ജെർമൻവ്യാപാര വിജയരഹസ്യം

  • Published on May 02, 1908
  • By Staff Reporter
  • 428 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 കുറെക്കാലമായി ഇന്ത്യയില്‍ ജെര്‍മന്‍ സാധനങ്ങള്‍ ധാരാളം പ്രചാരപ്പെട്ടിരിക്കുന്നത് നാം കാണുന്നുണ്ട്. ഏത് പീടികയില്‍ നോക്കിയാലും, പേനാക്കത്തി മുതലായി നിത്യോപയോഗത്തിനുള്ള സാധനങ്ങള്‍ ജെര്‍മനിയില്‍ ഉണ്ടാക്കിയവയെന്നുകാണാം. ഇപ്രകാരം, ജെര്‍മന്‍ സാധനങ്ങള്‍ക്ക് അധികം പ്രചാരംവന്നതും, മുമ്പ് പ്രചാരപ്പെട്ടിരുന്ന  ഇംഗ്ലീഷ് സാധനങ്ങള്‍ക്ക് ചെലവ് അത്രത്തോളം വര്‍ദ്ധിക്കാതെയിരുന്നതും എന്താണെന്ന് അന്വേഷിച്ചാല്‍  അതില്‍നിന്ന് കച്ചവടവര്‍ദ്ധനയെ പ്രാപിക്കേണ്ടതിനുള്ള ഉപായമിന്നതെന്ന് നമുക്ക് ബോധ്യമാവുന്നതാണ്. ഈസംഗതിയെക്കുറിച്ച്, ഈയിട, ലണ്ടനിലെ "ടൈംസ് ,, പത്രത്തില്‍, ക്രോമര്‍പ്രഭു തനിക്ക് ഒരു ഇന്ത്യന്‍സ്നേഹിതന്‍ അയച്ചിരുന്ന എഴുത്തിനെ ഉദ്ധരിച്ചുങ്കൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു.

 ഇംഗ്ലണ്ടിലെ വ്യാപാരിസഭയില്‍ അംഗമായി ഒരു ഹിന്ദുവുണ്ടായിരുന്നാല്‍ ഈ വര്‍ദ്ധനയ്ക്ക് ശമനം കാണുന്നതായിരിക്കുമെന്നാണ് ലണ്ടനില്‍ താമസിക്കുന്ന ബുദ്ധിമാനായ ഒരു ഹിന്ദു അഭിപ്രായപ്പെട്ടിരിക്കുന്നപ്രകാരം ക്രോമര്‍പ്രഭു എഴുതുന്നത്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ജര്‍മനിയില്‍നിന്ന് ഇന്ത്യായില്‍ ഇറക്കുമതി നൂററിന് നൂറുവീതംവര്‍ദ്ധനയുള്ളതായി കാണുന്നു. ഈ ദോഷത്തെ പരിഹരിക്കുന്നതിനുള്ള ഉപായം ബ്രിട്ടീഷ് കച്ചവടക്കാര്‍ക്കു എളുപ്പത്തില്‍ ലഭിക്കാവുന്നതാണ്. അവരുടെ ചരക്കുകള്‍ ഹിന്ദുക്കളുടെ ആവശ്യമറിഞ്ഞും അഭിരുചിക്കും ആനുകൂല്യത്തിനും യോജിപ്പിച്ചു ഗുണദോഷം ഗ്രഹിച്ചും ഉണ്ടാക്കിക്കൊള്ളുകതന്നെയാണ് ഉപായം. അല്ലാത്തപക്ഷം, ബ്രിട്ടീഷ് വ്യാപാരം കുറയുന്നതിനേ മാര്‍ഗ്ഗം കാണുന്നുള്ളു. ഇന്ത്യാ ആഫീസും ഇന്ത്യാവ്യാപാരത്തിനുള്ള ആഫീസും ലണ്ടനിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യായിലെക്കു ഒരു ഉദ്യോഗസ്ഥനെ അതിനുപ്രധാനിയായി നിയമിച്ചിട്ടുംഉണ്ട്. കച്ചവടനഷ്ടോന്നതിക്കണക്കു ആ ഉദ്യോഗസ്ഥന്‍ വായിച്ചിട്ടുണ്ട്; എന്നാല്‍, ആയാള്‍ ഇന്ത്യായില്‍ വന്നിട്ടുണ്ടോ എന്നു സംശയമാണ്. കണ്ണിന്നു മാത്രം കൌതുകം കൊടുക്കുന്നതായ നിസ്സാരങ്ങളായ സാമാനങ്ങള്‍ വില്‍ക്കുന്നതിന് നല്ലതരമുള്ള സമയം ഇന്നതെന്നു അറിയുന്നതിന് അവിടെ ഇരുന്നും കൊണ്ട് ശ്രമിച്ചാല്‍ ആയത് ദുസ്സാധംതന്നെ. വ്യാപാരവര്‍ദ്ധനക്കണക്ക് ഇതിനുള്ള കാരണം മനസ്സിലാക്കി ക്കൊടുക്കുകയില്ലാ. ഒരുഹിന്ദുവിനു ഈ സാമാനങ്ങള്‍ എപ്പോള്‍ ലാഭമായി വില്‍ക്കാമെന്നു എളുപ്പത്തില്‍പറയാം. ഒരു ഹിന്ദു, ലണ്ടന്‍ വ്യാപാര സഭയില്‍ വ്യാപാരപ്രവര്‍ത്തകന്മാരില്‍ ഒരാളായി ഇരിക്കുന്നപക്ഷം, ആയാള്‍ മാര്‍ച്ച് മാസത്തില്‍ വരുന്ന ആഘോഷ ദിവസം നല്ല തരമെന്ന് പറയുന്നതാണ്. ഈ വിനോദ ദിവസം, ഹിന്ദുക്കള്‍ അവരുടെ സ്വദേശത്തെ സ്വര്‍ഗ്ഗമാക്കി അലങ്കരിക്കുന്നു. സ്നേഹിതന്മാര്‍ വസ്ത്രങ്ങള്‍ വാങ്ങി സമ്മാനിക്കുന്നു. ഈ സമ്മാനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്ന വസ്ത്രങ്ങള്‍ ഈടുനില്‍ക്കുന്നവയായിരിക്കണമെന്ന് അവര്‍ വിചാരിക്കുന്നില്ലാ അതുകൂടാതെയും ഇവ ഹിന്ദുവിന്‍റെ ചുരുക്കമായ ചെലവിന് ഒത്തതായിരിക്കയും വേണം. ഇനി, അക്ടോബര്‍ മാസത്തില്‍ വരുന്ന ഒരു ആഘോഷദിവസമുണ്ട്. ആയത് ദീപാവലിദിവസമാണ്. ഈദിവസം കച്ചവടക്കാരന്‍റെ നോട്ടത്തില്‍, അതിലാഭമുള്ള ദിവസമല്ലാ. ദീപാവലിദിവസം സമ്മാനിക്കുന്ന സാധനങ്ങള്‍ നല്ലതായും സാരവത്തായും ഇരിക്കണം. വ്യാപാരികളുടെ നല്ലകാലം ദീപാവലിമുതല്‍ക്കാണ്. ബ്രിട്ടീഷ് ചരക്കുകള്‍ അന്നുമുതല്‍ക്കാണു വിററഴിയുന്നത്. അന്ന് അവര്‍ ജര്‍മ്മന്‍ സാമാനത്തിനെക്കാളും ഇംഗ്ലീഷ് സാധനത്തെ കൈക്കൊള്ളുന്നു. ഇംഗ്ലീഷ് സാധനത്തിന് വിലകൊടുത്താല്‍ ഒരു ഫലമുണ്ടാകുമെന്ന് അവര്‍ മനസ്സിലാക്കുന്നത് അന്നാണ്. ഇന്ത്യാക്കാരുടെ അഭിരുചിയേയും അനുകൂലതയേയും അറിഞ്ഞ് ഇംഗ്ലണ്ടില്‍ ഉപദേശിക്കുവാന്‍ വേണ്ട ആളുകള്‍ ഉണ്ടോ എന്ന് സംശയമാണ്. ഇന്ത്യയില്‍ ഇംഗ്ലാണ്ടുകാരുടെ വ്യാപാരങ്ങള്‍ കുറയുന്നതിനും ജര്‍മ്മനിക്കാരുടെ വ്യാപാരം വര്‍ദ്ധിക്കുന്നതിനും കാരണം മനസ്സിലാകുന്നില്ലാ. ഇന്ത്യക്കാര്‍ ഇംഗ്ലീഷ് കാരുടെ സാമാനങ്ങള്‍ക്ക് വില കൂടുതലായിക്കാണുകകൊണ്ട് തന്നെ ആയിരിക്കണം. ഇന്ത്യക്കാരുടെ ആസ്തിഅറിഞ്ഞ് ജര്‍മ്മന്‍കാര്‍ വ്യാപാരസാമാനമുണ്ടാക്കുന്നു. ഇംഗ്ലാണ്ടുകാര്‍ക്കു യോജിക്കുന്നവിധം ഇന്ത്യക്കാര്‍ ഉപയോഗപ്പെടുത്തണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നു. ജര്‍മ്മന്‍കാര്‍ സാമാനം ഉണ്ടാക്കുന്നതിന് മുമ്പില്‍ തന്നെ ഇന്ത്യക്കാരുടെ ആവശ്യത്തെ അറിഞ്ഞ് അതിന് ഉചിതമായി സാമാനങ്ങള്‍ ഉണ്ടാക്കുന്നു, ജര്‍മ്മന്‍കാരുടെ കത്തിരികള്‍ അധികം ഇന്ത്യയില്‍ ചെലവാകുന്നു എന്ന് ഇംഗ്ലീഷുകാര്‍ക്ക് ഒരു വിചാരമുണ്ട്. അതിനു കാരണം മറ്റൊന്നുമല്ലാ. അത് ഹിന്ദുക്കളുടെ അജ്ഞാനത്തിനനുസരിച്ചാണ് അവയെ നിര്‍മ്മിച്ചിരിക്കുന്നത്. അവയില്‍ തള്ളവിരല്‍ മുഴുവനും ഇടുന്നതിനുതക്കവണ്ണം ദ്വാരം വലുതാക്കീട്ടുണ്ട്. തള്ള വിരല്‍ കത്തിരിയില്‍ തട്ടിക്കൂടാ എന്നുള്ള ഹിന്ദുക്കളുടെ അജ്ഞാനത്തിനു, ആ കത്തിരികള്‍ യോജിച്ചുകാണുന്നു. ബര്‍മിങ്ങാമിലെ ശാസ്ത്രജ്ഞന്മാര്‍  ഈ  തത്വത്തെ അത്ര ശ്രദ്ധിക്കുന്നില്ല. ഹിന്ദുക്കളുടെ അജ്ഞാനങ്ങളെ നിസ്സാരമാക്കാത്തതുകൊണ്ട് ജര്‍മ്മന്‍കാര്‍ നല്ലലാഭമുണ്ടാക്കികൊണ്ടുപോകുന്നു. അനേകകാലം കൊണ്ട് ലഭിച്ചപഴമ പെട്ടെന്നു മാറുന്നതല്ലെന്ന് ജര്‍മന്‍കാര്‍ മനസ്സിലാക്കീട്ടുണ്ട്. ഇന്ത്യയിലെ അജ്ഞാനങ്ങളും ജനങ്ങളുടെ അഭിരുചിയും ആവശ്യവും ബെര്‍ല്ലിന്‍ പട്ടണത്തില്‍ താമസിക്കുന്നവരും വ്യാപാര സംഘത്തില്‍ ചേര്‍ന്നിട്ടുള്ളവരുമായ ഇന്ത്യക്കാരുടെ സഹായംകൊണ്ട് ജെര്‍മ്മന്‍കാര്‍ സൂക്ഷ്മമായി അറിയുന്നു. ജര്‍മ്മന്‍കാര്‍ വ്യാപാരലാഭനഷ്ടകണക്കുകള്‍ പഠിക്കാത്തവരല്ലാ. എന്നാല്‍, ജനങ്ങളുടെ ആവശ്യത്തെയും മററും അറിയാതെ വ്യാപാര ലാഭ നഷ്ടക്കണക്കു മാത്രം നോക്കുന്നത്, ഭൂപടം കൂടാതെ ഭൂമിശാസ്ത്രം പഠിക്കുന്നതുപോലെയാണെന്ന് അവര്‍ മനസ്സിലാക്കുകകൊണ്ടാണ് മേല്‍ പറഞ്ഞ സൂക്ഷ്മതത്വം അവര്‍ ഗ്രഹിച്ചിട്ടുള്ളത്.

 ഈ തത്വങ്ങള്‍ നമ്മുടെ നാട്ടുകാരും അറിഞ്ഞിരിക്കേണ്ടതാണ്. നാട്ടുതൊഴിലുകളെ വര്‍ദ്ധിപ്പിക്കുന്നതിനു നോക്കുമ്പോള്‍, താന്‍ ഏതു ജനങ്ങളുടെ ആവശ്യത്തിനായിട്ടാണ് തൊഴില്‍ ചെയ്യുന്നതെന്ന് ചിന്തിക്കയും, ആ ജനങ്ങളുടെ അഭിരുചി, പ്രത്യേക വിശ്വാസങ്ങള്‍, മുതലായവയെ ഗണ്യമാക്കുകയും ചെയ്യേണ്ടത്, തൊഴിലില്‍ വിജയത്തിന് അത്യന്താപേക്ഷിതമാകുന്നു.

You May Also Like