കേരളവാർത്തകൾ - കൊച്ചി

  • Published on January 24, 1906
  • Svadesabhimani
  • By Staff Reporter
  • 78 Views

       മട്ടാഞ്ചേരിയിലെ "ഔട്ടേജൻസി"യെ ചുങ്കം കച്ചേരിക്ക് സമീപം മാറ്റിയിടുവാൻ മദ്രാസ് തീവണ്ടിക്കമ്പനിക്കാരോട് മലബാർ കളക്ടർ ആവശ്യപ്പെടുമെന്നറിയുന്നു. 

       രാജകുമാരൻ്റെയും പത്നിയുടെയും ആഗമനം പ്രമാണിച്ചു കൊച്ചി മുനിസിപ്പാലിറ്റിക്കാർ ജനുവരി 24 നു സ്കൂളിൽ കുട്ടികൾക്ക് ഒരു പലഹാര വിരുന്ന് കൊടുക്കുവാനും, മറ്റു വിനോദങ്ങൾ നടത്തുവാനും ആലോചിച്ചു വേണ്ട ഒരുക്കം ചെയ്തിരിക്കുന്നു. 

       കൊച്ചി സർക്കാരിലെ മിക്ക വലിയ മേലുദ്യോഗസ്ഥന്മാരും രാജകുമാരൻ്റെ ആഗമനം സംബന്ധിച്ച് മദിരാശിക്കു പോയിരിക്കുന്നു. 

     ഏതാനും ദിവസം മുമ്പ് കൊച്ചി സംസ്ഥാനത്ത് ചില ഈഴവരും പുലയരും തമ്മിൽ വലിയ ലഹളയുണ്ടായി. ദേവാരാധനയ്ക്കായി പുലയന്മാർ ഒരു ക്ഷേത്രം കെട്ടിയുണ്ടാക്കിയെന്നും, ഇതിനെ ഈഴവർ ബലാൽ പ്രവേശിച്ചു കൈവശപ്പെടുത്തി സ്വന്തം ദേവാലയമാക്കിയെന്നും, തന്നിമിത്തം പുലയന്മാർ ഈഴവരുടെ സ്വാമിയാരെയും കൂട്ടരെയും അടികലശൽ ചെയ്തു എന്നും, പുലയന്മാരെ നാട്ടുകൃസ്ത്യാനികളിൽ ചിലർ സഹായിച്ചു എന്നും ആണ് കേസ്സ്. ക്ഷേത്രം തീവെച്ചു നശിപ്പിച്ചുകളയുകയും ചെയ്തിരിക്കുന്നു. 

         ബ്രിട്ടീഷ് കൊച്ചിയിൽ ഗവൺമെൻ്റ് വക ഏതാനും സ്ഥലത്ത് ഒരു കച്ചവടക്കാരൻ ആക്രമമായി മതിൽ കെട്ടി എന്നുള്ള കേസ്സിനെപ്പറ്റി അന്വേഷിപ്പാൻ മലബാർ കളക്ടർ ഈയിടെ കൊച്ചിയിൽ വന്നിരുന്നു. മതിൽ പൊളിച്ചു മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു യൂറോപ്യൻ കച്ചവടക്കാരൻ്റെ മേൽ ഇതുപോലുള്ള കേസ്സ് റെവന്യൂ ബോർഡിലേക്കയച്ചിരിക്കുന്നു. 

     തൃച്ചൂർ   താലൂക്ക് സമ്പ്രതി ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ ബി. ഏ. അവർകളെ വടക്കൻ ഡിവിഷ്യൻ പേഷ്കാരുടെ ഹെഡ് ക്ലാർക്കായി തൽക്കാലം നിശ്ചയിച്ചിരിക്കുന്നു. 

           തെക്കേ ഡിവിഷൻ പേഷ്കാർ മിസ്റ്റർ ശങ്കരമേനോൻ മകരം 5 നു മുതൽ മൂന്നു മാസത്തേക്കും 10 ദിവസത്തേക്കും ഒഴിവ് വാങ്ങിയിരിക്കുന്നു. മിസ്റ്റർ ശങ്കവാര്യരവർകളാണ് പകരം. 

              മുപ്പതുവത്സരം മുമ്പ് നിറുത്തലാക്കിയ കൊച്ചി കൊമേർഷ്യൽ ഏജൻസിയെ വീണ്ടും പുതുക്കിയിരിക്കുന്നു. ബെസ്റ്റ് ആൻഡ് കമ്പനിക്കാരുടെ എറണാകുളത്തെ ഏജൻ്റായിരുന്ന ഒരു കെ. നാരായണരായരെയാണ് കൊമേർഷ്യൽ ഏജൻ്റായി ദിവാൻ നിശ്ചയിച്ചിട്ടുള്ളത്.

കണവനൂർ തഹസിൽദാർ മിസ്റ്റർ വെങ്കിടേശ്വരൻ അവർക്ക് മൂന്നുമാസം അവകാശ ഒഴിവ് കൊടുത്തിരിക്കുന്നു. 

 

 

You May Also Like