മറ്റുവാർത്തകൾ
- Published on June 06, 1908
- By Staff Reporter
- 764 Views
ഇറ്റലിദേശക്കാരനും ഉഗ്രസവാരിയില്‍ പ്രസിദ്ധനുമായ മിസ്റ്റര്‍ കെഡ്‍റിനൊ ബാള്‍ടിമൂര്‍ എന്ന സ്ഥലത്തു മേ 30-നു- വണ്ടിഓടിച്ചുപോകുമ്പോള്‍ വണ്ടി പെട്ടെന്നു മറിഞ്ഞു അയാളുടെ കഴുത്തുമുറിഞ്ഞു അപായപ്പെട്ടിരിക്കുന്നു.
കൊറിയായില്‍ ഇക്കഴിഞ്ഞ മേമാസത്തില്‍ അവിടുള്ള ജപ്പാന്‍ നിവാസികളും കൊറിയാജനങ്ങളും തമ്മില്‍ 53 പ്രാവശ്യം ലഹളകള്‍ നടന്നിരിക്കുന്നു. അതില്‍ വച്ച് 549 കൊറിയന്മാരും 30 ജപ്പാന്‍കാരും മരിച്ചുപോയത്രെ.
മദ്രാസ് സംസ്ഥാനത്തുള്ള പലേ പ്രദേശങ്ങളിലും ക്ഷാമത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു കാണുന്നു. ജലദുര്‍ഭിക്ഷമാണ് അവിടങ്ങളില്‍ അധികമായി ബാധിച്ചിരിക്കുന്നത്. ഇതുനിമിത്തം കന്നുകാലികളും നശിക്കുന്നു. സംസ്ഥാനത്തിലെ പത്തുജില്ലകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില ജാസ്തിയായിരിക്കുന്നതുകൊണ്ടു തന്നെ, ജനങ്ങള്‍ എത്രമേല്‍ ക്ഷാമകഷ്ടം അനുഭവിക്കുന്നുണ്ടെന്നു നിര്‍ണ്ണയിക്കാം.
മേ- 31-നു- ഇംഗ്ലണ്ടില്‍ ഹറിങ്ഹാം എന്ന സ്ഥലത്തുനിന്ന് മെയിഡന്‍ ഹെഡ്ഡിലേക്ക് ഒരു വിമാനയാനപ്പന്തായം നടത്തിയിരിക്കുന്നു. ഇതില്‍ 12 ബ്രിട്ടീഷുകാരും, 13 ഫ്രഞ്ചുകാരും 3 ജര്‍മ്മന്‍കാരുംഉണ്ടായിരുന്നു. മിസ്റ്റര്‍ പാളക്ക് എന്ന ഇംഗ്ലീഷുകാരനാണ് ഒന്നാമതായി ജയിച്ചത്.
ഇന്ത്യയുടെ സ്ഥിതികളെപ്പറ്റി ഇംഗ്ലീഷ് ജനങ്ങളെ ധരിപ്പിക്കാനായി ഇംഗ്ലാണ്ടിലേക്ക് പോയിരിക്കുന്ന മിസ്റ്റര്‍ ഗോഖലെയോടു ചേരുവാന്‍ ബംബയിലെ ബഹുമാനപ്പെട്ട മിസ്റ്റര്‍ ദീക്ഷിത് ഇംഗ്ലാണ്ടിലേക്കു പോകുന്നു.
ജപ്പാന്‍ കൃഷി ഡിപ്പാര്‍ട്ടുണ്ടെിലെ രണ്ടുദ്യോഗസ്ഥന്മാര്‍ ഇന്ത്യയിലെ കൃഷി, റെയില്‍വെ മുതലായ സമ്പ്രദായങ്ങള്‍ കണ്ടറിയേണ്ടതിന്ന് ഇന്ത്യയില്‍ വന്നിരിക്കുന്നു. അവര്‍ ഇപ്പോള്‍ സിംലായില്‍ താമസിച്ചുപോരുന്നു.
ചിന്‍റാവോ എന്ന സ്ഥലം കൊറിയായില്‍ ചേര്‍ന്നതാണെന്ന് വാദിച്ച് ജപ്പാന്‍കാര്‍ കരം ഏര്‍പ്പെടുത്തുകയാല്‍, ചൈനാക്കാര്‍, 5000 കുതിരപ്പട്ടാളത്തെ അവിടത്തെ രക്ഷയ്ക്കായി അയച്ചിരിക്കുന്നു.
പാലില്‍ വെള്ളം ചേര്‍ത്ത് വിറ്റുഎന്ന കാരണത്തിന്മേല്‍, ലണ്ടനിലെ ഒരു പാല്‍ക്കാരന്, 20 പവന്‍ പിഴയും, രണ്ടുവര്‍ഷത്തെ കഠിനതടവും, ശിക്ഷനല്‍കിയിരിക്കുന്നു.
ഈ ജൂണ്‍ 8 ാം നു- തിങ്കളാഴ്ച "വിറ്റ്മണ്ടെ,, എന്ന ഒരു വിശേഷ ദിവസമാകയാല്‍ മദിരാശി ഗവര്‍ന്മേണ്ട് അതൊരു കല്പനദിവസമാക്കിയിരിക്കുന്നു.
ഉടഞ്ഞുപോയ മേസ്സേഴ്സ് ബിന്നി കമ്പനിക്കാര്‍, അതിലെ പങ്കുകാരായിരുന്നവര്‍ക്ക് രൂപായ്ക്കു 2 അണവീതം ഭാഗം കൊടുക്കുന്നതിന് തയ്യാറായിരിക്കുന്നുപോല്‍.
ദൂരദിക്കില്‍പോകുന്ന സൈന്യങ്ങള്‍ക്ക് കാപ്പിക്കുപകരം തേയിലയാണ് സുഖകരമെന്ന് ജര്‍മ്മനിയിലെ സൈനിക നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
കോയമ്പത്തൂരിനും ഉദയമലപ്പേട്ടയ്ക്കു മധ്യേ ഒരു മോട്ടോര്‍വണ്ടി യാത്രക്കാരുടെ ഉപയോഗത്തിന് ഇടുന്നതാണെന്ന് കാണുന്നു.
ശ്രീരാധാസ്വാമിയുടെ ശിഷ്യന്മാര്‍ ആഗ്രയില്‍ പത്തുലക്ഷം ഉറുപ്പിക ചെലവു ചെയ്ത് ഒരു ധര്‍മ്മമന്ദിരം പണിചെയ്യിച്ചു പോരുന്നു.
മദിരാശി ഹൈക്കോടതിയിലെ ഒരു ആക്റ്റിംഗ് ജഡ്ജിയായി മിസ്റ്റര്‍ എഫ് പിന്നി, ഐ. സി. എസ്സിനെ നിയമിച്ചിരിക്കുന്നു.
വ്ലാഡിവാസ്റ്റോക്ക് എന്ന സ്ഥലത്തുനിന്ന് കല്‍ക്കത്തായിലേക്ക് ഒരു ആവിക്കപ്പല്‍ പാഥയ്ക്കുവേണ്ട ഏര്‍പ്പാട് ചെയ്യുന്നുണ്ട്.
കരിമരുന്നുപ്രയോഗങ്ങളെപ്പറ്റി ഒരു ബില്‍ താമസിയാതെ നടപ്പില്‍ വരുത്തുന്നതിന് ഇന്ത്യാഗവര്‍ന്മേണ്ട് ആലോചിച്ചുവരുന്നു.
മദിരാശി സംസ്ഥാനത്ത് തൊഴില്‍ വ്യവസായ ഡയറക്‍ടര്‍ക്കു ഒരു അസിസ്റ്റന്‍റിനെക്കൂടെ തല്‍കാലം നിശ്ചയിച്ചിരിക്കുന്നു.
ബങ്കളൂര്‍ മുനിസിപ്പാല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്, പണക്കുറവ് നിമിത്തം മേല്പടി മുനിസിപ്പാലിറ്റി ക്ഷാമബത്ത അനുവദിച്ചിട്ടില്ലാ.
മൈസൂര്‍ ഗവര്‍ന്മേണ്ടുവക സ്ക്കൂളുകളില്‍ മതസംബന്ധമായ പഠിപ്പുകള്‍ കൂടി നല്‍കുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.
ചൈനായില്‍ ചിലെടങ്ങളില്‍ തീവണ്ടിപ്പാഥ ഇടേണ്ടതിന്ന് 15,00,000 പവന്‍ കടം മേടിപ്പാന്‍ ഉറച്ചിരിക്കുന്നു.
പുതുക്കോട്ടയിലെ പ്രജാസഭയുടെ ഏഴാമത്തെയോഗം ഈയാണ്ട് ജൂണ്‍ 19 നു- വെള്ളിയാഴ്ചദിവസം കൂടുന്നതാണ്.
ഇന്ത്യാഗവര്‍ന്മേണ്ട് തലസ്ഥാനം കല്‍ക്കത്തയില്‍നിന്ന് ആഗ്രായിലേക്ക് മാററപ്പെടുമെന്ന് ഒരു ശ്രുതിയുണ്ട്.
ഇന്ത്യന്‍ ക്ഷാമഫണ്ടിലേക്ക് നൈസാം മഹാരാജാഅവര്‍കള്‍ ഒരുലക്ഷം ഉറുപ്പിക സംഭാവന ചെയ്ചിരിക്കുന്നു.
മദിരാശിയിലെ പ്രൊവിന്‍ഷ്യല്‍ കണ്‍ഫറന്‍സ് ജൂലായി 18 ം 19 ം നു-കളില്‍ കൂടുമെന്നറിയുന്നു.
കല്‍ക്കത്തയില്‍ ഒരു പോലസുകാരനെ ആരൊ ഈയിടെ വെട്ടിക്കൊന്ന് വഴിക്കിട്ടിരിക്കുന്നു.
മദിരാശിയില്‍ മേമാസം വരെ 545,969 എലികളെ നശിപ്പിച്ചിരിക്കുന്നു.
ഇന്ത്യയില്‍ മധ്യ സംസ്ഥാനങ്ങളില്‍ ക്ഷാമത്തിന് വര്‍ദ്ധന ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ജപ്പാനില്‍ ഒരു സര്‍വകലാശാല താമസിയാതെ സ്ഥാപിക്കപ്പെടുന്നതാണ്.
ഇന്ത്യന്‍ ക്ഷോഭവാദം, ജോനസ്സ്ബര്‍ഗ്ഗില്‍ വീണ്ടും ആരംഭിച്ചിരിക്കുന്നു.