കേരളവാർത്തകൾ - എറണാകുളം

  • Published on July 17, 1907
  • By Staff Reporter
  • 490 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

(ഒരു ലേഖകൻ)  മിഥുനം 26     

സ്ഥലത്തെ അഞ്ചലാഫീസ് ഇവിടത്തെ മുസാവരി ബംഗ്ലാവിൽ മാറ്റി സ്ഥാപിച്ചിരിക്കുന്നു. അഞ്ചലാഫീസ് ആയിരുന്ന കെട്ടിടത്തിൽ മുൻസിപ്പുകോടതിയെ മാറ്റി സ്ഥാപിക്കുവാൻ പുതിയ ദിവാൻ ആലോചിച്ചുവരുന്നതായറിയുന്നു.

      ചെവ്വര ഒരു മൂഹമ്മദീയൻ്റെ വീട്ടിൽ നിന്നു ഏതാനും ചക്ക മോഷണം ചെയ്ത രണ്ടു മൂഹമ്മദീയരെ ഈ മാസം 24 നു എറണാകുളം രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് ഓരോ ഡസൻ വീതം അടി നിശ്ചയിക്കയും, കോർട്ടിൻ്റെ മുൻഭാഗത്തുള്ള മുറ്റത്തുവച്ചു വിധി നടത്തുകയും ചെയ്തിരിക്കുന്നു. 

   സ്ഥലം ചന്തയ്ക്ക് കിഴക്ക് വശം പബ്ലിക് റോഡിന് അടുത്തുള്ള പുരയിടത്തിൽ മലം ശേഖരിച്ചു മറവ് ചെയ്യാതെ തട്ടുക നിമിത്തം സമീപവാസികൾക്കും ടൗണിൽ കൂടി സഞ്ചരിക്കുന്നവർക്കും ദുർഗന്ധം അസഹനീയം ആയിരിക്കുന്നു. ഈ കാര്യത്തിൽ സ്ഥലം പട്ടണ പരിഷ്കരണ കമ്മിറ്റിയുടെ ദൃഷ്ടി ഉടൻ പതിയുമെന്ന് വിശ്വസിക്കുന്നു. 


You May Also Like