സർക്കാർ സാമാനങ്ങളും ഉദ്യോഗസ്ഥന്മാരും

  • Published on July 08, 1908
  • By Staff Reporter
  • 608 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

മജിസ്ട്രേറ്റുമാർക്ക്, ക്രിമിനൽ കേസുകൾ വിസ്തരിക്കുക, വിധി പറയുക; പോലീസുകാർക്ക് കുറ്റങ്ങൾ തുല്പുണ്ടാക്കുക, സമാധാനത്തെ പരിപാലിക്കുക, റെവന്യൂ ഉദ്യോഗസ്ഥന്മാർക്ക് ഗവൺമെന്റിലേക്ക് നികുതി മുതലായവ ഈടാക്കിക്കൊടുക്കുക, സ്ക്കൂൾ മാസ്റ്റർമാർക്ക് പഠിപ്പിക്കുക, ഇത്യാദി ജോലികൾ മാത്രമേ ഉള്ളു എന്ന് വിചാരിക്കുന്നതു പോലെ തോന്നുന്നു. ഗവൺമെന്റിന്റെ നേർക്ക് ഭയഭക്തിയുള്ളവരായിരുന്ന് ഗവൺമെന്റിന്റെ അഭിവൃദ്ധിക്കു വേണ്ട മാർ​​​ഗ്ഗങ്ങൾ അന്വേഷിക്കയും, ഗവൺമെന്റിന് നഷ്ടം വരുന്ന കാര്യങ്ങളിൽ മനസ്സിരുത്തി അവയെ പരിഹരിക്കുകയും കൂടി വേണമെന്ന കാര്യം എന്ത്കൊണ്ട് പലരും ഗൗനിക്കുന്നില്ല ? തങ്ങൾ കച്ചേരി ചെയ്യുന്ന സ്ഥലങ്ങളെ ശുചിയാക്കിയിടുക, സാമാനങ്ങൾ സൂക്ഷിക്കുക, എന്നിവയും ഇവരുടെ കർത്തവ്യങ്ങളിൽ ഉൾപ്പെട്ടതല്ലയോ ?  സാധാരണ ഒരു മനുഷ്യൻ വാടകയ്ക്കായോ മറ്റോ ഏറ്റിട്ടുള്ള ഭവനം, സാമാനം മുതലായവയെക്കൂടി തങ്ങളുടെ സ്വന്തമെന്ന പോലെ വിചാരിച്ച് വരാറുണ്ട്. എന്നിട്ടും, ഇവർ വിപരീതമായി പെരുമാറുന്നത് ശോചനീയം തന്നെ. സർക്കാർ വക സാമാനങ്ങളാകെ കൊണ്ടും, ഒന്നു പോയാൽ മറ്റൊന്നുണ്ടാക്കിക്കൊൾവാൻ സർക്കാരിനു സർക്കാരിന് സാധിക്കുമെന്നുള്ളതു കൊണ്ടും, അത്ര സൂക്ഷിച്ചേ തീരൂ എന്നില്ലെന്നായിരിക്കാം ഇവരുടെ ഭാവം. സ്ഥലങ്ങളിലുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാർ ഗൗനിച്ചില്ലെങ്കിലും ഇൻസ്പെക്ഷനായും മറ്റും വരുന്ന ഡിസ്ട്രിക്റ്റ് ആഫീസ്സർമാർ മുതലായവർ ഗൗനിക്കുന്നുണ്ടോ? എന്നാലതുമില്ല. നമ്മുടെ പോലീസ് സൂപ്രണ്ട് മാത്രം പോലീസ് സ്റ്റേഷൻ ശുചിയായിരിക്കുന്നുവോ, പൂച്ചെടികൾ വെച്ച് പിടിപ്പിച്ചിട്ടുണ്ടോ, എന്നെങ്കിലും സർവ്വോപരിയായി ഗൗനിച്ച് വരാറുണ്ട്. മറ്റുള്ളവരിൽ പലരും ഇത്രയും കൂടി ചെയ്യാറില്ല. അനേകം സാമാനങ്ങൾ സർക്കാരിന് ഉപയോഗപ്പെടാതെ പോയാലും, ജനങ്ങൾ സർക്കാരിനെ ശങ്കിച്ച് അവയെ ഒന്ന് എത്തി നോക്കാറു പോലും ചെയ്യാറില്ല. ഇപ്രകാരം ഈ വക സാമാനങ്ങൾ സർക്കാരിനും ജനങ്ങൾക്കും ഉപയോഗപ്പെടാതെ നശിച്ച് പോകുന്നു. ഇവയ്ക്ക് ചില ഉദാഹരണങ്ങൾ കൂടി പറഞ്ഞോട്ടെ. ഒരു സ്ക്കൂൾ ഹെഡ്മാസ്റ്റർ ആണ്ടു തോറും പുതിയ പുസ്തകങ്ങൾ വരുത്താനാണെന്ന് പറഞ്ഞ്  കുറേ പണം കെട്ടിമേടിക്കുന്നു. പുസ്തകങ്ങൾ ഒന്നു രണ്ടു മാത്രം വരുത്തി ശിഷ്ഠം പണത്തെ അപഹരിക്കുന്നു. ഇൻസ്പെക്ടർ ഇവയ്ക്കു കണക്കു ചോദിക്കുകയോ പുസ്തകങ്ങൾ ശരിയായി സ്ക്കൂളിൽ ഉണ്ടോ എന്ന് ഇൻസ്പെക്ഷൻ സമയത്ത് പരിശോധിക്കുകയോ ചെയ്യുന്നില്ല. കെട്ടിടം അറ്റകുറ്റം തീർക്കുന്നതിനും മറ്റുമായി പണം കെട്ടി മേടിച്ച് ഇഷ്ടന്മാർക്കോ ബന്ധുക്കൾക്കോ കണ്ട്രാക്റ്റ് കൊടുത്ത് രണ്ടു പേരും ചേർന്ന് ചിലതൊക്കെ കാട്ടിക്കൂട്ടി ബാക്കിയുള്ളവയെ പങ്കിട്ടെടുക്കുന്നു. പിന്നേയും ശരിയായി പണി കഴിക്കായ്കയാൽ കെട്ടിടം ദോഷപ്പെടുകയും, പണത്തിനു എഴുതി അനുവദിപ്പിച്ച് മേൽപ്രകാരം ചെയ്കയും ചെയ്യുന്നു. ഇങ്ങനെയായാൽ, ഫലം എങ്ങനെയാവും? നാഗരുകോവിൽ ക്ഷേത്രത്തിനു തെക്കു വശത്തുള്ള മഹാമേരു മാളിക വളരെപ്പണം ചെലവു ചെയ്ത് മനോഹരമായി പണിതിട്ടുള്ളതാണ്. ഇപ്പോൾ ഇത് ആരുടെ മേൽ വീണ് തന്റെ സങ്കടത്തിനു നിവൃത്തിയുണ്ടാക്കാമെന്ന മട്ടിൽ അലംകോലമായി കിടക്കുന്നു. ഉത്തരങ്ങൾ, വാവടങ്ങൾ, വശപ്പലകകൾ മുതാലയവ ജീർണ്ണപ്പെട്ടിട്ട് ആർക്കും ഉപകാരമില്ലാതിരിക്കുന്നു. നന്നാക്കി ഇടുകയോ, അല്ലെങ്കിൽ പൊളിപ്പിച്ചു ലേലം ചെയ്ത് പണം സർക്കാരിന് ഈടാക്കുകയോ ചെയ്യുന്നില്ല. പ്രധാന ഉദ്യാഗസ്ഥന്മാരെല്ലാം അതിലെ സഞ്ചരിക്കാറുമുണ്ട്. നാഗരകോവിൽ പഴയ ജില്ലാ കോടതി നോക്കുക, അതിൽ മജിസ്ട്രേറ്റ് കച്ചേരി, രജിസ്റ്റർ കച്ചേരി, ജയിൽ മുതലായവ നടന്നു വരുന്നുണ്ട്. എങ്കിലും പടിഞ്ഞാറെ വശത്തുള്ള കെട്ടിടം ജീർണ്ണപ്പെട്ട് അനാഥമായി കിടക്കുന്നു. അതിലെ സാമാനങ്ങൾ ഓരോരുത്തർ എടുത്ത് വിറകിനായും മറ്റും ഉപയോഗിച്ച് വരുന്നു. കുറേ സ്ഥലം അഗ്നിക്കും ഇരയായിപ്പോയിട്ടുണ്ട്. ശേഷമുള്ളസ്ഥലങ്ങളുടെ കഥ ഇനി എന്തായി ഭവിക്കുന്നുവോ ? തെക്കൻ ദിക്കുകളിൽ തേരോട്ടം പ്രധാനമാണല്ലോ. ഇതിലേക്കായി അനേകം തേരുകൾ ബ്രഹ്മാണ്ഡാകൃതിയിൽ പണി കഴിപ്പിച്ചിട്ടുണ്ട്. ഇതു പോലെ നാഗരുകോവിലിലും ഒന്നുണ്ട്. ഇതിലെ പഴയ ചക്രം ഉപയോഗമില്ലെന്നു വെച്ച് പുതിയതായി പണം ചെലവു ചെയ്ത് നാലു ചക്രങ്ങൾ തീർത്തു ഒരു മൂലയിൽ തള്ളി. അവയെ ഉപയോഗിക്കായ്കയാലും ആരും തന്നെ സൂക്ഷിക്കായ്കയാലും ഒരു ഉപയോഗവുമില്ലാതായി ഭവിച്ചിരിക്കുന്നു. തലസ്ഥാനത്തുള്ള പ്രിന്റിംഗ് ആഫീസിലെ സ്റ്റീറിയോ യന്ത്രം മുതലായവയുടെ കഥ, പലപ്പോഴും പത്രത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. അതു പോലെ തന്നെ പള ഓഫീസുകളിലെയും സ്ഥിതി, പോലീസ് സ്റ്റേഷൻ, ആസ്പത്രി, കോടതി, സത്രം, കൊട്ടാരം, ക്ഷേത്രം, മുതലായവ ഒരോ സ്ഥലങ്ങളിലും കടന്നു നോക്കിയാൽ, ഈ അഴിമതികളുടെ സൂക്ഷ്മാവസ്ഥ മനസ്സിലാകുന്നതാണ്. അവ ആരാലും പരിശോധിക്കപ്പെട്ടു കാണുന്നില്ല. ഇങ്ങനെ ഉദ്യോഗസ്ഥന്മാരുടെ സൂക്ഷ്മക്കേടുകൾ കൊണ്ടും കൃത്യനിഷ്ഠയോ സ്വാമിഭക്തിയോ ഇല്ലായ്മ കൊണ്ടും പൊതു ദ്രവ്യം വ്യർത്ഥമായിപ്പോകുന്നതിൽ വളരെ വ്യസനമുണ്ട്. അതിനാലാ കാര്യം ഗവൺമെന്റിനാൽ ശ്രദ്ധിക്കപ്പെടേണ്ടതായിരിക്കുന്നു.


 

You May Also Like