കേരള വാർത്ത
- Published on May 30, 1908
- By Staff Reporter
- 619 Views
അടുത്തയാണ്ടു വിദ്യാഭ്യാസ വകുപ്പിലേക്കു 768000-രൂപ അനുവദിച്ചിട്ടുണ്ട്.
രാജകീയ ഇംഗ്ലീഷ് ഹൈസ്കൂള്‍ അടുത്ത തിങ്കളാഴ്ച വെക്കേഷന്‍ ഒഴിവുകഴിഞ്ഞു തുറക്കപ്പെടുന്നതാണ്.
സര്‍വെസൂപ്രേണ്ടു മിസ്തര്‍ വെങ്കിട്ടരാമദീക്ഷിതര്‍ ഹൈറേഞ്ജ് സര്‍ക്കീട്ടുകഴിഞ്ഞു തിരിയെ എത്തിയിരിക്കുന്നു.
ഈയിട ശുചീന്ദ്രത്തിനുസമീപം ഒരുവലിയ അഗ്നിബാധയുണ്ടായിവളരെ വീടുകള്‍ നശിച്ചുപോയതായി അറിയുന്നു.
ചീഫ് എഞ്ചിനീയര്‍ മിസ്തര്‍ എ. എച്ച്. ബാസ്റ്റോ തെക്കന്‍ തിരുവിതാങ്കൂറിലെക്ക് സര്‍ക്കീട്ടുപോയിരിക്കുന്നു.
സാനിട്ടെരി കമിഷണര്‍ മിസ്തര്‍ കൃഷ്ണമൂര്‍ത്തി അയ്യര്‍ അവധികഴിഞ്ഞുതിരിയെ ഹാജരായി ജോലിനോക്കിവരുന്നു.
ദിവാന്‍പേഷ്കാര്‍ മിസ്തര്‍ എന്‍. സുബ്രഹ്മണ്യയ്യര്‍ ഈ മാസം 13നു- കാഞ്ഞിരപ്പള്ളിയിലേക്ക് സര്‍ക്കീട്ടു തിരിച്ചു.
മദിരാശിയിലെ ഋണസഹായ കമ്പനിയുടെ രജിസ്ട്രാര്‍ മിസ്തര്‍ രാമചന്ദ്രറാവു മേ 27-നു- ഇവിടെനിന്നു തിരിച്ചുപോയിരിക്കുന്നു.
തിരുവിതാങ്കൂറിലെ മെഡിക്കല്‍ വകുപ്പു സംബന്ധിച്ചുള്ള പരീക്ഷ ജൂണ്‍ 1നു- ജെനറല്‍ ആശുപത്രിയില്‍ വച്ചു നടത്തപ്പെടുന്നതാണ്.
പുതിയ ആക്‍ടിംഗ് റസിഡന്‍റു മിസ്തര്‍ ലയണല്‍ ഡേവിഡ് സണ്‍ ആദ്യമായി കഴിഞ്ഞ ചൊവ്വാഴ് ച മഹാരാജാവുതിരുമനസ്സിനെ സന്ദര്‍ശിക്കയുണ്ടായി.
കണ്ടെഴുത്തു സൂപ്രവൈസരായിരുന്ന മിസ്തര്‍ വൈത്തിലിംഗംപിള്ള ബി. ഏ. ബി. എല്‍-നെ തിരിയെ പൊലീസ് ഇന്‍സ്പെക്ടര്‍വേലയിലേക്കു നിയമിച്ചിരിക്കുന്നു.
പറവൂര്‍ ഹൈസ്കൂളിലുള്ള വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അവിടത്തെ ഹെഡ് മാസ്റ്റരായിരുന്ന മിസ്തര്‍ ഈശ്വരപിള്ള ബി. ഏ-യുടെ പടം എഴുതിച്ചു പള്ളിക്കൂടത്തില്‍ വച്ചിരിക്കുന്നു.
അവധിയിലിരിക്കുന്ന കല്‍ക്കുളം തഹശീല്‍ദാര്‍ മിസ്തര്‍ പത്മനാഭയ്യര്‍ ബി. ഏ- യെ കോട്ടയത്തേ **********************************മിസ്റ്റര്‍ ആണ്ടിപ്പിള്ള *****************************നിയമിച്ചിരിക്കുന്നു.
പുതുപ്പള്ളില്‍ കളിക്കുശ്ശേരിലുള്ള പള്ളിക്കൂടത്തിനൊടുചേര്‍ന്ന് ചില ഈഴവയുവാക്കന്മാരുടെ ഉത്സാഹത്താല്‍ ഒരു സാങ്കേതികവിദ്യാശാല തുറന്നിരിക്കുന്നതായി അറിയുന്നു-
ഇവിടത്തെ ഡിപ്‍ടിപേഷ്കാര്‍ മിസ്തര്‍ രാമകൃഷ്ണയ്യര്‍ ബി. ഏ-യും, എക്സൈസ് കമിഷണര്‍ മിസ്തര്‍ എന്‍. രാമന്‍പിള്ള ബി. ഏ-യും അബ്‍കാരി ലേലം നടത്തുന്നതിനായി നെയ്യാറ്റിങ്കരയ്ക്കു പോയിരിക്കുന്നു.
ഹെഡ് സര്‍ക്കാര്‍വക്കീല്‍ അസിസ്റ്റണ്ട് മിസ്തര്‍ എസ്. ടി. വീരരാഘവാചാരി ബി. ഏ. എം. എല്‍-ന് 20 ദിവസത്തെ അവധി കൊടുത്തിരിക്കുന്നു, പകരം ജോലി നോക്കുന്നത് മിസ്തര്‍ പി- അബ്രഹാം ബി. എ. ബി. എല്‍- ആണ്.
'സ്വദേശാഭിമാനി' പത്രാധിപര്‍ മിസ്റ്റര്‍ കേ. രാമകൃഷ്ണപിള്ള 'ഇന്‍ഫ്ളുവന്‍സാ' ദീനംനിമിത്തം മൂന്നു ദിവസമായി കിടപ്പിലാകയാല്‍ വായനക്കാരുടെ പലേ എഴുത്തുകള്‍ക്കും ഉടന്‍ മറുപടി കൊടുക്കുവാന്‍ സാധിക്കുന്നതല്ലാ.
കഴിഞ്ഞതിങ്കളാഴ് ച ദിവാന്‍ജി ഹജൂര്‍ജനറല്‍സിക്രട്ടരിയററുസെക്ഷനില്‍ ചെന്ന് ജോലികള്‍ നോക്കിയതില്‍ ചില എഴുത്തുകള്‍ വച്ചുതാമസിപ്പിച്ചതായി കണ്ട് രണ്ടുഗുമസ്താക്കര്‍ക്കള്‍ക്കു 10-ഉം 05-ഉം-ക വീതം പ്രായശ്ചിത്തം നിശ്ചയിക്കുകയുണ്ടായി.
നാഞ്ചിനാട് മുതലായ സ്ഥലങ്ങളിലെ കൃഷിക്കാരുടെ ഉപയോഗാര്‍ത്ഥം ആദ്യമായി ഇടവം 5നു കോതയാററണയിലെ വെള്ളം തുറന്നു വിട്ടു. ആ സമയം അനേകജനസംഘങ്ങളില്‍നിന്ന് മഹാരാജാവുതിരുമനസ്സിലേക്ക് അഭിനന്ദനങ്ങള്‍ ഉണ്ടായതായി അറിയുന്നു.
മരിച്ചുപോയ റാവുബഹദൂര്‍ കേ ചന്തുമേനോന്‍റെ മകനായ മിസ്തര്‍ കേ. ചന്തുമേനോന്‍ റുര്‍ക്കി കാളേജില്‍ വിദ്യുച്ഛക്തിഎഞ്ചിനീയറിംഗ് പരീക്ഷയില്‍ ജയിക്കയാല്‍, ആ വിഷയം മേലും പഠിക്കുന്നതിനായി, ബ്രിട്ടീഷ് ഗവര്‍ന്മേണ്ടിന്‍റെ ചെലവിന്മേല്‍, ഇംഗ്ലണ്ടിലേക്കു അയയ്ക്കപ്പെട്ടിരിക്കുന്നു.
സംസ്കൃതകാളേജ് പ്രിന്‍സിപ്പാല്‍ മിസ്തര്‍ ഗണപതി ശാസ്ത്രിയെ കൊട്ടാരം പുസ്തകശാലയിലെ കയ്യെഴുത്തു പരിഭാഷകനായി നിയമിച്ചിരിക്കുന്നു കുറെ കമ്പോസിററര്‍മാരും സില്‍ബന്തികളും കൂടി സഹായാര്‍ത്ഥം നിയമിക്കപ്പെടുമെന്നും ഇതിലേക്കു 2020 രൂപാ ആണ്ടെക്കു അനുവദിച്ചിട്ടുണ്ടെന്നും അറിയുന്നു.
"ശ്രീമതി ടി. ബി. കല്യാണിഅമ്മയെ തിരുവനന്തപുരം അസിസ്റ്റണ്ട് ഇന്‍സ്പെക്‍ടറസ്സായി നിയമിച്ചിരിക്കുന്നു" എന്നു ചില മലബാര്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു, ഈ പ്രസ്താവത്തിന് അടിസ്ഥാനം എന്തെന്നു ഞങ്ങള്‍ അറിയുന്നില്ല. ഇന്നേവരെ ഇതിന്മണ്ണം നിയമിച്ചതായി ഒരുത്തരവു മേല്പടി ആള്‍ക്ക് കിട്ടീട്ടീല്ലാ.
കൊച്ചിയിലെ നിരത്തുകളില്‍ 6 മണിമുതല്‍ 10 മണിവരെ വീപ്പ ഉരുട്ടുന്നതായിരുന്നവര്‍ക്കു ഒരു രൂപയില്‍ അധികരിക്കാത്ത പിഴ നിശ്ചയിക്കപ്പെടുമെന്ന് മുന്‍സിപ്പാലിറ്റിക്കാര്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.
ഈ നാട്ടിലുള്ള പ്രസിദ്ധന്മാരായ അഷ്ടവൈദ്യന്മാരില്‍ ഒരാളായിരുന്ന ചീരട്ടമണ്‍ വിഷ്ണുമൂസ്സതു അവര്‍കള്‍ ഈ മാസം 13നു- പകല്‍ 4 മണിക്കു മരിച്ചുപോയിരിക്കുന്നു. ഇദ്ദേഹത്തിന്‍റെ വിയോഗം ജനസാമാന്യത്തിനു അനല്പമായ ഒരു നഷ്ടമാണ് എന്നുള്ളതിന് സംശയമില്ലാ.
ഡാക്ടര്‍ കുഞ്ഞന്‍പിള്ളയെ 'ഡയറക്‍ടര്‍ ആഫ് ആഗ്രികള്‍ച്ചര്‍' എന്നസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ ശമ്പളം 250 രൂപയാണ്. ഈ ശമ്പളം ആണ്ടുതോറും 25 രൂപാ വീതം കൂടി 400 രൂപായാകും: 25-ം20-ംരൂപാ ശമ്പളത്തില്‍ രണ്ടു ഗുമസ്തന്മാരെയും, 6-രൂപാ ശമ്പളത്തില്‍ 4-ശിപായികളെയും, ഒന്നാംക്ലാസുദ്യോഗസ്ഥന്‍റെ പടിയുംമൈലേജും അനുവദിച്ചിരിക്കുന്നു.
തിരുവനന്തപുരം സര്‍ക്കാര്‍ അച്ചുകൂടത്തില്‍ കീഴ് ശമ്പളക്കാര്‍ക്കു വീതിച്ചുകൊടുക്കേണ്ട തുക (വലിയ തുക) ഒന്നായി കെട്ടിവാങ്ങി അച്ചുകൂടത്തില്‍ കൊണ്ടുചെന്നാല്‍ എത്രയോ ദിവസം കഴിഞ്ഞാണ് സില്‍ബന്തികള്‍ക്ക് അതു കിട്ടുന്നത്. അതു പോരാതെ, പല ദിവസങ്ങളിലായി, ഒരു ദിവസമോ ഒരുസമയത്തോ അഞ്ചോ ആറോ പേര്‍ക്കുമാത്രം *************ഇങ്ങനെയാണ് ഒരുവിധം കൊടുത്തുതീര്‍ക്കുന്നത്- "പിന്നെയാകട്ടെ" "ഇപ്പൊള്‍ സൌകര്യമില്ല" "ചില്ലറ കൊണ്ടുവന്നിട്ടുതരാം" ഇത്യാദി ഒഴികഴിവുകള്‍കൊണ്ട് നാക്കും മൂക്കും ഇല്ലാത്തവരായ് ചില്ലറ കീഴ് ശമ്പളക്കാരെ മിരട്ടാന്‍ പ്രയാസമില്ലല്ലൊ. ഈ വക സങ്കടങ്ങളറിഞ്ഞ് വേണ്ടതു ചെയ്യാനാളില്ലെന്നു വന്നാല്‍ ഇതും ഇതിലധികവും സംഭാവ്യം തന്നെ.
-രാജ്യലക്ഷ്മി.
കൂത്താട്ടുകുളത്ത് സബ് രജിസ്ട്രാര്‍ ഈഴവജാതിയില്‍ ചേര്‍ന്നയാളാകകൊണ്ട്, ശുദ്ധം, തീണ്ടല്‍ മുതലായവയില്‍ ഭ്രമിച്ചു ചാടുന്നവരായ ഉള്‍നാട്ടിലെ ബ്രാഹ്മണാദികള്‍ക്ക് സ്വല്പം സങ്കടമുണ്ട്. നിര്‍ജ്ജീവപട്ടണമായ കൂത്താട്ടുകുളത്തു താമസിച്ചു കഴിച്ചുകൂട്ടുന്ന വിഷയത്തില്‍ രജിസ്താര്‍ക്കു വളരെ ബുദ്ധിമുട്ടുമുണ്ട്. അതുകൊണ്ടു കൂത്താട്ടുകുളം രജിസ്താരെ ഒന്നു സ്ഥലം മാറ്റുന്നത് എല്ലാംകൊണ്ടും നല്ലതു തന്നെ- ധാരാളം ജോലി ചെയ്യാനും ആകപ്പാടെ ജനങ്ങളെ സന്തോഷിപ്പിക്കാനും പ്രാപ്തിയുള്ള ചെറുപ്പക്കാരെ അവസാനമില്ലാതെ ജോലിയുള്ള സ്ഥലങ്ങളിലാണല്ലൊ നിയമിക്കേണ്ടത്; പെന്‍ഷന്‍ വാങ്ങാനിരിക്കുന്നവരും ഒട്ടേറെ എഴുതുവാന്‍ കരബലമില്ലാത്തവരും മറ്റുമാണല്ലൊ കൂത്താട്ടുകുളം മുതലായ സ്ഥലങ്ങളിലിരിക്കേണ്ടത്, അതുകൊണ്ട് *************