സർക്കാർ സാമാനങ്ങളും ഉദ്യോഗസ്ഥരും

  • Published on July 08, 1908
  • By Staff Reporter
  • 244 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                          (അയച്ചുതരപ്പെട്ടത്)

 മജിസ്ട്രേട്ടന്മാര്‍ക്ക്, ക്രിമില്‍കേസ്സുകള്‍ വിസ്തരിക്കുക, വിധിപറക; പോലീസ്സുകാര്‍ക്കു കുറ്റങ്ങള്‍തുല്പുണ്ടാക്കുക, സമാധാനത്തെ പരിപാലിക്കുക; റെവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്ക് ഗവര്‍ന്മെണ്ടിലേക്ക് നികുതി മുതലായവ ഈടാക്കികൊടുക്കുക, സ്ക്കൂള്‍മാസ്റ്റരന്മാര്‍ക്ക് പഠിപ്പിക്കുക, ഇത്യാദി ജോലികള്‍ മാത്രമേ ഉള്ളു എന്ന് വിചാരിക്കുന്നതുപോലെ തോന്നുന്നു. ഗവമ്മെണ്ടിന്‍റെനേര്‍ക്ക് ഭയഭക്തിയുള്ളവരായിരുന്ന് ഗവമ്മെണ്ടിന്‍റെ അഭിവൃദ്ധിക്കു വേണ്ടമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കയും, ഗവമ്മെണ്ടിന് നഷ്ടംവരുന്ന കാര്യങ്ങളില്‍ മനസ്സിരുത്തി അവയെ പരിഹരിക്കയും കൂടി വേണമെന്ന കാര്യം എന്തുകൊണ്ട് പലരും ഗൌനിക്കുന്നില്ല? തങ്ങള്‍ കച്ചേരിചെയ്യുന്ന സ്ഥലങ്ങളെ ശുചിയാക്കിയിടുക, സാമാനങ്ങള്‍ സൂക്ഷിക്കുക, എന്നിവയും ഇവരുടെ കര്‍ത്തവ്യങ്ങളില്‍ ഉള്‍പ്പെട്ടതല്ലയോ? സാധാരണ ഒരു മനുഷ്യന്‍ വാടകയ്ക്കായോമറ്റോ ഏറ്റിട്ടുള്ള ഭവനം സാമാനം മുതലായവയെ ക്കൂടി തങ്ങളുടെ സ്വന്തമെന്നപോലെ വിചാരിച്ച് വരാറുണ്ട്. എന്നിട്ടും, ഇവര്‍ വിപരീതമായി പെരുമാറുന്നത് ശോചനീയം തന്നെ. സര്‍ക്കാര്‍വക സാമാനങ്ങളാകകൊണ്ടും, ഒന്നു പോയാല്‍ മറ്റൊന്നുണ്ടാക്കിക്കൊള്‍വാന്‍ സര്‍ക്കാരിനു സാധിക്കുമെന്നുള്ളതു കൊണ്ടും, അത്ര സൂക്ഷിച്ചേതീരൂ എന്നില്ലെന്നായിരിക്കാം ഇവരുടെ ഭാവം. സ്ഥലങ്ങളിലുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ ഗൌനിച്ചില്ലെങ്കിലും, ഇന്‍സ്പെക്ഷനായും മറ്റും വരുന്ന ഡിസ്ട്രിക്ട് ആഫീസ്സര്‍മാര്‍ മുതലായവര്‍ ഗൌനിക്കുന്നുണ്ടോ? എന്നാലതുമില്ല. നമ്മുടെ പോലീസ്സ് സൂപ്രഡണ്ട് മാത്രം പോലീസ്സ് സ്റ്റേഷന്‍ ശുചിയാക്കിയിരിക്കുന്നുവൊ, പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ടൊ. എന്നെങ്കിലും സര്‍വ്വോപരിയായി ഗൌനിച്ചുവരാറുണ്ട്. മറ്റുള്ളവരില്‍ പലരും ഇത്രയുംകൂടി ചെയ്യാറില്ല. അനേകം സാമാനങ്ങള്‍ സര്‍ക്കാരിന് ഉപയോഗപ്പെടാതെപോയാലും, ജനങ്ങള്‍ സര്‍ക്കാരിനെ ശങ്കിച്ച് അവയെഒന്ന് എത്തിനോക്കാറുപോലും ചെയ്യാറില്ല. ഇപ്രകാരം ഈ വക സാമാനങ്ങള്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഉപയോഗപ്പെടാതെ നശിച്ചുപോകുന്നു. ഇവയ്ക്ക് ചില ഉദാഹരണങ്ങള്‍കൂടി പറഞ്ഞോട്ടെ. ഒരു സ്ക്കൂള്‍ഹെഡ് മാസ്റ്റര്‍ ആണ്ടുതോറും പുതിയ പുസ്തകങ്ങള്‍ വരുത്താനെന്ന് പറഞ്ഞ് കുറെപണം കെട്ടിമേടിക്കുന്നു. പുസ്തകങ്ങള്‍ ഒന്നുരണ്ടുമാത്രം വരുത്തി ശിഷ്ടം പണത്തെ അപഹരിക്കുന്നു. ഇന്‍സ്പെക്ററര്‍ ഇവയ്ക്ക് കണക്കു ചോദിക്കയോ പുസ്തകങ്ങള്‍ ശരിയായി സ്ക്കൂളിലുണ്ടൊഎന്ന് ഇന്‍സ്പെക്ഷന്‍ സമയത്ത് പരിശോധിക്കയോ ചെയ്യുന്നില്ല. കെട്ടിടം അറ്റകുറ്റം തീര്‍ക്കുന്നതിനും മറ്റുമായി പണംകെട്ടിമേടിച്ച് ഇഷ്ടന്മാര്‍ക്കോ ബന്ധുക്കള്‍ക്കോ കണ്ട്റാക്റ്റു കൊടുത്ത് രണ്ടുപേരുംചേര്‍ന്നു ചിലതൊക്കെ കാട്ടിക്കൂട്ടി ബാക്കിയുള്ളവയെ പങ്കിട്ടെടുക്കുന്നു. പിന്നേയും ശരിയായി പണികഴിക്കായ്കയാല്‍ കെട്ടിടം ദോഷപ്പെടുകയും, പണത്തിനു എഴുതിഅനുവദിപ്പിച്ച് മേല്‍പ്രകാരം ചെയ്കയും ചെയ്യുന്നു. ഇങ്ങനെയായാല്‍, ഫലം എങ്ങനെആവും? നാഗരുകോവില്‍ ക്ഷേത്രത്തിനു തെക്കുവശത്തുള്ള മഹാമേരു മാളിക വളരെപ്പണം ചെലവുചെയ്ത് മനോഹരമായി പണിതിട്ടുള്ളതാണ്. ഇപ്പോള്‍ ഇത് ആരുടെമേല്‍വീണ് തന്‍റെ സംകടത്തിനു നിവൃത്തിയുണ്ടാക്കാമെന്നമട്ടില്‍ അലംകോലമായി കിടക്കുന്നു. ഉത്തരങ്ങള്‍, വാവടകള്‍, വശപ്പലകള്‍ മുതലായവ ജീര്‍ണ്ണപ്പെട്ട് ആര്‍ക്കും ഉപകാരമില്ലാതിരിക്കുന്നു. നന്നാക്കിഇടുകയോ, അല്ലെങ്കില്‍ പൊളിപ്പിച്ചു ലേലംചെയ്തു പണംസര്‍ക്കാരിന് ഈടാക്കുകയോ ചെയ്യുന്നില്ല. പ്രധാന ഉദ്യോഗസ്ഥന്മാരെല്ലാം അതിലൂടെ സഞ്ചരിക്കാറുമുണ്ട്. നാഗരുകോവില്‍ പഴയ ജില്ലാക്കോടതി നോക്കുക. ഇപ്പോള്‍ അതില്‍ മജിസ്ട്രേട്ട് കച്ചേരി, രജിസ്തര്‍കച്ചേരി, ജയില്‍ മുതലായവ നടന്നുവരുന്നുണ്ട്. എങ്കിലും, പടിഞ്ഞാറെവശത്തുള്ള കെട്ടിടം ജീര്‍ണ്ണപ്പെട്ട് അനാഥമായികിടക്കുന്നു. അതിലെ സാമാനങ്ങള്‍ ഓരോരുത്തര്‍ എടുത്ത് വിറകിനായുംമറ്റും ഉപയോഗിച്ചുവരുന്നു. കുറെസ്ഥലം അഗ്നിക്കും ഇരയായിപ്പോയിട്ടുണ്ട്. ശേഷമുള്ള സ്ഥലങ്ങളുടെ കഥ ഇനി എന്തായി ഭവിക്കുന്നുവൊ? തെക്കന്‍ദിക്കുകളില്‍ തേരോട്ടം പ്രധാനമാണല്ലൊ. ഇതിലേക്കായി അനേകം തേരുകള്‍ ബ്രഹ്മാണ്ഡാകൃതിയില്‍ പണി കഴിപ്പിച്ചിട്ടുണ്ട്. ഇതുപോലെ നാഗരുകോവിലിലും ഒന്നുണ്ട്. ഇതിലെ പഴയ ചക്രം ഉപയോഗമില്ലെന്നുവച്ച് പുതിയതായി പണംചെലവുചെയ്ത് നാലുചക്രങ്ങള്‍ തീര്‍ത്തു ഒരുമൂലയില്‍തള്ളി. അവയെ ഉപയോഗിക്കായ്കയാലും ആരുംതന്നെ സൂക്ഷിക്കായ്കയാലും ഒരു ഉപയോഗവുമില്ലാതായി ഭവിച്ചിരിക്കുന്നു. തലസ്ഥാനത്തുള്ള പ്രിന്‍റിങ്ങ് ആഫീസിലെ സ്റ്റീരിയോയന്ത്രം മുതലായവയുടെ കഥ, പലപ്പോഴും പത്രത്തില്‍ പറഞ്ഞിട്ടുണ്ടല്ലൊ. അതുപോലെതന്നെ പല ആഫീസ്സുകളിലേയും സ്ഥിതി. പോലീസ്സ് സ്റ്റേഷന്‍, ആസ്പത്രി, കോടതി, സത്രം, കൊട്ടാരം, ക്ഷേത്രം, മുതലായ ഓരൊ സ്ഥലങ്ങളിലും കടന്നുനോക്കിയാല്‍, ഈ അഴിമതികളുടെ സൂക്ഷ്മാവസ്ഥ മനസ്സിലാകുന്നതാണ്. അവ ആരാലും പരിശോധിക്കപ്പെട്ടു കാണുന്നില്ല. ഇങ്ങനെ ഉദ്യോഗസ്ഥന്മാരുടെ സൂക്ഷ്മക്കേടുകള്‍കൊണ്ടും കൃത്യനിഷ്ഠയൊ സ്വാമിഭക്തിയോ ഇല്ലായ്കകൊണ്ടും, പൊതുദ്രവ്യം വ്യര്‍ത്ഥമായിപ്പോകുന്നതില്‍ വളരെ വ്യസനമുണ്ട്. അതിനാലിക്കാര്യം ഗവര്‍മ്മെണ്ടിനാല്‍ ശ്രദ്ധിക്കപ്പെടേണ്ടതായിരിക്കുന്നു.

 രാജദ്രോഹകുറ്റത്തിനായി ചിദംബരം പിള്ളയേയും സുബ്രഹ്മണ്യശിവനേയും പ്രതികളാക്കി തിരുനല്‍വേലിയില്‍ നടത്തിവന്ന കേസില്‍ പിള്ളയെ ജീവപര്യന്തവും, ശിവനെ 10 കൊല്ലവും നാടുകടത്തുന്നതിനാണ് വിധി. ജഡ്ജി, അസെസ്സര്‍മാരോട് പ്രസംഗിച്ച അവസരത്തില്‍ ഇപ്രകാരം അഭിപ്രായപ്പെട്ടതായി കാണുന്നു. "ബി സി പാള്‍, ലീയക്കത്ത് ഹുസെയ്ന്‍ ഇവരെപ്പോലെ ഗൌരവപ്പെട്ട ക്രിമിനല്‍ക്കേസ്സില്‍ ശിക്ഷിക്കപ്പെട്ടവരെ ബഹുമാനിക്കുന്നതിനായി സഭായോഗങ്ങള്‍ കൂടുന്നതു തന്നെയും രാജദ്രോഹമാകുന്നു.,, അസെസ്സര്‍മാര്‍, പ്രതികള്‍ കുറ്റക്കാരാണെന്നുതന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു.

 ബൊംബയില്‍, രാജദ്രോഹത്തിന് പത്രങ്ങളുടെയും മറ്റുംപേരില്‍ കേസ്സുനടത്തുന്ന വിഷയത്തില്‍, ഗവര്‍ണര്‍ അനുകൂലിഅല്ലെന്നും, ഇതുസംബന്ധിച്ച് മാര്‍ളിപ്രഭുവുമായുള്ള അഭിപ്രായഭേദം നിമിത്തം ഗവര്‍ണര്‍ വേല ഒഴിയുവാന്‍ ഇടയുണ്ടെന്നും ഒരുശ്രുതി പൊങ്ങിയിരുന്നു. ഇതു അടിസ്ഥാനമില്ലാത്ത വര്‍ത്തമാനമാണെന്ന് ഗവര്‍ണരുടെ പ്രൈവറ്റ് സിക്രട്ടരി പൊതുവില്‍ അറിയിച്ചിരിക്കുന്നു.

You May Also Like