സദാചാര ഹതി

  • Published on April 22, 1910
  • By Staff Reporter
  • 442 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഒരു രാജ്യത്തിന്‍റെ ഉൽക്കർഷാപകർഷങ്ങൾ ഒന്നാമതായി പ്രവഹിക്കുന്നത് ആ രാജ്യത്തിന്‍റെ തലസ്ഥാനത്തിൽ  നിന്നാകുന്നു. രാജ്യത്തിലെ പൗരപ്രധാനന്മാരുടെ അധിവാസം പ്രായേണ പട്ടണത്തിൽ ആകയാലും,  പൗരലോകത്തിന്‍റെ ആശയവിശേഷങ്ങൾ ജനസമുദായത്തിൽ പ്രചരിച്ചു പ്രവർത്തിക്കയെന്നുള്ളത് സാധാരണമായിരിക്കുന്നതു കൊണ്ടും മേൽപ്രകാരം സംഭവിക്കുന്നതിനേ സംഗതിയുള്ളൂ. ഈ സ്ഥിതിക്ക് ജനസമുദായത്തിന്‍റെ നന്മയെ പ്രതീക്ഷിക്കുന്ന ഗവൺമെൻറ് പൗരലോകത്തെ പരിഷ്‌കരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാകുന്നു. അപ്രകാരം ചെയ്തില്ലെങ്കിലും, അവരുടെ ആശയങ്ങളെ  മലിനപ്പെടുത്താതെയിരിക്കുന്നതിനു വേണ്ടതു പ്രവർത്തിക്കുന്നുണ്ടെങ്കിൽ, ആയതു മഹത്തായ അനുഗ്രഹമത്രേ. ഇതിനു വിപരീതമായി പട്ടണവാസികളുടെ ഹൃദയങ്ങൾ ദുരാചാരപ്രസക്തിയ്ക്കും അസാന്മാർഗ്ഗിക ജീവിതത്തിനും പാത്രമായിത്തീരുന്നതിനുള്ള മാർഗ്ഗങ്ങളെ വെട്ടിത്തുറന്നു കൊടുക്കുന്നതിനു ഒരു ഗവൺമെൻ്റ് സഹായിക്കുന്നുണ്ടെങ്കിൽ, അതിൽപരം നീചവും നിന്ദ്യവും ആയ കൃത്യം വേറെ യാതൊന്നും ഇല്ലെന്നു ഞങ്ങൾ ധൈര്യപൂർവം  അഭിപ്രായപ്പെടുന്നു.

ഏതാനും ദിവസമായി ഇവിടെ (*) അഭിനയിച്ച ആൾ, നായകനെ ഒന്നിലേറെ തവണ പരസ്യമായി ആശ്ലേഷിച്ചു ചുംബിക്കയും, കൊക്കോകവിധികളെ വെറും പച്ചയായി ഉപദേശിക്കയും, ചെയ്തു എന്നു റിപ്പോർട്ടിൽ കാണുന്നു. കേവലം വിട സാധാരണങ്ങളും അശ്ലീലങ്ങളുമായ ശൃംഗാരാഭാസങ്ങൾ---- ജനഹൃദയങ്ങളെ ബലാൽ ആകർഷിച്ചു മലിനപ്പെടുത്തുന്ന ഹാവഭാവങ്ങൾ. പൗരമധ്യത്തിൽ വച്ചു നിരങ്കുശമായി അഭിനയിക്കുന്നതിനു നിരാക്ഷേപം ലൈസെൻസ്  നൽകിയിരിക്കുന്ന ഗവൺമെന്‍റിന്‍റെ  സാഹസകൃത്യം കേവലം അപേശലം തന്നെ എന്നു ആരുതന്നെ  സംവദിക്കയില്ല? തമിഴ് നാടകക്കാരുടെ ഉദ്വേഗകരങ്ങളായ രംഗപ്രധാനങ്ങൾ, നഗ്നരൂപങ്ങളായ  വേഷസംവിധാനങ്ങൾ ഇത്യാദികളേക്കാൾ ഇവർ രംഗത്തിൽ പ്രയോഗിക്കുന്നവയും, ഭരതശാസ്ത്രവിരുദ്ധങ്ങളും സാമാന്യം മനസ്സാന്നിദ്ധ്യമുള്ള ഏതൊരുവനും കണ്ണുമൂടി വെറുക്കുന്നവയും ഗ്രാമ്യസാധാരണങ്ങളുമായ തോന്ന്യാസങ്ങൾ ഈ വിധം കാട്ടിക്കൂട്ടുന്നതു ഒരുവിധത്തിലും ക്ഷന്തവ്യമാണെന്നു ഞങ്ങൾ വിചാരിക്കുന്നില്ല. നാടകാഭിനയം ജനഹൃദയത്തിൽ കൃത്യബോധത്തെയും, ഉത്സാഹപ്രദമായ ജീവചൈതന്യത്തിന്റെ  വികാസത്തെയും വിനോദപൂർവമായി അന്ത:കരണത്തിനു ................................... ആപാദിപ്പിക്കുന്നതാകയാൽ  അതിന്‍റെ   നിരാക്ഷേപമായ  പ്രയോഗം  ഒരു വിധത്തിലും  അനാശാസ്യമാണെന്നു ഞങ്ങൾക്ക് തോന്നുന്നില്ല. ഇതിൽ ചക്രവർത്തികളും, സാധാരണന്മാരും പണ്ഡിതന്മാരും പാമരന്മാരും ഒരുപോലെ രസിക്കുന്നുണ്ടെന്നുള്ളതിനെയും    ഞങ്ങൾ വിസ്മരിക്കുന്നില്ല.

പ്രാചീന കാലം മുതൽക്കേ ഇതിനെ സംബന്ധിച്ചു ലോകത്തിനുള്ള  ആദരം ഇത്രമാത്രം ഉണ്ടെന്നുള്ളതിലേയ്ക്കു  കാളിദാസാദികളുടെ പ്രശസ്ത കൃതികളായ ശകുന്തളാദി നാടകങ്ങൾ പ്രത്യക്ഷ സാക്ഷ്യങ്ങളാകുന്നു. മധ്യകാലത്തിൽ പരിഷ്‌കൃത ലോകത്തെ ആകയാനം ആകർഷിച്ചിട്ടുള്ളവയും, ഇന്നും അഭിനവത്വത്തൊടുകൂടി ആകർഷിച്ചു  വരുന്നവയും  ആയ  ഷേക്‌സ്‌പീയർ  മുതലായ ആംഗല മഹാകവികളുടെ  നാടകങ്ങളും അവയുടെ അഭിനയ രീതകളും ഇന്ന വിധമാണെന്നു ഇവിടെ ചൂണ്ടിക്കാണിക്കണമെന്നു വിചാരിക്കുന്നില്ല. ആവക നാടകങ്ങൾക്കും അഭിനയചാതുര്യത്തിനു൦, രസാഭാസങ്ങളെ ബഹുജനസമക്ഷം അഭിനയിക്കുന്നതിൽ നിർലജ്ജരായ തമിഴ് നാടകക്കാർക്കും,  ധൂമാകാരേണ ലോകത്തിന്‍റെ സന്മാർഗ്ഗ നിഷ്ഠയെ  ആവരണം ചെയ്തിരിക്കുന്ന തമിഴ്  നാടകങ്ങൾക്കും തമ്മിൽ ഉള്ള അന്തരം ജനങ്ങൾ തിരിച്ചറിയുന്നതിന് ഇനിയും കാലമായില്ലല്ലൊ എന്നു വ്യസനിക്കേണ്ടിയിരിക്കുന്നു. നാടകാഭിനയം അപ്രശസ്തമായ തൊഴിൽ എന്നു ഞങ്ങൾക്ക് അഭിപ്രായമില്ല. ശരിയായി നടത്തുമെങ്കിൽ സന്മാർഗ്ഗ പോഷണത്തിനും,  സമുദായ പരിഷ്കരണത്തിനും, ധനാർജ്ജനത്തിനും ഇതൊരു ഉത്തമമായ പന്ഥാവെന്നു കൂടി ഇവിടെ അഭിപ്രായമുണ്ട്. പക്ഷെ ഇവിടെ അഭിനയിക്കുന്ന തമിഴ് നാടകക്കാരുടെ സ്ഥിതിയിൽ ജനഹൃദയങ്ങളെ ദുഷിപ്പിക്കുന്ന  നാടകസംഘക്കാരെ ഒരിക്കലും ജനങ്ങളും ഗവൺമെൻ്റും പ്രോത്സാഹിപ്പിക്കാൻ  പാടില്ല.    
               

    

You May Also Like