തിരുവിതാംകൂർ രാജ്യഭരണം - 3

  • Published on December 12, 1908
  • By Staff Reporter
  • 515 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ദിവാൻജിയുടെ പ്രജാസഭാ പ്രസംഗത്തിൽ നിന്ന്, രജിസ്‌ട്രേഷൻ വകുപ്പിന്‍റെ കഴിഞ്ഞ കൊല്ലത്തെ ഭരണം തൃപ്തികരമായിട്ടുണ്ടെന്നു തെളിയുന്നതിൽ സന്തോഷിക്കുന്നു. സാധാരണ ഒരു ദിവസം ഹാജരാക്കപ്പെടുന്ന ആധാരങ്ങളിൽ 100 ന് 99 വീതം അന്നുതന്നെ മടങ്ങികൊടുത്തിരിക്കുന്നതായി കാണുന്നുണ്ട്. ഈ നിരക്ക് രജിസ്റ്റർ കച്ചേരികളിലെ സമ്പ്രദായത്തെ അനുസരിച്ചാണോ എന്നു സംശയിക്കുന്നു. ബ്രിട്ടീഷിൽ തന്നെയും രജിസ്റ്റർ ചെയ്യുന്ന സമ്പ്രദായം ലഘുവായിരുന്നിട്ടും നൂറ്റിനു 99 വീതം മടങ്ങികൊടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല. രജിസ്റ്റർ കച്ചേരികളിൽ കൂടുൽ ഗുമസ്താക്കളെ നിയമിക്കുകയൊ മറ്റു പ്രകാരത്തിൽ പകർപ്പെഴുത്തിനെ ഭേദപ്പെടുത്തുകയൊ ചെയ്യുന്നതുവരെ, ഈ നിരക്കനുസരിച്ചു ആധാരങ്ങൾ മടങ്ങികൊടുക്കുന്നതിനു സാധിക്കുന്നതല്ലെന്നാണ് ഞങ്ങൾക്കു തോന്നുന്നത്, എങ്കിലും, ദിവാന്‍റെ കണക്കു ശരിയായിട്ടുള്ളതാണെങ്കിൽ അത് ഏറ്റവും ചാരിതാർഥ്യജനകം തന്നെയാണെന്നതിനു സംശയമില്ല.

നൂതനമായി ഏർപ്പെടുത്തപ്പെട്ട കൃഷി വകുപ്പ് നാട്ടുകാർക്കു ഏറ്റവും ഉപകാരപ്രദമായിട്ടുള്ള ഒരു സ്ഥാപനം തന്നെയാണ്. കൃഷിയാണ് ഈ നാട്ടിലെ പ്രധാനമായ തൊഴിലും ഉപജീവനമാർഗ്ഗവും. ആ കൃഷിക്കു കുറേക്കാലമായിട്ട് പല ദോഷങ്ങളും നേരിടുന്നുമുണ്ട്. അവയെ പരിഹരിക്കുന്നതിനു വേണ്ട ഉപദേശങ്ങളെ കൃഷിക്കാർക്ക് നൽകുന്നതിനു ഇങ്ങിനെ ഒരു വകുപ്പ് ഏറ്റവും ആവശ്യം തന്നെ. പ്രാഥമിക പാഠശാലകളിൽ കൂടെ കൃഷിയെ പാഠ്യവിഷയങ്ങളിലൊന്നായി ഏർപ്പെടുത്താമെന്നു ഒട്ടുകാലം മുമ്പെ ഗവർമ്മേണ്ടു വിചാരിച്ചുവെങ്കിലും ആ ശ്രമം ചില ചില്ലറ പുസ്തകങ്ങളെ പഠിപ്പിച്ചിരുന്നതിൽ കലാശിച്ചു പോയി. എന്നാൽ, അവയ്ക്കു പകരം, ഇപ്പോൾ മാതൃകകളായി കൃഷിത്തോട്ടങ്ങളെ, പ്രധാന നഗരങ്ങളിൽ സ്ഥാപിക്കുവാനാണ് ഗവർമ്മേണ്ടു ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. ഈ നാട്ടിലെ കൃഷികളുടെ ഗുണദോഷങ്ങളെക്കുറിച്ചു കൃഷിക്കാർക്ക് അറിവുള്ളതുപോലെ, കൃഷി ഡിപ്പാർട്ടുമെന്‍റു ഉദ്യോഗസ്ഥന്മാർക്ക് അറിവാൻ തരമില്ലെങ്കിലും നാട്ടിന്ന് ഏറിയൊരു ഗുണം ഈ വകുപ്പിൽ നിന്നും സിദ്ധിക്കുവാനുണ്ട്. ജനങ്ങൾക്കു, കൃഷിയിൽ താല്പര്യമുണ്ടാകുന്നതിനും, കൂടുതൽ ഫലത്തെ ഉൽപാദിപ്പിക്കുവാനും ഈ നൂതനമായി ഏർപ്പെടുത്തപ്പെട്ട കൃഷി വകുപ്പ്, എന്തുമാത്രം ഉപകാരപ്പെടുമെന്ന് കണ്ടാലെ പറഞ്ഞു കൂടു.


ദിവാൻജി, അവർകൾ പ്രത്യേക ശ്രദ്ധയോടു കൂടി പ്രസംഗത്തിൽ പ്രസ്താപിച്ചിരുന്ന മറ്റൊരു വിഷയം ചാല ലഹളക്കേസാണ്. തിരുവിതാംകൂർ പ്രജകൾ ഏറ്റവും രാജഭക്തിയുള്ളവരെണെന്ന് പ്രത്യേകം പറഞ്ഞിട്ടാവശ്യമില്ലാ. അവരിൽ ചിലരെ ഇങ്ങനെ ഒരു ലഹളക്ക് പ്രേരണം ചെയ്ത ശക്തി എന്തെന്ന് ഗവർമ്മേണ്ടിന്നുതന്നെ നിശ്ചയമില്ലാതിരിക്കുമെന്നു തോന്നുന്നില്ല. ബങ്കാളിലും മറ്റും ഉള്ള സ്വദേശി വഴക്ക്, തിരുവിതാംകൂറിൽ ഒട്ടും തന്നെ ഉണ്ടായിട്ടില്ലാ. അതുകൊണ്ട് അതാണ് ലഹളയുടെ കാരണമെന്നു പറയുന്നവർ കള്ളം പറയുകയാണെന്നെ വരുകയുള്ളു. തിരുവിതാംകൂറിൽ ജാതിമത്സരം നിലനിൽക്കുന്നുണ്ട്. അത് യുറോപ്യരും നാട്ടുകാരും തമ്മിൽ അല്ലാ. ഈ നാട്ടിനെ വലയ്ക്കുന്നത്, രണ്ടെരണ്ടു സംഗതികൾ മാത്രമാണ്. ഒന്ന്, സർക്കാരുദ്യോഗത്തെ ആസ്പദമാക്കി, നാട്ടിൽ പ്രമാണപ്പെട്ടിരിക്കുന്ന നായന്മാർ, കൃസ്ത്യാനികൾ, പരദേശ ബ്രാഹ്മണർ, ഈഴവർ എന്നിവർ തമ്മിൽ ഉണ്ടാവുന്ന വഴക്കുകൾ ആണ്. ജാതിമത്സരം ഈ നാട്ടിൽ തുടങ്ങീട്ട്, ഇരുപതിൽ അധികം വർഷമായി. എന്നാൽ ഈ ജാതിമത്സരത്തിനും ഈ ലഹളയ്ക്കും തമ്മിൽ ഒരു സംബന്ധവുമുള്ളതായി ഞങ്ങളറിഞ്ഞിട്ടില്ലാ. ഇങ്ങനെയുള്ള ഈ ചാല ലഹളയെ അടിസ്ഥാനമാക്കി, ഒരു സാധാരണ പൊലീസ് സൈന്യത്തെ ഏർപ്പെടുത്തുന്നതിന്നു ഗവർമ്മേണ്ട് ഉദ്ദേശിക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ നിയമത്തെ ഇവിടെ പകർത്തുവാനായി ഒരു ബിൽ നിയമനിർമ്മാണസഭയിൽ ഹാജരാക്കപ്പെട്ടിരിക്കുന്നു. ഗവർമ്മേണ്ടിന്‍റെ രക്ഷയ്ക്കും ജനങ്ങളുടെ ഇടയിൽ സമാധാനലംഘനം നേരിടാതെ ഇരിക്കുന്നതിനും, ഇങ്ങനെ ഒരു ചട്ടം തിരുവിതാംകൂറിൽ ആവശ്യമില്ലെന്ന് ഞങ്ങൾക്കു നല്ല നിശ്ചയമുണ്ട്. ഈ ബില്ലിനെപ്പറ്റി സവിസ്തരം വഴിയെ പ്രസ്താവിക്കുന്നതുമാണ്. തിരുവിതാംകൂറിനെ ബന്ധിച്ചിരിക്കുന്ന മറ്റൊരു പീഢ, സേവകന്മാരിൽ നിന്നും ഉണ്ടാകുന്നതാകുന്നു. ജാതിമത്സരത്തെ മിസ്റ്റർ രാജഗോപാലാചാരി, ഒട്ട് ക്ഷയിപ്പിച്ചിട്ടുണ്ടെന്നുള്ളതിനെ ഞങ്ങൾ സന്തോഷത്തോടെ സമ്മതിക്കുന്നുണ്ട്. എന്നാൽ, സേവകന്മാർ പണ്ടത്തെപ്പോലെ തന്നെ, പ്രതാപം പ്രദർശിപ്പിച്ചു വരുന്നതും, അവരുടെ ബന്ധുക്കളും സംബന്ധക്കാരും മറ്റും സർക്കാർ സർവ്വീസിൽ ഇരുന്ന ഇതരന്മാരുടെ മേൽ അക്രമമായി നടത്തുന്ന അധികാരങ്ങളെ സംബന്ധിച്ച പരാതികളെപ്പോലും ദിവാൻജി ഗൗനിക്കാതെ ഇരിക്കുന്നതും അദ്ദേഹത്തിന്‍റെ ഭരണത്തിന്ന് ഏറ്റവും വലിയ കളങ്കമായിത്തന്നെയിരിക്കുന്നുണ്ട്. യാതൊരു യോഗ്യതയും ഇല്ലാത്ത, ഈ സേവകന്മാരുടെ ബന്ധുക്കളിൽ എത്രപേർ ഹജൂരിലും മറ്റു തുറകളിലും കടന്ന്, സേവകബലം കൊണ്ട്, ഉയർന്ന് നിൽപ്പുണ്ടെന്ന് ഒരു കണക്ക് തയ്യാറാക്കിയാൽ അതു എത്രയൊ നന്നായിരിക്കും. പരീക്ഷകളിൽ ജയിക്കാത്തവർക്ക് ഉദ്യോഗം കൊടുക്കുന്നതല്ലെന്നുള്ള സർക്കാർ നിയമത്തെ സേവന്മാരുടെ ഹിതത്തിനും അവരുടെ ബന്ധുക്കൾക്കും ആയി എത്രയെത്ര പ്രാവശ്യം ലംഘനം ചെയ്തിട്ടുണ്ടെന്ന് ദിവാൻജി നല്ലപോലെ ഗ്രഹിച്ചിട്ടില്ലതന്നെ. ഒരു പ്യൂണിറ്റിവ് സൈന്യത്തെ സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ സേവകന്മാരുടെ ശക്തിയെ ക്ഷയിപ്പിക്കുന്നതിനായി പ്രേരിക്കപ്പെടുമെങ്കിൽ, നാട്ടിന് എത്ര വലിയ ഗുണത്തെ രാജഗോപാലാചാരി ചെയ്യുന്നുണ്ടെന്ന് അദ്ദേഹത്തിന്നു അറിയുവാൻ തരംകിട്ടുന്നതാണ്.       

You May Also Like