സർക്കാർ അച്ചുകൂടം

  • Published on February 27, 1907
  • Svadesabhimani
  • By Staff Reporter
  • 71 Views

തിരുവിതാംകൂർ ഗവർമെന്‍റ് വകയായി തിരുവനന്തപുരം പട്ടണത്തിൽ വളരെക്കാലമായിട്ട് നടത്തിവരുന്ന അച്ചുകൂടത്തിലെ നടപടികളെപ്പറ്റി, "വെസ്റ്റേൺ സ്റ്റാർ" മുതലായ ഇംഗ്ലീഷ് പത്രങ്ങളിലും, പല മലയാള പത്രങ്ങളിലും അപ്പോഴപ്പോൾ കണ്ടുവന്നിട്ടുള്ള ലേഖനങ്ങളെല്ലാം, ഈ സർക്കാർ വകുപ്പിൻെറ ഭരണത്തിൽ എന്തോ ചില ദൂഷ്യങ്ങളുണ്ടെന്ന്, ഒരു വിധം ഓടിച്ച് വായിച്ചിട്ടുള്ളവർ ധരിച്ചിരിക്കാൻ ഇടയുണ്ട്. ഈ  ധാരണ അബദ്ധമാകട്ടെ, സുബദ്ധമാകട്ടെ, അസ്ഥാനത്തിലല്ലെന്ന വസ്തുത, ഈയിടെ  ആ അച്ചുകൂടത്തിൽ നടന്നിരിക്കുന്ന ഒരു കളവ് കൊണ്ട് തന്നെ ഉറപ്പിക്കപ്പെടുന്നതാണ്. സർക്കാർ അച്ചുകൂടത്തിൻെറ ഭരണാധികാരം ഇപ്പോഴത്തെ സൂപ്രണ്ടിന് കിട്ടിയിട്ട് മൂന്നു കൊല്ലമായിരിക്കുമെന്ന് തോന്നുന്നു. ഈ സൂപ്രണ്ടിൻെറ കാലത്തും, ഇദ്ദേഹത്തിൻെറ മുൻഗാമികളുടെ കാലങ്ങളിലും അച്ചുകൂടം ജോലിക്കാർ പല അഴിമതികളും  രഹസ്യമായി ചെയ്തിരിക്കാമെന്നിരുന്നാലും, ഇദ്ദേഹത്തിൻെറ കാലത്ത് ഇവ കുറെയധികം വെളിച്ചത്തിൽ പെട്ടുകാണുന്നുണ്ട്. മിസ്റ്റർ സി. വി. രാമൻപിള്ള ഒരു പഴമപരിചയമുള്ള ഗ്രാജ്വേറ്റും, സത്യം, ധർമ്മം, മര്യാദ മുതലായ സൽഗുണങ്ങളെ തന്നെ തൻ്റെ ജീവിതവൃത്തിയിൽ പ്രമാണങ്ങളായി അംഗീകരിക്കാമെന്ന് സർവകലാശാലയിൽ വെച്ച് പ്രതിജ്ഞ ചെയ്തിട്ടുള്ള ആളും, ഇംഗ്ലീഷിലും, മലയാളത്തിലും ഗദ്യം എഴുതുന്നതിന് അതീവ സമർത്ഥനും  ആയ ഒരു വിശിഷ്ടപുരുഷനാണെന്ന് ബഹുജനങ്ങൾക്ക് ധാരണയുള്ളതിനാലാണ് അദ്ദേഹത്തിൻെറ ചുമതലയിൽ കീഴിലിരിക്കുന്ന ഒരു വകുപ്പിലെ അഴിമതികൾ അധികം സ്പഷ്ടമായി കാണപ്പെടുന്നുവെന്ന് പറയാതെ കഴിയുകയില്ലല്ലോ. എന്നാൽ, അദ്ദേഹത്തെപ്പറ്റി പൊതുജനങ്ങൾക്കുണ്ടായിരുന്ന ആകാംക്ഷാകൂടം   ചുവടെ മറിഞ്ഞ് വീണുപോകത്തക്ക വിധത്തിലാണ്, അച്ചുകൂടത്തിലെ നടപടികൾ ഈ കാലമത്രയും കഴിഞ്ഞിട്ടുള്ളതെന്ന് ആക്ഷേപം പറയേണ്ടി വന്നതിൽ ഞങ്ങൾക്ക് വ്യസനം ഉണ്ട്. അച്ചടിവേലയെപ്പറ്റിയുള്ള അറിവുകൾ ഗ്രഹിക്കാതെയോ അച്ചുകൂടങ്ങളിൽ വേല പരിശോധിക്കാതെയോ, ആ വിദ്യയിൽ പ്രത്യേകം നൈപുണ്യം സമ്പാദിക്കാതെയോ ഉള്ള ആളുകളെ, ആ തൊഴിലിൻെറ മേലാധികാരികൾ ആക്കിയാൽ, മറ്റ് തൊഴിലാളികൾ എന്ന പോലെ, അച്ചുകൂടഭരണത്തിന് ന്യൂനതയുണ്ടാക്കുകയും, തൊഴിൽ നഷ്ടത്തിൽ അവസാനിക്കുകയും ചെയ്യുമെന്ന് ആരും സംവദിക്കുന്നതാണല്ലോ. മിസ്റ്റർ രാമൻപിള്ള അച്ചുകൂടം സൂപ്രണ്ട് വേലയിൽ പ്രവേശിക്കുന്ന കാലത്ത്, ആ വക തൊഴിലിൻെറ തത്വങ്ങളെയും, ഒരു അച്ചുകൂടം നടത്തലിന് വേണ്ട പരിശീലനത്തെയും സമ്പാദിച്ചിരുന്നുവെങ്കിൽ, ഇക്കാലത്തിനുള്ളിൽ ഈ അച്ചുകൂടം ഇപ്പോഴത്തേതിൽ എത്രയോ നല്ല സ്ഥിതിയിലായിരിക്കുമായിരുന്നു എന്ന് പറക വേണ്ടി വന്നിരിക്കുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന പുസ്തകമോഷണമെന്നോ പുസ്തകം കണക്കിലധികം അടിച്ച് കളവ് ചെയ്ത് വിറ്റുവെന്നോ മറ്റോ ഉള്ള കേസ് സുപ്രണ്ടിൻെറ ഭരണവൈകല്യത്തിൻെറ ഫലം എന്നുവേണം വിചാരിക്കുവാൻ. തിരുവിതാംകൂർകാരിൽ അച്ചുകൂടം നടത്തുന്ന ചിലർ സത്യനിഷ്ഠയെ വെടിഞ്ഞ് പുസ്തകങ്ങൾ കളവായി അച്ചടിപ്പിച്ച് ജനങ്ങളെ വഞ്ചിക്കാറുള്ളതുകൊണ്ട്, അത്തരം വ്യാജം ചെയ്യുന്നതിന് അഭ്യസിച്ചിട്ടുള്ള വേലക്കാർ യാതൊരു അച്ചുകൂടത്തിലും അവരുടെ ശീലത്തെ പ്രയോഗിക്കാൻ ശ്രമിക്കുമെന്നുള്ളതിൽ സംശയമില്ല. ഒരു വകുപ്പിലെ വേലക്കാർ എല്ലാവരും സത്യവ്രതൻമാരും, കൃത്യനിഷ്ഠക്കാരും ആണെന്നിരുന്നാൽ, അവരുടെ തലയായി നിൽക്കുന്നതിന് ഉന്നതമാതൃകയിലുള ഒരുദ്യോഗസ്ഥൻ തന്നെ ആവശ്യമായിരിക്കയില്ല. യോഗ്യന്മാരെന്നും സമർത്ഥന്മാരെന്നും വിശ്വസിക്കപ്പെട്ടു പോരുന്നവരെ ഓരോരോ വകുപ്പുകളിൽ മേലാവായി പ്രതിഷ്ഠിക്കുന്നതിൻെറ ഉദ്ദേശ്യം കീഴ്ജീവനക്കാരിൽ ഉണ്ടായിരിക്കാവുന്ന അഴിമതികളെ വിഛേദനം ചെയ്ത് അവരെക്കൊണ്ട് കണിശമായി വേല ചെയ്യിപ്പിച്ച് ഡിപ്പാർട്ട്മെൻ്റിൻ്റെ കീർത്തിയെ പരിപാലിക്കുകയും, ആ വേലക്കാരെ മേലിൽ നല്ല വഴിക്ക് തന്നെ ജോലിചെയ്യുന്നതിന് പ്രേരിപ്പിച്ച് ഭരണയന്ത്രത്തിൻെറ വ്യാപാരങ്ങളെ സുഗമപ്പെടുത്തുകയും ആകുന്നു. അതല്ലെങ്കിൽ, ഒരു മരപ്പാവയെ മേലാവായി പ്രതിഷ്ഠിച്ചാലും മതിയാകുമായിരുന്നുവല്ലോ. സർക്കാർ അച്ചുകൂടത്തിൽ നിന്ന് വേലക്കാർ പണികഴിഞ്ഞ് പുറമെ പോകുമ്പോൾ, അച്ചടിക്കടലാസ് തുടങ്ങി പല സാധനങ്ങളും സ്വന്തം ഉപയോഗത്തിനായി എടുത്തുകൊണ്ടു പോകാറുണ്ടെന്ന് കുറെ മുമ്പ് തന്നെ ഈ പത്രത്തിൽ ഒരു ലേഖകൻ എഴുതിയിരുന്നു. അച്ചുകൂടത്തിൻെറ ഭരണം ഈ അഴിമതികൾക്ക് ഇട കൊടുക്കാത്ത വിധത്തിലായിരിക്കണമെന്നും അന്ന് ഉപദേശിച്ചിരുന്നു. സർക്കാർ അച്ചുകൂടത്തിൽ അതിൻ്റെ സ്ഥാപനക്കാലം തുടങ്ങി ഇന്നേവരെ വാങ്ങി ചേർത്തിട്ടുള്ള സാധനങ്ങളെല്ലാം അവിടെയുണ്ടോയെന്ന് കൂടെ, ആ സ്ഥിതിക്ക് സന്ദേഹപ്പെടേണ്ടിയിരിക്കുന്നു. പലതും ഉണ്ടായിരിക്കില്ലയെന്ന് പറയത്തക്ക വിധത്തിലാണ് ഈ അഴിമതികളുടെ കിടപ്പ്. അച്ചുകൂടം സംബന്ധിച്ച് വേലകളിൽ പൂർണ്ണപരിചയമുള്ള വല്ല ആളും ഈ അച്ചുകൂടത്തിൽ ചുമതലയേറിയ വല്ല ഉദ്യോഗത്തിലും ഇരിക്കുന്നുണ്ടോയെന്ന് ഞങ്ങൾക്ക് നിശ്ചയമില്ല. ഈ വകുപ്പിലെ ജോലിക്കാരെകൊണ്ട് ചിലപ്പോൾ സാമാന്യത്തിലധികം വേല ചെയ്യിക്കുന്നുണ്ടെന്നും, അവർക്ക് അതിലേക്ക് വിശേഷാൽ കൂലി കൂടുതലായി കൊടുക്കാമെന്നും പ്രതിജ്ഞ ചെയ്തിരുന്നാൽ പലപ്പോഴും കിട്ടാറില്ലെന്നും ഇത് നിമിത്തം വേലക്കാരും റൈട്ടറും മറ്റും തമ്മിൽ പലപ്പോഴും കശപിശ കൂടാറുണ്ടെന്നുമുള്ള കേൾവികളെ, ഈ മാതിരി അഴിമതികൾ നമ്മെ വിശ്വസിപ്പിക്കുന്നതിന് ഇട തരുന്നുണ്ട്. മിസ്റ്റർ രാമൻപിള്ളയുടെ ഭരണകാലത്തുണ്ടായിട്ടുള്ള സംഭവങ്ങളിൽ ആക്ഷേപാർഹമായ ഒന്ന് കണ്ടെഴുത്ത് ഫാറം അച്ചടിക്കുന്നതിന് മദിരാശിയിലെ ഒരു അച്ചുകൂടക്കാർക്ക് കൂടുതൽ പ്രതിഫലത്തിന് കരാർ  കൊടുപ്പിച്ചുവെന്നുള്ളതാണ്. ആദ്യം ആ വേല ഇവിടെത്തന്നെയുള്ള വേലക്കാരെക്കൊണ്ട് നടത്തിക്കാമെന്നുള്ളതിനാൽ വിട്ടുകൊടുക്കുന്നതിന് ഇടയില്ലെന്ന് അഭിപ്പ്രായപ്പെടുകയും തദനന്തരം എന്ത് കാരണത്താലോ മദിരാശിക്കാർക്ക് വിട്ടുകൊടുക്കുവാൻ സമ്മതിക്കുകയും, മുൻകാലത്ത് "തിരുവിതാംകൂർ തിരുവിതാംകൂർക്കാർക്ക്" എന്ന വിളി വാക്കിനെ പ്രമാണമാക്കിയ കൊടിയെ ഉയർത്തിപ്പിടിച്ച് നടന്നിരുന്ന ഇദ്ദേഹം, ഈ കോൺടാക്ട് നിമിത്തം അനേകം സ്വദേശി വേലക്കാരെ വെറുതെ പുറമേതള്ളി ക്ലേശിപ്പിക്കുകയും ചെയ്തത് തൻ്റെ ഭരണത്തിന് ഒരു മായാത്ത കളങ്കമായി ഭവിച്ചിട്ടുണ്ട്. അച്ചുകൂടത്തിലെ വേലക്കാരെക്കൊണ്ട്  ശരിയായ വിധത്തിൽ വേല ചെയ്യിക്കുന്നുണ്ടെങ്കിൽ, അവിടെ കുഴപ്പത്തിനും അഴിമതിക്കും ഇടയുണ്ടാവുകയില്ല. മിസ്റ്റർ രാമൻപിള്ളയുടെ ഭരണകാലത്തിൽ അച്ചുകൂടത്തിലെ ഉപയോഗത്തിനുള്ള അച്ചാണികളെ അതാത് അറകളിൽ തെരഞ്ഞെടുത്തിട്ട് സൂക്ഷിക്കുന്ന വേല കുറെ അമാന്തത്തിലാണെന്നും, അച്ചാണികൾ ധാരാളം "പൈ" ആയി കിടക്കുമാറുണ്ടെന്നും കേൾക്കുന്നത് വാസ്തവമാണെങ്കിൽ ശോചനീയം തന്നെയാണ്. "പൈ" അച്ചാണികളെ തെരഞ്ഞെടുവിച്ചിട്ടില്ലെങ്കിൽ, ഓരോരോ ജോലിക്കാർ അന്നന്ന് ഇന്നയിന്ന വേല ചെയ്തു എന്ന് കണക്കു വയ്‍ക്കയോ അവർ പണികഴിഞ്ഞിട്ട് പോകുമ്പോൾ, അവരെ പരിശോധിച്ച് വിടുകയോ ചെയ്യുന്നുണ്ടോ? വളരെ വില പിടിച്ച സാധനങ്ങളാണ് തീരെ  ചെറിയ അച്ചാണികൾ, ബ്രാസ് തുണ്ടുകൾ മുതലായ ചില ചില്ലറ സാമാനങ്ങൾ എന്നുള്ളത് ഓർമയുള്ള ഒരു മേലാവ്, തൻ്റെ കീഴ്ജീവനക്കാരെ പണികഴിഞ്ഞ് പോകുമ്പോൾ പരിശോധിപ്പിച്ച് തന്നെയാണ് അയക്കേണ്ടത്. ഈ ഏർപ്പാട് ഉണ്ടായിരുന്നുവെങ്കിൽ, സർക്കാർ വക പുസ്തകങ്ങൾ പുറപ്പെടുവിക്കുംമുമ്പ് പുറമെ പോകുമായിരുന്നോ? ഇക്കഴിഞ്ഞ "മിഡിൽ സ്കൂൾ പരീക്ഷ" മുതലായ ചില പരീക്ഷകൾക്കുള്ള ചോദ്യക്കടലാസുകളുടെ അച്ചടിച്ച പകർപ്പുകൾ പരീക്ഷക്ക് മുമ്പ്, (അച്ചുകൂടം വേലക്കാർ മുഖേന ആണെന്നറിയുന്നു) ചില വിദ്യാർത്ഥികൾക്ക് കിട്ടിയിരുന്നതായി ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. ഇങ്ങനെ വന്നത് എന്ത് കൊണ്ടായിരുന്നു? അച്ചുകൂടത്തിലെ കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഈ അഴിമതികൾക്ക് അനുസരിച്ച് ന്യൂനതകൾ കാണുകയില്ലേ എന്നുകൂടെ ശങ്കിപ്പാനുണ്ട്. അഴിമതികളെ വളർത്തുവാൻ തക്ക വിധത്തിലല്ല ഒരു വകുപ്പിൻെറ ഭരണം നിർവ്വഹിക്കേണ്ടതെന്ന് മിസ്റ്റർ രാമൻപിള്ളയെ ഞങ്ങൾ പ്രത്യേകം അറിയിക്കേണ്ട ആവശ്യമില്ല. മദിരാശി ഗവണ്മെന്‍റ്  അച്ചുകൂടത്തിലും മറ്റ് പല അച്ചടി ശാലകളിലും വേലക്കാരെ, പണികഴിഞ്ഞ് പോകുമ്പോൾ പരിശോധിച്ച് അയക്കുക എന്ന ഏർപ്പാട് ഉള്ളതായിട്ടാണ് ഞങ്ങൾ കേട്ടിട്ടുള്ളത്. ആ വിധം ഒരേർപ്പാട് ഇവിടെയും ആകാമായിരുന്നു. മാതൃകകളായി അച്ചുകൂടങ്ങളിൽപോയി അവിടങ്ങളിലെ ജോലിക്രമങ്ങളെ ഗ്രഹിച്ചിട്ടുള്ള ഒരാളാണ് ഈ വകുപ്പിൻെറ മേലാവെന്നിരിക്കിൽ, തൻ്റെ ഡിപ്പാർട്ടുമെന്‍റിൻ്റെ കീർത്തിയെ കുരങ്ങൻ്റെ കയ്യിൽ കിട്ടിയ പൂമാലയെന്നപോലെ, പരിണപ്പിക്കുകയില്ലായെന്ന് വിശ്വസിക്കാവുന്നതാണ്. മിസ്റ്റർ രാമൻപിള്ള മറ്റുള്ള കാര്യങ്ങളിൽ എത്രമേൽ യോഗ്യതയും സമർത്യവും ഉള്ള ആളായിരുന്നാലും, അച്ചുകൂടം സൂപ്രണ്ട് വേലയിൽ ന്യൂനനാണെന്നും; അച്ചുകൂടങ്ങളിലേക്ക് പുതിയ നോവലുകൾ എഴുതിക്കൊടുക്കുകയോ പ്രതിബന്ധങ്ങൾ എഴുതി അയക്കുകയോ ചെയ്യുക എന്നുള്ളത് ഇദ്ദേഹത്തിൻെറ പ്രവൃത്തി മണ്ഡലം ആയിരുന്നാലും, അച്ചുകൂടം നടത്തലിൽ അദ്ദേഹം, കരയ്ക്ക് കയറ്റപ്പെട്ട മൽസ്യത്തെപ്പോലെ ആയിത്തീർന്നിരിക്കുന്നുവെന്നും മേൽ പ്രസ്താവിച്ച സംഗതികൾ കൊണ്ട് ഊഹിക്കേണ്ടിവരുന്നു. ഈ സ്ഥിതിക്ക് മിസ്റ്റർ രാമൻപിള്ളയെ സ്വന്തം സാമർത്ഥ്യം പ്രയോഗിക്കാൻ ധാരാളം സൗകര്യം ലഭിക്കാവുന്ന മറ്റേതെങ്കിലും ഒരു വകുപ്പിലേക്ക് മാറ്റുകയും, അച്ചുകൂടത്തിൻെറ മേലാവായി, അച്ചടിത്തൊഴിലിൽ പരിചയമുള്ള ഒരാളെ നിയമിക്കയും ചെയ്യുന്നത് അദ്ദേഹത്തിനും ഗവണ്മെന്‍റിനും ഉചിതമായിരിക്കുമെന്നാണ് ഞങ്ങൾ അഭിപ്രായപ്പെടുന്നത്.     

You May Also Like