തിരുവിതാംകൂർ രാജ്യഭരണം

  • Published on October 02, 1907
  • By Staff Reporter
  • 495 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂർ രാജ്യഭരണ കാര്യങ്ങളിൽ ബ്രിട്ടീഷ് ഗവൺമെന്‍റ് ഇടപെടുന്നത് അനാവശ്യവും അനുചിതവും ആണെന്ന്, ചില പത്രങ്ങൾ വാദിക്കുന്നുണ്ടെങ്കിലും, അത് ആവശ്യവും ഉചിതവും ആണെന്ന് ഞങ്ങൾ പലപ്പോഴും പ്രസ്താവിച്ചിട്ടുള്ളത് വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. ബ്രിട്ടീഷ് ഗവൺമെന്‍റിന്‍റെ അങ്ങനെയുള്ള പ്രവേശനം, സാധാരണ വലിയ ഉദ്യോഗങ്ങൾക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതിലും, നിയമങ്ങളേർപ്പെടുത്തുന്നതിലും, ഇത്തരം മറ്റു ചില കാര്യങ്ങളിലും മാത്രം ആണെന്ന് ഞങ്ങൾക്കുണ്ടായിരുന്ന ആശങ്ക, തിരുവിതാംകൂർ ഗവൺമെന്‍റിന്‍റെ 1083-ാം ആണ്ടത്തെ വരവുചെലവ് അടങ്കൽ പത്രത്തെപ്പറ്റി, മദ്രാസ് ഗവൺമെന്‍റ് പുറപ്പെടുവിച്ചിരിക്കുന്നതും, മറ്റൊരു പംക്തിയിൽ ഞങ്ങൾ സംഗ്രഹിച്ചിരിക്കുന്നതുമായ പരിശോധനാഭിപ്രായം കൊണ്ട്, തീരെ അസ്തമിച്ചു പോയി എന്ന് ഞങ്ങൾ സന്തോഷിക്കുന്നു. ഈ രാജ്യത്തിന്‍റെ വരവുചെലവുകളെ ക്രമപ്പെടുത്തുന്നതിൽ ബ്രിട്ടീഷ് ഗവൺമെന്‍റ് പ്രവേശിക്കുന്ന സംഗതി ഇപ്പോഴാണ് ഞങ്ങൾക്ക് നല്ലവണ്ണം ബോധ്യമായത്. 1083-ലെ ബഡ്‌ജറ്റിനെ, മദ്രാസ്  ഗവൺമെന്‍റിന്‍റെ പരിശോധനയ്ക്കും അനുമതിക്കും ആയി സമർപ്പിച്ചതിൽ, മദ്രാസ് ഗവൺമെന്‍റ് തിരുവിതാംകൂർ സർക്കാരിന് നൽകിയിരിക്കുന്ന ഉപദേശങ്ങൾ, ഇക്കാലത്തെ സ്ഥിതിക്ക് യുക്തവും ഗുണപ്രദവും ആണെന്ന് ഈ നാടിനെ വാസ്തവത്തിൽ സ്നേഹിക്കുന്നവർ സമ്മതിക്കാതിരിക്കയില്ലാ. ഈ സർക്കാരിന്‍റെ മുതലെടുപ്പിനെപ്പറ്റി, ഇങ്ങനെ ഒരു ഗാഢമായ അന്വേഷണം ചെയ്ത്, ന്യുനതകളെ ചൂണ്ടിക്കാണിക്കയും, പരിഷ്കരിക്കേണ്ട ഭാഗങ്ങളെ അറിയിക്കയും ചെയ്ത വിഷയത്തിൽ, ബ്രിട്ടീഷ് റസിഡന്‍റ്  മിസ്റ്റർ കാർ സായിപ്പിന്‍റെ പേരിൽ ഈ നാട്ടുകാർ കൃതജ്ഞരായിരിക്കുമെന്നുള്ളതിന് സംശയമില്ല. മിസ്റ്റർ കാർ, സാധാരണ ചില റെസിഡന്‍റുമാരെപ്പോലെ, തിരുവിതാംകൂറിനെയും കൊച്ചിയെയും, തങ്ങളുടെ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ കീഴിലെ ദീർഘകാലത്തെ ശ്രമമേറിയ സർവീസിൽ നിന്ന് വിശ്രമമെടുക്കുന്നതിനായുള്ള  പ്രദേശങ്ങളെന്നു ഗണിച്ച് ചുറ്റി സഞ്ചരിച്ച് അവയിലെ ഗംഭീരങ്ങളായ വനങ്ങളുടെയും ജലാശയങ്ങളുടെയും മനോഹരങ്ങളായ കാഴ്ചകളെ കണ്ടും, ആനന്ദിച്ചും തങ്ങളുടെ സൽസ്വഭാവ പ്രകടനത്തിന്‍റെ വിനയങ്ങളെക്കൊണ്ട് രാജാധിപന്മാരെ അനുസരിപ്പിച്ചും, സന്തോഷിപ്പിച്ചും, മദ്രാസ് ഗവണ്‍മെന്‍റിന്‍റെ തൃപ്തിയെ സമ്പാദിച്ചും ഉദ്യോഗ കാലാവധിയെ മനസ്വസ്ഥതയില്‍ കഴിച്ചു കൂട്ടുന്നവരിൽ ഒരാളല്ലെന്ന്, അദ്ദേഹം ഈ രാജ്യകാര്യത്തിൽ പതിച്ചിരിക്കുന്ന ശ്രദ്ധ കൊണ്ട് സ്പഷ്ടമാകുന്നു. മേല്പറഞ്ഞ ബഡ്‌ജറ്റിന്മേൽ അദ്ദേഹം പുറപ്പെടുവിച്ചിരിക്കുന്ന റിമാർക്കുകൾ രാജ്യഭരണ കാര്യങ്ങളിൽ അദ്ദേഹം നിയോഗിക്കുന്ന ഗൗരവപ്പെട്ട ശ്രദ്ധയെ വിളിച്ചു പറയുന്നവയായിരിക്കുന്നുണ്ട്.  

പല ഡിപ്പാർട്ട്മെന്‍റുകളുടെയും വരവുചെലവുകളെക്കുറിച്ച്, പ്രസ്താവിച്ചിട്ടുള്ളതിൽ, 1802-ാം ആണ്ടത്തേക്ക് അനുവദിച്ച ബഡ്ജറ്റ് അനുസരിച്ച്, വരവിനേക്കാൾ ചിലവ് 7-ൽ ചില്വാനം ലക്ഷം രൂപയായിരുന്നുവെങ്കിലും, വാസ്തവമായ കുറവ് 9-ൽ ചില്വാനം ആയിരിക്കുമെന്ന് കാണുന്നു. 1083-ൽ ഉദ്ദേശിക്കാവുന്ന വരവ് 1982-ലെ വരവിനെക്കാളും കുറഞ്ഞിരിക്കുമെന്നു പറയുന്നു. 1083-ൽ, 93-ൽ ചില്വാനം ലക്ഷം രൂപ വരവുണ്ടാകുന്നതാണെന്നും, ചെലവ് 101 ലക്ഷമായിരിക്കുമെന്നും കണക്കാക്കിയിരിക്കുന്നു. ഇതിന്‍റെ കാരണം, ഉപ്പിന്‍റെ വില കുറച്ചതാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. കണ്ടെഴുത്തു കഴിഞ്ഞ് നൂതന കരം ചില താലൂക്കുകളിൽ ഏർപ്പെടുത്തുന്നതാകക്കൊണ്ട്, 'ഭൂനികുതി', എന്ന ഇനത്തിൽ കൂടുതൽ വരവുണ്ടാകുമെന്നും; വനംവകുപ്പിനെ വനശാസ്ത്രമറിഞ്ഞ 'ഭരണക്കാരെക്കൊണ്ട്‌‘ പോഷിപ്പിക്കുന്നതായാൽ, ആ വകുപ്പിൽ നിന്നും ഉള്ള വരവ് കൂടുതലായിരിക്കുമെന്നും വിശ്വസിക്കുന്നുണ്ട് .  

വിദ്യാഭ്യാസ വകുപ്പിലേക്ക് അനുവദിച്ചിട്ടുള്ള കൂടുതൽ ചിലവ്, പ്രാഥമിക വിദ്യാഭ്യാസ പ്രചാരത്തിനായി വിനിയോഗിക്കുന്നതായാൽ, ആ കൂടുതൽ ന്യായീകരിക്കത്തക്കതാണെന്നു പറഞ്ഞിട്ടുള്ളതും ഗണ്യമായുള്ളതുമാകുന്നു.  ആകപ്പാടെ, 1083-ലെ മുതൽ കുറവ് 7 ലക്ഷത്തിൽ കൂടുതലായിരിക്കുമെന്നു കാണുന്നു.  ഇത് 1802-ലെ മുതൽ കുറവിൽ നിന്ന് ഒന്നരലക്ഷത്തോളം കുറവായിരിക്കും.  

ഈ അധികച്ചിലവിനേയും മുതൽ കുറവിനെയും കുറയ്ക്കുവാൻ നിവൃത്തിയില്ലാതെയിരിക്കുന്നതു കൊണ്ട്, അതിനെ നികത്തുവാൻ തിരുവിതാംകൂർ ഗവൺമെന്‍റിനെ ഉപദേശിക്കുന്ന ഭാഗങ്ങൾ ശ്രദ്ധാർഹങ്ങളാകുന്നു. നികത്തുന്നതിനുള്ള  മാർഗ്ഗങ്ങളെ ചൂണ്ടിക്കാണിച്ച് ഒടുവിൽ ഇപ്രകാരം പറയുiന്നു.  

"It cannot be said that the budget figures are very hopeful.  The fall of revenue under salt is due to no fault of the Durbar but steps must be taken to make good the deficiency from other sources.  The Travancore now enjoys for nothing a great many things which his brother in British territory has to pay for. Roads, Canals, Ferries, Lighting and Sanitation in towns, and in the case of the higher castes, free food, are conveniences for which the State finds the money and asks for no return. The aim of the administration should be to wean the people from these old-world privileges with as little hurt as possible to the individual. The maxim that those who enjoy privileges should pay for them rather than those who do not enjoy the said privileges is unanswerable, and on this principle the state should gradually expand its revenue so as to cover all ordinary expenditure.  Fortunately which promise abundant returns to those who can develop them.  The credit of the state is unimpeachable and under wise and statesmanlike guidance, the future of the finance gives no cause for uneasiness".

ഉപ്പിൽ കുറവ് വന്നിട്ടുള്ളത് തിരുവിതാംകൂർ ഗവൺമെന്‍റിന്‍റെ വീഴ്ചയായി വരുവാൻ നിവൃത്തിയില്ല. തിരുവിതാംകോട്ടുകാർ ബ്രിട്ടീഷ് ഇന്ത്യയിൽ ഉള്ളവർ കൊടുക്കുന്ന വിധം നികുതികൾ സർക്കാരിലേക്ക് കൊടുക്കുന്നില്ലാ. അതിനാൽ, ബ്രിട്ടീഷ് ഗവൺമെന്‍റിന്‍റെ ഉദ്ദേശം, തിരുവിതാംകൂർ പ്രജകളുടെ ഭാരത്തെ വലുതാക്കണമെന്നാണ്.  തിരുവിതാംകോട്ടുകാർ, തോടുകൾക്കായും, റോഡുകൾക്കായും കടത്തുകൾക്കായും, പട്ടണങ്ങളിൽ വിളക്കുവെയ്പ്പിനായും ശുചീകരണത്തിനായും, ബ്രാഹ്മണർക്ക് ഊട്ടുകളിൽ ഭക്ഷണം കൊടുക്കുന്നതിനായും, പ്രത്യേകം നികുതി കൊടുക്കുന്നില്ലെന്നും; അങ്ങനെ അവർക്ക് നികുതി ഏർപ്പെടുത്തുന്നതായാൽ, ഇപ്പോൾ അധികരിച്ചിരിക്കുന്ന ചിലവിനെ നികത്തുന്നതിന് വേണ്ട ദ്രവ്യം അവയിൽ നിന്ന് ലഭിക്കുമെന്നും, അതുകൂടാതെ, വനംവകയിൽ നിന്നും മറ്റും കൂടുതലായി ആദായം ലഭിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, രാജ്യം അപകടത്തിൽ പെടാറായിട്ടില്ലെന്നും, രാജ്യഭരണത്തെ രാജ്യതന്ത്രജ്ഞന്മാരുടെ നിയന്ത്രണത്തിൽ ഉൾപ്പെടുത്തുന്ന പക്ഷം, വരവുചെലവ് കണക്കുകൾ തൃപ്തികരമായ അവസ്ഥയെ പ്രാപിക്കുമെന്നും പറഞ്ഞാണ് ബഡ്ജറ്റ് പരിശോധനയെ പര്യവസാനിപ്പിച്ചിരിക്കുന്നത് .  

മേൽപ്പറഞ്ഞ സംഗതികളെ നാട്ടുകാർ പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്, എന്നുള്ളതിൽ  തർക്കമില്ലാ. ഉന്നത വിദ്യാഭ്യാസത്തെ പാവപ്പെട്ട ജനങ്ങളിൽ നിന്ന് പിൻവലിക്കുന്നതായ സമ്പ്രദായം പ്രയോഗിച്ചു കഴിഞ്ഞു. അതും ബ്രിട്ടീഷ് ഗവൺമെന്‍റിന്‍റെ ഉപദേശത്താൽ ആണെന്നുള്ളതിന് തർക്കമില്ലാ. പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ പ്രചാരത്തെ വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ ആണ്ടിൽ തൊട്ടിട്ടു തന്നെ ഇല്ലാ.  അതിനെ തൊടുവാൻ ഈയാണ്ടിലും ആലോചിച്ചിട്ടില്ലാ .  

അതിലേക്കായി കൂടുതൽ വ്യയം, പറയത്തക്കതല്ലാതെ, കാണുന്നു. ഊട്ടുപുരകളെ നിറുത്തലാക്കുന്നതു കൊണ്ട്, കുറെ ചിലവ് കുറയ്ക്കാമെന്നുള്ള സ്ഥിതിക്ക്, അങ്ങനെ ചെയ്യാതെയിരിക്കുന്നത് എന്താണെന്നറിയുവാൻ പാടില്ലാ. ഈ വിഷയത്തിൽ പുതിയ ദിവാൻജിയുടെ ശ്രദ്ധ പതിയുമെന്ന് വിശ്വസിക്കാം. തിരുവിതാംകൂറിൽ ജന്മഭൂമികൾ വളരെയുണ്ട്. സർക്കാരിലേക്ക് നികുതി കൊടുക്കുന്ന ഭൂമികൾ, പണ്ടാരവക ഒറ്റിയായിട്ടും  പാട്ടമായിട്ടും മറ്റും കുടികൾ അനുഭവിക്കുന്ന നിലംപുരയിടങ്ങൾ ആണ്. ജന്മിമാരുടെ ഭൂമികൾക്ക് കരം ചുമത്തിയിട്ടില്ലാ. ഉണ്ടെങ്കിലും, എട്ടിലൊന്നോ മറ്റോ നന്നേ കുറഞ്ഞിരിക്കുന്ന നികുതിയാണ്. ആ ഭൂമിയെ അനുഭവിക്കുന്നവർക്കും, മജിസ്‌ട്രേറ്റന്മാരുടെയും പോലീസുകാരുടെയും നഗരശുചീകരണത്തിന്‍റെയും റോഡുകളുടെയും തോടുകളുടെയും മറ്റും ആവശ്യം മറ്റുള്ളവരെപ്പോലെ തന്നെയുണ്ട്. ആ ഭൂമിക്കും നികുതി ചുമത്തുന്ന പക്ഷം, ഇപ്പോൾ ഭൂനികുതി സർക്കാരിലേക്ക് കൊടുക്കുന്നവരുടെ, ഇപ്പോൾ തന്നെ ഭാരമേറിയ ചുമടിനെ വലുതാക്കണമെന്നില്ലാ.  ഒരു രാജ്യത്തിൽ ഭൂസ്വത്തുകാരിൽ ചിലർ മാത്രം നികുതി കൊടുക്കണമെന്നും, ചിലർ കൊടുക്കേണ്ടതില്ലെന്നും ഉള്ള ഏർപ്പാട് എന്ത് ന്യായത്തിൽ ആണ് സ്ഥാപിച്ചിരിക്കുന്നത്? തിരുവിതാംകൂറിലുള്ള ജന്മിമാരുടെ ഭൂമികൾക്കും, മറ്റു ഭൂമികൾക്ക് ചുമത്തീട്ടുള്ള പോലെ കരം ഏർപ്പെടുത്തുകയും, ഊട്ടുപുരകളെ നിറുത്തലാക്കയും ചെയ്യുന്നതായാൽ ഇപ്പോഴത്തെ അധികച്ചിലവിനെ നികത്തുവാൻ കഴിയുന്നതാണ്.  

ഇതുകൂടാതെ, കൊട്ടാരം വക ചിലവ് ഏറ്റവും അധികരിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാവുന്നതാണ്. പത്തുപതിനഞ്ചു സംവത്സരം മുമ്പേ, രാജകുടുംബത്തിൽ ഇപ്പോൾ ഉള്ളതിലും അധികം അംഗങ്ങൾ ഉണ്ടായിരുന്നിട്ടും, അന്നത്തെ ചിലവ്, ഇപ്പോൾ ഉള്ളിടത്തോളം ഉണ്ടായിരുന്നില്ലാ. ഈ ഭാഗങ്ങളെപ്പറ്റി അടുത്ത ലക്കങ്ങളിൽ വിശദമായി പ്രസ്താവിക്കാമെന്ന്  കരുതുന്നു.  


You May Also Like