വാർത്ത
- Published on May 05, 1909
- By Staff Reporter
- 667 Views
ഈ നാട്ടില്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരിക്കുമ്പോള്‍, മറുനാട്ടില്‍നിന്നു ആളെ വരുത്തി സര്‍ക്കാരുദ്യോഗത്തിനു നിശ്ചയിക്കുന്ന നയം രാജ്യതന്ത്രത്തിന് ദൂഷ്യമായുള്ളതാണെന്നു എത്ര പ്രാവശ്യം എത്രയൊ വിധത്തില്‍ ജനങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും, ഈ ഹിതോപദേശമൊന്നും, സ്വേച്ഛാപ്രഭുത്വകാംക്ഷികളായ ഭരണകര്‍ത്താക്കന്മാരുടെ ഉള്ളില്‍ കയറീട്ടില്ലെന്ന് ചിലപ്പോള്‍ കാണിക്കാറുള്ളത് കഷ്ടംതന്നെയാണ്. ദിവാന്‍ മിസ്റ്റര്‍ രാജഗോപാലാചാരി, ജാതിസ്പര്‍ദ്ധയെ ഉജ്ജ്വലിപ്പിക്കുന്നതിന് തക്കവിധത്തില്‍, ചില ജാതിക്കാര്‍ക്ക് ഉദ്യോഗദാനവിഷയത്തില്‍ മററുള്ളവരെക്കാള്‍ പ്രാധാന്യം കൊടുക്കണമെന്ന് ചില ആജ്ഞകള്‍ പുറപ്പെടുവിച്ചിട്ടുള്ളതുകൊണ്ടുള്ള വിഷമതകള്‍ ഇരിക്കട്ടെ. ഇതിനു പുറമെ, തന്‍റെ ഇഷ്ടന്മാരുടെയോ മറ്റോ ശിപാര്‍ശകത്തുകളോടുകൂടി വരുന്ന ചിലര്‍ക്കു ഈ നാട്ടില്‍ ഉദ്യോഗം കൊടുക്കുവാന്‍ ഓരൊരോ അപനയങ്ങളില്‍ ചാടുന്നു എന്നു കേള്‍ക്കാന്‍ ഇടയാവുന്നത് അദ്ദേഹത്തിന്‍റെ ഭരണകീര്‍ത്തിയെ മലിനപ്പെടുത്തുന്നതാണ്. യോഗ്യതയും സര്‍വീസും അവകാശവും ഉള്ള ജീവനക്കാര്‍ക്ക് ന്യായമായി കിട്ടേണ്ട കയററം കൊടുക്കാതെ, ഉണ്ടാകുന്ന ഒഴിവുകളില്‍ വലിയ തുക ശമ്പളത്തിന് മറുനാട്ടില്‍ നിന്ന്, ഇവിടത്തുകാരില്‍ കൂടുതലായ യോഗ്യതയില്ലാത്തവരെ നിശ്ചയിക്കുന്നപക്ഷം, പബ്ലിക്‍സര്‍വീസുകാരുടെ ഇടയില്‍ സ്പര്‍ദ്ധയെ മുളപ്പിച്ചുവളര്‍ത്തുമെന്നും, ഇതു ഗവര്‍ന്മേണ്ടിന് ദോഷമാണെന്നും മറന്നുകൂടുന്നതല്ലാ. ഹജൂര്‍ അക്കൌണ്ടാഫീസില്‍ ഉണ്ടായ ചില ഒഴിവുകള്‍ക്ക് കയററത്തിന് അര്‍ഹതയുള്ളവരുടെ അവകാശങ്ങളെ വിസ്മരിച്ചിട്ട്, പുറമേ നിന്നു ചിലരെ നിശ്ചയിക്കാന്‍ ഭാവിച്ചിട്ടുള്ളതായി ഞങ്ങളറിയുന്നു. ഈ ശിപാര്‍ശയെ മഹാരാജാവ് തിരുമനസ്സുകൊണ്ട് തടയേണ്ടത്, ഈ നാട്ടുകാരായ ജീവനക്കാരുടെ ഗുണത്തിന് ആവശ്യമാണ്, ഹജൂരാഫീസ് മിസ്റ്റര്‍ രാജഗോപാലാചാരിയുടെ സ്വന്തം ഗൃഹമായിരുന്നുവെങ്കില്‍, ഞങ്ങള്‍ ഇതിനെപ്പറ്റി പറക തന്നെയില്ലായിരുന്നു; അതു ഗവര്‍ന്മേണ്ട് സ്ഥാപനമാണെന്നും, ദിവാന്‍ജിയുടെ നിലയില്‍ മിസ്റ്റര്‍ ആചാരിക്ക് മറുനാട്ടുചങ്ങാതിമാരുടെ ശിപാര്‍ശകളെ ഗൌനിക്കാന്‍ അര്‍ഹതയില്ലെന്നും ഉള്ളതിനാലാണ് ഇത്രയും ഞങ്ങള്‍ പറയുന്നത്. മിസ്റ്റര്‍ ആചാരിയുടെ തന്ത്രചപലതകളെ വര്‍ദ്ധിപ്പിച്ച് പൊതുജനങ്ങളില്‍ നിന്ന് അപ്രീതി സമ്പാദിക്കാതിരിപ്പാന്‍ അദ്ദേഹം ശ്രമിക്കേണ്ടത് അദ്ദേഹത്തിന്‍റെ നിലയ്ക്കു നല്ലതാണ്.
"പത്രാധിപരുടെ വേല ഒരു വലിയമേശയ്ക്കുമുമ്പിലിരുന്നുങ്കൊണ്ട് ഇടിമുഴക്കം പുറപ്പെടുവിക്കമാത്രമാണ് എന്നാണു സാധാരണജനങ്ങള്‍ വിചാരിക്കാറുള്ളത് --,, ഇപ്രകാരമായിരുന്നു ലണ്ടനിലെ പത്രാധിപയോഗത്തിന്നായി പുറപ്പെടുന്ന അവസരത്തില്‍ കൂടിയ സുഹൃത്സമ്മേളനത്തില്‍ വച്ച്, ബംബയിലെ 'ടൈംസ് ആഫ് ഇന്ത്യ, പത്രത്തിന്‍റെ അധിപര്‍ മിസ്തര്‍ സ്റ്റാന്‍ലിറീഡ് പ്രസംഗത്തില്‍ പ്രസ്താവിച്ചത്. ഇത് എത്രയൊ തെററായ വിചാരമാണെന്നു മിസ്തര്‍ റീഡ്, സാധാരണ ഒരു ആംഗ്ലോ ഇന്ത്യന്‍ പത്രാധിപരുടെ ദിനസരിക്കുറിപ്പിനെ ഉദാഹരിച്ച് പറക ഉണ്ടായി ' പത്രാധിപര്‍ക്ക് നാളെ എന്നു ഒന്നില്ലാ; ഇന്നു എന്നതുമാത്രമേയുള്ളു. അയാളുടെ ശിരസ്സ് പിത്തകോപത്താല്‍ വ്യഥിച്ചാലും, എഴുതിനിറയ്ക്കാന്‍ പത്രത്തിന്‍റെ രണ്ടുമൂന്നുവലിയ പംക്തികളും മുഖപ്രസംഗപ്പകര്‍പ്പ് വീണ്ടും വേണമെന്ന് ആവശ്യപ്പെടുന്ന പ്രിണ്ടരും എപ്പൊഴും അടുക്കലുണ്ടായിരിക്കും. അതിനാല്‍, ഇത്തരം പത്രപ്രവൃത്തിക്കാരനെ കാണുമ്പോള്‍, നിങ്ങളുടെ പത്രം മോശം എന്നുപറയാതിരിക്കാനപേക്ഷ.,- എന്നു മിസ്തര്‍ റീഡ് സഭാവാസികളോട് പ്രസംഗിച്ചതായി കാണുന്നു. പത്രാധിപരുടെ സങ്കടങ്ങള്‍ എന്തൊക്കെയെന്ന് സാധാരണ ആളുകള്‍ക്ക് അറിവില്ലാ എന്നു മിസ്തര്‍ റീഡ് പറഞ്ഞത് എത്രയൊ യഥാര്‍ത്ഥമാണ്. മിസ്തര്‍ റീഡിന് ഇതിനെപ്പറ്റി നല്ല അനുഭവമുണ്ടാകാന്‍ തക്കവണ്ണം, അദ്ദേഹം ഇരുപത്തിരണ്ടുകൊല്ലം മുമ്പ് പത്രം ആഫീസില്‍ ജോലിക്കായി കടന്നപ്പോള്‍, അദ്ദേഹത്തിനോട് ചെയ്യാന്‍ ആവശ്യപ്പെട്ട തപാല്‍ മുദ്ര ഒട്ടിയ്ക്കുന്ന വേലയില്‍ നിന്നു അദ്ദേഹം ഇപ്പോള്‍ ഒരു പത്രത്തിന്‍റെ പ്രധാനപ്രസാധകനായിത്തീര്‍ന്നിരിക്കയാണ്. മിസ്റ്റര്‍ റീഡ്, ഒരു പത്രപ്രവര്‍ത്തകന് വേണ്ടതായ ഗുണങ്ങളെ പ്രതിപാദിച്ചപ്പോള്‍ പറഞ്ഞത്, എപ്പോഴും തെററുകൂടാതെയിരിപ്പാന്‍ ഒരുവന് കഴികയില്ലെങ്കിലും, സത്യനിഷ്ഠയോടുകൂടിയിരിക്കേണ്ടത് ആവശ്യമാകുന്നു എന്നാണ്.
ൃൃ
രാജ്യഭരണകര്‍ത്താക്കന്മാര്‍ക്ക് അവശ്യം വേണ്ടതായ ഒരു ഗുണം സദാചാരനിഷ്ഠയാണ്. ഈ ഒരു ഗുണമില്ലായ്കില്‍, അവര്‍ എത്ര തന്നെ മിടുക്ക് കാണിച്ചാലും, അവരെപ്പററി ജനസാമാന്യത്തില്‍ ബഹുമതി ഉണ്ടായിരിക്കയില്ലെന്ന് സിദ്ധമാണ്. ഒരു രാജ്യത്തിന്‍റെ ഭരണത്തിന് ചുമതലക്കാരന്‍ കേവലം രക്ത മാംസാദി പിണ്ഡമായ മൂര്‍ത്തിയായിട്ടല്ലാ കരുതപ്പെട്ടിരിക്കുന്നത്. ആ ചുമതലയെ വഹിക്കുന്ന ആള്‍ കാമാദിമനോവികാരങ്ങളാല്‍ വൈയാകുലീഭൂതനാകുന്ന ഒരു മാംസപിണ്ഡമാണെങ്കിലും, ആ മാംസപിണ്ഡത്തിന്‍റെ ചാപലങ്ങളെ, മേല്പടി ചുമതലയുള്ള കാലത്തു പ്രവര്‍ത്തിപ്പിക്കുന്നത്, വ്യാജ ജീവിതം ആയിത്തീരുന്നതാണ്. മേലുദ്യോഗസ്ഥന്മാര്‍ സര്‍ക്കീട്ടുപോകുമ്പോഴും മററും, കീഴ് ജീവനക്കാരുടെമേല്‍ സര്‍ക്കാരധികാരത്തെ ഭാവിച്ചുങ്കൊണ്ട്, അവരെ തങ്ങളുടെ സ്വഭാവ ചപലതകളെ സാധിക്കുന്നതിനായി നിര്‍ബന്ധിക്കുന്നത് വര്‍ജ്ജിക്കേണ്ട ദുരാചാരമാണെന്നു വിശേഷിച്ചു പറയേണ്ടതില്ലാ. ഇവരുടെ ചപലതകളെ അനുസരിച്ച് ഇവരില്‍ നിന്ന് പ്രശംസകള്‍ ലഭിക്കാന്‍ കരുതുന്നവരുടെ ജീവിതം കഷ്ടമാണെങ്കിലും, അവരെ നിര്‍ബന്ധിക്കുന്ന മേലാവുകാരുടെ അവസ്ഥ ക്ഷന്തവ്യമല്ലാ. തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ ഈ സമുദായദൂഷണത്തിനായി ഒരുങ്ങിയിരിക്കുന്ന ഉദ്യോഗസ്ഥന്മാരില്‍ ചിലര്‍ക്ക് ജനങ്ങളില്‍ നിന്നു പ്രഹരംകിട്ടുന്നതായി വരുന്നതു അത്ഭുതമല്ലാ. പരിഷ്കൃതനീതിനിയമങ്ങളില്ലാത്ത രാജ്യങ്ങളിലായിരുന്നു എങ്കില്‍, ഇത്തരം നിന്ദ്യകര്‍മ്മങ്ങളെ എത്ര നിര്‍ദ്ദമായി മര്‍ദ്ദിച്ചമര്‍ത്തുവാന്‍ സംഗതിയാകുമായിരുന്നു. ആത്മാവിന്‍റെ ശ്രൈഷ്ഠ്യത്തെ കെടുക്കുവാന്‍ തുനിയുന്ന മനുഷ്യരുടെ സംഖ്യ ഈ നാട്ടിലെ സര്‍ക്കാര്‍ സര്‍വീസിന് തീരെ ഇല്ലാതെയാകേണ്ടത് എത്രയോ ആവശ്യമാകുന്നു.