തിരുവിതാംകൂറിലെ കൈക്കൂലി അഴിമതി

  • Published on March 22, 1909
  • By Staff Reporter
  • 173 Views

പത്തു കൊല്ലത്തോളം കാലം തിരുവിതാംകൂറിലെ കൈക്കൂലി അഴിമതിയെ അറിയാത്ത ഭാവത്തിൽ ഉറങ്ങിക്കിടന്ന ശേഷം, സഹജീവിയായ കോട്ടയം മലയാള മനോരമ, ഈ നാട്ടിലെ കൈക്കൂലി പിശാചിനെ ഉച്ചാടനം ചെയ്യാനായി മന്ത്രതന്ത്രങ്ങളോടെ ഉണർന്നെണീറ്റിരിക്കുന്നു. സ്മരണീയമായ ഒരു പ്രബോധവിലാസം തന്നെ! "നാട്ടുകാരായ ഉദ്യോഗസ്ഥന്മാരിൽ പലരും കൈക്കൂലി വാങ്ങിവരുന്നുണ്ടെന്ന് ഉള്ളത് പ്രസിദ്ധമാണല്ലോ. വിശേഷിച്ച്, ചില്ലറ ജീവനക്കാർ കൈക്കൂലി വാങ്ങാൻ വല്ല തരവുമുണ്ടെങ്കിൽ അതൊരിക്കലും വിട്ടുകളയുകയുമില്ലാ" ഈ മുഖവുരയോടുകൂടിയാണ്, "മനോരമ" കഴിഞ്ഞ കുംഭം 9 - ലെ ലക്കത്തിൽ ഒരു കൈക്കൂലി നിരോധനസംഘം കൂടേണ്ട ആവശ്യകതയെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. ഇങ്ങനെയൊരു സംഘം ഈ നാട്ടിൽ സ്ഥാപിക്കാൻ സാധിക്കുമെങ്കിൽ, അതു വളരെ ശ്ലാഘനീയം  തന്നെ എന്നു ഞങ്ങൾ സന്തോഷിക്കുന്നുണ്ട്. എന്നാൽ, ഈ നാട്ടിൽ കൈക്കൂലിയെ നശിപ്പിക്കുന്നതിന് വർത്തമാന പത്രങ്ങൾ ന്യായമായി ചെയ്യേണ്ട യത്നത്തിൽ ഞങ്ങളുടെ സഹജീവി ഇത്ര ദീർഘകാലം മൗനം അവലംബിക്കുകയും, കൈക്കൂലി വാങ്ങിക്കുന്നത് നാട്ടിൽ ദോഷകരമാണെന്നുള്ള ബോധത്തെ ഉറപ്പിക്കാൻ, മറുനാടുകളില ആൻ്റി - കറപ്ഷൻ ലീഗ്, എന്ന അഴിമതി നിരോധനസംഘങ്ങളുടെ പ്രവർത്തി പരിചയത്തെപ്പറ്റിയുള്ള വിവരം ആവശ്യപ്പെടുകയും ചെയ്തത് കൗതുകകരം തന്നെയാകുന്നു. കൈക്കൂലി വാങ്ങുന്നവരെന്ന് എല്ലാവർക്കും നിശ്ചയമുള്ള ചില ഉദ്യോഗസ്ഥന്മാർ  ഇവിടെത്തന്നെയുണ്ടല്ലോ. ഇവരെപ്പറ്റി വല്ല കള്ളഹർജി കൊടുക്കുകയോ വേരേലും പടർപ്പേലും തൊടാതെ, ചില പത്രങ്ങളിൽ പറയുകയോ ചെയ്യുന്നതല്ലാതെ മറ്റൊന്നും ചെയ്യുക കാണുന്നില്ലാ എന്നു മനോരമ വ്യസനിക്കുന്നത് കാണുമ്പോൾ മനോരമയുടെ കണ്ണീർ, ചീങ്കണ്ണിയുടെ കണ്ണീരല്ലെന്ന് വിശ്വസിപ്പാൻ കുറെ ഞെരുക്കമുണ്ടാകാം. വലിയ കൊട്ടാരത്തിലെ രാജസേവകന്മാരായ അനന്തരാമയ്യരും ശങ്കരൻ തമ്പിയും കൈക്കൂലി മേടിച്ചുകൊണ്ടു നീതിയുടെ ഗതിയെ മാറ്റിക്കളഞ്ഞു എന്നു എത്രയോ വ്യക്തമായ വിധം പ്രസ്താവന അടങ്ങിയുള്ള വടശ്ശേരിക്കോവിൽ കേസ്സിനെപ്പറ്റി ഹൈക്കോടതിയിൽ നിന്നു തീർച്ചയുണ്ടായ കാലത്ത്  ‘മനോരമ' ഈ നാട്ടിലില്ലായിരുന്നുവോ? പേഷ്കാർ വേല നൽകുന്നതിന് വേണ്ടി ഡോക്ടർ സുബ്രഹ്മണ്യയ്യരോട് രാജസേവന്മാർ എത്രയോ ആയിരം രൂപ കൈക്കൂലി മേടിച്ചു എന്നു കുറെക്കാലം മുമ്പ് "സുഭാഷിണി" പത്രം പ്രസ്താവിക്കയും, തെളിവു കൊടുപ്പാൻ തയ്യാറാണെന്ന് പറകയും ചെയ്തപ്പോഴും "മനോരമ" യ്ക്കു ചലനം ഉണ്ടാകാത്തത് എന്തുകൊണ്ടായിരുന്നു? പൂഞ്ഞാറ്റിടവകയും തിരുവിതാംകൂർ സർക്കാരും തമ്മിൽ നടന്ന കേസ്സ് സംബന്ധിച്ച് പൂഞ്ഞാറ്റിടവകയിലേക്ക് അനുകൂലമായി നിൽക്കുന്നതിന് വേണ്ടി, ശങ്കരൻ തമ്പിയുടെ ചവറയിലെ "കപ്പപ്പാട്" അഴിച്ചു പണിയിക്കുവാൻ ഇരുന്നൂറ് കണ്ടി തടി ആവശ്യപ്പെട്ടതായും മറ്റും ചില രേഖകളോടുകൂടി "സ്വദേശാഭിമാനി" യിൽ തുടരെ പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങൾ മനോരമ, വായിച്ചിരുന്നില്ലെന്ന് വരുമോ? ഈ ഇടവകയെ സംബന്ധിച്ചും, മാവേലിക്കര തഹശീൽദാർ മിസ്റ്റർ ഹരിഹരയ്യരെ സംബന്ധിച്ചും, "മനോരമ" യുടെ അയൽ അച്ചുകൂടത്തിൽ നിന്നു പുറപ്പെട്ട 'കേരളതാരക'യിൽ ചില ലേഖനങ്ങൾ ചേർത്തിരുന്നപ്പോഴും, ഈ നാട്ടിലെ കൈക്കൂലി വർദ്ധനയെ തടുക്കേണ്ട കാര്യത്തെക്കുറിച്ച്, "മനോരമ" എന്തെങ്കിലും വിമർശനം ചെയ്തിരുന്നുവോ? തിരുവിതാംകൂറിലെ കൈക്കൂലി അഴിമതി വർദ്ധിച്ചുവരുന്ന കാലം, മിസ്റ്റർ കൃഷ്ണസ്വാമിരായർ തുടങ്ങി ഇങ്ങോട്ടുള്ള ദിവാൻജിമാരുടെ ഭരണകാലമായ കഴിഞ്ഞ പത്തുകൊല്ലത്തിൽ ഇടയ്ക്ക് മിസ്റ്റർ വി. പി. മാധവരായരുടെ ഏതാനും മാസത്തെ ഭരണദശ ഒഴികെയുള്ള കാലമായിരുന്നു. അക്കാലങ്ങൾ മനോരമയെ സംബന്ധിച്ച് ഗവൺമെൻ്റിൽ നിന്നും വിശേഷിച്ച് ചില ഗവൺമെൻ്റുദ്യോഗസ്ഥന്മാരിൽനിന്നും പലേ വിശേഷ പ്രസാദങ്ങൾ അനുവദിച്ചിരുന്ന കാലങ്ങളായിരുന്നു. കൈക്കൂലിയെപ്പറ്റി എത്രയധികം പറയാമോ അത്രമേൽ ആക്ഷേപം ചെയ്യാമായിരുന്ന കാലവും അതായിരുന്നു. എന്നാൽ, "ഇവിടെ ഉദ്യോഗസ്ഥന്മാരുടെ അഴിമതികളെപ്പറ്റി പ്രത്യേകം എടുത്തു സാധാരണ പത്രങ്ങൾ പറയാറില്ലാ. ഒരു പക്ഷെ, ഏതെങ്കിലും ഉദ്യോഗസ്ഥൻ്റെ നടപടികളെപ്പറ്റി ആക്ഷേപിച്ചാൽ തന്നെയും അതു ശരിയായ ഉദ്ദേശത്തിലല്ലായിരിക്കും. പൊതുഗുണത്തെ ലാക്കാക്കി കുറ്റം ചൂണ്ടിക്കാണിക്ക പതിവില്ലാ “ എന്നു മീനം 4 - ലെ 'മനോരമ' യിൽ ഒരു ബി. എ. ക്കാരൻ ലേഖകനെക്കൊണ്ട് പറയിച്ചിട്ടുള്ള വിധത്തിൽ, അക്കാലമത്രയും "മനോരമ" മറ്റു പത്രപ്രസ്താവങ്ങളെ അഗണ്യമായി തള്ളിയതായിരിക്കാം എങ്കിലും, നീതിന്യായ കോടതിക്കുള്ളിലെ ജഡ്ജ്മെൻ്റുകളെപ്പറ്റി അങ്ങനെ വിചാരിക്കേണ്ട ആവശ്യമില്ലല്ലോ. എന്നാലും, ഒരു പത്രം ഒരു ഉദ്യോഗസ്ഥൻ്റെ അഴിമതിയെപ്പറ്റി പറയുന്നത് എന്തുദ്ദേശ്യത്തോടുകൂടിയായിരുന്നാലും, ആ അഴിമതി ഒരു പരമാർത്ഥ സംഗതിയാണെങ്കിൽ ആ പത്രത്തിൻ്റെ ഉദ്ദേശ്യത്തെ വിസ്മരിച്ചുകൊണ്ട്, ആ പരമാർത്ഥത്തെ പിടിച്ചു പറയുവാൻ ധർമ്മനിഷ്ഠയുള്ള മറ്റൊരു പത്രത്തിന് അർഹതയില്ലായ്കയില്ലാ. കൈക്കൂലിയെ ഉന്മൂലനം ചെയ്തു കാണാൻ അത്യന്തം സന്തോഷമാണ് ഞങ്ങൾക്കുള്ളതെങ്കിലും "മനോരമ" യുടെ ബകവ്രതനയത്തെക്കുറിച്ച് ഞങ്ങൾ അത്യന്തം നിന്ദിക്കയാണ് ചെയ്യുന്നത്. ഈ പിശാചിനെ നിഷ്ക്കാസനം ചെയ്യുന്നതിനുളള യത്നത്തിൽ, മഹാരാജാവു തിരുമനസ്സിലെ കൊട്ടാരത്തിൽ അതിക്രമിയായി പാർത്ത്, കൊട്ടാരം തുടങ്ങി കുടിലുവരെയുള്ള മുതലുകളെ കവർന്നു വായ്ക്കുള്ളിലാക്കുന്ന സേവകന്മാരുടെ വിക്രിയകളെയാണ് ആദ്യമായി ഛേദിക്കേണ്ടത്. ഇതിലേയ്ക്ക്, "പത്രധർമ്മ" ത്തെ പരിപാലിക്കുവാൻ ഇപ്പോൾ ഉത്സാഹിച്ചുവരുന്ന "മനോരമ" ഒരു വാക്കെങ്കിലും ഉപദേശിക്കുമോ എന്നു അറിവാൻ ഞങ്ങൾ കാത്തിരിക്കുന്നു.    

  • Published on March 22, 1909
  • By Staff Reporter
  • 173 Views
You May Also Like