7. ജുഡീഷ്യൽ വകുപ്പ്
- Published on January 09, 1907
- By Staff Reporter
- 612 Views
ക്രിമിനല്‍നീതി:- സിവില്‍ കോടതികളുടെ എണ്ണം മുന്നാണ്ടത്തേപ്പോലെതന്നെ 28- ആയിരുന്നു. എന്നാല്‍, ക്രിമിനല്‍ നീതിനയനംചെയ്യുന്ന കോടതികളുടെ എണ്ണം മുന്നാണ്ടില്‍ 65-ആയിരുന്നത് പോയിട്ട് തന്നാണ്ടില്‍ 63- ആയിട്ടുണ്ട്. റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കുറ്റങ്ങളുടെ എണ്ണം മുന്നാണ്ടില്‍ 19,572- ആയിരുന്നതുപോയിട്ട്, തന്നാണ്ടില്‍ 18,926- ആയിരുന്നു. പീനല്‍കോഡ് (ശിക്ഷാനിയമം) പ്രമാണിച്ചുള്ള കുറ്റങ്ങള്‍ക്കും വിശേഷാല്‍ ആയും പ്രാദേശികമായുമുള്ള നിയമങ്ങള്‍ക്കും കുറവുണ്ടായിരുന്നു. ഡിസ്ട്രിക്ട് മജിസ്ട്രേട്ടുകളുടെ മുമ്പാകെ 1470-അപ്പീലുകള്‍ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. 258-ആളുകളെ ബാധിക്കുന്നതായ 144-കേസ്സുകള്‍, സെഷന്‍സ് കോടതികളില്‍ വിചാരണചെയ്കയും, തീരുമാനിക്കയുംചെയ്തു. സെഷ്യന്‍സ് കോടതികളില്‍ ബോധിപ്പിച്ചിട്ടുള്ള അപ്പീലുകളുടെ എണ്ണം 263- ആയിരുന്നു.
സിവില്‍നീതി:- ആദ്യവ്യവഹാരങ്ങളുടെയും അപ്പീല്‍വ്യവഹാരങ്ങളുടെയും എണ്ണം പൂര്‍വാധികമായിട്ടുണ്ട്. ആദ്യവ്യവഹാരങ്ങള്‍ മുന്നാണ്ടില്‍ 40313-ം, തന്നാണ്ടില്‍ 44,512-ം ഫയിലായിരുന്നു. അപ്പീല്‍വ്യവഹാരങ്ങള്‍ മുന്നാണ്ടില്‍ 45,258-ം തന്നാണ്ടില്‍ 47,718-ം ഫയിലായിരുന്നു, മുന്‍സിഫ് കോടതികളില്‍ തീരുമാനിച്ച ആദ്യവ്യവഹാരങ്ങളുടെ തുക മുന്നാണ്ടത്തെതിലും 4128 അധികമായിരുന്നു; അതാവിത്, ആകത്തുകയില്‍ നൂറ്റിന് 81 26/100 വീതംആയിരുന്നു; മുന്നാണ്ടില്‍ ഇത് 80 69/100 ആയിരുന്നു. ഡിസ്ട്രിക്ട് കോടതികളില്‍ തീര്‍ച്ചചെയ്ത ആദ്യവ്യവഹാരങ്ങളുടെ എണ്ണം മുന്നാണ്ടത്തെതിലും 5നു അധികരിച്ചു; തീര്‍ച്ചപ്പെട്ട അപ്പീല്‍വ്യവഹാരങ്ങളുടെ എണ്ണം, ഫയിലായ അപ്പീല്‍ വ്യവഹാരങ്ങളുടെതില്‍ 439- കുറവായിരുന്നു; ഇത് തീരുമാനിക്കാനുള്ള കേസ്സുകളുടെഎണ്ണത്തില്‍, നൂറ്റിന് 47 36/100 വീതം ആയിരുന്നു; 1080-ാമാണ്ട് ഈവീതം, നൂറ്റിന് 55 28/100 ആയിരുന്നു. വക്കീല്‍സംഘത്തിന്‍റെ കീര്‍ത്തിയേയും അവസ്ഥയെയും പരിഷ്കരിക്കുന്നതിലേക്കായി വക്കീലന്മാരുടെ പേര് രജിസ്തരില്‍ പതിക്കുന്നതിനെ സംബന്ധിച്ചുള്ള ചട്ടങ്ങളെ പുതുക്കുകയും, മേലാല്‍, ബാരിസ്റ്റര്‍- അറ്റ് - ലാമാരേയും, ബ്രിട്ടീഷ് ഇന്ത്യന്‍ ഹൈക്കോടതിയിലെ അറ്റാര്‍ണികളെയും, ലാ-ഗ്രാഡ്വറ്റുകളെയും മാത്രമേ സ്വീകരിക്കുകയുള്ളു എന്നു നിശ്ചയിക്കയുംചെയ്തു.