയേറെ പണം ഉണ്ടിയിലായി ഒരു ദിവസത്തിൽ കിട്ടുമെന്നോ, ആഫീസുകളുടെ ചുഴലം മോഷ്ടാക്കൾ പാർക്കുന്നുവെന്നോ ഞങ്ങൾ വിശ്വസിക്കുന്നില്ലെങ്കിലും, ലോകസ്വഭാവത്തിന് മേല്പറഞ്ഞ പ്രകാരം വരാവുന്നതു തന്നെയാണ്. പബ്ലിക് പണത്തിൻെറ വിനിമയത്തിന് ശരിയായ രക്ഷയുണ്ടെന്ന് ജനങ്ങൾക്ക് വിശ്വാസം ഉറപ്പിക്കുന്ന വ്യവസ്ഥകൾ ഇല്ലാതിരിക്കുമ്പോൾ, അപ്രകാരം സംശയാധീനമായ അവസ്ഥയിൽ പണം പെരുമാറുന്നതിന് ഏർപ്പാടു ചെയ്യുന്നത് യുക്തമായ നയമായിരിക്കയില്ല. ഈ വില്ലേജ് ആഫീസുകൾ തന്നെയും, നഗരങ്ങളിലെ പ്രധാന ആഫീസുകളിൽ നിന്ന് മിക്കവാറും അധികം അകലെയല്ലാതിരിക്കുന്ന സ്ഥിതിക്ക്, പണത്തിൻെറ രക്ഷയെക്കുറിച്ച് സംശയമുണ്ടാകുന്ന പക്ഷം, ജനങ്ങൾ, സാമാന്യേന വില്ലേജ് ആഫീസുകളെ ഉപേക്ഷിച്ച് പ്രധാന ആഫീസുകളിലേക്ക് പോകുവാനാണ് സംഗതിയുള്ളത്. വിശേഷിച്ചും, ബ്രിട്ടീഷിലെ തപാൽ സബ് ആഫീസുകളെ അനുകരിക്കയാണ് ഇവിടെ ഇപ്പോൾ ചെയ്യുന്നതെങ്കിലും, ബ്രിട്ടീഷിലെപ്പോലെ, തപാൽ മണിയോർഡർ സംബന്ധിച്ച അപഹരണക്കേസുകളിൽ കക്ഷികൾക്ക് പണം കൊടുക്കുന്നതിന് പ്രത്യേകം നിധി ഈ നാട്ടിൽ സ്ഥാപിച്ചിട്ടില്ല എന്ന് ഒരു ഗണ്യമായ ഭേദമുണ്ട്. ഈ നാട്ടിൽ ഉണ്ടാകുന്ന അഞ്ചൽ ഉണ്ടിയൽ അപഹരണക്കേസുകളിൽ, കക്ഷികൾക്ക് പണം കൊടുക്കുന്നത് സർക്കാർ ഖജനയിൽ നിന്ന് പണം കെട്ടിമേടിച്ചുതന്നെയായിരിക്കണം. അങ്ങനെയിരിക്കയാൽ ഗവർന്മേണ്ട് വക  മുതൽ, അനാവശ്യമായി വ്യയം ചെയ്യേണ്ടതായി വരുന്നു. ജനങ്ങളുടെ പണത്തിന് രക്ഷയില്ലാത്ത ഉണ്ടിയൽ ഏർപ്പാട് ചെയ്കയും, അതു നിമിത്തം ഉണ്ടാകുന്ന നഷ്ടങ്ങളെ ഗവർന്മേണ്ട് സഹിക്കയും ചെയ്യുന്നത് ഉചിതമായ തന്ത്രമാണെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. അതിനാൽ, ഇപ്പോൾ ഉണ്ടിയൽ ഏർപ്പാട് നടപ്പിൽ വരുത്തിയിരിക്കുന്ന വില്ലേജ് അഞ്ചലാഫീസുകളുടെ സ്ഥിതിയെ, മേൽപ്പറഞ്ഞ ഭാഗങ്ങളിൽ, ന്യൂനതാപരിഹാരം ചെയ്ത്, പരിഷ്‌കരിക്കുന്നില്ലാത്തപക്ഷം, ഗവർന്മേണ്ട്  ഗ്രാമവാസികൾക്ക് നൽകിയിരിക്കുന്ന ഈ പുതിയ അനുഗ്രഹം, അവർക്കും ഗവർന്മേണ്ടിനും  ദോഷകരമായി പരിണമിച്ചേക്കും എന്ന ശങ്കയെ ഞങ്ങൾ ഗവർന്മേൻണ്ടിനെ അറിയിക്കുന്നു.     

You May Also Like